ശ്രി. ദിലിപ്രസാദ് സുരേന്ദ്രൻ എഴുതിയ ‘തമ്പുരാൻകുന്നിന്റെ സാമൂഹ്യപാഠം’ എന്ന നോവൽ വായിക്കുവാൻ തുടങ്ങിയത് ഒരു സാധാരണനോവൽ എന്ന ധാരണയോടെ ആയിരുന്നു; ഏതാനും പേജുകൾ വായിച്ചപ്പോൾ തന്നെ വെറും നിസ്സാരവായനയിൽ അത് ഒതുങ്ങില്ല എന്ന് മനസ്സിലാക്കി കൂടുതൽ സമയമെടുത്ത് വായിക്കുവാനായി തല്ക്കാലം നിറുത്തിവെച്ച്, വീണ്ടും വിശാലമായ വായനയ്ക്ക് സമയം കണ്ടെത്തി വായിക്കുകയായിരുന്നു.
വായന പൂർത്തിയാക്കിയപ്പോൾ ഒരു എഴുത്തുകാരന്റെ ആദ്യനോവൽ എന്ന വസ്തുത വിശ്വസിക്കുവാൻ ബുദ്ധിമുട്ടായി. അദ്ദേഹം ഇതിനു മുൻപ് ഒരു കഥാസമാഹാരം മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളു. അനവധി നോവലുകൾ രചിച്ച് തഴക്കം വന്ന ഒരു നോവലിസ്റ്റിന്റെ കൃതി എന്ന് പറയാവുന്നവണ്ണം മികച്ച വായനാനുഭവം പ്രദാനം ചെയ്ത കൃതിയാണ് തമ്പുരാൻകുന്നിന്റെ സാമൂഹ്യപാഠം.
നോവലിൽ ശ്രി. ദിലിപ്രസാദ് സുരേന്ദ്രൻ, അരിയോട്ടുകോണം എന്ന ഗ്രാമത്തിന്റെ പാരമ്പര്യത്തെ പറ്റിയുള്ള മിത്തുകളും ചരിത്രവസ്തുതകളും വർണ്ണിക്കുന്നതിനോടൊപ്പം ആധുനിക കാലത്ത് ഗ്രാമത്തിനു വന്നു ചേർന്ന പരിണാമങ്ങളും വിവരിക്കുന്നു. തമ്പുരാൻകുന്നിലൂടെ നാം സഞ്ചരിക്കുമ്പോൾ, ഖസാക്കിലെ രവിയേയും അതിരാണിപ്പാടത്തിലെ ശ്രീധരനെയും ഓർത്തുപോകും.എന്നാൽ ആ നാടുകളുടെ സ്വാധീനം ഈ നോവലിൽ ഉണ്ടെന്നു പറയുവാനും കഴിയില്ല. എന്നാലും ദേശകഥകളുടെ കൂട്ടത്തിൽ ഗണിക്കുകയാണെങ്കിൽ അരിയോട്ടുകോണം എന്ന ഗ്രാമം തസ്രാക്കിനോടും അതിരാണിപ്പാടത്തിനോടും ചേർന്ന് വരുന്നുണ്ട്.
തമ്പുരാൻകുന്നിന്റെ രണ്ടു കാലഘട്ടമാണ് നോവലിൽ അവതരിപ്പിക്കുന്നത്. ആ നാടിന്റെ ഭൂതവും വർത്തമാനവും.തമ്പുരാൻകുന്നിന്റെ ഭൂതകാലകഥാകഥനത്തിൽ നിറഞ്ഞു നിൽക്കുന്നത് ശങ്കരൻ ചാന്നാരും, ചെല്ലമ്മ ചാന്നാട്ടിയും, കൃഷ്ണൻ കണിയാനും, കണിയാട്ടിയും, വാണിയനും, മറവന്മാരും ഒക്കെയാണെങ്കിൽ, അതിന്റെ കേന്ദ്രബിന്ദുവായി മാറുന്നത് മാടസ്വാമിയാണ്. കൃഷ്ണൻ കണിയാന്റെ സാമ്പത്തിക ആർത്തിയും അധികാരക്കൊതിയും ഒരു നാടിനെ കുട്ടിച്ചോറാക്കുന്നു. കാപട്യത്തിലൂടെ നാടുവാഴിയെപ്പോലും അയാൾ സ്വാധീനിച്ചിട്ടുണ്ട്.ജന്മിയും വിഷചികിത്സകനും അഭ്യാസിയുമായ ശങ്കരൻ ചാന്നാരും അദ്ദേഹത്തിന്റെ ഭാര്യ ചെല്ലമ്മ ചാന്നാട്ടിയും നാട്ടാരുടെ പ്രതീക്ഷയാണ്. എന്നാൽ കരിമ്പാറക്കുന്നിൽ തമ്പടിച്ച മറവന്മാരും വാണിയനും കണിയാനുവേണ്ടി കൊല്ലും കൊലയും നടത്തി നാടിനെ വിറപ്പിച്ച് സകലതും കൊള്ളയടിച്ചപ്പോൾ നായാടിയായ മാടസ്വാമി കരിമ്പാറക്കുന്നിൽ എത്തി ദുഷ്ടശക്തികളെ മുഴുവൻ തച്ചുടക്കുന്നു. അതിലൂടെ മാടസ്വാമി നാടിൻറെ ദൈവമായി മാറുന്നു.
