പൂമുഖം LITERATUREകഥ ഭാര്യയുടെ കത്ത് – രവീന്ദ്രനാഥ ടാഗോർ

ഭാര്യയുടെ കത്ത് – രവീന്ദ്രനാഥ ടാഗോർ

അങ്ങയുടെ പാദപത്മങ്ങളിൽ

നമ്മുടെ വിവാഹം കഴിഞ്ഞിട്ട് പതിനഞ്ചു കൊല്ലമായി; എന്നാൽ ഇന്നാദ്യമായിട്ടാണ്‌ ഞാൻ അങ്ങയ്ക്കൊരു കത്തെഴുതുന്നത്. ഞാൻ എപ്പോഴും അങ്ങയുടെ അടുത്തുതന്നെയായിരുന്നു; അങ്ങു പറഞ്ഞ് പലതും ഞാൻ കേട്ടിട്ടുണ്ട്, അതുപോലെ എന്നിൽ നിന്ന് അങ്ങും. എന്നാൽ ഒരു കത്തെഴുതാൻ വേണ്ട അകലം നമ്മൾ തമ്മിൽ ഒരിക്കലും ഉണ്ടായിട്ടില്ല.

ഞാനിപ്പോൾ ഒരു തീർത്ഥാടനത്തിന്‌ പുരിയിൽ വന്നിരിക്കുകയാണ്‌; അങ്ങ് പതിവുപോലെ ഓഫീസ് ജോലിയിൽ സ്വയം മറന്നിരിക്കുകയായിരിക്കും. അങ്ങയ്ക്ക് കൊല്ക്കത്തയുമായുള്ള ബന്ധം ഒരൊച്ചിന്‌ അതിന്റെ തോടിനോടുള്ളതു പോലെയാണ്‌- നഗരം അങ്ങയിൽ ഒട്ടിപ്പിടിച്ചിരിക്കുകയാണ്‌; അങ്ങയുടെ ശരീരവും ആത്മാവും അതിനുള്ളിലാണ്‌. അതിനാൽ അങ്ങ് അവധിക്കപേക്ഷിച്ചില്ല; എന്നാൽ ദൈവം എന്റെ അപേക്ഷ പരിഗണിക്കുകയും എനിക്ക് അവധി നല്കുകയും ചെയ്തു.

ഞാൻ മെജോ-ബൗ ആണ്‌, അങ്ങയുടെ കുടുംബത്തിലെ രണ്ടാമത്തെ മരുമകൾ. ഇന്ന്, പതിനഞ്ചു കൊല്ലം കഴിഞ്ഞ്, കടല്ക്കരയിൽ നില്ക്കുമ്പോൾ അതല്ലാത്ത ബന്ധങ്ങളും എനിക്കുണ്ടെന്ന് എനിക്കു ബോദ്ധ്യമാകുന്നു- ലോകവുമായി, ലോകസ്രഷ്ടാവുമായി. ആ ബോദ്ധ്യത്തിൽ നിന്നാണ്‌ ഈ കത്തെഴുതാനുള്ള മനക്കരുത്ത് എനിക്കു കിട്ടിയതും. അങ്ങയുടെ കുടുംബത്തിലെ രണ്ടാമത്തെ മരുമകളെഴുതുന്ന കത്തല്ല ഇത്.

പണ്ട്, എന്റെ കുട്ടിക്കാലത്ത്- അങ്ങയുമായുള്ള എന്റെ വിവാഹം നമ്മുടെയൊക്കെ തലവിധി എഴുതുന്ന ആ ജഗന്നിയന്താവിനു മാത്രം അറിവുണ്ടായിരുന്ന കാലത്ത്- ഞാനും എന്റെ സഹോദരനും ഒരുപോലെ ടൈഫോയ്ഡ് പിടിച്ചു കിടപ്പായി. എന്റെ സഹോദരനെ മരണം കൊണ്ടുപോയി; ഞാൻ ജീവിതത്തിലേക്കു തിരിച്ചുവന്നു. അന്ന് നാട്ടിലെ പെണ്ണുങ്ങളൊക്കെ പറഞ്ഞുനടന്നു: “പെണ്ണായതുകൊണ്ടാണ്‌ മൃണാൾ ജീവിച്ചിരിക്കുന്നത്. ആണായിരുന്നെങ്കിൽ അവൾ രക്ഷപ്പെടില്ലായിരുന്നു.” യമദേവൻ ബുദ്ധിയുള്ള കള്ളനാണ്‌; വില പിടിച്ചതേ അവനെടുക്കൂ!

എന്നു പറഞ്ഞാൽ, ഞാൻ മരണമില്ലാത്തവളാണ്‌. ഇത് വിസ്തരിച്ചു വിശദീകരിക്കാനാണ്‌ ഇപ്പോൾ ഞാൻ അങ്ങയ്ക്ക് ഈ കത്തെഴുതുന്നത്.

അങ്ങയുടെ ഒരകന്ന അമ്മാവനും അങ്ങയുടെ സ്നേഹിതൻ നീരദും അങ്ങയ്ക്കു വേണ്ടി എന്നെ പെണ്ണു കാണാൻ വന്നപ്പോൾ എനിക്കു പന്ത്രണ്ടു വയസ്സായിരുന്നു. പകലു പോലും കുറുനരികൾ ഇറങ്ങിനടക്കുന്ന ഒരു ഓണം കേറാ മൂലയിലായിരുന്നു ഞങ്ങളുടെ വീട്. റെയിൽവേ സ്റ്റേഷനിൽ നിന്ന് കാളവണ്ടിയിൽ പതിന്നാലു മൈൽ; പിന്നെ ചരല്പാതയിലൂടെ ഒരാറു മൈൽ പല്ലക്കിൽ; രണ്ടുപേരും വല്ലാതെ വെറി പിടിച്ച മട്ടായിരുന്നു. ഇതിനു പുറമേ ഞങ്ങളുടെ കിഴക്കൻ ബംഗാൾ പാചകവും അവർക്കു സഹിക്കേണ്ടിവന്നു! അന്നു ഞങ്ങൾ വിളമ്പിയ ആഹാരത്തിന്റെ കാര്യം ആ അമ്മാവൻ ഇപ്പോഴും ഓർക്കുന്നുണ്ട്.

അങ്ങയുടെ അമ്മയ്ക്ക് തന്റെ മൂത്ത മരുമകളുടെ ഭംഗിക്കുറവ് അതിസുന്ദരിയായ രണ്ടാമത്തെ മരുമകളെക്കൊണ്ടു നികത്താനുള്ള തിടുക്കമായിരുന്നു. അല്ലെങ്കിൽ എന്തിനാണ്‌ അങ്ങയുടെ ബന്ധുക്കൾ അത്രയും വിഷമം സഹിച്ച് ഞങ്ങളുടെ കുഗ്രാമത്തിലേക്കു വന്നത്? ബംഗാളിൽ നിങ്ങൾക്ക് മഞ്ഞപ്പിത്തമോ അതിസാരമോ വധുവിനേയോ അന്വേഷിച്ചു നടക്കേണ്ടതില്ല; മൂന്നും വേണ്ടത്രയുണ്ട്; അവ സ്വയമേവ നിങ്ങളിൽ പറ്റിപ്പിടിച്ചോളും; പിന്നെ വിട്ടുപോവുകയുമില്ല.

അച്ഛന്റെ ഹൃദയം പിടയ്ക്കാൻ തുടങ്ങി. അമ്മ കാളീമന്ത്രം ജപിച്ചുതുടങ്ങി. ഒരു ഗ്രാമത്തിലെ ശാന്തിക്കാരൻ എന്തു നിവേദിച്ചിട്ടാണ്‌ ഒരു നഗരദേവതയെ പ്രസാദിപ്പിക്കുക? അവരുടെ ആകെയുള്ള പ്രതീക്ഷ മകളുടെ സൗന്ദര്യത്തിലായിരുന്നു. മകൾ പക്ഷേ, അതൊരു വലിയ കാര്യമായി കണ്ടിരുന്നില്ല. അവളെ കാണാൻ വരുന്നവൾ അവൾക്കെന്തു വിലയിടുന്നോ, അതാണവളുടെ വില. അതുകൊണ്ടാവാം, എത്ര സൗന്ദര്യമുണ്ടായിക്കോട്ടെ, എന്തൊക്കെ സ്വഭാവഗുണങ്ങളുണ്ടായിക്കോട്ടെ, സ്ത്രീയ്ക്ക് ഒരിക്കലും അവളുടെ ആത്മനിന്ദയെ മറി കടക്കാൻ കഴിയാറില്ല.

ഒരു വലിയ പാറക്കല്ലെടുത്തു നെഞ്ചിലേക്കു വെച്ചതുപോലെയായിരുന്നു, അങ്ങയുടെ വീടിനോടുള്ള, അല്ല, അങ്ങയുടെ ഗ്രാമത്തിനോടു മൊത്തമുള്ള എന്റെ പേടി. നാലു കണ്ണുകളുടെ നിശിതപരിശോധനയ്ക്കു മുന്നിൽ പന്ത്രണ്ടു വയസ്സുകാരിയായ ഒരു ഗ്രാമീണബാലികയെ പിടിച്ചുനിർത്തിക്കൊടുക്കുന്ന കാവൽഭടന്മാരാണ്‌ ആകാശവും പകൽവെളിച്ചവും മറ്റു പ്രകൃതിശക്തികളുമെന്ന് എനിക്കു തോന്നിപ്പോയി. എനിക്കു പോയൊളിക്കാൻ ഒരിടവും ഉണ്ടായിരുന്നില്ല.

