ഒരേ സമയം കേന്ദ്രത്തിലേക്കും സംസ്ഥാനങ്ങളിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടത്തണമെന്ന മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോർട്ട് (“ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്”) കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരിക്കുകയാണ്. ഇനിയത് പാർലമെൻറിൽ പാസ്സാവുകയേ വേണ്ടു.
“ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്” എന്ന ആശയം പുതിയതല്ല. 1960 കൾ വരെ ഇന്ത്യയിൽ പാർലമെൻ്റിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പുകൾ നടന്നിരുന്നു. ഒരു നിയമവും നിർബന്ധിച്ചിട്ടില്ല അങ്ങനെ നടന്നത്. പാർലമെൻ്റിൻ്റെയും അസംബ്ലികളുടെയും കാലാവധി ഒരുമിച്ച് അവസാനിച്ചതിനാൽ അത് സ്വാഭാവികമായി സംഭവിച്ചുവെന്നേയുള്ളൂ. എന്നാൽ പിന്നീട്, വിവിധ സംസ്ഥാന അസംബ്ലികളും കേന്ദ്ര പാർലമെൻ്റും വ്യത്യസ്ത സമയങ്ങളിൽ പിരിച്ചുവിട്ടതിനാൽ തിരഞ്ഞെടുപ്പ് രീതികൾ വ്യതിചലിച്ചു. കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമെന്ന് കേന്ദ്ര സർക്കാരിൻ്റെ ലോ കമ്മീഷൻ 1999-ൽ ആവശ്യപ്പെട്ടപ്പോഴാണ് ഈ ആശയത്തിന് വീണ്ടും ജീവൻ വച്ചത്.
മോദിയുടെ ജനപ്രീതിയും ഹിന്ദുത്വ അജണ്ടയും ചേർന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ എന്ന മാന്ത്രിക സംഖ്യ എളുപ്പത്തിൽ കടക്കാനാവുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ബിജെപി. എന്നാൽ ഫലം വന്നപ്പോൾ ഭൂരിപക്ഷത്തിന് താഴെ കേവലം 240 സീറ്റുകളിലേക്ക് ബിജെപി പിന്തള്ളപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിൽ പാർലമെൻ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ മാത്രം പാസ്സാക്കാൻ കഴിയുന്ന വിഷയങ്ങൾ ഏറ്റെടുക്കാൻ ബിജെപി ശ്രമിക്കില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ captive democracy വളരെ ഫലപ്രദമായി നടപ്പാക്കിയ മോദിക്കും ബിജെപിക്കും ആ മനോനിലയിൽ നിന്ന് പുറത്തുകടക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിന്റെ പ്രതിഫലനമാണ്, മൂന്നിൽ രണ്ട് പോയിട്ട്, ഒറ്റയ്ക്ക് പോലും ഭൂരിപക്ഷം ഇല്ലാത്ത നിലയിലും ഈ അംഗീകാരം നൽകിയതിന് പിന്നിൽ നാം കാണുന്നത്.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഭാരതീയ ജനതാ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികകളിലെ അവിഭാജ്യ ഘടകമായിരുന്നു “ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്” എന്ന ആശയം. എന്തുകൊണ്ടാണ് ഈ ആശയം ബി.ജെ.പിക്ക് ഇത്രയധികം പഥ്യമായത്? ഇന്ത്യയെ ഒരു “Union of States” എന്ന അവസ്ഥയിൽ നിന്ന് ഒരു “Unitary State” എന്ന നിലയിലേക്ക് മാറ്റുക എന്നത് RSS-BJP അജണ്ടയിലെ മുഖ്യ ഇനമാണ്. “ഒരു രാജ്യം ഒരു മതം”, “ഒരു രാജ്യം ഒരു ഭാഷ”, “ഒരു രാജ്യം ഒരു സംസ്കാരം”, എന്നിങ്ങനെ അത് നീളുന്നു. ഇതെല്ലം ഉത്തരേന്ത്യൻ മേല്കോയ്മയിൽ ഊന്നിയ ആശയങ്ങളുമാണ്. ഈ അജണ്ട പ്രാവർത്തികമാക്കാൻ അവരെ സംബന്ധിച്ചിടത്തോളം “ഒരു രാജ്യം ഒരു വോട്ട്” സമ്പ്രദായം നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്.
