പൂമുഖം CINEMA ഒഴിവുദിവസത്തെ കളിയെക്കുറിച്ച് സനല്‍കുമാര്‍ ശശിധരന്‍ സംസാരിക്കുന്നു

ഒഴിവുദിവസത്തെ കളിയെക്കുറിച്ച് സനല്‍കുമാര്‍ ശശിധരന്‍ സംസാരിക്കുന്നു

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

_MG_6219


2015 ലെ ഏറ്റവും മികച്ച മലയാളസിനിമയായി തെരഞ്ഞെടുക്കപ്പെട്ട സനൽകുമാർ ശശിധരന്റെ ഒഴിവുദിവസത്തെ കളി, ജൂൺ 17 ന് തീയേറ്ററുകളിൽ റിലീസിനെത്തുന്നതും ഒരുപാട് പ്രത്യേകതകളുമായാണ്. ആർട്ട്, കൊമേഴ്സ്യൽ എന്ന വേർതിരിവ് നിലനിൽക്കുകയും, മികച്ച സിനിമകൾ പലതും തീയേറ്റർ കിട്ടാതെ പിൻവലിയുകയും ചെയ്യുമ്പോഴാണ്, ആഷിഖ് അബുവിനെ പോലുളള ഒരു മുൻനിര കൊമേഴ്സ്യൽ സംവിധായകനെ മുന്നിൽ നിർത്തിക്കൊണ്ട് വിതരണത്തിൽ വ്യത്യസ്തമായ ഒരു പരീക്ഷണത്തിന് സനൽകുമാർ ശശിധരൻ തയ്യാറെടുക്കുന്നത്. മികച്ച ഒരു ആശയമാണ് സനലിന്റേതെന്നും സനലിനെപോലുളളവരുടെ സിനിമകൾ കൂടുതൽ പ്രേക്ഷകരിലേക്കെത്തേണ്ടതാണെന്നുമുളള ബോധ്യമാണ് ഈ സിനിമ ഏറ്റെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ആഷിഖ് അബു പറയുന്നു. തന്റെ കഥക്ക് ഏറ്റവും മികച്ച ദൃശ്യഭാഷയൊരുക്കാൻ സനലിന് കഴിഞ്ഞിട്ടുണ്ടെന്ന് കഥാകൃത്തായ ഉണ്ണി.ആറും സാക്ഷ്യപ്പെടുത്തുന്നൂ. സിനിമയുടെ ട്രെയിലർ ഇതിനോടകം നവമാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്. സനൽകുമാർ ശശിധരനുമായുളള സംഭാഷണത്തിൽ നിന്ന് 


 

 

രു ആർട്ട് സിനിമ, മുൻനിര കൊമേഴ്സ്യൽ സംവിധായകൻ അവതരിപ്പിക്കുമ്പോൾ അത് സിനിമക്ക് ഏതു തരത്തിലാണ് ഗുണം ചെയ്യുക..?

സിനിമയിൽ ആർട്ട്, കൊമേഴ്സ്യൽ എന്നൊരു വേർതിരിവുണ്ടാകുന്നത് നല്ലതാണ്. എന്നാൽ ഇതു തമ്മിലുളള ചേരിപ്പോര് സിനിമക്ക് ഒട്ടും ഗുണം ചെയ്യില്ല. ഹിന്ദി, തെലുഗ്, കന്നഡ തുടങ്ങി മറ്റ് ഭാഷകളിലൊക്കെ ഒരു പാട് സ്വതന്ത്രസിനിമകൾ വരികയും സിനിമാ ഇൻഡസ്ട്രിയിൽ മുന്നിൽ നിൽക്കുന്ന ആമിർഖാൻ, സൽമാൻഖാൻ, നാദിർഷ തുടങ്ങി കുറെയധികം പേർ മുന്നോട്ടു വരികയും ചെയ്തിട്ടുണ്ട്. മലയാളത്തിൽ പക്ഷെ അങ്ങനെയൊന്ന് ഇതുവരെ സംഭവിച്ചിട്ടില്ല.ജനങ്ങളിൽ കൂടുതൽ പേരും പോപ്പുലർ സിനിമയുടെ ഭാഗമാണ്. ഇവർ ആർട്ട് സിനിമക്ക് വലിയ ബഹുമാനം കൊടുക്കുമെങ്കിലും അത് തങ്ങളെക്കൊണ്ട് ഉൾക്കൊളളാനാകില്ല എന്ന തോന്നലിൽ തീയേറ്ററിൽ നിന്ന് ഒഴിഞ്ഞുനിൽക്കും. അതേസമയം, കൊമേഴ്സ്യൽ സിനിമയിൽ നിൽക്കുന്ന റെപ്യൂട്ടേഷനുളള ആരെങ്കിലും ഇത് ഞങ്ങൾ കണ്ടു, ഇഷ്ടപ്പെട്ടു, നിങ്ങളും കയറി കണ്ടു നോക്കൂ എന്ന് പറയുകയാണെങ്കിൽ, അത് കയറി രുചിച്ചു നോക്കാനുളള താത്പര്യമെങ്കിലും കാണിക്കും. കഴിഞ്ഞ മൂന്നുനാല് വർഷങ്ങളായി മലയാളത്തിൽ ഒരുപാട് ചെറുസിനിമകൾ വരികയും തുടർച്ചയായി അംഗീകാരങ്ങൾ നേടുകയും ചെയ്യുന്നുണ്ട്. അതിനെ ജനങ്ങളിലേക്കു കൂടി എത്തിച്ചാൽ മാത്രമേ ഇതിവിടെ നിലനിൽക്കുകയുളളൂ.

