പൂമുഖം നോവൽ കാടകം (അദ്ധ്യായം – 1)

കാടകം (അദ്ധ്യായം – 1)

ഒന്ന്

1983. മാസം മറന്നുപോയിരിക്കുന്നു. അക്കാലത്തു നടന്ന ഒരു യാത്രയാണ് തന്റെ ജീവിതം പാടേ മാറ്റിമറിച്ചതെന്ന് കാടിനുള്ളിൽ പുതിയ കുടിൽ പണിഞ്ഞുകൊണ്ടിരിക്കെ രാജൻ ഓർത്തു. തന്റെ മാത്രമല്ല സ്റ്റെല്ലയുടെ, ഹേമയുടെ, ഗിരിയുടെ … അങ്ങനെ നാലുപേരുടെ ജീവിതങ്ങളാണ് ആ യാത്രയോടെ തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയത്. ഏറ്റവും കുറച്ചു മാറ്റം തനിക്കായിരിക്കാം. അല്ല, തനിക്കു തന്നെയാണ് . മറ്റു മൂന്നുപേരും അഭൗമമായ വ്യക്തിത്വങ്ങളിലേക്ക് ഏതാണ്ട് ഇന്ദ്രജാലത്തിലെന്നവണ്ണം മാറിപ്പോകുകയാണ് ഉണ്ടായത്. ഭീരുവിനെ ധീരനാക്കുക, അസൂയാലുവിനെ നിർമ്മമനാക്കുക എന്നിങ്ങനെ കാലത്തിന് അസാധ്യമായ പല കാര്യങ്ങളും കാടിൻ്റെ കളരിയിൽ രായ്ക്കുരാമാനം നടക്കുന്നുവല്ലോ എന്നോർത്ത് രാജൻ ഒരിക്കൽക്കൂടി വിസ്മയിച്ചു. അവൻ കാടകത്തെക്കുറിച്ചുമോർത്തു. വിരസമായ പാഠപുസ്തകങ്ങൾക്കപ്പുറം ജീവിതത്തിൽ ആകെയും പോകെയും വായിച്ചിട്ടുള്ള ലിഖിതമാണത്. അനുനിമിഷം,അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന തൻ്റെ ജീവിതത്തിന്റെ ഭാഷ്യം. ഓരോ തവണ നാട്ടിലെത്തുമ്പോഴും വായിച്ച് അത്ഭുതപ്പെടേണ്ടത്, ഒപ്പം പൂരിപ്പിച്ചു കൊടുക്കേണ്ടതും.

അതൊരു സ്റ്റഡി ടൂർ ആയിരുന്നു. ബിരുദത്തിന്റെ അവസാനവർഷ പരീക്ഷയ്ക്ക് മുന്നോടിയായി സാധാരണ നടക്കാറുള്ള , അധ്യാപകരും വിദ്യാർത്ഥികളും ചേർന്നുള്ള യാത്ര. ബിരുദം എന്നൊക്കെയുള്ള കാര്യങ്ങൾ രാജൻ പാടുപെട്ട് ഓർത്തെടുക്കുകയാണ്. ഓർമ്മക്ക് എന്തെങ്കിലും പ്രശ്നമുള്ളതു കൊണ്ടല്ല. അത്തരം കാര്യങ്ങൾക്ക് യാതൊരു സാംഗത്യവുമില്ലാത്ത ജീവിതം ഒരു വ്യാഴവട്ടത്തിലധികം ജീവിക്കേണ്ടി വന്നതു കൊണ്ട്.

നീലഗിരിക്കാടുകളിലേക്ക് ആയിരുന്നു യാത്ര. സസ്യശാസ്ത്ര വിദ്യാർഥികൾ ആയിരുന്നു അവർ. ഉല്ലാസത്തോടെ യാത്ര പോയ ആ സംഘത്തിന്റെ ആഘോഷങ്ങളിൽ പങ്കു കൊള്ളാതെ, അതേസമയം സ്വകാര്യമായ ഒരാവേശം ഉള്ളിൽ ഒളിപ്പിച്ച് ബസിൽ രാജനിരുന്നു. ഒപ്പമുള്ളവർക്ക് തീരെയറിയാത്ത ഒരു സംഗതി അവനെ പ്രചോദിപ്പിച്ചു കൊണ്ടേയിരുന്നു. യാത്ര പോകുന്ന കാട് രാജന്റെ മാതാവിന്റെ ഈറ്റില്ലമായിരുന്നു എന്നതാണത്. തന്റെ തീരെ വില കുറഞ്ഞ ജീവിതത്തിന്റെ നാന്ദി കുറിച്ചതും അതേ കാട്ടിലാണ്. അത് ഒപ്പമുള്ളവർക്ക് അറിയില്ല. ആ കാട്ടിനുള്ളിലെ ആഘോഷങ്ങളിലാണ് രാജന്റെ ഓർമ്മകൾ ആരംഭിക്കുന്നത്. അന്ന് ‘രാജൻ’ എന്ന പേര് ഒപ്പമില്ല. അതു പിന്നീട് നാട്ടിൽ വച്ച് നൽകപ്പെട്ടതാണ്. ‘കരോ’ എന്നായിരുന്നു കാട്ടിലെ വിളിപ്പേരെന്നത് പിൽക്കാല ജീവിതത്തിൽ രാജൻ ഓർത്തും മറന്നുമിരുന്നു. ആരും വിളിക്കാത്ത പേര് എന്തിന് ഓർത്തിരിക്കണം?