വിവാഹത്തിനു ഷഹനായികൾ പാടിത്തുടങ്ങുമ്പോൾ ആകാശവും കൂടെക്കരഞ്ഞുതുടങ്ങി. അങ്ങനെ ഞാൻ അങ്ങയുടെ വീട്ടിൽ താമസം തുടങ്ങി. പെണ്ണുങ്ങൾ എന്റെ കുറ്റങ്ങളും കുറവുകളും ഓരോന്നായി കണ്ടെടുത്തുകണ്ടെടുത്ത് ഒടുവിൽ ആകെക്കൂടെ എന്നെ ഒരു സുന്ദരിയായി കണക്കാക്കാമെന്ന നിഗമനത്തിൽ എത്തിച്ചേർന്നു. ഇതു കേട്ടപ്പോൾ എന്റെ മൂത്ത നാത്തൂന്റെ, എന്റെ ദീദിയുടെ, മുഖം വാടി. എന്നാൽ എന്റെ സൗന്ദര്യം കൊണ്ട് ആർക്കെന്തു ഗുണം എന്ന് എനിക്കു സംശയമായി. അതിന്റെ പേരിൽ അങ്ങയുടെ വീട്ടുകാർക്ക് എന്നോടു പ്രത്യേകിച്ചൊരു സ്നേഹമൊന്നും തോന്നിയിരുന്നില്ല. ഏതോ ഒരു മഹർഷി ഗംഗയിലെ ചെളിയിൽ നിന്നാണ്‌ എന്റെ സൗന്ദര്യം സൃഷ്ടിച്ചിരുന്നതെങ്കിൽ പിന്നെയും അവർക്കെന്നോടു സ്നേഹം തോന്നിയേനെ. എന്നാൽ ബ്രഹ്മാവ് എന്നെ സൃഷ്ടിച്ചത് അദ്ദേഹത്തിന്റെ അപ്പോഴത്തെ എന്തോ കമ്പം തീർക്കാനായിപ്പോയി; അതിനാൽ അങ്ങയുടെ കുടുംബത്തിന്‌ അതു വിലയില്ലാത്തതുമായി.

എനിക്കു സൗന്ദര്യമുണ്ടായിരുന്നു എന്നതു മറക്കാൻ അങ്ങയ്ക്ക് അധികകാലം വേണ്ടിവന്നില്ല. എന്നാൽ എനിക്കു ബുദ്ധിയുമുണ്ടായിരുന്നു എന്നത് ഓരോ കാൽവയ്പ്പിലും അങ്ങയ്ക്ക് ഓർമ്മ വന്നുകൊണ്ടിരുന്നു. ആ ബുദ്ധി എനിക്കത്ര സ്വാഭാവികമായിരുന്നിരിക്കണം; കാരണം ഇത്രയും കാലം അങ്ങയുടെ വീടു നോക്കലല്ലാതെ മറ്റൊന്നും ഞാൻ ചെയ്തിട്ടില്ലെങ്കിലും അണയാതെ അത് എന്റെ ഉള്ളിൽത്തന്നെ കിടപ്പുണ്ടായിരുന്നല്ലോ. എന്റെ അമ്മയ്ക്ക് എന്റെ ബുദ്ധി ഒരു വേവലാതി ആയിരുന്നു; കാരണം പെണ്ണിന്‌ ബുദ്ധി ഒരു ശാപമാണ്‌. അതിരുകൾ നിർണ്ണയിക്കുന്ന ഒരു ജീവിതം ജീവിക്കേണ്ടിവരുന്ന ഒരുവൾ ബുദ്ധി നിർണ്ണയിക്കുന്ന ജീവിതം ജീവിക്കാൻ നോക്കിയാൽ വൈകാതെ അവൾക്കു മുന്നിൽ ചുമരുകളുയരും, അവയിൽ ചെന്നിടിച്ച് അവളുടെ നെറ്റിയും ഭാവിയും തകരുകയും ചെയ്യും. എന്നാൽ ഞാനെന്തു ചെയ്യാൻ? അങ്ങയുടെ കുടുംബത്തിലെ ഒരു സ്ത്രീക്കു വേണ്ടതിലധികം ബുദ്ധി ദൈവം ഓർക്കാതെ എനിക്കു തന്നുപോയി! അധികമുള്ള ആ ബുദ്ധി ആർക്കാണു ഞാൻ കൊടുക്കുക? നിത്യമെന്നോണം നിങ്ങളെല്ലാവരും എന്നെ പഴി പറഞ്ഞുകൊണ്ടിരുന്നു: തന്റേടി, നാണം കെട്ടവൾ! പരുഷമായ വാക്കുകൾ ബലം കെട്ടവന്റെ ശരണമാണ്‌; അങ്ങു പറഞ്ഞതെല്ലാം ഞാൻ മാപ്പാക്കിയിരിക്കുന്നു.

വീട്ടുപണികൾക്കു പുറമേ നിങ്ങൾ ആർക്കും അറിയാത്ത മറ്റൊന്നുകൂടി ഞാൻ ചെയ്തിരുന്നു. ഞാൻ രഹസ്യമായി കവിതകൾ എഴുതിയിരുന്നു. അതിനി എത്ര ചവറായിക്കോട്ടെ, അതിലെങ്കിലും ഞാൻ നടുമുറ്റത്തിന്റെ അതിരുകൾക്കു പുറത്തായിരുന്നു. എന്റെ കവിതയിൽ ഞാൻ സ്വതന്ത്രയായിരുന്നു, ഞാൻ ഞാനായിരുന്നു. രണ്ടാമത്തെ മരുമകൾ എന്ന നിലയല്ലാതെ മറ്റെന്തെങ്കിലും എന്നിലുണ്ടായിരുന്നെങ്കിൽ നിങ്ങൾക്കതിഷ്ടമായിരുന്നില്ല, നിങ്ങളതു കണ്ട മട്ടു നടിച്ചതുമില്ല. ഈ പതിനഞ്ചു കൊല്ലമായിട്ടും ഞാൻ കവിത എഴുതിയിരുന്ന കാര്യം നിങ്ങളാരും കണ്ടുപിടിച്ചില്ലല്ലോ!

അങ്ങയുടെ വീടിനെക്കുറിച്ച് എനിക്കുള്ള ഓർമ്മകളിൽ ആദ്യം മനസ്സിൽ വരുന്നതൊന്ന് ആ തൊഴുത്തിന്റെ കാര്യമാണ്‌. അകത്തെ മുറികളിലേക്കു പോകാനുള്ള കോണിപ്പടിയ്ക്കടുത്തുള്ള ഒരു ചായ്പിലാണല്ലോ പശുക്കളെ കെട്ടിയിരുന്നത്. മുന്നിലെ കൊച്ചുമുറ്റത്തല്ലാതെ അവയ്ക്കു മറ്റെങ്ങോട്ടും പോകാനുമില്ല. മണ്ണുകൊണ്ടുള്ള ഒരു പുല്ലുവട്ടി മുറ്റത്തിന്റെ ഒരു കോണിലുണ്ടായിരുന്നു. വേലക്കാർക്ക് കാലത്ത് മറ്റു പണികളുണ്ടായിരിക്കും; വിശന്നുനില്ക്കുന്ന പശുക്കൾ പുല്ലുവട്ടിയുടെ വക്കുകൾ നക്കിയും കാർന്നുതിന്നും നില്ക്കും. അതു കണ്ടപ്പോൾ എന്റെ നെഞ്ചു തകർന്നു. ഞാൻ നാട്ടുമ്പുറത്തുകാരി പെണ്ണാണ്‌- ആ രണ്ടു പശുക്കളും മൂന്നു കുട്ടികളുമാണ്‌ നഗരത്തിൽ എനിക്കാകെയുള്ള കൂട്ടുകാർ എന്നെനിക്കു തോന്നി. ആദ്യമൊക്കെ എന്റെ ആഹാരം ആരും കാണാതെ ഞാൻ അവയ്ക്കു വച്ചുകൊടുത്തിരുന്നു. കുറേക്കഴിഞ്ഞപ്പോൾ ബന്ധുക്കളും പരിചയക്കാരും എന്റെയും വീട്ടുകാരുടേയും ജാതിയെക്കുറിച്ചു സംശയം പറയാൻ തുടങ്ങി.

എനിക്കൊരു മകൾ ജനിച്ചു-അവൾ മരിച്ചുപോവുകയും ചെയ്തു. കൂടെച്ചെല്ലാൻ അവൾ എന്നെയും വിളിച്ചിരുന്നു. ഇന്നവൾ ജീവിച്ചിരുപ്പുണ്ടെങ്കിൽ എന്റെ ജീവിതത്തിന്‌ അതെന്തെങ്കിലും അർത്ഥം നല്കിയേനെ. രണ്ടാമത്തെ മരുമകൾ എന്നെ നിലയിൽ നിന്ന് ഞാനൊരു അമ്മയാകുമായിരുന്നു. ഒരേയൊരു കുഞ്ഞിന്റെ അമ്മയാണെങ്കിലും എനിക്കീ പ്രപഞ്ചത്തിന്റെ മുഴുവൻ അമ്മയാകാമായിരുന്നു. അമ്മയാകുന്നതിന്റെ ദുഃഖമാണ്‌ എനിക്കു കിട്ടിയത്, അതിന്റെ സ്വാതന്ത്ര്യമല്ല.