രണ്ടാംഭാഗത്തിലെ പ്രധാന കഥാതന്തു മദ്യത്തിന്റെ പേരിലുള്ള കലഹമാണ്.ഇന്ന് കേരളീയഗ്രാമങ്ങളെ മദ്യം എങ്ങനെ നശിപ്പിക്കുന്നുവെന്നതിന്റെ ഒരു പരിച്ഛേദം കൂടിയാണ് തമ്പുരാൻകുന്നിന്റെ വർത്തമാനകാലം. ഒപ്പം നാശത്തിൽ നിന്ന് ഒരു നാടിനെ രക്ഷപ്പെടുത്തുവാൻ നാരീശക്തിക്ക് കഴിയുമെന്ന പ്രത്യാശാനിർഭരമായ സൂചനകളും കഥയിൽ അടങ്ങിയിട്ടുണ്ട്. തമ്പുരാൻകുന്നിന്റെ സാമൂഹ്യപാഠഭൂമികയിൽ ആദ്യാവസാനം സ്ത്രീകൾക്ക് നൽകിയ പ്രാധാന്യം ശ്രദ്ധേയമാണ്. ചെല്ലമ്മ ചാന്നാട്ടിയാണ് ഭൂതകാലത്തിലെ സ്ത്രീശക്തി. വർത്തമാനകാലത്തിൽ പീലി ചാന്നാട്ടിയും മരച്ചീനിക്കച്ചവടക്കാരി പങ്കജവും സുമിത്രയും ശാന്തയും ഒക്കെ പ്രതികരണശേഷി ഉള്ള സ്ത്രീകളാണ്. സ്ത്രീകൾ ഷാപ്പിനെതിരെ നടത്തിയ സമരം പ്രക്ഷുബ്ധമായ പല രംഗങ്ങൾ സൃഷ്ടിച്ചുവെങ്കിലും അന്തിമവിജയം അവർ നേടിയെടുത്തതും സന്തോഷകരമാണ്. പീലി ചാന്നാട്ടിയുടെ ധൈര്യം അപാരമാണ്. ചുരുക്കത്തിൽ നോവലിലെ സ്ത്രീകൾ ശക്തിസ്വരൂപിണികളാണ് ചായക്കടക്കാരൻ റൗഡി സഹദേവനും, വാറ്റുകാരൻ സുധാകരനും, ആത്മഹത്യ ചെയ്ത തങ്കനും, മദ്യപാനി മാധവനും, കച്ചവടക്കാരൻ കൊച്ചപ്പിയും, ഗോവിന്ദൻ മേശിരിയും, വൈദ്യരും, കേശവൻ മൂപ്പീന്നും, കറവക്കാരൻ കൊച്ചുമണിയും മുരളിയും, ബാലനും, ശശിയും ഉൾപ്പെടെ അനവധി പുരുഷന്മാർ തമ്പുരാൻകുന്നിലുണ്ടെങ്കിലും അവർക്കാർക്കും അവിടുത്തെ സ്ത്രീകളുടെ ഒപ്പം ശേഷി ഇല്ല.
പോലീസുകാരൻ പീതാംബരനും കൂട്ടരും ഷാപ്പ് നടത്തുന്ന മോഹനനന്റെ പിണിയാളായി നിന്ന് കാട്ടിക്കൂട്ടുന്ന അനീതികൾ,എക്കാലവും നിലനിൽക്കുന്ന അബ്കാരി പോലീസ് അവിഹിതബന്ധത്തിന്റെ നേരടയാളമാണ്. തമ്പുരാൻകുന്നിന്റെ പുരാണത്തിൽ വാറ്റുചാരായത്തിനും കള്ളുഷാപ്പിനും അതീവസ്ഥാനം എഴുത്തുകാരൻ കല്പിച്ചു നൽകുന്നുണ്ട്.