വര: പ്രസാദ് കാനത്തുങ്കൽ

വന്യത നിറഞ്ഞ, നിഗൂഢമായ ആചാരങ്ങളും പ്രാർത്ഥനകളും ഒത്തുചേർന്ന ഓർമ്മകളാണ് കാടിനെ കുറിച്ച്. അവിടെ ആരെങ്കിലും തന്നെ സ്നേഹിച്ചിരുന്നോ? അറിയില്ല. ആരോടെന്നില്ലാതെയുള്ള, എല്ലാവരും പരസ്പരം പ്രസരിപ്പിച്ചിരുന്ന പ്രാകൃതവും നിഷ്ക്കളങ്കവുമായ സ്നേഹത്തിന്റെ ചെറിയ വിഹിതം തനിക്കും കിട്ടിക്കാണണം.

കാട്ടുതീ. ഹൊ! അതിന്റെ തീക്ഷ്ണതയും ഭീകരതയും അനുഭവിച്ചു തന്നെയറിയണം. തുടർച്ചയായ കാട്ടുതീയെ തുടർന്ന് മുതിർന്നവർക്കൊപ്പം കാട് ഇറങ്ങി നാട്ടിൽ അപരിചിതങ്ങളായ ഇടങ്ങളിലൂടെ അലയാൻ തുടങ്ങിയ ഓർമ്മയാണ് പിന്നീടുള്ളത്. അപ്പോഴാണ് സത്യത്തിൽ തങ്ങൾക്കിടയിലുള്ള സ്നേഹത്തിന് മൂർത്തത കൈവന്നത്. പലപല ദിക്കുകളിലേക്ക് തങ്ങൾ ചിതറിപ്പോയേക്കാം എന്ന ഭയപ്പാടിൽ നിന്നാകാം ആ സ്നേഹം ഉദയം ചെയ്തത്. സമൃദ്ധമായി പൊഴിയാൻ തുടങ്ങിയ ചുംബനങ്ങളും ആശ്ലേഷങ്ങളും കരോ എന്ന താനുൾപ്പെടെയുള്ള കുട്ടികളെ ആഹ്ളാദിപ്പിച്ചു. പിന്നെയും കുറച്ചുകാലം കഴിഞ്ഞാണ് നാടിന്റെ രീതികൾ മുതിർന്നവർക്ക് കുറെയൊക്കെ മനസ്സിലായതും അവർ അവ കുട്ടികളിലേക്ക് പകർന്നു കൊടുത്തതും.നാടിന്റെ സമ്പ്രദായം അനുസരിച്ച് ചെറുകുടുംബങ്ങളായി അവർ വിഭജിക്കപ്പെടേണ്ടിയിരിക്കുന്നു. നാട്ടിൽ സ്വീകരിക്കപ്പെടണമെങ്കിൽ ഒരാണിന് ഒരു പെണ്ണേ പാടുള്ളൂ . അതുപോലെ ഒരു പെണ്ണിന് ഒരാണേ പാടുള്ളൂ. രണ്ടുപേർക്കും കൂടി ഏതാനും കുട്ടികൾ കൂടി ഉണ്ടെങ്കിൽ എല്ലാം ഭദ്രം. ഒറ്റ കുടുംബമായി കാടിനുള്ളിൽ കഴിഞ്ഞവർ അതോടെ ചെറുചെറു കുടുംബങ്ങളായി വേഗം മാറി. കരോയ്ക്ക് അച്ഛനെയും അമ്മയെയും മുത്തശ്ശിയേയും അനുജത്തിയെയും കിട്ടി. കൂട്ടത്തിൽ സ്വന്തമായി പുതിയ ഒരു പേരും- ‘ രായൻ.’ അതു പിന്നീട് ‘രാജൻ’ എന്നായി. അങ്ങനെ ‘കരോ’ മിക്കവാറും ഇല്ലാതെയായി, ‘രാജൻ’ നിലവിൽ വന്നു.പലയിടങ്ങളിൽ പുതിയ കുടുംബത്തോടൊപ്പം അലഞ്ഞു. പല സ്ഥലങ്ങളിലെ വിസ്മയക്കാഴ്ചകൾ കണ്ടു.

