പൂമുഖം LITERATUREകഥ എന്തും നടക്കാവുന്ന ഒരു രാത്രിക്ക് തൊട്ടുമുമ്പ്

എന്തും നടക്കാവുന്ന ഒരു രാത്രിക്ക് തൊട്ടുമുമ്പ്

സ്ഥലം: ഒരിടത്തരം പട്ടണത്തിലെ റെയില്‍വേ സ്റ്റേഷന്‍ പരിസരം
കാലം: ഉദ്ദേശം ഒന്നര ദശകങ്ങള്‍ക്ക് മുമ്പ്

നഗരത്തില്‍, റെയില്‍വെ സ്റ്റേഷനും ഓവര്‍ബ്രിഡ്ജിനും ഇടയ്ക്ക് അര കിലോമീറ്റര്‍ നീളത്തില്‍ നിവര്‍ന്നു കിടക്കുന്ന റോഡ്‌.
‘പൂവിന്‍ ഗന്ധമലിഞ്ഞ തെന്നലിളകിത്തെന്നുന്നുവോ?, സന്ധ്യയാള്‍,
രാവിന്നാഗമനം നിനച്ചു കുളിരിന്‍ പൂമെത്ത നീര്‍ത്തുന്നുവോ?
നൂനം പ്രേമമയം, പ്രിയേ, പരിസരം …. ‘
എന്ന്‍ ശ്ലോകം ചൊല്ലാന്‍ തോന്നുന്ന അന്തരീക്ഷം.
പാതയില്‍ ഇരു ദിശകളിലും ഇടമുറിയാത്ത ജനപ്രവാഹം. സമയം എട്ടുമണിയോ ടടുപ്പിച്ച്…
സന്ധ്യയ്ക്ക് പാതയോരത്തെ നടപ്പാത കൈയേറി, പെട്രോമാക്സിന്‍റെ വെളിച്ചത്തില്‍ നടക്കുന്ന കച്ചവടങ്ങള്‍ ചൂടുപിടിച്ചു വരുന്നു-
ഒരിടത്ത്, വിരിച്ച ചാക്കുകളില്‍ അഞ്ചു രൂപയും പത്തു രൂപയും വിലയിട്ട് ചെറിയ കൂനകളായി കൂട്ടിയിരിക്കുന്ന പച്ചക്കറികള്‍-
മറ്റൊരിടത്ത്, നിര്‍ത്തിയിട്ട വണ്ടിയില്‍, ചൂടുള്ള മണല്‍ച്ചട്ടിയില്‍ പാകമാകുന്ന നിലക്കടല-
അതിനപ്പുറത്ത് കനലില്‍ പാകമാവുന്ന ചോളം–
ഇനിയുമൊരിടത്ത്, മാലയായി കോര്‍ത്തതും കോര്‍ക്കാത്തതുമായ പൂക്കള്‍… പഴങ്ങള്‍.. ഫ്രെയിമിട്ട ദൈവ ചിത്രങ്ങള്‍… പുസ്തകങ്ങളും മാസികകളും..
ഈയറ്റത്ത്, വിളക്കുകാലിന് തൊട്ടുതാഴെ ചെറുപ്പക്കാരന്‍ നിന്നു. മുട്ടുകവിഞ്ഞു നില്‍ക്കുന്ന മുറിയന്‍ കാലുറയും ഇറക്കം കുറഞ്ഞ നീല വരയന്‍ ടീ ഷര്‍ട്ടും ധരിച്ചു നില്‍ക്കുന്ന അയാള്‍ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് ജോലി അന്വേഷിക്കുന്നവനാവാം. ഏതെങ്കിലും സ്ഥാപനത്തില്‍ ശരാശരിയിലും താഴെ ശമ്പളം കൈപ്പറ്റുന്ന താത്ക്കാലിക ജീവനക്കാരനുമാവാം. ഒരു വലിയ കമ്പനിയില്‍ തടിച്ച ശമ്പളം വാങ്ങുന്ന ചെറുപ്പക്കാരുടെ ആത്മവിശ്വാസവും കൂസലില്ലായ്മയും അയാളില്‍ കാണാനില്ല. റെയില്‍വെ സ്റ്റേഷന് നേരെ കണ്ണയച്ചു നില്‍ക്കുന്ന അയാള്‍ കാത്തുനിന്ന ആരെയോ തിരക്കില്‍ കണ്ടെത്തിയത് പോലെ സ്റ്റേഷന് നേരെ ധൃതിയില്‍ നടന്നു. നടപ്പാതയില്‍ എതിരെ വന്നവര്‍ക്ക് വഴിവിട്ട്, അപ്പോഴപ്പോള്‍, കടകള്‍ക്ക് മുന്നില്‍ ഗതിവേഗം കുറച്ച്, അപൂര്‍വം ചിലപ്പോള്‍ നില്‍ക്കാനാഞ്ഞ്, ഒരു തീര്‍ച്ചയിലെത്താനാവാത്തത് പോലെ അയാള്‍ നീങ്ങി. ചുറ്റും നടക്കുന്ന ബഹളങ്ങള്‍ അയാളെ ബാധിക്കുന്നില്ല-