അകത്തെ മുറികളിലേക്കു കടന്നുവന്ന ഇംഗ്ലീഷ് ഡോക്ടറുടെ മുഖത്തെ അത്ഭുതം ഞാനോർക്കുന്നു. പ്രസവമുറി കണ്ടപ്പോൾ ഡോക്ടർക്കാകെ വെറി പിടിച്ചു; അയാൾ എല്ലാവരെയും കണക്കിനു പറഞ്ഞു. വീട്ടിനു മുന്നിൽ ചെറിയൊരു പൂന്തോട്ടമുണ്ട്; പുറത്തെ മുറികൾ വേണ്ടതെല്ലാം കൊണ്ടൊരുക്കിയതുമാണ്‌. ഉള്ളിലെ മുറികൾ നേരേ മറിച്ച്, ഒരു പരവതാനിയുടെ മറുവശം പോലെയാണ്‌: ഒരു ചേലുമില്ല, ഭംഗിയുമില്ല. വിളക്കുകൾ മുനിഞ്ഞുകത്തുകയാവും, കാറ്റു വരുന്നത് കള്ളനെപ്പോലെയായിരിക്കും, ചപ്പുചവറുകൾ കൂടിക്കിടക്കുന്നുണ്ടായിരിക്കും. ചുമരുകളിലെ പാടുകൾ മായ്ച്ചാലും മായാതെ കിടക്കും. എന്നാൽ ഡോക്ടർക്ക് ഒരു കാര്യത്തിൽ തെറ്റു പറ്റി: ഈ അവഗണന ഞങ്ങളെ സങ്കടപ്പെടുത്തുമെന്നാണ്‌ അയാൾ കരുതിയത്. അതല്ല വാസ്തവം; അവഗണന ചാരക്കൂന പോലെയാണ്‌- പുറത്തറിയാത്ത ചൂടുമായി ഒരു കനൽത്തരി അതിനുള്ളിൽ പുതഞ്ഞുകിടപ്പുണ്ടായിരിക്കും. ആത്മാഭിമാനം ഇല്ലാതായിക്കഴിഞ്ഞാൽ തന്നോടു കാണിക്കുന്ന അവഗണനയിൽ അനീതി തോന്നാതെയാകും. അപ്പോൾപ്പിന്നെ സങ്കടവുമില്ല. അതുകൊണ്ടാണ്‌ സങ്കടം വരുന്നത് നാണക്കേടായി സ്ത്രീകൾക്കു തോന്നുന്നത്. അതിനാൽ എനിക്കു പറയാനുള്ളത് ഇതാണ്‌: സ്ത്രീ യാതന അനുഭവിക്കണം എന്ന വിധത്തിലാണ്‌ നിങ്ങളുടെ വ്യവസ്ഥിതി ക്രമീകരിച്ചിരിക്കുന്നതെങ്കിൽ അവരോട് അവഗണനയോടെ പെരുമാറുന്നതായിരിക്കും ഭേദം; ശ്രദ്ധയും സ്നേഹവുമൊക്കെ കൊടുത്താൽ അവരുടെ യാതന കൂടുകയേയുള്ളു.

നിങ്ങൾക്കെന്നോടുള്ള പെരുമാറ്റം എങ്ങനെയായിരുന്നാലും എന്റെ സങ്കടങ്ങൾ എന്റെ മനസ്സിൽ പോലും വന്നിരുന്നില്ല. ഞാൻ പ്രസവിക്കാൻ കിടക്കുമ്പോൾ മരണം വന്ന് എന്റെ തലയ്ക്കൽ നിന്നിരുന്നു; എനിക്കൊരു പേടിയും തോന്നിയില്ല. മരണത്തെ പേടിക്കാനും മാത്രം ഞങ്ങൾക്കൊരു ജീവിതമുണ്ടായിരുന്നോ? സ്നേഹവും കരുതലും കൊണ്ട് ജീവിതബന്ധങ്ങൾ മുറുക്കിക്കെട്ടിയവർക്കേ മരണത്തിനു മുന്നിൽ ചൂളിപ്പിടിച്ചുനില്ക്കേണ്ടിവരുന്നുള്ളു. ആ ദിവസം യമദേവൻ എന്റെ ഹൃദയത്തിൽ പിടിച്ചുവലിച്ചിരുന്നെങ്കിൽ ഇളകിയ മണ്ണിൽ നിന്നൊരു പിടി പുല്ലു പോലെ വേരോടെ ഞാൻ ഞാൻ പറിഞ്ഞുപോകുമായിരുന്നു. ഞങ്ങൾക്ക് മരിക്കാൻ നാണക്കേടാണ്‌- മരണം അത്ര അനായാസമാണ്‌ ഞങ്ങൾക്ക്.

എന്റെ മകൾ ഒരു സാന്ധ്യനക്ഷത്രം പോലെ ഒരു നിമിഷത്തേക്ക് ഒന്നു മിന്നിനിന്നിട്ട് പിന്നെ അസ്തമിച്ചുകളഞ്ഞു. ഞാൻ വീട്ടുജോലികളിലേക്കും എന്റെ പശുക്കളിലേക്കും തിരിച്ചുപോയി. ഞാൻ നിത്യവും ചെയ്യുന്ന ചടങ്ങുകളിലൂടെ എന്റെ ജീവിതം പതിയെപ്പതിയെ അവസാനിക്കുമായിരുന്നു. എങ്കിൽ എനിക്കിന്ന് ഈ കത്തെഴുതേണ്ടിയും വരുമായിരുന്നില്ല. പക്ഷേ കാറ്റത്തൊരു വിത്തു പാറിവരുന്നു, വീടിന്റെ മട്ടുപ്പാവിൽ വീണടിയുന്നു, അവിടെ ഒരാൽമരത്തിന്റെ തൈ വേരുപിടിക്കുന്നു. ഒടുവിൽ തൈ വളർന്നുവളർന്ന് വീടിന്റെ ഇഷ്ടികക്കെട്ടിനെ തകർക്കുകയും ചെയ്യുന്നു. എന്റെ ജീവിതത്തിന്റെ സുദൃഢമായ ഘടനയിൽ എവിടുന്നെന്നറിയാതെ ജീവന്റെ ഒരു തീപ്പൊരി വന്നുവീണു- പിന്നെ വിള്ളലുകൾ കണ്ടുതുടങ്ങി.

ദീദിയുടെ അനിയത്തി ബിന്ദു വിധവയായ അമ്മയുടെ മരണശേഷം ബന്ധുക്കളുടെ മോശം പെരുമാറ്റം സഹിക്കാൻ കഴിയാതെ അങ്ങയുടെ വീട്ടിൽ അഭയം തേടിവന്നു. അന്ന് നിങ്ങളുടെയെല്ലാം മനസ്സിൽ ഇതായിരുന്നു: ഈ ശല്യമെന്തിന്‌ നമ്മുടെ പടിക്കൽ വന്നു? എന്നാൽ എന്റെ ശപിക്കപ്പെട്ട പ്രകൃതം കാരണം എന്റെ ചിന്ത തിരിച്ചായിരുന്നു. നിങ്ങൾക്കെല്ലാം അവളോടു കോപമായിരുന്നപ്പോൾ എന്റെ ഹൃദയം അവളുടെ കൂടെയായിരുന്നു. മറ്റൊരു വീട്ടിൽ ക്ഷണിക്കാതെ ചെന്ന് അഭയം തേടുക- അതെന്തുമാത്രം അപമാനമാണെന്ന് അങ്ങയ്ക്കറിയാമോ? അങ്ങനെയൊരവസ്ഥ സ്വീകരിക്കേണ്ടിവന്ന ഒരാളെ നമുക്കു തള്ളിപ്പുറത്താക്കാമോ?

മൂത്ത നാത്തുന്റെ അവസ്ഥ അപ്പോഴാണ്‌ ഞാൻ കണ്ടത്. അങ്ങേയറ്റത്തെ ഹൃദയാലുത്വം കൊണ്ടാണ്‌ ദീദി തന്റെ അനിയത്തിയെ വീട്ടിൽ പാർപ്പിച്ചത്. എന്നാൽ തന്റെ ഭർത്താവിന്റെ നീരസം മനസ്സിലായ ഉടനേ തനിക്കും ബിന്ദു വല്ലാത്തൊരു ഭാരമാണെന്നും അവളെ പുറത്താക്കിയാൽ തനിക്കും വലിയ ആശ്വാസമായിരിക്കുമെന്നും അവർ നടിക്കാൻ തുടങ്ങി. തന്റെ അനാഥയായ സഹോദരിയോട് സ്നേഹം തുറന്നു പ്രകടിപ്പിക്കാൻ അവർക്കു പേടിയായിരുന്നു. ഭർത്താവിന്റെ അടിമയായിരുന്നു അവർ.