ആഷിഖ് അബുവിലേക്ക് എങ്ങനെയാണ് എത്തിയത്?

കൊമേഴ്സ്യൽ ഇൻഡസ്ട്രിയിൽ നിൽക്കുമ്പോഴും ഒരുപാട് കാമ്പുളള സിനിമകൾ ചെയ്ത സംവിധായകനാണ് ആഷിഖ് അബു. ആഷിഖിനു മുൻപ് മലയാളത്തിലെ മറ്റു പല മുൻനിര സംവിധായകരെയും ഞാൻ സമീപിച്ചിരുന്നു. എന്നാൽ സിനിമയുടെ കാമ്പ് മനസിലാക്കി ഒപ്പം നിൽക്കാമെന്ന് സമ്മതിച്ചത് ആഷിഖാണ്.

ആർട്ട്, കൊമേഴ്സ്യൽ എന്ന വേർതിരിവ് സനൽ എങ്ങനെയാണ് കാണുന്നത്?

_MG_7879

ഒഴിവുദിവസത്തെ കളി എന്ന ചിത്രത്തിലെ ഒരു രംഗം

സിനിമ നൽകുന്ന സ്വാതന്ത്ര്യത്തിലാണ് ആ വേർതിരിവ് കാണാനാകുന്നത്. ആർട്ട് സിനിമക്ക് ഭൂരിപക്ഷത്തിന്റെ അഭിരുചിയെ കണക്കാക്കാതെ തന്നെ സിനിമയുടെ സ്വഭാവത്തിലും ഭാഷയിലുമൊക്കെ ഒരൂപാട് പരീക്ഷണങ്ങൾ കൊണ്ടുവരാൻ സാധിക്കും. അവിടെ മാർക്കറ്റിനല്ല പ്രഥമസ്ഥാനം. അതേസമയം കൊമേഴ്സ്യൽ സിനിമ വലിയ തോതിൽ നിക്ഷേപമിറക്കുന്ന ഒന്നായതു കൊണ്ടു തന്നെ ഭൂരിപക്ഷത്തിന്റെ അഭിരുചിയെ കണക്കിലെടുക്കാതെ മുന്നോട്ടുപോകാനാകില്ല. സിനിമയുടെ ഒരു പരിണാമം നോക്കിയാലറിയാം, സിനിമയിൽ വലിയ പരീക്ഷണങ്ങൾ കൊണ്ടുവന്നിട്ടുളളത് ആർട്ട് എന്നുവിളിക്കപ്പെടുന്ന ഇത്തരം സിനിമകളാണ്, ഇവ പിന്നീട് കൊമേഴ്സ്യൽ സിനിമ ഉപയോഗിക്കും.

കലാമൂല്യമുളള സിനിമകൾ ചെയ്യുന്നതോടൊപ്പം വിപണിയുടെ പതിവുരീതികൾ മറികടക്കാനുളള ശ്രമം സനൽ എപ്പോഴും നടത്തിയിട്ടുണ്ട്. ആദ്യസിനിമ ഒരാൾപൊക്കം ജനകീയസഹകരണത്തിലായിരുന്നു നിർമ്മിച്ചത്. സിനിമ കാണികളിലെത്തിക്കുന്നതിനു സിനിമാവണ്ടി എന്നൊരാശയം കൊണ്ടുവന്നു. ഇത്തരത്തിൽ സിനിമയുടെ മാർക്കറ്റിംഗ് ബാധ്യതകൾ കൂടി സംവിധായകൻ ഏറ്റെടുക്കേണ്ടതുണ്ടോ?

