പൂമുഖം LITERATUREകഥ രാമെഗൌഡ ഓഫീസിലേയ്ക്ക് നേരത്തെ പുറപ്പെട്ട ദിവസം

രാമെഗൌഡ ഓഫീസിലേയ്ക്ക് നേരത്തെ പുറപ്പെട്ട ദിവസം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

ഇന്ന് നേരത്തേ ഓഫീസിലെത്തണം…ആരേയും പേടിച്ചിട്ടല്ല..ആരേയും ബോദ്ധ്യപ്പെടുത്താനു മല്ല…എങ്കിലും–‘
രാമെഗൌഡ കന്നടത്തില്‍ ചിന്തിച്ചു. ‘ശിവലിംഗു സെക് ഷന്‍ ഓഫീസറാണ്..ഞാന്‍ അയാളുടെ കീഴില്‍ ഒരു അക്കൌണ്ടന്‍റും. അല്ലെന്നു ഞാന്‍ പറയുന്നില്ല. പക്ഷേ, ശിവലിംഗു ഓഫീസറായിട്ടല്ല ജനിച്ചത്. ഞാന്‍ അക്കൌണ്ടന്‍റായിട്ടുമല്ല. സാധാരണ മനുഷ്യക്കുട്ടികള്‍ ജനിക്കുന്നതു പോലെ ജനിച്ചു. സാധാരണ കുട്ടികളെ പോലെ വളര്‍ന്നു. പഠിച്ചു. വലുതായി. ഒരേ ഓഫീസില്‍ ജോലിക്ക് ചേര്‍ന്നു. ശിവലിംഗു കുറെ വര്‍ഷം തുടരെത്തുടരെ പരീക്ഷയെഴുതി എസ്.ഓ. ആയി. ഞാനും ചത്തില്ലെങ്കില്‍ കുറച്ചു കാലത്തിനുള്ളില്‍ എസ്.ഓ. ആവും. അത്രയേയുള്ളൂ. സെക് ഷനില്‍ പണി തീര്‍ന്നില്ലെങ്കില്‍ ധൃതിയില്‍ ചെയ്യണമെന്നു പറയാം. സമയത്ത് അക്കൌണ്ട്സ് കൊടുത്തില്ലെങ്കില്‍ തനിക്കും ബുദ്ധിമുട്ടാണെന്ന് പറയാം.’
ബ്രഷില്‍ ടൂത്ത് പെയ്സ്റ്റുമായി കുളിമുറിയിലേയ്ക്ക് നടക്കുമ്പോള്‍ രാമെഗൌഡ ഭാര്യയോട് വിളിച്ചുചോദിച്ചു: “ഹൊന്നമ്മാ, ടൈംപീസില്‍ സമയമെത്രയായെന്നു നോക്ക്..”
ഒരു മിനുട്ടിന് ശേഷം ഹൊന്നമ്മയുടെ കഫം കെട്ടിയ ശബ്ദം കുളിമുറിയുടെ പാതിയടഞ്ഞ വാതിലിന്നിടയിലൂടെ കടന്നുവന്നു.:

“എട്ട് നാല്‍പ്പത്”