ഗ്രന്ഥകാരന്റെ ശുനകപ്രേമം നോവലിൽ ആദ്യാവസാനം വ്യക്തമാകുന്നുണ്ട്. തുടക്കത്തിൽ പ്രത്യക്ഷപ്പെടുന്നത് മാതനും മാണിക്യനുമാണ്. അവർ മാടസ്വാമിയുടെ എന്തിനും പോരുന്ന പോരാളികളായ ശുനകന്മാരാണ്. അഗ്നിബാധയേൽക്കാതെ രക്ഷപ്പെട്ട ഒരു പെൺപട്ടിയും അവളുടെ ഏഴ് കുഞ്ഞുങ്ങളുമാണ് പിന്നീട് രംഗത്തു വരുന്നത്. വർത്തമാനകാലത്തെ ശുനകർ, അയ്യപ്പൻറെ കൂട്ടുകാരായ കണ്ണനും ശശികലയും ആണ്. ഇവരൊക്കെ നോവലിലെ പ്രധാന കഥാപാത്രങ്ങളാണെന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത.
തമ്പുരാൻകുന്നിന്റെ സാമൂഹ്യപാഠത്തിൽ ഒരു കേന്ദ്രകഥാപാത്രം ഇല്ല എന്നതാണ് വാസ്തവം.ഗബ്രിയേൽ മാർക്കോസിന്റെ ഏകാന്തതയുടെ നൂറ് വർഷങ്ങളിൽ (One Hundred Years of Solitude) മക്കോണ്ട ഗ്രാമത്തിലെ ബുവെൻഡിയ കുടുംബത്തിന്റെ ഏഴ് തലമുറകളെ കേന്ദ്രീകരിക്കുന്നുണ്ട്. അയ്മനത്തിന്റെ കഥ പറയുന്ന അരുന്ധതി റോയിയുടെ “ചെറിയ കാര്യങ്ങളുടെ ദൈവത്തിൽ’ (God of Small Things) സുറിയാനി ക്രിസ്ത്യാനിയായ ഐപ്പ് കുടുംബത്തിനെ കേന്ദ്രീകരിക്കുന്നുണ്ട്. തമ്പുരാൻകുന്നിന്റെ സാമൂഹ്യപാഠത്തിൽ ഒരു കേന്ദ്രകഥാപാത്രമോ, കേന്ദ്രകുടുംബമോ ഇല്ലയെന്നത് നോവലിന്റെ ശക്തിയാണോ ബലഹീനതയാണോ എന്ന് തീരുമാനം എടുക്കുവാൻ വായനക്കാരെ ചുമതലപ്പെടുത്തുന്നു.
നോവലിൽ ഗ്രന്ഥകാരൻ രചനാപരമായ ഒരു കൗശലം പ്രയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടത് ചൂണ്ടിക്കാട്ടാതെ ഈ നിരൂപണം അവസാനിപ്പിക്കുന്നത് ശരിയല്ല. ഈ നോവലിന്റെ രചനയിൽ, രണ്ടു് ശൈലി എഴുത്തുകാരനായ ദിലിപ്രസാദ് സ്വീകരിച്ചിരിക്കുന്നു. കഥ തുടങ്ങുമ്പോൾ ഉത്തമപുരുഷൻ (First Person) ആണ് കഥ പറയുന്നത്.എന്നാൽ ആ രീതിയിൽ ഈ കഥ അവതരിപ്പിക്കുക എന്നത് അതീവശ്രമകരമായതിനാൽ തുടർഭാഗം പ്രഥമ പുരുഷൻ (Third Person) കഥ പറയുന്ന രീതിയിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്. അതിനുവേണ്ടി അദ്ദേഹം ഈ നോവലിൽ ഒരു മിസ്റ്റിക് കഥാപാത്രത്തെ അവതരിപ്പിച്ച് അയാളിൽ കൂടി കഥപറയുന്ന സമ്പ്രദായം ആണ് സ്വീകരിച്ചിരിക്കുന്നത്.പ്രഥമ പുരുഷൻ കഥ പറയുന്ന രീതി, താരതമെന്യേ ലളിതമായ കഥപറച്ചിൽ രീതി ആണല്ലോ. ആ മാർഗ്ഗം അവലംബിക്കുവാൻ കാട്ടിയ കൗശലമാണ് ആ മിസ്റ്റിക് കഥാപാത്രം.
സുദീപ് തെക്കേപ്പാട്ടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോഴിക്കോട്ടെ സാഹിത്യപ്രസാധനം പ്രസിദ്ധീകരിച്ച ‘തമ്പുരാൻകുന്നിന്റെ സാമൂഹ്യപാഠം’ എന്ന നോവൽ മലയാളനോവൽസാഹിത്യത്തിന് ഒരു മുതൽക്കൂട്ട് ആണ്, അതിനാൽ അത് ചർച്ച ചെയ്യപ്പെടേണ്ടതാണെന്നുള്ള കാര്യത്തിൽ രണ്ടു് പക്ഷമില്ല.
കവർ: ജ്യോതിസ് പരവൂർ