മറ്റെന്തൊക്കെയോ ബാധിക്കുന്നുണ്ട് താനും!
നടന്ന്‍, റെയില്‍വേ സ്റ്റേഷന് മുന്നിലെത്തി, എന്തോ മറന്നത്‌ പോലെ അയാള്‍ തിരിഞ്ഞു നിന്നു. തോളില്‍ തൂങ്ങിക്കിടക്കുന്ന സഞ്ചിയില്‍ കാര്യമായി എന്തോ പരതുകയാണിപ്പോള്‍.
ശരിയാണ്- അയാള്‍ എന്തോ എവിടെയോ മറന്നുവെച്ചിരിക്കുന്നു.
ഉടനെ മടങ്ങുന്നതിനു പകരം പിന്നിട്ട വഴിയിലെ, കൂടിവരുന്ന തിരക്കും നോക്കി, മനസ്സിലെന്തോ കണക്കുകൂട്ടി അയാള്‍ നിന്നു…
ഇപ്പോളയാള്‍ തിരിച്ചു നടക്കുകയാണ്. അങ്ങോട്ടുള്ള യാത്ര പോലെ വേഗം കൂട്ടിയും കുറച്ചും ഇടയ്ക്കൊന്നു നിന്നും തന്നെയാണ് മടക്കയാത്രയും.
വഴിക്കൊരു പരിചയക്കാരന്‍ അയാളെ പിടിച്ചുനിര്‍ത്തിയിരിക്കുന്നു.
അങ്ങനെയൊരു കൂടിക്കാഴ്ച ആ സമയത്ത് അയാള്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് നമുക്ക് തോന്നുന്നതാവുമോ?
അല്പസമയത്തിനു ശേഷം യാത്ര പറഞ്ഞ് സുഹൃത്ത് പിരിഞ്ഞു. നടത്തം തുടരുന്നതിന് പകരം അയാള്‍, നടപ്പാതയുടെ ഒഴിഞ്ഞ വശത്തേയ്ക്ക് മാറിനിന്ന്, കൈയിലെ തോള്‍സഞ്ചിയില്‍ വീണ്ടും എന്തോ തിരയുകയാണ്, അഞ്ചോ പത്തോ മിനുട്ട് അതങ്ങനെ തുടര്‍ന്നു..
തിരയുന്നതിന്നിടയിലും ഇടവിട്ടിടവിട്ട് അയാള്‍ തിരിഞ്ഞുനോക്കുന്നുണ്ട്.
വീണ്ടും നടത്തം-
നമ്മള്‍ ആദ്യം അയാളെ കണ്ട വിളക്കുകാലിനു സമീപമെത്തിയപ്പോള്‍, തിരിഞ്ഞുനോക്കി…
ആരെയോ പ്രതീക്ഷിച്ച് എന്ന മട്ടില്‍ നിന്നു
ഇടവിട്ട്, മെല്ലെയും വേഗത്തിലും തിരിച്ചുനടന്നു…
സ്റ്റേഷനടുത്ത് എത്തിയപ്പോള്‍ വീണ്ടും പോക്കറ്റുകളിലും സഞ്ചിയിലും എന്തോ അന്വേഷിച്ചു….
നേരത്തെ നമ്മള്‍ കണ്ടതിന്‍റെ ഏറെക്കുറെ അതേ ക്രമത്തിലുള്ള ആവര്‍ത്തനം!
സ്റ്റേഷന്‍റെ ദിശയില്‍ നടന്നുവരുന്നവരെ നോക്കിനില്‍ക്കുമ്പോള്‍ ആ മുഖത്ത് ഒരു നേരിയ നിരാശയോ നീരസമോ നിഴലിച്ചു കാണുന്നുണ്ടോ?

ചെറുപ്പക്കാരന്‍ രണ്ടാം തിരിച്ചുവരവിനുള്ള പുറപ്പാടിലാണ്.