അവർ ഉള്ളിൽ എന്തുമാത്രം സംഘർഷം അനുഭവിക്കുന്നുണ്ടാവും എന്നോർത്ത് ഞാൻ ഉത്കണ്ഠപ്പെട്ടു. ബിന്ദുവിന്‌ എത്ര മോശം ആഹാരവും വസ്ത്രവുമാണ്‌ താൻ കൊടുക്കുന്നതെന്ന് മറ്റുള്ളവർ കാണണമെന്ന് അവർക്കുണ്ടായിരുന്നു. വെറുമൊരു വീട്ടുവേലക്കാരിയെപ്പോലെ അവളെക്കൊണ്ടു ജോലി ചെയ്യിക്കുന്നതു കണ്ടപ്പോൾ എനിക്കു സങ്കടം മാത്രമല്ല, വല്ലാത്ത നാണക്കേടും തോന്നി. ജോലി ചെയ്യാൻ കാശുചെലവില്ലാതെ ഒരാളെക്കിട്ടിയെന്ന് വീട്ടുകാരെ മുഴുവൻ ബോധിപ്പിക്കാനുള്ള വ്യഗ്രതയായിരുന്നു ദീദിക്ക്.

ദീദിയുടെ അച്ഛന്റെ കുടുംബത്തിന്‌ തറവാട്ടുപാരമ്പര്യമല്ലാതെ കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല: പണമില്ല, മകൾക്കു സൗന്ദര്യവുമില്ല. അവർ അങ്ങയുടെ അച്ഛന്റെ കാല്ക്കൽ വീഴുകതന്നെയായിരുന്നു, ദീദിയെ അങ്ങയുടെ കുടുംബത്തിലേക്കെടുക്കാൻ യാചിക്കുകയായിരുന്നു- അതെല്ലാം അങ്ങയ്ക്കറിവുള്ളതാണല്ലോ. തന്റെ വിവാഹം അങ്ങയുടെ കുടുംബത്തിന്‌ എത്ര വലിയൊരു അപമാനമാണെന്ന് ദീദിക്കു തന്നെ അറിയാം. അതുകൊണ്ടാണ്‌ കഴിയുന്നത്ര ഉൾവലിയാൻ, ഒന്നിലും കയറി ഇടപെടാതിരിക്കാൻ അവർ നോക്കുന്നത്; ഈ വീട്ടിൽ വളരെക്കുറച്ചിടമേ അവർക്കു വേണ്ടൂ.

പക്ഷേ അവരുടെ അനുകരണീയമായ മാതൃക എനിക്കു വലിയ ബുദ്ധിമുട്ടുണ്ടാക്കി. അവർ ചെയ്തതുപോലെ സ്വയം ചെറുതാകാൻ എനിക്കു കഴിഞ്ഞില്ല. നല്ലതെന്തെങ്കിലും കണ്ടാൽ അതു നല്ലതാണെന്നു ഞാൻ പറയും: അതാണെന്റെ പ്രകൃതം. ആരെയെങ്കിലും പ്രീതിപ്പെടുത്താൻ മറിച്ചുപറയുന്നത് എന്റെ ശീലമല്ല. അതങ്ങയ്ക്കു തന്നെ നന്നായിട്ടറിയാവുന്നതാണല്ലോ.

ബിന്ദുവിനെ ഞാൻ എന്റെ മുറിയിൽ താമസിപ്പിച്ചു. ബിന്ദു ഒരു പാവം പെണ്ണാണെന്നും ഞാൻ അവളെ ഓരോന്നു പറഞ്ഞ് തിരിപ്പിക്കാൻ നോക്കുകയാണെന്നും ദീദി പറഞ്ഞുനടന്നു. എന്റെ പ്രവൃത്തികൾ കുടുംബത്തെയാകെ അപകടത്തിൽ കൊണ്ടു ചാടിക്കുമെന്നായിരുന്നു അവരുടെ പരാതി. എന്നാൽ ഉള്ളിന്റെയുള്ളിൽ അവർക്കെന്തുമാത്രം ആശ്വാസം തോന്നുന്നുണ്ടാവുമെന്ന് എനിക്കു നന്നായിട്ടറിയാമായിരുന്നു. ഇപ്പോൾ ഉത്തരവാദിത്വം എന്റേതായല്ലോ. തനിക്ക് തന്റെ അനിയത്തിയോടു കാണിക്കാൻ പറ്റാത്ത സ്നേഹം ഞാൻ കാണിക്കുന്നതു കാണുമ്പോൾ അവരുടെ ഹൃദയഭാരം കുറയുകയായിരുന്നു.

ബിന്ദുവിന്റെ പ്രായം ദീദി എപ്പോഴും രണ്ടോ മൂന്നോ കൊല്ലം കുറച്ചേ പറയാറുള്ളു; എന്നാലും അവൾക്ക് പതിന്നാലെങ്കിലും ആയിക്കാണും എന്നു പറയുന്നതിൽ തെറ്റില്ലെന്നു തോന്നുന്നു. അവളെ കാണാൻ ഒരു ഭംഗിയുമില്ലെന്ന് അങ്ങയ്ക്കറിയാമല്ലോ. അവൾ തറയിൽ വീണ്‌ നെറ്റി പൊട്ടിച്ചാൽ ആളുകൾ ആദ്യം തറയ്ക്കെന്തെങ്കിലും പറ്റിയോ എന്നായിരിക്കും നോക്കുക. അച്ഛനും അമ്മയും മരിച്ചതിനാൽ അവളുടെ വിവാഹത്തിന്റെ കാര്യം നോക്കാൻ ആരുമുണ്ടായിരുന്നില്ല. പിന്നെ, ഇത്രയും അനാകർഷകയായ ഒരു പെണ്ണിന്റെ വിവാഹം നടത്തിക്കൊടുക്കാനും മാത്രം സ്വഭാവഗുണമുള്ള ആരാണുള്ളത്?

വലിയ പേടിയോടെയാണ്‌ ബിന്ദു എന്റെ മുറിയിലേക്കു വന്നത്. എന്നെ തൊടുന്നത് എനിക്കനിഷ്ടമാകുമോ എന്ന് അവൾ പേടിച്ചു. ഈ വലിയ ലോകത്തു വന്നുജനിക്കാൻ തനിക്ക് ഒരവകാശവുമില്ല എന്ന മട്ടായിരുന്നു അവൾക്ക്. അതിനാൽ അവൾ ആരുടെയും മുഖത്തു നോക്കിയിരുന്നില്ല; തല താഴ്ത്തിപ്പിടിച്ചാണ്‌ അവൾ കടന്നുപോയിരുന്നത്. ആവശ്യമില്ലാത്ത സാധനങ്ങൾ കൊണ്ടുതള്ളുന്ന ഒരു മൂലയാണ്‌ അച്ഛന്റെ വീട്ടിൽ അവൾക്കു താമസിക്കാൻ കിട്ടിയത്. വേണ്ടാത്ത വസ്തുക്കൾ എവിടെയെങ്കിലുമൊക്കെ കൂടിക്കിടക്കും; ആളുകൾക്ക് അതോർമ്മതന്നെയുണ്ടാവില്ല. എന്നാൽ ഉപേക്ഷിക്കപ്പെട്ട ഒരു മനുഷ്യജീവിയെ ആർക്കും വേണ്ടെന്നു മാത്രമല്ല, അവൾ അവിടെ ഉള്ള കാലത്തോളം അവളെ ഓർമ്മയിൽ നിന്നു കളയാനും പറ്റില്ല. തൊഴുത്തിൽ പോലും അവൾക്കൊരിടം കിട്ടില്ല.

അതിനാൽ ബിന്ദുവിനെ ഞാൻ എന്റെ മുറിയിലേക്കു ക്ഷണിച്ചപ്പോൾ അവൾ പേടികൊണ്ടു വിറയ്ക്കാൻ തുടങ്ങി. അവളുടെ പേടി കണ്ടപ്പോൾ എനിക്കു വല്ലാത്ത വിഷമം തോന്നി. എന്റെ മുറിയിൽ അവൾക്കും അല്പമൊരിടം ഉണ്ടാവുമെന്ന് ഞാൻ അവളെ സാവധാനം പറഞ്ഞു മനസ്സിലാക്കി.