ഒരു വസ്തു ഉണ്ടാക്കിയ ശേഷം അതിനൊരു മാർക്കറ്റിംഗ് സാധ്യത കണ്ടെത്താനുളള അന്തരീക്ഷം നമ്മുടെ നാട്ടിലില്ല. നിർമ്മിക്കുമ്പോൾ തന്നെ വിപണിയും തീരുമാനിക്കേണ്ടി വരും. വിദേശത്തൊക്കെ ഉണ്ടാക്കിയ വസ്തു വിൽപ്പനക്കെടുക്കാൻ ആളു വരും. ഇവിടെ ഞാൻ ഏതെങ്കിലും മാർക്കറ്റിനു വേണ്ടി സിനിമ ചെയ്യാത്തതുകൊണ്ട് എന്റെ സിനിമയുടെ വിപണി ഞാൻ സ്വയം കണ്ടെത്തുകയാണ് ചെയ്യുന്നത്. അതേസമയം സിനിമ വിറ്റുപോകണം, എന്നാൽ മാത്രമേ അടുത്ത സിനിമ ചെയ്യാൻ കഴിയൂ.

അവാർഡുകൾ സിനിമക്ക് ഏതു തരത്തിലാണ് ഗുണം  ചെയ്യുന്നത്?

അവാർഡുകൾ സിനിമയുടെ വിപണനത്തിന് കാര്യമായി ഗുണം ചെയ്യാറില്ലെന്നു മാത്രമല്ല, പലപ്പോഴും അതൊരു ബാധ്യത കൂടി ആകാറുണ്ട്. അതേസമയം, സിനിമയുടെ കലാമൂല്യം അടയാളപ്പെടുത്തുന്നതിൽ അവാർഡുകൾക്ക് പങ്കുണ്ട്.

കലാമൂല്യമുളള സിനിമകളെ ഏറ്റെടുക്കാനും തീയേറ്റർ അനുവദിച്ചു നൽകാനും സംസ്ഥാനസർക്കാർ അടുത്തിടെ മുന്നോട്ടു വന്നിട്ടുണ്ട്. അതു പര്യാപ്തമല്ല എന്നതുകൊണ്ടാണോ വിത്യസ്ത രീതികൾ പരീക്ഷിക്കേണ്ടി വരുന്നത്.?

സർക്കാരിന് ഒരുപാട് പരിമിതികൾ ഉണ്ട്. കെഎഫ്ഡിസിക്ക് കേരളത്തിൽ ആകെ അഞ്ചു തീയേറ്ററുകൾ മാത്രമാണുളളത്. അതിൽ മാത്രം കളിച്ചതുകൊണ്ട് കൂടുതൽ പേരിലെത്തില്ല. പൊതുമേഖല തന്നെ പിറകോട്ടു പോയിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. സമാന്തരരീതികൾ അന്വേഷിച്ചേ മതിയാവൂ.

മലയാളസിനിമ പരീക്ഷിച്ചിട്ടില്ലാത്ത ഒരു ദൃശ്യഭാഷയാണ് സിനിമയുടേത്,പ്രത്യേകിച്ചും മിനിട്ടുകളോളം ദൈർഘ്യമുളള ഒറ്റഷോട്ടുകൾ. സിനിമയുടെ നിർമ്മാണത്തിലെ ഈ പരീക്ഷണത്തെ എങ്ങിനെ കാണുന്നു?

sanal

സനല്‍കുമാറും രാംദാസും

ഞാൻ സിനിമ ചെയ്യുന്നത് എന്നെത്തന്നെ തൃപ്തിപ്പെടുത്താനാണ്. ഞാനിതുവരെയും കണ്ടിട്ടില്ലാത്ത, ചെയ്തിട്ടില്ലാത്ത രീതിയിൽ സിനിമ ചെയ്യുക എന്നതാണ് എന്നെ ത്രസിപ്പിക്കുന്നത്. അല്ലെങ്കിൽ പിന്നെ മാർക്കറ്റിനു വേണ്ടി കൊമേഴ്സ്യൽ സിനിമ ചെയ്യണം. എനിക്കതിൽ താത്പര്യമില്ല.
ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത, ആദ്യത്തെ പത്തിരുപത് മിനിട്ടാണ്. തുടക്കത്തിൽ തന്നെ ആറുമിനിട്ട് നീളുന്ന ഒറ്റ ഷോട്ടുണ്ട്. അത് വളരെ പ്രധാനപ്പെട്ടതാണ്. അതിൽ ആളുകൾ പെരുമാറുന്നത് അഭിനയിക്കുന്ന പോലെയല്ല. നമ്മുടെ ഒരു കാഴ്ചശീലമനുസരിച്ച് കഥയില്ലാത്ത ഓരോ നിമിഷവും നമുക്ക് ബോറടിക്കും. തുടക്കം മുതലേ സിനിമയിലേക്ക് ശ്രദ്ധിച്ചിരിക്കുക എന്നത് ഒരു നല്ല പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം അയാളുടെ തന്നെ ആവശ്യമാണ്.