ഒരു ഞെട്ടലോടെ നമ്മള്‍ മനസ്സിലാക്കുന്നു:
ഇത് ആദ്യത്തെ പോക്കോ തിരിച്ചുവരവോ അല്ല. അവസാനത്തേതുമായിക്കൊള്ളണമെന്നില്ല.
അയാള്‍ ആരെയും കാത്തുനില്‍ക്കുകയല്ല–
അയാള്‍ ഒന്നും എവിടെയും മറന്നുവെച്ചിട്ടില്ല–
സഞ്ചിക്കകത്ത് അയാള്‍ ഒന്നും തിരയുകയായിരുന്നില്ല..
മറ്റെന്തിനോ വേണ്ടി ‘സമയം വാങ്ങാ’നുള്ള ശ്രമത്തിലാണ് ചെറുപ്പക്കാരന്‍ ‍..!

നമ്മളയാളെ തുടക്കം മുതല്‍ വീണ്ടും വായിക്കേണ്ടിയിരിക്കുന്നു…

കരുതിയതില്‍ നിന്നും വ്യത്യസ്തമായി, തിരക്കേറിയ ആ സ്ഥലത്ത് ഒരു ഭീകരാക്രമണ ത്തിന് തയ്യാറെടുക്കുന്ന തീവ്രവാദിയായിരിക്കാം അയാള്‍..

പ്രതീക്ഷിച്ച വ്യക്തിയെ, വ്യക്തികളെ, ജനക്കൂട്ടത്തെ കാത്ത്, തോള്‍സഞ്ചിയിലെ തീവ്ര സംഹാര ശേഷിയുള്ള ആയുധങ്ങളുമായി, അങ്ങോട്ടുമിങ്ങോട്ടുമുള്ള ഈ നടപ്പ് അവസരം നോക്കിയാവാം ….?

ഇപ്പോള്‍ ചെറുപ്പക്കാരന്‍റെ ഓരോ ചലനത്തിലും, കത്തിയുടെ മൂര്‍ച്ചയുള്ള, ചോരയുറയുന്ന, ഒരു പുതിയ അര്‍ത്ഥം ഉരുത്തിരിയുന്നു-
കൂടുതല്‍ വിശ്വസനീയമായ ഒരര്‍ത്ഥം!

തനിക്കു ചുറ്റും ജനസാന്ദ്രത ഏറ്റവും കൂടുതല്‍ ആവുന്ന അവസരം കാത്തിരിക്കുക യാണയാള്‍. ആ സഞ്ചിയില്‍, റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന സ്ഫോടക വസ്തുവാകും. ആകും എന്നല്ല, ആണ്! അത് അശ്രദ്ധമായെന്നോണം എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ അവസരം നോക്കുകയാണ്..‍..
അഥവാ ജനക്കൂട്ടത്തിനിടയില്‍ സ്വയം പൊട്ടിത്തെറിക്കാന്‍ ഒരുങ്ങുകയാണയാള്‍
ആ മുഖം, ഈ രണ്ടാം വായനയില്‍, ഒരു തൊഴിലന്വേഷകന്‍റേതല്ല- ഒരു താഴ്ന്ന വരുമാനക്കാരന്‍റേതോ താത്ക്കാലിക ജീവനക്കാരന്‍റേതോ അല്ല-
നിലവിലുള്ള വ്യവസ്ഥിതിയോട് ഏറ്റുമുട്ടാന്‍ തയ്യാറായ ഒരു കടുംവിശ്വാസിയുടേതാണ്….

ആ നിമിഷം, റോഡില്‍ കണ്മുമ്പില്‍, എഴുതിവെച്ച തിരക്കഥയിലെന്ന പോലെ ഓടിപ്പാഞ്ഞു വന്ന രണ്ടു കാറുകള്‍, വലിയ ശബ്ദമുണ്ടാക്കി കൂട്ടിയിടിച്ചു. പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിച്ചതിനാലാവണം വശത്തുകൂടി പോയിരുന്ന രണ്ട് ഇരുചക്രവാഹനങ്ങളും തൊട്ടടുത്ത് നിലതെറ്റി മറിഞ്ഞു………

നിലവിളികളും ബഹളവും അല്പസമയത്തേയ്ക്ക് ജനങ്ങളുടെ ശ്രദ്ധ ആ വഴിക്ക് തിരിച്ചുവിടുന്നു…

നാലുവശത്തുനിന്നും ഓടിക്കൂടുന്ന ജനങ്ങളേയും വാഹനങ്ങള്‍ തിങ്ങി നിറഞ്ഞ് നിശ്ചലമാവുന്ന ഗതാഗതത്തേയും ശ്രദ്ധിച്ചപ്പോള്‍ വീണ്ടും ഒരു ഞെട്ടലോടെ നമ്മുടെ മനസ്സ് ജാഗരൂകമാകുന്നു:

ഇതാണ്…ഇതാണ് ചെറുപ്പക്കാരനായ ചാവേര്‍ കാത്തിരുന്ന നിമിഷം!