എന്നാൽ എന്റെ മുറി എന്റേതു മാത്രമായിരുന്നില്ല. അതിനാൽ എന്റെ ദൗത്യം അത്ര എളുപ്പവുമായിരുന്നില്ല. അവൾ എന്റെ കൂടെ താമസമാക്കി നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ അവളുടെ ദേഹത്ത് ചുവന്ന നിറത്തിൽ ചില തിണർപ്പുകൾ കണ്ടുതുടങ്ങി. അത് വിയർപ്പുകുരുവോ അങ്ങനെയെന്തെങ്കിലുമോ ആയിരിക്കാം; എന്നാൽ അത് വസൂരിയാണെന്ന് നിങ്ങളെല്ലാവരും കൂടി നിശ്ചയിച്ചു; കാരണം, ബിന്ദുവിനാണല്ലോ അതു വന്നിരിക്കുന്നത്. ഒരു നാട്ടുവൈദ്യൻ വന്ന് അവളെ പരിശോധിച്ചിട്ട് നാലഞ്ചു ദിവസം കഴിഞ്ഞാലേ എന്തെങ്കിലും പറയാൻ പറ്റുള്ളു എന്നു വിധിച്ചു. എന്നാൽ അത്രയും ദിവസം കാത്തിരിക്കാൻ ആർക്കാണു ക്ഷമ? തന്റെ രോഗത്തെ ഓർത്തുള്ള നാണക്കേടു കൊണ്ടുതന്നെ ബിന്ദു അർദ്ധപ്രാണയായിരുന്നു. അതിനി വസൂരി ആയാലും ഞാൻ കണക്കാക്കുന്നില്ല, ഞാൻ പറഞ്ഞു. അവളുടെയൊപ്പം ഞാനിരുന്നോളാം, വേറേയാരും ഒന്നും ചെയ്യേണ്ടിവരില്ല. ഇതു കേട്ടയുടനേ നിങ്ങളെല്ലാവരും എത്ര ദേഷ്യത്തോടെയാണ്‌ എന്നെ നോക്കിയത്! നിങ്ങളെന്നെ ദേഹോപദ്രവം ചെയ്യുമെന്നുപോലും ഞാൻ ഭയന്നു. ദീദി വല്ലാത്ത അറപ്പു കാണിച്ചുകൊണ്ട് (അത് എല്ലാവരെയും കാണിക്കാൻ വേണ്ടിയായിരുന്നു) ബിന്ദുവിനെ ആശുപത്രിയിലേക്കയക്കാമെന്നു നിർദ്ദേശിച്ചു. എന്നാൽ അതിന്റെ ആവശ്യം വേണ്ടിവന്നില്ല. ബിന്ദുവിന്റെ ദേഹത്തെ തിണർപ്പുകൾ പെട്ടെന്ന് പൂർണ്ണമായി മാറി. അതുപക്ഷേ, എല്ലാവർക്കും കൂടുതൽ ഉത്കണ്ഠയാണുണ്ടാക്കിയത്. വസൂരി തന്നെയാണ്‌, അതിപ്പോൾ ഉള്ളിലേക്കിറങ്ങിയതാണെന്നായി നിങ്ങൾ. എന്തായാലും ബിന്ദുവിനാണല്ലോ അത് വന്നിരിക്കുന്നത്!

അവഗണിക്കപ്പെട്ടും സ്നേഹം കിട്ടാതെയും വളരുന്നതുകൊണ്ട് ഒരു ഗുണമുണ്ട്: ശരീരത്തിനു പ്രായമേശുന്നില്ല, അത് ചിരഞ്ജീവിയാവുകയാണ്‌. രോഗം വന്നാലും തങ്ങുന്നില്ല; മരണത്തിലേക്കുള്ള രാജപാതകൾ അടഞ്ഞുപോവുകയാണ്‌. രോഗം അവളെ നോക്കി ഒന്നു കൊഞ്ഞനം കാണിച്ചിട്ട് മടങ്ങിപ്പോവുകയായിരുന്നു. പക്ഷേ ഒരു കാര്യം എനിക്കു വ്യക്തമായി: ലോകത്തെ ഏറ്റവും നികൃഷ്ടരായവരെ സഹായിക്കാൻ നോക്കുക ഏറ്റവും ദുഷ്കരമായ കാര്യമാണ്‌. കൂടുതൽ സഹായം വേണ്ടവർക്ക് അതു കിട്ടാനുള്ള തടസ്സങ്ങളും അത്ര കൂടുതലായിരിക്കും.

ബിന്ദുവിന്‌ എന്നോടുള്ള പേടി കുറഞ്ഞുവന്നതോടെ മറ്റൊരു പ്രശ്നം ഉടലെടുത്തു. എനിക്കു പേടി തോന്നുന്നത്ര അളവിൽ അവൾ എന്നെ ഇഷ്ടപ്പെടാൻ തുടങ്ങി. സ്നേഹത്തിന്റെ ഇത്രയും മൂർത്തമായ ഒരു രൂപം എന്റെ ജീവിതത്തിൽ ഞാൻ ഇന്നുവരെ കണ്ടിട്ടില്ല. ശരിയാണ്‌, ഉത്കടമായ സ്നേഹത്തെക്കുറിച്ച് പുസ്തകങ്ങളിൽ ഞാൻ വായിച്ചിട്ടുണ്ട്; അതുപക്ഷേ, ആണും പെണ്ണും തമ്മിലുള്ളതായിരുന്നു. എനിക്കു സൗന്ദര്യമുണ്ടെന്നോർക്കാനുള്ള അവസരം കുറേ വർഷങ്ങളായി എനിക്കുണ്ടായിട്ടില്ല; ആ വിസ്മൃതസൗന്ദര്യമാണ്‌ ഇപ്പോൾ അനാകർഷകയായ ഈ പെൺകുട്ടിയുടെ ആരാധനയ്ക്കു പാത്രമായിരിക്കുന്നത്. അവൾ എന്നെ ഇങ്ങനെ ഉറ്റുനോക്കി ഇരിക്കും; എന്നിട്ടു പരയും, “ദീദീ, ദീദിയുടെ ഈ മുഖം ഞാനല്ലാതെ ആരും കണ്ടിട്ടില്ല.” ഞാൻ സ്വയം മുടി പിന്നിയാൽ അവളുടെ മുഖം വാടും. എന്റെ മുടിയിൽ തൊടാനും പലരീതിയിൽ പിന്നിയിടാനും അവൾക്കു വലിയ ഇഷ്ടമായിരുന്നു. വല്ലപ്പോഴും പുറത്തുപോകാനല്ലാതെ എനിക്ക് ഉടുത്തൊരുങ്ങേണ്ട ആവശ്യം വരാറില്ല. എന്നാൽ ബിന്ദു എന്നും എന്നെ ഓരോരോ വേഷം ധരിപ്പിക്കും, ആഭരണങ്ങൾ മാറ്റിമാറ്റിയിടും. അവൾ എന്റെ ആകർഷണവലയത്തിൽ പെട്ടപോലെയായിരുന്നു.

വീട്ടുമുറ്റത്ത് ഒരിഞ്ചു സ്ഥലം പോലും ഒഴിഞ്ഞുകിടപ്പില്ലെന്ന് അങ്ങയ്ക്കറിയാമല്ലോ. എന്നാലും വലതുഭാഗത്തെ ചുമരിനോടു ചേർന്ന്, ഓവുചാലിനടുത്തായി, ഒരു മാംഗോസ്റ്റീൻ മരം എങ്ങനെയോ വേരു പിടിച്ചിരുന്നു. അതിൽ തളിരിലകൾ ചുവന്നുതുടുത്തുനില്ക്കുന്നതു കണ്ടാൽ എനിക്കറിയാം, വസന്തകാലമായിരിക്കുന്നുവെന്ന്. സ്നേഹമറിയാത്ത ആ പെൺകുട്ടിയുടെ മുഖം തുടുത്തുകണ്ട ദിവസം എനിക്കു മനസ്സിലായി, അവളുടെ ഹൃദയത്തെയും വസന്തത്തിന്റെ ഇളംതെന്നൽ തഴുകിപ്പോയിരിക്കുന്നുവെന്ന്. അതുപക്ഷേ, ഒരു വിദൂരസ്വർഗ്ഗത്തു നിന്നു വീശിവന്നതായിരുന്നു, ഏതെങ്കിലും ഇടത്തെരുവിന്റെ മൂലയിൽ നിന്നല്ല.

ബിന്ദുവിന്റെ സ്നേഹത്തിന്റെ തീക്ഷ്ണത ചിലപ്പോഴൊക്കെ എനിക്കസഹ്യമായിത്തോന്നിയിരുന്നു. ഇടയ്ക്കൊക്കെ ഞാനവളോടു തട്ടിക്കയറിയിരുന്നുവെന്നും സമ്മതിക്കുന്നു. എന്നാൽ അവളുടെ സ്നേഹത്തിലൂടെ ഞാൻ ഇതുവരെ കാണാത്ത എന്റെ മറ്റൊരു വശം ഞാൻ കാണാൻ തുടങ്ങി; അതെന്റെ യഥാർത്ഥസത്തയായിരുന്നു, സ്വതന്ത്രസത്തയായിരുന്നു.

ഇതേ സമയം, ബിന്ദുവിനെപ്പോലുള്ള ഒരു പെൺകുട്ടിയോട് ഞാൻ കാണിക്കുന്ന കരുതലും സ്നേഹവും ഔചിത്യത്തിന്റെ അതിരുകൾ കടക്കുന്നതായി നിങ്ങൾക്കെല്ലാവർക്കും തോന്നലുണ്ടായി. അതിന്റെ പേരിലുള്ള ശാസനകൾക്കും വഴക്കുകൾക്കും ഒട്ടും കുറവുണ്ടായില്ല. ഒരിക്കൽ എന്റെയൊരു കൈവള കാണാതായപ്പോൾ അതിൽ ബിന്ദുവിനെ സംശയിക്കാൻ അങ്ങയ്ക്ക് ഒരു ലജ്ജയും തോന്നിയില്ല. സ്വദേശിപ്രസ്ഥാനത്തിന്റെ കാലത്ത് പോലീസുകാർ വീടുകൾ കയറിയിറങ്ങി പരിശോധിക്കുമ്പോൾ ബിന്ദു അവർക്കു വേണ്ടി ചാരപ്പണി നടത്തുകയാണെന്ന് എത്ര പെട്ടെന്നാണ്‌ അങ്ങ് നിഗമനത്തിലെത്തിയത്! അതിന്‌ മറ്റൊരു തെളിവും വേണ്ട: അവൾ ബിന്ദുവാണല്ലോ.