സുപ്രധാനമായ ഒരു വിഷയമാണ് സിനിമ ചർച്ച ചെയ്യുന്നത്. ഇത്തരമൊരു വിഷയം ചർച്ച ചെയ്യാവുന്ന സാമൂഹ്യാന്തരീക്ഷം കേരളത്തിലുണ്ടോ?

സാമൂഹ്യാന്തരീക്ഷം ഉണ്ട്. പക്ഷെ പ്രധാനപ്പെട്ട വിഷയങ്ങൾ നമ്മൾ അങ്ങിനെ തന്നെയാണോ ചർച്ച ചെയ്യുന്നതെന്ന കാര്യത്തിൽ സംശയമുണ്ട്. ഈ സിനിമ ചർച്ച ചെയ്യുന്ന ദളിത് പ്രശ്നം ആ രീതിയിൽ വായിച്ചെടുക്കാൻ കഴിയാത്ത ഒരാൾക്കും ഒരു ഫൺ മൂവി എന്ന രീതിയിൽ ഈ സിനിമ ആസ്വദിക്കാനാകും. അവാർഡു കിട്ടിയ കാര്യവും ദളിത് പ്രശ്നത്തെ മുൻനിർത്തിയാണ് സിനിമയെന്നതും, പോസ്റ്ററുകളിലൊന്നും വെക്കാതിരുന്നതും ബോധപൂർവമാണ്. മറ്റൊന്ന്, ഈ സിനിമക്ക് യുഎ സർട്ടിഫിക്കേഷനാണ് ഉളളത്. കുട്ടികൾക്കു കൂടി ആസ്വദിക്കാവുന്ന ഒരു സിനിമയാണ് എന്നു വരുമ്പൊഴും അവരുടെ മനസിൽ കുറെ ചോദ്യങ്ങൾ ഉണ്ടാകും. അത് മുതിർന്നവർ മനസിലാക്കിക്കൊടുക്കുന്നതാണ് നല്ലത്. ഈ സിനിമ എന്നെ ഇഷ്ടപ്പെടുത്തുന്നത് അതിന്റെ മേക്കിങ്ങാണ്. മലയാളത്തിൽ ഇതുവരെ ഇല്ലാത്ത ഒരു ദൃശ്യഭാഷ ഈ സിനിമക്കുണ്ടെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും.

2

തുടക്കത്തിൽ എത്ര തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്? എത്ര ദിവസം ഉണ്ടാകും?

ഇരുപതോളം തീയേറ്ററുകളിൽ റിലീസ് ചെയ്യാനുളള ശ്രമത്തിലാണ്. എത്ര ദിവസം ഉണ്ടാകും എന്നത് പ്രേക്ഷകർ തീരുമാനിക്കേണ്ട കാര്യമാണ്.

അടുത്ത പ്രൊജക്ടുകളെപ്പറ്റി..?

സെക്സി ദുർഗ എന്നൊരു സിനിമയാണ് ഞാനിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഷൂട്ടിങ്ങ് തുടങ്ങി. നമ്മുടെ സമൂഹത്തിൽ ഒരുപാട് വൈരുധ്യങ്ങളുണ്ട്. ദുർഗ എന്നു പറയുമ്പോൾ തന്നെ ദൈവം എന്നു പറയുന്നവരിൽ പലരും ഒരു പെൺകുട്ടിയെ രാത്രിയിൽ ഒറ്റക്ക് കിട്ടിയാൽ എങ്ങനെയാണ് പെരുമാറുക എന്ന് ചിന്തിക്കാവുന്നതേയുളളൂ. ഈ വൈരുധ്യങ്ങളെ ഒഴിവുദിവസത്തെ കളിയിലും പരാമർശിച്ചിട്ടുണ്ട്.

ഉണ്ണി.ആറിന്റെ കഥയെ ആസ്പദമാക്കി നീവ് ആർട്ട് മൂവീസ് നിർമ്മിച്ച സിനിമ ബിഗ് ഡ്രീം റിലീസാണ് വിതരണത്തിനെത്തിക്കുന്നത്. പത്തു ലക്ഷം രൂപ മാത്രമാണ് സിനിമയുടെ നിർമ്മാണച്ചെലവ്. മികച്ച ശബ്ദലേഖനത്തിനുളള സംസ്ഥാന അവാർഡു കൂടി നേടിയ ഈ സിനിമക്ക് ബാസിൽ ജോസഫാണ് സംഗീതമൊരുക്കിയിട്ടുളളത്. ക്യാമറ ഇന്ദ്രജിത്.


 

Comments
Print Friendly, PDF & Email

തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂര്‍ സ്വദേശി. സാംസ്കാരികപ്രവർത്തകൻ. സൗത്ത് ഇൻഡ്യൻ ബാങ്കിൽ കോഴിക്കോട് ജോലി ചെയ്യുന്നു.

You may also like