ഇന്ത്യ എന്ന വൈവിധ്യതകളുടെ രാജ്യത്ത് വാസ്തവത്തിൽ “ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്” എത്രമാത്രം പ്രയോഗികമാണ്? ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയിൽ ഇത്തരമൊരു സുപ്രധാന പരിഷ്‌കരണവുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് ഇതിന്റെ ഗുണദോഷങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തലും പങ്കാളികളുമായി സമവായവും അനിവാര്യമാണ്.
പ്രചാരണ ചെലവുകൾ ഗണ്യമായി കുറയും; ഭരണപരമായ അനിശ്ചിതത്വം കുറയും; സുരക്ഷാ ക്രമീകരണങ്ങൾ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, എന്നിവ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾ വലിയ രീതിയിൽ കുറയും; നയപരമായ തീരുമാനങ്ങളും വികസനപദ്ധതികളും തടസ്സങ്ങളില്ലാതെ തുടരാം; തുടങ്ങിയവയാണ് “ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്” എന്ന ആശയത്തിനെ പിന്തുണയ്ക്കുന്നവർ പൊതുവെ പറയുന്ന നേട്ടങ്ങൾ. എന്നിരുന്നാലും, നമ്മുടെ രാജ്യത്തിൻ്റെ ഫെഡറൽ ഘടനയെ വിപരീതമായി ബാധിക്കുന്ന അനന്തരഫലങ്ങൾ സാങ്കേതികവും സാമ്പത്തികവുമായി കൈവരുന്ന ഇത്തരം നേട്ടങ്ങളെക്കാൾ എത്രയോ വലുതാണ്.
ഒരേസമയം കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പുകൾ നടന്നാൽ , ദേശീയ വിഷയങ്ങൾക്ക് മുൻഗണന ലഭിക്കുകയും സംസ്ഥാനതല വിഷയങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരിക്കുകയും ചെയ്യാൻ സാധ്യതയുണ്ട്. ഇത് പ്രാദേശിക ഭരണത്തിൻ്റെ പ്രാധാന്യവും സംസ്ഥാനങ്ങൾക്ക് നിർണായകമായ വിഷയങ്ങളുടെ പ്രാമുഖ്യവും കുറയ്ക്കും. കൂടാതെ, രാജ്യത്തുടനീളമുള്ള പ്രചാരണത്തിലും പൊതുജനസമ്പർക്കത്തിലും ആധിപത്യം സ്ഥാപിക്കാൻ “ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്” സംവിധാനം വലിയ ദേശീയ പാർട്ടികളെ വലിയ അളവിൽ സഹായിക്കും. പ്രാദേശിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചെറിയ പ്രാദേശിക പാർട്ടികൾക്ക് അത്തരമൊരു സാഹചര്യത്തിൽ മത്സരിക്കുന്നത് വെല്ലുവിളിയായി തോന്നിയേക്കാം. ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിന് ഭരണഘടനാ ഭേദഗതികളും തിരഞ്ഞെടുപ്പ് നിയമങ്ങളിലെ മാറ്റങ്ങളും രാഷ്ട്രീയ പാർട്ടികളിലുടനീളം സമവായവും ആവശ്യമാണ്. സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ ഒരു സർക്കാർ അകാലത്തിൽ വീണാൽ, ഒരു ഇടക്കാല തിരഞ്ഞെടുപ്പ് ആവശ്യമായി വന്നാൽ എന്ത് സംഭവിക്കുമെന്ന ആശങ്കയും ഇത് ഉയർത്തുന്നു.
വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും മതങ്ങളും ഉള്ള ഒരു വൈവിധ്യപൂർണ്ണമായ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ നിലവിലുള്ളത് ഫെഡറൽ സംവിധാനമാണ്. കേന്ദ്ര ഗവൺമെൻ്റിനും സംസ്ഥാന ഗവൺമെൻ്റുകൾക്കും ഇടയിൽ അധികാരം വിഭജിച്ചിരിക്കുന്ന ഭരണസംവിധാനത്തെയാണ് ഫെഡറൽ ഘടന സൂചിപ്പിക്കുന്നത്. ഭരണഘടനയുടെ ഏഴാം ഷെഡ്യുളിൽ Union List, State List, Concurrent List എന്നിങ്ങനെ ഈ അധികാരങ്ങൾ വ്യക്തമായി നിർവ്വചിച്ചിരിക്കുന്നു. “ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്” സംവിധാനം നിലവിൽ വരുന്നതോടുകൂടി ഈ ഫെഡറൽ സിസ്റ്റം കടലാസ്സിൽ മാത്രം ഒതുങ്ങുകയും കേന്ദ്രത്തിന്റെ അപ്രമാദിത്തം പൊതുവെ നിലവിൽ വരുകയും ചെയ്യും.
രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച്, “ഒരു രാജ്യം ഒരു വോട്ട്” എന്നത് പ്രാഥമികമായി ഇന്ത്യൻ പാർലമെൻ്റിലേക്കുള്ള തിരഞ്ഞെടുപ്പിനെ ആശ്രയിച്ചിരിക്കും. 2029-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിനോടൊപ്പം എല്ലാ നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്തുക, പിന്നീട് അടുത്ത തെരഞ്ഞെടുപ്പ് അഞ്ച് വർഷങ്ങൾക്ക് ശേഷം 2034-ൽ നടത്തുക, അതിന് ശേഷം 2039-ൽ, 2044-ൽ എന്നിങ്ങനെ പോകുക. ഇതിനിടയിൽ ഏതെങ്കിലും കാരണത്താൽ ഒരു സംസ്ഥാന നിയമസഭ പിരിച്ചുവിടപ്പെട്ടാൽ , ആ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഉടനടി നടത്തുകയില്ല, പകരം അടുത്ത പാർലമെൻ്റ് തിരഞ്ഞെടുപ്പിനൊപ്പം നടത്താനായി മാറ്റിവയ്ക്കും. ഉദാഹരണത്തിന് 2029-ൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന നിയമസഭ 2031-ൽ ഏതെങ്കിലും കാരണത്താൽ പിരിച്ചുവിടപ്പെട്ടെന്നിരിക്കട്ടെ. അങ്ങനെ പിരിച്ചുവിടപ്പെട്ട നിയമസഭ 2034-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ഒന്നുകിൽ തുടരുക അല്ലെങ്കിൽ ആ സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുക എന്നീ രണ്ട് ഉപാധികൾ മാത്രമേ പിന്നീടുള്ളൂ. ഇനിയങ്ങോട്ട് തെരഞ്ഞെടുപ്പ് വരുന്ന സംസ്ഥാങ്ങളെയും “ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്” പ്രതികൂലമായി ബാധിക്കും. ഉദാഹരണത്തിന് കേരളത്തിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് 2026-ൽ നടക്കും. പക്ഷെ ആ മന്ത്രിസഭയ്ക്ക് 2031 വരെ തുടരാനാവില്ല. പകരം മൂന്ന് വർഷം പൂർത്തിയാകുന്ന 2029-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം കേരളത്തിലും തെരഞ്ഞെടുപ്പ് നടത്തും.
2029-ലെ തെരഞ്ഞെടുപ്പിന് മുൻപ് ജനസംഖ്യാടിസ്ഥാനത്തിൽ നിയോജകമണ്ഡലങ്ങൾ പുനർനിർണ്ണയിക്കുക എന്ന പദ്ധതിയും കേന്ദ്രസർക്കാരിന്റെ സജീവ പരിഗണനയിലാണ്. അങ്ങനെ വന്നാൽ ജനസംഖ്യാ വർദ്ധനവ് കുറഞ്ഞ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ സീറ്റുകൾ കുറയുകയും, ജനസംഖ്യാ വർദ്ധനവ് താരതമ്യേന കുറയാത്ത ഉത്തർ പ്രദേശ്, ബീഹാർ, തുടങ്ങിയ സംസ്ഥാനങ്ങളുടെ സീറ്റുകൾ കൂടുകയും ചെയ്യും. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ഇത് മറ്റൊരു തിരിച്ചടിയാണ്.
പണലാഭവും ലോജിസ്റ്റിക്കൽ നേട്ടങ്ങളും കൊയ്യുന്നതിനേക്കാൾ വലിയ മുൻഗണന ഇന്ത്യയുടെ ഫെഡറൽ, ജനാധിപത്യ ധാർമ്മികതയുടെ സംരക്ഷണത്തിന് നൽകേണ്ടതില്ലേ എന്നതാണ് കാതലായ ചോദ്യം.
ജ്യോതിസ് പരവൂർ