അവൾക്കു വേണ്ടി എത്ര ചെറിയ ഒരു കാര്യം ചെയ്യുന്നതിനു പോലും അങ്ങയുടെ വീട്ടിലെ വേലക്കാരികൾക്ക് വൈമനസ്യമായിരുന്നു. അതിനാൽ ബിന്ദുവിനു വേണ്ടി ഞാൻ തന്നെ ശമ്പളം കൊടുത്ത് ഒരു വേലക്കാരിയെ ഏർപ്പാടാക്കി. നിങ്ങൾക്കാർക്കും അതിഷ്ടമായില്ല. അവൾക്കു ഞാൻ എടുത്തുകൊടുക്കുന്ന തുണികൾ കണ്ടപ്പോൾ അങ്ങയ്ക്കു ദേഷ്യമായി; എനിക്കു ചെലവിനു തരാറുള്ള തുക പോലും അങ്ങു വെട്ടിക്കുറച്ചു. പിറ്റേന്നു മുതൽ ഞാൻ വില കുറഞ്ഞ പരുക്കൻ കോട്ടൺ സാരി ഉടുക്കാൻ തുടങ്ങി. ഉച്ചഭക്ഷണം കഴിഞ്ഞ് വേലക്കാരി പ്ലേറ്റെടുക്കാൻ വന്നപ്പോൾ ഞാൻ വേണ്ടെന്നു പറഞ്ഞു. മിച്ചം വന്ന ചോറ്‌ പശുക്കുട്ടിക്കു കൊടുത്തിട്ട് മുറ്റത്തെ ടാപ്പിൽ നിന്നു വെള്ളമെടുത്ത് ഞാൻ തന്നെ പ്ലേറ്റു കഴുകിവച്ചു. ആ കാഴ്ച അങ്ങയ്ക്കു ഹിതകരമായിരുന്നില്ല. കാര്യങ്ങൾ നടന്നുപോകുന്നതിന്‌ എന്റെ സന്തോഷം പ്രശ്നമല്ല, എന്നാൽ നിങ്ങളുടെയൊക്കെ സന്തോഷം ഉണ്ടായാലേ അതൊക്കെ നടക്കൂ എന്ന പാഠം പഠിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല.

വീട്ടുകാരുടെ ദേഷ്യം കൂടിവരുന്ന തോതിൽ ബിന്ദുവിന്റെ പ്രായവും കൂടിവരികയായിരുന്നു. വളരെ സ്വാഭാവികമായ ആ വളർച്ച നിങ്ങളെയെല്ലാം വളരെ അസ്വാഭാവികമായ അളവിൽ ഇളക്കിമറിച്ചു. ഒരു കാര്യം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി: എന്തുകൊണ്ട് നിങ്ങൾ അവളെ വീട്ടിൽ നിന്നിറക്കിവിട്ടില്ല? അതിന്റെ കാര്യം ഇപ്പോഴെനിക്കു മനസ്സിലാകുന്നുണ്ട്: ഉള്ളിന്റെയുള്ളിൽ നിങ്ങൾക്കെല്ലാം എന്നെ പേടിയായിരുന്നു. ദൈവം എനിക്കു നല്കിയ ബുദ്ധിയോട് ഉള്ളിന്റെയുള്ളിൽ നിങ്ങൾക്കെല്ലാം ബഹുമാനമായിരുന്നു.

അവളെ ഇറക്കിവിടാൻ തങ്ങൾക്കു കഴിവില്ലെന്നു വന്നപ്പോൾ അവർ മറ്റൊരു പരിഹാരം കണ്ടെത്തി- ബിന്ദുവിനെ വിവാഹം ചെയ്തയക്കുക. അങ്ങനെ അവൾക്കു വേണ്ടി ഒരു വരനേയും കണ്ടെത്തി. ദീദി പറഞ്ഞു, “സമാധാനമായി! കാളീ മാ വീടിന്റെ മാനം കാത്തു!”

വരൻ എങ്ങനെയുള്ളയാളാണെന്ന് എനിക്കറിയില്ലായിരുന്നു. എല്ലാം കൊണ്ടും അവൾക്കു ചേരുമെന്ന് എല്ലാവരും പറഞ്ഞു. ബിന്ദു എന്റെ കാല്ക്കൽ വന്നിരുന്നു കരഞ്ഞു, “ദീദീ, എന്തിനാണെന്നെ കല്യാണം കഴിപ്പിക്കുന്നത്?”

ഞാൻ അവളെ പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു. “ബിന്ദൂ, എന്തിനാ പേടിക്കുന്നത്? നിന്നെ കെട്ടാൻ പോകുന്നയാൾ നല്ലയാളാണെന്നാണ്‌ ഞാൻ കേട്ടത്.”

ബിന്ദു പറഞ്ഞു, “പക്ഷേ അയാൾ നല്ലയാളാണെങ്കിൽ എന്നെ ഇഷ്ടപ്പെടാൻ എനിക്കെന്താണുള്ളത്?”

വരന്റെ ആളുകൾക്ക് ബിന്ദുവിനെ കാണണമെന്നുതന്നെ ഉണ്ടായിരുന്നില്ല. ദീദിയ്ക്ക് അതു വലിയ ആശ്വാസമായി.

എന്നാൽ ബിന്ദു രാത്രിയും പകലും കരച്ചിൽ തന്നെയായിരുന്നു. അവൾ എന്തുമാത്രം വിഷമം അനുഭവിക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. വീട്ടിൽ അവൾക്കു വേണ്ടി കുറേ യുദ്ധങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അവളുടെ വിവാഹം നടത്തരുതെന്നു പറയാനുള്ള ധൈര്യം എനിക്കുണ്ടായില്ല. അതു പറയാൻ എന്തവകാശമാണ്‌ എനിക്കുള്ളത്? ഞാൻ മരിച്ചുപോയാൽ അവളുടെ കാര്യം എന്തായിരിക്കും?

ഒന്നാമതേ, അവളൊരു പെണ്ണാണ്‌, അതിന്റെ കൂടെ തൊലി കറുത്തവളും. എങ്ങനെയുള്ള വീട്ടിലേക്കാണ്‌ അവൾ പോകുന്നത്, അവിടെ അവളുടെ അവസ്ഥ എന്തായിരിക്കും – അക്കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാതിരിക്കുന്നതാവും ഭേദം. അങ്ങനെയുള്ള ചിന്തകളിലേക്കു മനസ്സു തിരിയുമ്പോൾ എന്റെ ഹൃദയം പിടയ്ക്കാൻ തുടങ്ങും.

ബിന്ദു പറഞ്ഞു, “ദീദീ, കല്യാണത്തിനിനി അഞ്ചു ദിവസമേയുള്ളു. അതിനുള്ളിൽ ഞാൻ മരിക്കില്ലേ?”

ഞാൻ അവളെ നല്ലവണ്ണം ശാസിച്ചു. എന്നാൽ ഏതെങ്കിലും വിധത്തിൽ അവൾക്കു മരണം സംഭവിച്ചാൽ എന്റെ മനസ്സിനു സമാധാനമായിരിക്കുമെന്ന് ദൈവത്തിനറിയാം.

വിവാഹത്തിന്റന്നു കാലത്ത് ബിന്ദു അവളുടെ ചേച്ചിയോടു ചെന്നപേക്ഷിച്ചു, “ചേച്ചീ, ഞാൻ ഇവിടുത്തെ തൊഴുത്തിൽ കിടന്നോളാം, പറയുന്നതെന്തും ചെയ്തോളാം, എന്നെ ഇങ്ങനെ ഒഴിവാക്കരുതേ.”

ദീദി കണ്ണു തുടയ്ക്കുന്നത് ഈയടുത്തകാലത്തു പലപ്പോഴും ഞാൻ കാണാറുണ്ട്. ഇപ്പോഴും അവരുടെ കണ്ണു നിറഞ്ഞൊഴുകി. എന്നാൽ ഹൃദയം മാത്രം കൊണ്ടായില്ലല്ലോ; ശാസ്ത്രം നോക്കേണ്ടേ. അവർ പറഞ്ഞു, “ബിന്ദൂ, എനിക്കറിയാം മോളേ, ഒരു പെണ്ണിന്‌ ഭർത്താവാണ്‌ അവളുടെ വിധി, അവളുടെ സ്വാതന്ത്ര്യം, അവളുടെ എല്ലാം. ദുഃഖമാണ്‌ നിന്റെ തലയിലെഴുത്തെങ്കിൽ അതാർക്കും മായ്ക്കാനും പറ്റില്ല.”

സന്ദേശം വ്യക്തമായിരുന്നു: മറ്റൊരു വഴി ഇല്ല. ബിന്ദുവിന്‌ വിവാഹം കഴിക്കാതെ പറ്റില്ല. പിന്നെ നടക്കാനുള്ളത് നടക്കാനുള്ളപോലെ നടക്കും.

വിവാഹം നമ്മുടെ വീട്ടിൽ വച്ചു നടത്തണമെന്ന് എനിക്കുണ്ടായിരുന്നു. എന്നാൽ വരന്റെ വീട്ടിൽ വച്ചു മതിയെന്ന് നിങ്ങളെല്ലാവരും നിർബ്ബന്ധം പിടിച്ചു; ആ കുടുംബത്തിൽ അങ്ങനെയാണത്രെ.