തേഞ്ഞും പൊട്ടിയും നിന്ന പല്ലുകള്‍ക്കിടയിലൂടെ ബ്രഷ് കറപറ നീക്കിക്കൊണ്ട് രാമെഗൌഡ ചിന്ത തുടര്‍ന്നു.’ ‘യു ആര്‍ എ ഹാബിച്വല്‍ ലേറ്റ്കമര്‍’ എന്ന്‍ ശിവലിംഗു പറഞ്ഞു. എനിക്ക് വിരോധമില്ല. സിനിമയില്‍ അക്ഷരാഭ്യാസമില്ലാത്ത പുള്ളിയുടെ മുഖത്ത് നോക്കി പോലീസുകാരന്‍ ‘യു ആര്‍ അണ്‍ഡര്‍ അറസ്റ്റ്.’ എന്ന് പറയുന്നത് പോലെ അതൊരു ചടങ്ങാണ്. കൊല്ലുമെന്ന് പറഞ്ഞാല്‍ ഒരു വാക്യം ഇംഗ്ലീഷില്‍ പറയാന്‍ കൂട്ടാക്കാത്ത ശിവലിംഗുവും ഇടക്കിടെ ഓരോരുത്തരെ വിളിച്ച്, ഗൌരവത്തില്‍ പറയും, ‘യു ആര്‍ എ ഹാബിച്വല്‍ ലേറ്റ്കമര്‍’
രാമെഗൌഡ ചിരിച്ചു. പെട്ടെന്ന് ഗൌരവം വീണ്ടെടുത്തു. ‘ശിവലിംഗുവിന്‍റെ ഇംഗ്ലീഷിനെ പരിഹസിക്കാം. പക്ഷേ, അതല്ലാതെ അയാള്‍ പറഞ്ഞ വാക്കുകളോ..? അതിനു പിന്നിലെ അഹന്തയോ..? ‘സിനിമാതിയേറ്ററിലും കള്ളുഷോപ്പിലും കയറിവരുന്നത് പോലെ ഓഫീസില്‍ വരരു’തെന്ന്’
ബ്രഷ് മോണയില്‍ തട്ടിയപ്പോള്‍ വേദനിച്ചു. ചിന്ത മുറിഞ്ഞു.
‘അടുത്ത മാസം ശമ്പളം കിട്ടിയാല്‍ ഒരു ബ്രഷ് വാങ്ങണം. ഏതോ ടൂത്ത്പെയ്സ്റ്റിന്‍റെ വലിയ പാക്കറ്റ് വാങ്ങിയാല്‍ ബ്രഷ് വെറുതെ കിട്ടും. ഇനി ഇതുകൊണ്ട് വയ്യ. മരക്കമ്പ് പോലെയായിരിക്കുന്നു.
ബാത്ത്റൂമില്‍ നിന്ന്‍ പുറത്തു കടന്ന് രാമെഗൌഡ ഭാര്യയെ വിളിച്ചു. ‘ഹൊന്നമ്മാ, അണ്ടാവില്‍ കുറച്ചുകൂടി വെള്ളം ഒഴിച്ച്, ചൂടാക്ക്..’
ഡെക്കാന്‍ ഹെറാള്‍ഡിന്‍റെ തലക്കെട്ടുകളിലൂടെ ഓടിച്ചുനോക്കി, രാമെഗൌഡ ചിന്ത തുടര്‍ന്നു. ‘ ‘ഒമ്പതര മണി മുതല്‍ ആറു മണി വരെ ജോലി ചെയ്യുന്നതിനാണ് നിങ്ങള്‍ക്ക് ശമ്പളം തരുന്ന’തെന്നും ശിവലിംഗു പറഞ്ഞു. ആര് ശമ്പളം തരുന്നത്? ശിവലിംഗുവാണോ എനിക്ക് ശമ്പളം തരുന്നത്- അതോ, കേന്ദ്ര ഗവണ്‍മെന്‍റോ? ‘നിങ്ങള്‍ ഒരു ഗവണ്‍മെന്‍റ് സെര്‍വന്‍റ് ആണെ’ന്ന് ശിവലിംഗു പറഞ്ഞു. ഭാഗ്യം പഴയ ചക്രവര്‍ത്തിയെ പോലെ താനാണ് ഗവണ്‍മെന്‍റ് എന്നും പറഞ്ഞില്ലല്ലോ! എങ്കില്‍ ഞാന്‍ ശിവലിംഗുവിന്‍റെ സെര്‍വന്‍റ് ആവേണ്ടി വന്നേനേ…’
രാമെഗൌഡ പത്രത്തിന്‍റെ പേജ് മറിച്ചു.
‘ടു ഇന്‍ വണ്‍’ ക്രോസ് വേഡ്-
പേപ്പറുമായി കക്കൂസില്‍ കയറി വാതിലടച്ചു. സ്വസ്ഥമായിരുന്ന്‍ ആദ്യത്തെ ക്ലൂ വായിച്ചു:
Oliver’s turn (5)
രാമെഗൌഡ ശിവലിംഗുവിനെ തത്ക്കാലം മനസ്സില്‍ നിന്ന് മാറ്റിനിര്‍ത്തി.
കാര്യമായ ആലോചന വേണ്ടിവന്നില്ല. വാക്ക് കിട്ടി :
Twist.
അതൊരു നല്ല തുടക്കമാണ്, ദിവസത്തിന്. ആദ്യത്തെ വാക്ക് തന്നെ കിട്ടി.
അടുത്ത രണ്ടുമൂന്നെണ്ണം ശരിയായില്ല.
‘The most courageous form of men’s and women’s undergarment (7)’
കക്കൂസില്‍ ഇരുന്നുകൊണ്ടാണെങ്കിലും രാമെഗൌഡ ശബ്ദമുണ്ടാക്കി ചിരിച്ചു.
ഏതാനും മിനുട്ട് നേരത്തെ ആലോചനയ്ക്ക് മുന്നില്‍ അതും വഴങ്ങി : bra–vest’.. bravest
ഇരുപതു മിനുട്ട് നേരത്തെ അദ്ധ്വാനത്തില്‍ പതിനാല് വാക്കുകള്‍ കിട്ടി.