സ്കൂളിൽ ചേർന്നതൊക്കെ വളരെ വൈകിയാണ്. അവിടം വരെ എത്തിയതും തുടർന്ന് കഷ്ടപ്പെട്ട് ഡിഗ്രി വരെ പഠനം തുടർന്നതും മറ്റാർക്കോ വേണ്ടി ചെയ്തതു പോലെയാണ് രാജനു തോന്നാറ്. താല്പര്യമില്ലാത്ത കാര്യങ്ങൾ എല്ലാം നിർത്തണം, പൂർണ്ണ സ്വാതന്ത്ര്യം വേണം, സ്വന്തമായി തീരുമാനങ്ങൾ എടുത്തു തുടങ്ങണം എന്നൊക്കെയുള്ള തോന്നൽ ഉണ്ടായി വന്ന കാലത്താണ് സ്റ്റഡി ടൂർ നടന്നത്. അപകടകരമെങ്കിലും അത്യന്തം ആവേശകരമായ ഒരുഘട്ടത്തിലേക്ക് രാജന്റെ ജീവിതം കടന്നത് അതോടെയാണ്.

രണ്ട്

‘മനസ്സുണ്ടെങ്കിൽ ഞാൻ പറയുന്ന കാര്യങ്ങൾ ഒന്ന് കേൾക്ക്. പറയുന്നതിൽ തെറ്റ് എന്തെങ്കിലും ഉണ്ടെങ്കിൽ എനിക്ക് പറഞ്ഞു താ. ഞാനും ഒന്ന് രക്ഷപ്പെടട്ടെ.’
പ്രൊഫസർ ചന്ദ്രസേനൻ ടൂറിസ്റ്റു ബസിന്റെ മുൻ സീറ്റുകളിലൊന്നിൽ കിടന്ന് മദ്യലഹരിയിൽ പുലമ്പാൻ തുടങ്ങിയതാണ് യാത്രയിൽ രാജന്റെ ആദ്യ ഓർമ്മ. പൊതുവേ മൗനിയായ പ്രൊഫസർക്ക് മദ്യമകത്തു ചെന്നാൽ പിന്നെ തത്വചിന്തയാണ്.

‘എനിക്ക് പറയാനുള്ളത് ഇതാണ്. മരണഭയം മൂലം ദീർഘകാലപീഡ അനുഭവിക്കുന്ന ജീവിയാണല്ലൊ പിള്ളേരേ നമ്മുടെ മനുഷ്യൻ. നിങ്ങൾക്ക് അത് ഇപ്പോൾ മനസ്സിലാവില്ല. നിങ്ങളുടെ വീട്ടിൽ ചെന്ന് പ്രായമായ മുത്തശ്ശനോ മുത്തശ്ശിയോ ഉണ്ടെങ്കിൽ അവരുടെ സംസാരം കുറച്ച് കേട്ട് നിൽക്ക്. പ്രത്യേകിച്ച് മുത്തശ്ശന്മാരുടെ. നിങ്ങൾക്ക് താല്പര്യമില്ലെങ്കിലും വെറുതേ കേട്ടു നിൽക്ക്. They are real heroes. To successfully live six or seven decades on this most ugly and monstrous planet…they are indeed heroes…and hopeless losers too. മരണഭയം പീഡിപ്പിക്കുന്ന ആളുകളുടെ വാക്ക് കേൾക്കണം മക്കളേ. ജീവിതത്തെപ്പറ്റി വിവേകം ഉണ്ടാകും.’

പ്രൊഫസർ ചന്ദ്രസേനൻ അമിത മദ്യപനാണ് എന്ന് അറിയാമായിരുന്നിട്ടും ടൂറിൽ പങ്കെടുക്കാൻ അനുവദിച്ചതിനു കാരണം രണ്ടാണ്. ഒന്ന് ടൂറിന് വരണം എന്ന് അദ്ദേഹം വല്ലാതെ വാശി പിടിച്ചു. രണ്ട്, അദ്ദേഹം അറിയപ്പെടുന്ന വിഷാദ രോഗിയാണ്. വല്ലപ്പോഴും മാത്രമാണ് വീടും കോളേജും വിട്ട് യാത്ര പോവുക. അത് അദ്ദേഹത്തിൻ്റെ രോഗചികിത്സയെ വലുതായി സഹായിക്കുന്നു. അദ്ദേഹത്തിന്റെ മദ്യപിച്ചുള്ള സംസാരം ജല്പനങ്ങളായാണ് എല്ലാവരും എടുക്കാറ്. രാജനു പക്ഷേ പലപ്പോഴും അവയിൽ മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാനസത്യങ്ങൾ ഒളിഞ്ഞു കിടക്കുന്നതായി തോന്നിയിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ സംസാരം കേൾക്കാൻ അവൻ അടുത്തു ചെന്നു നിന്നു.