എനിക്കു പക്ഷേ, കാര്യം മനസ്സിലായി. ബിന്ദുവിന്റെ വിവാഹത്തിനു വേണ്ടി പണം ചിലവാകുന്നത് നിങ്ങളുടെ കുടുംബദൈവങ്ങൾക്കു സഹിക്കില്ല. അതിനാൽ എനിക്കു മിണ്ടാതിരിക്കേണ്ടിവന്നു. എന്നാൽ നിങ്ങളാർക്കും അറിയാത്ത ഒരു കാര്യമുണ്ട്. എനിക്കു ദീദിയോടു പറയണമെന്നുണ്ടായിരുന്നു; പക്ഷേ അവർ പേടിച്ചു മരിച്ചുപോകും. ഞാൻ എന്റെ ആഭരണങ്ങളിൽ കുറച്ചെടുത്ത് ബിന്ദുവിനെ അണിയിച്ചു. ദീദി അതു തീർച്ചയായും കണ്ടിട്ടുണ്ടായിരിക്കണം; കണ്ടിട്ടും കണ്ട മട്ടു നടിക്കാത്തതായിരിക്കും. ദയവു ചെയ്ത് അതിനവരെ കുറ്റപ്പെടുത്തരുതേ.

ഇറങ്ങാൻ സമയത്ത് ബിന്ദു എന്നെ കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു, “ദീദീ, എല്ലാവരും കൂടി എന്നെ വേണ്ടെന്നു വയ്ക്കുകയാണല്ലേ?”

ഞാൻ പറഞ്ഞു, “ഇല്ല ബിന്ദൂ, നിനക്കെന്തു സംഭവിച്ചാലും ഞാൻ നിന്റെ കൂടെ ഉണ്ടായിരിക്കും.”

മൂന്നു ദിവസം കഴിഞ്ഞു. ഏതോ കുടിയാൻ വീട്ടിലേക്ക് ഒരാടിനെ തന്നിരുന്നു; ഞാനതിനെ നിങ്ങളുടെ ജഠരാഗ്നിയിൽ നിന്നു രക്ഷിച്ച് വീടിന്റെ താഴത്തെ നിലയിൽ കരി സൂക്ഷിക്കുന്ന ചായ്പിന്റെ മൂലയ്ക്കു കെട്ടിയിട്ടു വളർത്തുകയായിരുന്നു.കാലത്തുണർന്നാൽ ഞാൻ ആദ്യം ചെയ്യുക അതിനെന്തെങ്കിലും തീറ്റ കൊടുക്കുക എന്നതാണ്‌. ആദ്യം ഞാൻ വീട്ടിലെ വേലക്കാരെയാണ്‌ അതിനാശ്രയിച്ചിരുന്നത്; എന്നാൽ അതിനു തീറ്റ കൊടുക്കുന്നതിനേക്കാൾ അതിനെ തീറ്റയാക്കുന്നതിലാണ്‌ അവർക്കു കൂടുതൽ താല്പര്യമെന്ന് ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോൾ എനിക്കു മനസ്സിലായി. അന്നു കാലത്ത് ചായ്പിൽ ചെന്നപ്പോൾ ഞാൻ കാണുന്നത് ബിന്ദു ഒരു മൂലയ്ക്കു ചടഞ്ഞുകൂടി ഇരിക്കുന്നതാണ്‌. എന്നെ കണ്ടപ്പോൾ അവൾ ഓടിവന്ന് എന്റെ കാല്ക്കൽ വീണു കരയാൻ തുടങ്ങി.

ബിന്ദുവിന്റെ ഭർത്താവിനു ഭ്രാന്താണ്‌.

“സത്യമാണോ, ബിന്ദൂ?”

“ദീദിയോടു ഞാൻ കള്ളം പറയുമോ? അയാൾക്കു ഭ്രാന്താണ്‌. ഭർത്താവിന്റെ അച്ഛന്‌ ഈ വിവാഹത്തിനു സമ്മതമായിരുന്നില്ല; എന്നാൽ അയാൾക്കു ഭാര്യയെ കാലനെപ്പോലെ പേടിയാണ്‌. കല്യാണത്തിനു മുമ്പേ അയാൾ കാശിക്കു പോയി. മകനെ കല്യാണം കഴിപ്പിക്കണമെന്ന് എന്റെ അമ്മായിയമ്മയ്ക്കു നിർബ്ബന്ധമായിരുന്നു.”

ഞാൻ ആ കല്ക്കരിക്കൂനയ്ക്കു മുകളിൽ ഇരുന്നുപോയി. സ്ത്രീയ്ക്ക് സ്ത്രീയോടു കരുണയില്ല. “അവൾ പെണ്ണിൽ കവിഞ്ഞൊന്നുമല്ലല്ലോ? ചെറുക്കനു ഭ്രാന്താണെങ്കിലെന്താ, അവനൊരാണല്ലേ?” അതാണവരുടെ ന്യായം.

ബിന്ദുവിന്റെ ഭർത്താവിനെ കണ്ടാൽ ഭ്രാന്തുണ്ടെന്നു തോന്നില്ല. എന്നാൽ അങ്ങനെയിരിക്കെ അയാൾക്കു ഭ്രാന്തിളകും, അപ്പോൾ അയാളെ മുറിയിൽ പൂട്ടിയിടേണ്ടിവരും. കല്യണത്തിന്റന്നു രാത്രിയിൽ കുഴപ്പമൊന്നും ഉണ്ടായില്ല. എന്നാൽ പിറ്റേന്ന്, തലേന്നത്തെ തിരക്കും ഉറക്കമൊഴിച്ചിലുമൊക്കെക്കാരണമാവാം, അയാളുടെ മനസ്സാകെ ഇളകി. ബിന്ദു ഉച്ചയ്ക്ക് ഊണു കഴിക്കാൻ ഇരിക്കുകയായിരുന്നു; അയാൾ വന്ന് പിത്തളപ്പാത്രവും ചോറുമെല്ലാം കൂടിയെടുത്ത് മുറ്റത്തേക്കെറിഞ്ഞു. ബിന്ദു റാണി രാസമണിയാണെന്നൊരു ചിന്ത എങ്ങനെയോ അയാളുടെ തലയിൽ കടന്നുകൂടിയിരുന്നു; വേലക്കാരി സ്വർണ്ണത്തളിക ഒളിപ്പിച്ചുവച്ചിട്ട് തന്റെ പിത്തളപ്പാത്രത്തിൽ അവൾക്ക് ആഹാരം കൊടുത്തിരിക്കുകയാണ്‌! അതാണ്‌ അയാളുടെ കോപത്തിനു കാരണം! ബിന്ദുവിന്റെ പ്രാണൻ പാതി പോയി. മൂന്നാമത്തെ ദിവസം ഭർത്താവിന്റെ മുറിയിൽ ചെന്നുകിടക്കാൻ അമ്മായിയമ്മ കല്പിച്ചപ്പോൾ നെഞ്ചിനുള്ളിൽ അവളുടെ ഹൃദയം തണുത്തുറഞ്ഞു. ബിന്ദുവിന്റെ അമ്മായിയമ്മ ആളൊരു ഭയങ്കരിയായിരുന്നു; കോപം വന്നാൽ അവരുടെ മട്ടാകെ മാറും. അവർക്കും വട്ടായിരുന്നു; എന്നാൽ മുഴുവട്ടല്ലാത്തതിനാൽ അത്രയ്ക്കത് അപകടകാരിയുമായിരുന്നു. ബിന്ദുവിന്‌ ഭർത്താവിന്റെ മുറിയിലേക്കു പോകേണ്ടിവന്നു. അന്നു രാത്രിയിൽ അയാൾക്ക് വലിയ പ്രശ്നമൊന്നും ഉണ്ടായില്ല. എന്നാൽ പേടി കൊണ്ട് ബിന്ദു കല്ലുപോലെ മരവിച്ചുപോയി. രാത്രി കുറേ ആയി ഭർത്താവ് ഉറങ്ങിക്കഴിഞ്ഞപ്പോൾ അവൾ അവിടെ നിന്നു രക്ഷപ്പെട്ടു. അതിനെക്കുറിച്ചു വിശദീകരിക്കണമെന്നില്ലല്ലോ.

ദേഷ്യവും വെറുപ്പും കൊണ്ട് ഞാൻ നിന്നെരിഞ്ഞു. ഞാൻ പറഞ്ഞു, “ഇങ്ങനെയൊരു ചതി വെച്ചു ചെയ്ത വിവാഹം വിവാഹമേയല്ല. ബിന്ദൂ, നീയിനി മുമ്പത്തെപ്പോലെ എന്റെകൂടെ നിന്നാൽ മതി. ആരാണ്‌ നിന്നെ ഇറക്കിവിടാൻ പോകുന്നതെന്നു കാണട്ടെ.”

നിങ്ങളെല്ലാം ഏകസ്വരത്തിൽ പറഞ്ഞു, “ബിന്ദു കള്ളം പറയുകയാണ്‌.”

ഞാൻ പറഞ്ഞു, “അവൾ ജീവിതത്തിൽ ഇന്നേവരെ കള്ളം പറഞ്ഞിട്ടില്ല.”

നിങ്ങളെല്ലാവരും പറഞ്ഞു, “അതു നിനക്കെങ്ങനെ അറിയാം?”

ഞാൻ പറഞ്ഞു, “അതിലെനിക്ക് ഒരു സംശയവുമില്ല.”

എല്ലാവരും കൂടി എന്നെ പേടിപ്പിക്കാൻ നോക്കി, “ഭർത്താവിന്റെ വീട്ടുകാർ പോലീസിൽ കേസു കൊടുത്താൽ നീ കുഴപ്പത്തിലാകും.”