രാജ്കുമാറിന്‍റെ ഒരു പാട്ടും മൂളിക്കൊണ്ട് രാമെഗൌഡ കക്കൂസില്‍ നിന്ന് പുറത്തുവന്നു. കുളിമുറിയില്‍ കയറി.
സാമാന്യം ചൂടുള്ള വെള്ളം ദേഹത്തുകൂടി ഒഴിക്കുമ്പോള്‍ രാമെഗൌഡ അഞ്ചു വയസ്സുകാരി മകളെ വിളിച്ചു: “വാസുകീ, മോളേ, ടൈംപീസില്‍ സൂചികള്‍ എവിടെയൊക്കെയാണെന്നു നോക്കിപ്പറ.!”
വെള്ളിക്കൊലുസ്സിന്‍റെ ശബ്ദം കുളിമുറിക്ക് മുന്നിലൂടെ കടന്നുപോയി.
“ചെറിയ സൂചി ഒമ്പതിന്‍റെ അടുത്ത്–വലിയ സൂചി എട്ടില്‍-”
രാമെഗൌഡ മനസ്സില്‍ കണക്കുകൂട്ടിയെടുത്തു….
‘എണ്ണഞ്ച് നാല്‍പ്പത്…എട്ട് നാല്പ്പത്..
‘ഇന്ന് നേരത്തെ പുറപ്പെടണം. ഒമ്പതര മണിക്ക് മുമ്പ് ഒപ്പിട്ട് സീറ്റിലിരിക്കണം.. ശിവലിംഗുവിനെ പേടിച്ചിട്ടല്ല..സാക്ഷാല്‍ ശിവനെ എനിക്ക് പേടിയില്ല.. ശിവലിംഗുവിന് എന്താണ് എന്നെക്കാള്‍ മേന്മ? ഞാന്‍ B ടൈപ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുമ്പോള്‍ ശിവലിംഗു C ടൈപ്പില്‍ താമസിക്കുന്നു…എന്താണ് വിശേഷം..? സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ ക്വാര്‍ട്ടേഴ്സിന്‍റെ പ്രാകൃതത്വം രണ്ടു കൂട്ടര്‍ക്കും ഒരുപോലെയാണ്.’
‘ശിവലിംഗുവിന് വേണമെങ്കില്‍ ഒരു മേന്മ അവകാശപ്പെടാം’ കുസൃതിയോടെ രാമെഗൌഡ ഓര്‍ത്തു. ‘എവിടെനിന്ന് നോക്കിയാലും കാണത്തക്കവിധം ബാല്‍ക്കണിയില്‍ അടിവസ്ത്ര ങ്ങള്‍ ഉണങ്ങാനിടുന്ന പതിവ് എനിക്കില്ല. പഴകി മഞ്ഞനിറമായ ബനിയനുകളും അടിപ്പാവാടകളും വിവിധ വര്‍ണ്ണങ്ങളിലുള്ള ………………..! സൗകര്യം കിട്ടട്ടെ- ശിവലിംഗു വിനോട്‌ പറയണം, പൊതുജനങ്ങള്‍ക്ക് ഒരു സഹായമെന്ന നിലയില്‍ ആ തോരണങ്ങള്‍ അകത്തേയ്ക്കൊന്നു മാറ്റാന്‍.’
കുളിമുറിയില്‍ നിന്ന്‍ പുറത്ത് വന്നപ്പോഴേയ്ക്ക് ഹൊന്നമ്മ പ്ലെയ്റ്റില്‍ ഒരു തേങ്ങയുടെ വലുപ്പത്തില്‍ ‘റാഗിമുദ്ദെ’ വിളമ്പി വെച്ചിരുന്നു. ഒരു വലിയ കപ്പില്‍ ചൂടുള്ള സാമ്പാറും. സാമ്പാറൊഴിച്ചു കുഴച്ച് രാമെഗൌഡ സമൃദ്ധമായി റാഗിമുദ്ദെ കഴിച്ചു.
തലമുടി കോതിയൊതുക്കുമ്പോള്‍ അല്പം അസ്വസ്ഥതയോടെ കണ്ടു, കണ്ടമാനം മുടി കൊഴിയുന്നുണ്ട്. മുകളില്‍ പിന്‍ഭാഗത്ത് തൊടുമ്പോള്‍ തലയോടില്‍ തൊടുന്നതു പോലെയായിരിക്കുന്നു. ഡൈ ചെയ്യിച്ചുകൂടേ എന്നാണ് ഹൊന്നമ്മ ചോദിച്ചത്! സ്വാദുള്ള ചിത്രാന്നങ്ങളും ബിസിബെളെ ബാത്തും വാങ്കി ബാത്തും ഉണ്ടാക്കുമെന്നേയുള്ളൂ…. ഹൊന്നമ്മയുടെ വിശേഷബുദ്ധി വട്ടപൂജ്യമാണ്…..’
നീളമുള്ള പ്ലാസ്റ്റിക് ബാഗില്‍ ഉച്ചഭക്ഷണത്തിന്‍റെ പാത്രവുമായി വീട്ടില്‍നിന്നു പുറത്തിറങ്ങുമ്പോള്‍ രാമെഗൌഡ ഷെല്‍ഫിലിരിക്കുന്ന ടൈംപീസിലേയ്ക്ക് നോക്കി : എട്ട് നാല്‍പ്പത്-
‘ഇന്ന് ഒമ്പതേകാല്‍ ആവുമ്പോഴേയ്ക്ക് ഞാന്‍ ഓഫീസില്‍ എത്തും. ശിവലിംഗു സീറ്റില്‍ എത്തുമ്പോഴേയ്ക്ക് ഞാന്‍ എത്രയോ ഫയലുകളില്‍ ജോലി തീര്‍ത്തുകഴിഞ്ഞിരിക്കും!

Comments
Print Friendly, PDF & Email

You may also like