‘മരണഭയം തുടങ്ങുന്നതോടെ എന്റെ മക്കളേ, മനുഷ്യന് മറ്റ് ജീവികൾക്ക് മേൽ ഉള്ള എല്ലാ മേൽക്കോയ്മയും നഷ്ടപ്പെടും. അവൻ വെറും കീടമാകും. പിന്നൊരു കാര്യം , ചിന്തിക്കുന്ന മനുഷ്യർക്കേ അത്തരം മരണഭയം ഉണ്ടാകത്തുള്ളു കേട്ടോ. അണ്ഡം ലക്ഷ്യമാക്കിയുള്ള ബീജങ്ങളുടെ കൂട്ടയോട്ടം നിങ്ങൾക്കറിയാമല്ലോ. ആ ഓട്ടത്തിൽ ഒന്നാമതെത്തിയ ബീജമാണല്ലോ ഓരോ മനുഷ്യനും. ഒരു ഘട്ടത്തിൽ മനുഷ്യൻ ഈ വിജയത്തെ ഓർത്ത് പശ്ചാത്തപിക്കുന്നു. കുറഞ്ഞത് എനിക്കെങ്കിലും ഓട്ടത്തിൽ എന്നോട് പരാജയപ്പെട്ടു നശിച്ചുപോയ മറ്റ് ബീജങ്ങളോട് കടുത്ത അസൂയയുണ്ട്. തീർത്താൽ തീരാത്ത പകയുണ്ട്. ഓട്ടത്തിൽ അവരിൽ ആരെങ്കിലും ജയിച്ചിരുന്നെങ്കിൽ ഞാൻ രക്ഷപ്പെട്ടേനെ. ഭാഗ്യമുള്ള അവർ ആ ഓട്ടത്തിൽ പരാജയപ്പെട്ടു. മണ്ടനായ ഞാൻ ചതിക്കപ്പെട്ടു.’

യാത്രതുടങ്ങി കാൽ മണിക്കൂർ കഴിഞ്ഞാണ് പ്രൊഫസർ ചന്ദ്ര സേനൻ സംസാരിച്ചു തുടങ്ങിയത് . അതോടെ മറ്റു പ്രൊഫസർമാർക്കിടയിൽ വലിയ തർക്കം തുടങ്ങി. ചന്ദ്രസേനനെ കൊണ്ടുപോകുന്നതിൽ നേരത്തേ തന്നെ എതിർപ്പുണ്ടായിരുന്ന രണ്ട് വനിതാ പ്രൊഫസർമാർ ഒച്ചവെച്ചതോടെയാണ് പ്രശ്നം തുടങ്ങിയത് . തർക്കത്തിനൊടുവിൽ ബസ് നിന്നു. ഡ്രൈവർ വാഹനം തിരിച്ച് കോളേജിന്റെ ദിശയിലേക്ക് ഓടിക്കാൻ തുടങ്ങിയതോടെ മറ്റു ചില അഭിപ്രായങ്ങളും ഉയരാൻ തുടങ്ങി. ദുശ്ശകുനം ആയി, ഇനി യാത്ര വേണോ എന്നതായിരുന്നു അതിലൊന്ന്. വാഹനം തിരികെ കോളേജിൽ എത്തിയപ്പോൾ പ്രൊഫസർ ചന്ദ്രസേനനെ മറ്റു പ്രൊഫസർമാർ അനുനയിപ്പിച്ച് പുറത്തിറക്കി. യാത്ര വീണ്ടും തുടർന്നു.

ചന്ദ്രസേനൻ സാർ പുറത്തിറങ്ങിയിട്ടും അദ്ദേഹം പറഞ്ഞ കാര്യം- ബീജങ്ങളുടെ കൂട്ടയോട്ടത്തിൽ ഒന്നാമതെത്തി വഞ്ചിക്കപ്പെട്ട ബീജമാണ് ഓരോ മനുഷ്യനും എന്നത് – കുട്ടികൾക്കിടയിൽ വലിയ തമാശയായി. രാജനെയും ആരൊക്കെയോ കളിയാക്കി.
‘ദേ പോകുന്നു ഓടി ഒന്നാമതെത്തി ചതിക്കപ്പെട്ട ഒരു വലിയ ബീജം !’

ഒരു നിമിഷാർദ്ധം കൊണ്ട് ജീവിതത്തിൽ അതുവരെ നടന്നതെല്ലാം അതീവ വ്യക്തമായി രാജന്റെ മനസ്സിലൂടെ പാഞ്ഞു. കൂട്ടുകാരുടെ പരിഹാസം പരമസത്യമാണെന്ന് രാജനു തോന്നി. അവൻ അവർക്ക് തീർത്തും സത്യസന്ധമായ ഒരു പുഞ്ചിരി സമ്മാനിച്ചു.