റോഡില്‍ നടന്നത് ഒരു നാടകമാണ്-അതില്‍ അഭിനയിച്ചവരില്‍ ചിലരെങ്കിലും അയാളുടെ കൂട്ടത്തില്‍ പെട്ടവരുമാണ്. നമ്മള്‍ ഈ കെണിയില്‍ വീഴരുത്.
അധികൃതരെ അറിയിക്കാന്‍ തത്ക്കാലം വഴികള്‍ ഇല്ലെങ്കില്‍, അയാളുടെ പദ്ധതി നടപ്പിലാവാതിരിക്കാന്‍ പറ്റിയ ഇടപെടലുകളെങ്കിലും നമ്മുടെ ഭാഗത്ത് നിന്നുണ്ടായേ പറ്റു-

അല്പം ഉഴറിത്തിരിഞ്ഞ്, കണ്ണുകള്‍ ചെറുപ്പക്കാരനെ കണ്ടുപിടിച്ചു..
പെട്രോമാക്സ് വെളിച്ചത്തില്‍ കച്ചവടം നടക്കുന്ന കടകളിലൊന്നില്‍, കടക്കാരനുമായി കാര്യമായെന്തോ സംസാരിക്കുകയാണെന്ന മട്ടില്‍ നില്‍ക്കുകയാണയാള്‍.
ഒരു സാധാരണ വഴിപോക്കന്‍ മാത്രമായിരുന്നെങ്കില്‍ അപകടസ്ഥലത്തെ തിരക്കില്‍ ആകൃഷ്ട\നാവാതെ അയാള്‍ക്ക് ഇങ്ങനെ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല.
ആ കടക്കാരനും സംഘത്തിലൊരാളാവാം..
നമ്മള്‍ക്ക് അല്പം കൂടി അയാളുടെ അടുത്തേയ്ക്ക് മാറിനില്‍ക്കാം……

കടക്കാരന്‍ കടയുടെ ഒരുവശത്ത്, ഇരുട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഇരുചക്ര വാഹനത്തിന്‍റെ അടുത്തേയ്ക്ക് അയാളെയും കൂട്ടി നടന്നു.
വണ്ടിയുടെ സീറ്റ് തുറന്നു പൊക്കിവെച്ചു.
ചെറുപ്പക്കാരന്‍ ചുറ്റും സംശയത്തോടെ നോട്ടമയച്ചു-
കടക്കാരന്‍ അയാള്‍ക്ക് മുന്നില്‍ നിരത്തുന്നത് സുതാര്യമായ കവറിട്ട്, തുറക്കാനാവാത്ത മട്ടില്‍ ചുറ്റും ഒട്ടിച്ച പുസ്തകങ്ങളാണ് –
ചെറുപ്പക്കാരന്‍റെ കണ്ണുകളിലെ ആവേശം നമുക്ക് സങ്കല്പ്പിക്കാവുന്നതിലും അധികമാണ്. വിലപേശാതെ, നോട്ടുകള്‍ കൈമാറി, വാങ്ങിയ പുസ്തകങ്ങള്‍, ചെറുപ്പക്കാരന്‍, ഷര്‍ട്ടിനടിയില്‍, ബനിയനകത്തേയ്ക്ക് തിരുകിക്കയറ്റി-

ചുറ്റുമുള്ള ഒച്ചപ്പാടുകള്‍ കാണാനോ കേള്‍ക്കാനോ നില്‍ക്കാതെ, കടകള്‍ക്കിടയിലൂടെ പോകുന്ന, ഇപ്പോള്‍ ദ്രവിച്ചുകിടക്കുന്ന ഈ മേല്‍പ്പാലം വഴി, റോഡ്‌ മുറിച്ചുകടന്നു….

ഇരുട്ടിന്‍റെ കഥകള്‍ വായിച്ചു കേള്‍ക്കാന്‍ തയ്യാറെടുത്ത് മലര്‍ന്നുകിടന്ന, നഗരത്തിന്‍റെ കെട്ടുപിണച്ചിലുകളിലേയ്ക്ക് അയാള്‍ ഊളിയിട്ടു….

Comments
Print Friendly, PDF & Email

You may also like