മൂന്ന്

സ്റ്റെല്ലയെക്കാൾ അഞ്ചാറ് വയസ്സിന്റെയെങ്കിലും മൂപ്പ് രാജന് ഉണ്ടായിരിക്കണം. പലയിടത്തും അലഞ്ഞുതിരിഞ്ഞ് രാജന്റെ കുടുംബം ഒടുവിൽ താമസം ഉറപ്പിച്ചത് സ്റ്റെല്ലയുടെ നാടായ മണ്ണടിയിലാണ്. സ്റ്റെല്ലയുടെ വീട്ടിലും മറ്റു രണ്ടു വീടുകളിലും ജോലിയെടുത്ത് അവർ ജീവിതം തുടർന്നു. മൂന്നു വീടുകളിൽ അവരോട് കാരുണ്യം കൂടുതൽ കാട്ടിയത് സ്റ്റെല്ലയുടെ വീട്ടുകാരായിരുന്നു. സ്റ്റെല്ലയുടെ അച്ഛൻ പള്ളിയിൽ പോകാത്ത കമ്മ്യൂണിസ്റ്റും ഉല്പതിഷ്ണുവുമായിരുന്നു . മാതാവാകട്ടെ ഭക്തയും പരോപകാരിയും. രണ്ടുപേരും രാജന്റെ കുടുംബത്തോട് ജാഗ്രത കലർന്ന ദയാവായ്‌പ് കാട്ടി. രാജന്റെ പിതാവിനെ അവർ മറ്റു ജോലിക്കാർക്കൊപ്പം പാടത്തയച്ചു പണി പഠിപ്പിച്ചു. മാതാവിന് ശുചിത്വം ഉറപ്പുവരുത്തി അടുക്കളയിൽ പ്രവേശനം കൊടുത്തു. രാജനെയാകട്ടെ നിർബന്ധിച്ച് സ്കൂളിൽ ചേർത്തു .

രാജന്റെ അച്ഛനും അമ്മയുമായി മാറിയവർക്ക് പ്രായം കൊണ്ട് വലിയ ചേർച്ചക്കുറവ് ഉണ്ടായിരുന്നു. കാടു വിട്ടശേഷം കുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്കിടയിൽ ശണ്ഠ പതിവായി. വലിയ കലഹങ്ങൾക്കിടയിലും പരസ്പരം പിരിയാതെ അവർ നാടുകളിൽ നിന്ന് നാടുകളിലേക്ക് നീങ്ങി. അങ്ങനെയിരിക്കെ അവരുടെ കലഹങ്ങളെല്ലാം അവസാനിപ്പിച്ച ഒരു സംഭവം ഉണ്ടായി. സ്ഥലം ഏതെന്ന് രാജന് ഓർമ്മയില്ല. ഏതോ വലിയ റെയിൽവേ സ്റ്റേഷനാണ്. ട്രെയിനിൽ കയറാൻ വലിയ തിരക്ക്. പരസ്പരം കലഹിച്ചു കൊണ്ടു തന്നെയാണ് മുത്തശ്ശിയും അച്ഛനും അമ്മയും ട്രെയിനിൽ കയറിയത്. രാജനും കയറിപ്പറ്റി. വണ്ടിവിട്ടു കഴിഞ്ഞതും പെണ്ണ് എവിടെ എന്ന് പരസ്പരം അന്വേഷണമായി. എങ്ങുമില്ല എന്നറിഞ്ഞ് നാലുപേരും നിലവിളി തുടങ്ങി. ചങ്ങല പിടിച്ചു നിർത്താം എന്ന് ആരോ പറയുന്നതിനിടെ ട്രെയിൻ തനിയെ നിന്നു. ‘ഒരു പെൺകൊച്ച് പാളത്തിൽ വീണു മരിച്ചു’ എന്ന് ആരൊക്കെയോ വിളിച്ചുപറഞ്ഞു. പരിഭ്രാന്തിയോടെ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങി ചെന്നു നോക്കി. ഭയം ശരിയായിരുന്നു. പാളങ്ങൾക്കിടയിൽ അനുജത്തി ചിതറിക്കിടന്നു. ഒരു മാസത്തോളം ആ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഭിക്ഷ യാചിച്ചു നടന്നത് രാജന് ഓർമ്മയുണ്ട്. വീണ്ടും യാത്ര തുടർന്നു. പല സ്ഥലങ്ങൾ പിന്നിട്ട് കുറേ മാസങ്ങൾ കഴിഞ്ഞാണ് സ്റ്റൈല്ലയുടെ നാട്ടിൽ എത്തുന്നതും അവിടെ സ്ഥിരതാമസമാക്കുന്നതും. നാട്ടിൽ താമസമായി മൂന്നു വർഷംകഴിഞ്ഞ് അമ്മ പ്രസവിച്ചു. പെൺകുട്ടി. അവൾ വന്നതോടെ കുടുംബത്തിലേക്ക് ആഹ്‌ളാദം തിരിച്ചുവന്നു.

രാജന്റെ യഥാർത്ഥ മാതാപിതാക്കളെ കുറിച്ച് അവൻ വീട്ടിലെ മുതിർന്നവരിൽ നിന്ന് മനസ്സിലാക്കി. രാജന് ഒരു വയസ്സുള്ളപ്പോഴാണ് ഇരുവരെയും കാട്ടിൽ വെച്ച് കാണാതാവുന്നത്. നെല്ലിക്ക ശേഖരിക്കാൻ പോയതായിരുന്നു. പിന്നീട് തിരികെ വന്നില്ല. വഴിതെറ്റി പോയിരിക്കാനും പുലി പിടിച്ചിക്കാനും സാധ്യതകളുണ്ട്. രാജൻ യഥാർത്ഥ മാതാപിതാക്കളെക്കുറിച്ച് അധികം ഒന്നും ആലോചിക്കാൻ പോയിട്ടില്ല. അതിനൊന്നും സമയമില്ലായിരുന്നു എന്നതാണ് വാസ്തവം. വലിയ സ്നേഹക്കുറവൊന്നും ഒരിക്കലും അനുഭവപ്പെട്ടില്ല. ഔപചാരികമായി ഒരു അച്ഛനെയും അമ്മയെയും ലഭിക്കുകയും ചെയ്തു. അച്ഛന്റെയും അമ്മയുടെയും മുത്തശ്ശിയുടെയും പേരുകൾ കാലാകാലങ്ങളിൽ പരിഷ്കരിക്കപ്പെട്ട് പൊടിയൻ , ഗോമതി, നാണി എന്നിങ്ങനെ ഉറച്ചു. അനിയത്തിക്ക് രാജി എന്നും പേരിട്ടു. പൊടിയൻ എന്ന അച്ഛൻ ഗോമതി എന്ന അമ്മയ്ക്ക് കുറെയൊക്കെ വിധേയപ്പെട്ടാണ് നിന്നിരുന്നത്. തീക്ഷ്ണമായ ശണ്ഠ ഉണ്ടായിരുന്നത് അമ്മയും മുത്തശ്ശി നാണിയും തമ്മിൽ മാത്രമാണ്. അതിൽ ഇടപെടാൻ ധൈര്യമില്ലാതെ അച്ഛൻ മാറിനിൽക്കുന്നത് രാജനെ അലോസരപ്പെടുത്തും.

നാല്

യാത്രാസംഘം
നീലഗിരിക്കാടുകളിൽ എത്തിയത് ഉച്ചക്കു ശേഷമാണ്. വലിയ ഒരു ക്വാർട്ടേഴ്സിലാണ് അവർക്ക് താമസം ഏർപ്പാട് ചെയ്തിരുന്നത്. യാത്രാക്ഷീണം കാരണം ഭക്ഷണം കഴിഞ്ഞയുടനെ എല്ലാവരും ഉറങ്ങാൻ കിടന്നു. അഞ്ചരമണിയോടെ പ്രൊഫസർ സദാശിവൻ രാജനെ തട്ടി ഉണർത്തി:

‘എടാ രാജാ, ഒരുജോലിയുണ്ട്. രാത്രിയിൽ ഒരു ക്യാമ്പ് നടത്തണം. നീ കാട്ടിൽ കയറി കുറച്ച് മരക്കുറ്റി വെട്ടിക്കൊണ്ടുവരണം. ഇവിടത്തെ പണിക്കാരോടു പറഞ്ഞിട്ട് വലിയ സഹകരണമില്ല. കുഴപ്പമില്ല, ചുമ്മാതെ കേറി വെട്ടിയാൽ മതി എന്നു പറഞ്ഞ് അവന്മാര് ഒഴിയുകയാണ്. പിന്നെ എന്താ ചെയ്യുക! നീ ഇരുട്ടുന്നതിനു മുമ്പ് ഒന്ന് ഇറങ്ങിക്കേ. കൂട്ടിന് രണ്ടുമൂന്നു പേരെ കൂടി കൂട്ടിക്കോ.’

താനുൾപ്പെടെ നാലഞ്ചു പേരെ മാത്രമേ പ്രൊഫ.സദാശിവൻ ‘നീ’, ‘ എടാ’ എന്നൊക്കെ വിളിക്കൂ എന്ന് രാജൻ ഓർത്തു. തുടക്കം മുതലേ ചില്ലറ ജോലികൾ അദ്ദേഹം തന്നേക്കൊണ്ട് എടുപ്പിക്കാറുമുണ്ട്. അവധിയുള്ള ദിവസങ്ങളിൽ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി ജോലി ചെയ്താൽ നല്ല കൂലി തരാം എന്ന് ഒരിക്കൽ പറഞ്ഞു. എത്ര കൂലി കിട്ടും എന്ന് രാജന് അറിയണമെന്നുണ്ടായിരുന്നു. പക്ഷേ ചോദിച്ചില്ല. കല്ലടയാറ്റിൽ നിന്ന് മണൽ വാരിയാൽ കിട്ടുന്ന തുക ഏതായാലും പ്രൊഫസർ തരാൻ സാദ്ധ്യതയില്ല. അതുകൊണ്ട് പോയില്ല.

അല്പസമയം ആലോചിച്ചു കിടന്നശേഷം മരക്കുറ്റി വെട്ടാൻ രാജൻ എഴുന്നേറ്റു. പ്രൊഫസർ ഒരു ചെറിയ ചാക്കുമായി വന്നു.
‘എടാ സൂക്ഷിക്കണം. ഉള്ളില് രണ്ടു വശത്തും മൂർച്ചയുളള വെട്ടുകത്തിയുണ്ട്. ഞാൻ അതു പേപ്പറുകൊണ്ട് പൊതിഞ്ഞു വെച്ചിരിക്കുകയാ. പണികഴിഞ്ഞ് അത് അതുപോലെ പൊതിഞ്ഞു കെട്ടിവെക്കണം. പിന്നെ കുഴിക്കാൻ ഒരു കമ്പി, രണ്ടു കത്തി, ടോർച്ച്, ഒരു പാക്കറ്റ് മെഴുകുതിരി, തീപ്പെട്ടി എല്ലാമുണ്ട് .’
രാജൻ മിഴിച്ചു നോക്കി. എന്തിന് ഇത്രയധികം സാധനങ്ങൾ?

‘ഇരിക്കട്ടടാ രാജാ, ഒരു വഴിക്കു പോകുവല്ലേ.’
പ്രൊഫസർ അൽപം വാൽസല്യത്തോടെ പറഞ്ഞു.

‘പിന്നെ, വളരെ സൂക്ഷിക്കണം. കാട്ടുമൃഗങ്ങളെയൊന്നും ഉപദ്രവിക്കരുത്. ഇത് പ്രൊട്ടക്ടഡ് ഏരിയ ആണ്. മൃഗങ്ങളെ ആക്രമിക്കുന്നത് വലിയ കുറ്റമാ. അത് ഓർത്തോണേ, ചതിക്കല്ലേ!’

അൽപം കഴിഞ്ഞ് പ്രൊഫസർക്കൊപ്പം മൂന്നുപേർ രാജന്റെ അടുത്തേക്കു വന്നു- സ്റ്റെല്ല, ഗിരി, ഹേമ.
‘എടാ. നിന്റെ നാട്ടുകാരല്ലേ? ഇവരും നിന്റെ കൂടെ വരും സഹായത്തിന്.’
‘കട്ടിപ്പണിക്കൊന്നും ഞങ്ങളില്ലേ.’ ഹേമ പറഞ്ഞു.
‘നിങ്ങള് മരമൊന്നും വെട്ടേണ്ട . അവന് വെട്ടേണ്ട കമ്പ് കാട്ടി കൊടുത്താ മതി. പിന്നെ കമ്പുകളുമായി തിരികെ വരുമ്പോ കൊറച്ചു കൈ സഹായവും ചെയ്യ്.’
‘രാജന് അതൊന്നും ഒരു ഭാരമല്ല സാറെ. നാല് പേരുടെ പണി ഒറ്റക്കെടുക്കുന്ന ആളാ. അല്ലേ രാജാ?,’ സ്റ്റെല്ല രാജനോടു ചോദിച്ചു.

രാജൻ ഒന്നും മിണ്ടിയില്ല. ഭാരം അടിയാൻ തന്നെ എടുക്കണം എന്ന് അവൾ നയത്തിൽ പറഞ്ഞിരിക്കുകയാണ്. അതാണു ശരിയെന്ന് മറ്റു മൂന്നുപേരും മൗനംകൊണ്ട് ശരി വെച്ചിരിക്കുകയാണ്.

സ്റ്റെല്ലയുടെ വീട്ടിൽ ആദ്യം ചെന്നത് രാജൻ ഓർത്തു. സ്റ്റെല്ല അന്ന് തൊട്ടിലിൽ കിടക്കുന്ന കുട്ടിയാണ്. അനിയത്തി ഒഴികെയുള്ള നാലു പേരും തൊഴുകൈകളോടെ ആ മുറ്റത്തു നിന്നു. അന്ന് അവിടെ കൊയ്ത്ത് കഴിഞ്ഞ ദിവസം ആയതു കൊണ്ടാകാം അവർക്ക് കഞ്ഞിയും വസ്ത്രവും കിട്ടി. ക്രമേണ രാജനും ആ വീട്ടിലെ പണിക്കാരനായി. രാജൻ വളരുന്നതിനനുസരിച്ച് ജോലികളുടെ കട്ടിയും കൂടിക്കൂടി വന്നു. ജോലി ചെയ്യാനുള്ള രാജന്റെ സാമർത്ഥ്യത്തിന് എപ്പോഴും നല്ല വാക്കുകൾ അവിടെ നിന്ന്- വിശേഷിച്ച് സ്ത്രീകളിൽ നിന്ന് – കിട്ടിക്കൊണ്ടിരുന്നു.

‘രായന് ഉശിരൊണ്ട്. നാണുമൂപ്പര് നാലുതെങ്ങിൽ കേറുന്ന സമയം കൊണ്ട് അവൻ പത്തെണ്ണത്തിൽ കേറും.’ സ്റ്റെല്ലയുടെ മുത്തശ്ശി പറയും.
‘വെറോ കീറാൻ ഈ ചെറുക്കന് ഒരു പ്രത്യേക വൈഭവം ഒണ്ട്. നിമിഷനേരം കൊണ്ട് ഒരു വലിയ തടി കീറിത്തരും.’ അവിടത്തെ ജോലിക്കാരി സരോജിനി അഭിനന്ദിച്ചു പറയും.

രാജൻ ആ വീടിന്റെ പുറത്തേക്കും ജോലി ചെയ്തു തുടങ്ങി. സ്റ്റെല്ലയുടെ വീട്ടുകാർ അതിൽ പ്രതിഷേധിച്ചില്ല. എന്നല്ല അവൻ്റെ പഠന കാര്യത്തിൽ വരെ അവർ വലിയ ശ്രദ്ധ നൽകുകയും ചെയ്തു. തോൽവി കാരണം രണ്ടുതവണ- പത്തിലും പ്രീഡിഗ്രിക്കും- രാജൻ പഠിത്തം നിറുത്തേണ്ടതായിരുന്നു . സ്റ്റെല്ലയുടെ അച്ഛനാണ് സമ്മതിക്കാതിരുന്നത്.

‘ഇവന് സാധാരണക്കാരേക്കാൾ ബുദ്ധിയുണ്ട്. മനസ്സു വെച്ചാൽ പഠിച്ചു രക്ഷപ്പെടാവുന്നതേയുള്ളു.’
സ്റ്റെല്ലയുടെ അച്ഛൻ ഇടയ്ക്ക് പറയാറുള്ള പറച്ചിലാണത്‌.

പഠനം ഒരു സമയം പാഴാക്കലായാണ് രാജന് തോന്നിയത്. അതിനു ചെലവഴിക്കുന്ന സമയം കൊണ്ട് കല്ലടയാറ്റിൽ മണലു വാരാൻ പോകാം. അങ്ങനെകിട്ടുന്ന പണം കൊണ്ട് നല്ല ഉടുപ്പ് വാങ്ങാം. വീട്ടിൽ എല്ലാവർക്കും തുണി വാങ്ങാം. പഴവും പലഹാരവും വാങ്ങാം. പക്ഷേ സ്റ്റെല്ലയുടെ അച്ഛനെ എതിർക്കാൻ ധൈര്യം വന്നില്ല.

‘രാജൻ മിടുക്കനാണെന്ന് പിന്നെ എനിക്കറിയില്ലേ? അവൻ ജോലി ചെയ്യുന്നത് ഞാൻ എത്ര തവണ കണ്ടിരിക്കുന്നു!’
പ്രൊഫസർ സദാശിവന്റെ സംസാരം രാജനെ ചിന്തകളിൽ നിന്ന് ഉണർത്തി.

അതിശയകരമായ ഒരു കാര്യം സംഭവിച്ചു.രാജന് ഒരിക്കലും അങ്ങനെ ഉണ്ടായിട്ടില്ലാത്തതാണ്. സംഗതി എന്താണെന്നു വെച്ചാൽ അവന് എല്ലാവരോടും എല്ലാത്തിനോടും അസഹ്യമായ രോഷം അനുഭവപ്പെട്ടു. പ്രൊഫസർ സദാശിവനോടും സ്റ്റെല്ലയോടും ലോകത്തോട് തന്നെയും പരിധിയില്ലാത്ത, പൊരുൾ അറിയാത്ത ഒരു രോഷം.

കൂട്ടുകാരൊത്ത് കാട്ടിലേക്ക് നടക്കുമ്പോൾ രാജൻ പെട്ടെന്നു വന്ന ആ ദേഷ്യത്തിന്റെ തിരതള്ളലിനെക്കുറിച്ചു തന്നെ അത്ഭുതപ്പെടുകയായിരുന്നു. പ്രൊഫസർ ഏൽപ്പിച്ച ചാക്കിന് വലിയ ഭാരം ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞതിൽ കൂടുതൽ സംഗതികൾ അതിലുണ്ടായിരിക്കാം.

കവർ: വിൽസൺ ശാരദ ആനന്ദ്

Comments

You may also like