ഞാൻ പറഞ്ഞു, “ചതിയിലൂടെയല്ലേ അവർ ബിന്ദുവിനെ ഒരു ഭ്രാന്തനെക്കൊണ്ടു കെട്ടിച്ചത്? അത് കോടതി തള്ളിക്കളയുമോ?”

“അപ്പോൾ ഇതിന്റെ പേരിൽ ഞങ്ങളും കോടതി കയറേണ്ടി വരുമോ? ഞങ്ങളെന്തു പിഴച്ചു?” എന്നായി നിങ്ങൾ.

ഞാൻ പറഞ്ഞു, “ഞാൻ എന്റെ സ്വർണ്ണം വിറ്റ് എന്നെക്കൊണ്ടു ചെയ്യാൻ കഴിയുന്നത് ചെയ്യാൻ പോകുന്നു.”

നിങ്ങൾ ചോദിച്ചു, “നീയപ്പോൾ വക്കീലിനെ കാണാൻ പോവുകയാണോ?”

അതിനെനിക്ക് മറുപടി ഇല്ലായിരുന്നു. നെറ്റിയിൽ കൈ കൊണ്ടടിക്കുകയല്ലാതെ മറ്റൊന്നും എനിക്കു ചെയ്യാനില്ല. ഇതിനിടെ ബിന്ദുവിന്റെ ഭർത്താവിന്റെ സഹോദരൻ വന്ന് പുറത്തുനിന്ന് ഒച്ചയുണ്ടാക്കാൻ തുടങ്ങി. താൻ പോലീസിനെ അറിയിക്കാൻ പോവുകയാണെന്ന് അയാൾ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. എനിക്കെവിടെ നിന്നാണു ധൈര്യം കിട്ടിയതെന്നറിയില്ല; എന്തായാലും, പോലീസിനോടുള്ള പേടി കാരണം അവളെ, കശാപ്പുകാരന്റെ കയ്യിൽ നിന്ന് ജീവനും കൊണ്ടോടിപ്പോന്ന ആ പശുക്കുട്ടിയെ, തിരിച്ചുകൊടുക്കുക എന്ന കാര്യം എനിക്കു ദഹിക്കാത്തതായിരുന്നു. “ആയിക്കോട്ടെ, അയാൾ പോയി പോലീസിൽ പരാതി കൊടുക്കട്ടെ,” ഞാൻ ചങ്കൂറ്റത്തോടെ പറഞ്ഞു.

ഇതു പറഞ്ഞിട്ട് ഞാൻ ബിന്ദുവിനെ എന്റെ മുറിയിലാക്കി വാതിലടയ്ക്കാമെന്നു കരുതി അവളെ നോക്കുമ്പോൾ കാണാനില്ലായിരുന്നു. ഞാൻ നിങ്ങളുമായി തർക്കിക്കുമ്പോൾ അവൾ സ്വയം ഭർത്താവിന്റെ സഹോദരന്റെ മുന്നിലേക്കിറങ്ങിച്ചെല്ലുകയായിരുന്നു. ഇനിയും വീട്ടിൽ നില്ക്കുന്നത് എന്നെ വലിയ അപകടത്തിലാക്കുകയാണെന്ന് അവൾ മനസ്സിലാക്കി.

ഭർത്താവിനെ വിട്ടോടിപ്പോന്നത് ബിന്ദുവിന്റെ ദുരിതം കൂട്ടിയതേയുള്ളു. തന്റെ മകൻ അവളെ ദ്രോഹിക്കാൻ വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് അമ്മായിയമ്മ വാദിച്ചു. ഭയങ്കരന്മാരായ ഭർത്താക്കന്മാർ ലോകത്ത് എത്രവേണമെങ്കിലുമുണ്ട്. അവരെ വച്ചു നോക്കുമ്പോൾ തന്റെ മകൻ തനിത്തങ്കമാണ്‌.

ദീദി പറഞ്ഞു, “അവളുടെ തലയിലെഴുത്ത് പിഴച്ചുപോയി; എത്രനാളാണ്‌ അതും പറഞ്ഞ് ഞാൻ സങ്കടപ്പെടുന്നത്? വട്ടനായിക്കോട്ടെ, കെട്ടവനായിക്കോട്ടെ, അയാൾ എന്തായാലും അവളുടെ ഭർത്താവല്ലേ?!”

നിങ്ങളുടെയെല്ലാം മനസ്സുകളിൽ അപ്പോൾ ഉയർന്നുവന്നത് ആ കുഷ്ഠരോഗിയുടേയും അയാളെ സ്വയം ചുമന്ന് വേശ്യാലയത്തിൽ കൊണ്ടാക്കിയ പതിവ്രതയായ (!) ഭാര്യയുടേയും ചിത്രങ്ങളായിരുന്നു. നാണം കെട്ട ആണത്തത്തിന്റെ നികൃഷ്ടമായ ആ കഥ ഇപ്പോഴും പ്രസംഗിച്ചുനടക്കാൻ നിങ്ങൾക്കാർക്കും ഒരു മടിയുമില്ല. അതുകൊണ്ടുതന്നെയാണ്‌ ഒരുളുപ്പുമില്ലാതെ ബിന്ദുവിനു നേരേ തട്ടിക്കേറാൻ നിങ്ങൾക്കു കഴിയുന്നതും. ബിന്ദുവിനെയോർത്ത് എനിക്കു സങ്കടം തോന്നി; എന്നാൽ അങ്ങയെ ഓർത്ത് നാണക്കേടാണ്‌ എനിക്കു തോന്നിയത്. ഞാൻ അങ്ങയുടെ വീട്ടിൽ താമസതിനു വന്ന വെറുമൊരു നാട്ടുമ്പുറത്തുകാരിയാണ്‌. നിങ്ങളുടെ ജാഗ്രതയുടെ ഏതു വിള്ളലിലൂടെയാണ്‌ദൈവം എനിക്കു ബുദ്ധി തന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. സ്ത്രീയുടെ കടമയെക്കുറിച്ചുള്ള നിങ്ങളുടെ വേദാന്തങ്ങൾ എനിക്കു സഹിക്കാൻ പറ്റിയില്ല, അത്രതന്നെ.

മരിക്കേണ്ടിവന്നാലും ബിന്ദു നമ്മുടെ വീട്ടിലേക്കു മടങ്ങിവരില്ലെന്ന് എനിക്കു നല്ല ഉറപ്പായിരുന്നു. എന്നാൽ എന്തുവന്നാലും ഞാൻ അവളെ ഉപേക്ഷിക്കില്ലെന്ന് കല്യാണത്തിന്റെ തലേന്ന് ഞാൻ അവൾക്കു വാക്കു കൊടുത്തിരുന്നു. എന്റെ അനിയൻ ശരത്ത് കല്ക്കട്ടയിൽ കോളേജ് വിദ്യാർത്ഥിയായിരുന്നു. സന്നദ്ധസേവനത്തിന്‌ അവന്‌ എന്തൗത്സുക്യമാണെന്ന് നിങ്ങൾക്കെല്ലാം അറിയാമല്ലോ: ദാമോദർ നദിയിലെ വെള്ളപ്പൊക്കം ബാധിച്ചവരെ സഹായിക്കുക, പ്ലേഗ് പടർന്നുപിടിച്ചപ്പോൾ എലികളെ നശിപ്പിക്കാൻ കൂടുക, എല്ലാറ്റിനും അവനുണ്ടായിരുന്നു. രണ്ടുതവണ പരീക്ഷയിൽ തോറ്റിട്ടും അതൊന്നും അവനു പ്രശ്നമായില്ല. ഞാൻ അവനെ വിളിച്ചുവരുത്തിയിട്ടു പറഞ്ഞു, “ശരത്ത്, എങ്ങനെയെങ്കിലും എനിക്ക് ബിന്ദുവിന്റെ വിവരം കിട്ടണം. കത്തെഴുതാൻ അവൾക്കു ധൈര്യമുണ്ടാവില്ല; ഇനി എഴുതിയാൽത്തന്നെ അതെന്റെ കയ്യിൽ കിട്ടുകയുമില്ല.”

ബിന്ദുവിനെ തട്ടിക്കൊണ്ടുവരാനോ അവളുടെ ഭർത്താവിന്റെ തലമണ്ട അടിച്ചുപൊളിക്കാനോ ആണു പറഞ്ഞതെങ്കിൽ അവനു കൂടുതൽ സന്തോഷമായേനെ!

ഞാൻ ശരത്തുമായി സംസാരിച്ചിരിക്കുമ്പോൾ അങ്ങ് മുറിയിലേക്കു കടന്നുവന്നു ചോദിച്ചു, “ഇനി എന്തു പുകിലിനുള്ള പുറപ്പാടാണ്‌?”

ഞാൻ പറഞ്ഞു, “തുടക്കത്തിൽ ചെയ്തതു തന്നെ: ഞാൻ അങ്ങയുടെ വീട്ടിലേക്കു വന്നു. പക്ഷേ അതു ചെയ്തുവച്ചത് അങ്ങാണ്‌.“

അങ്ങു ചോദിച്ചു, ”നീ ബിന്ദുവിനെ കൊണ്ടുവന്ന് ഇവിടെങ്ങാനും ഒളിപ്പിച്ചിരിക്കയാണോ?“

ഞാൻ പറഞ്ഞു, ”ബിന്ദു വന്നാൽ ഞാൻ തീർച്ചയായും അവളെ ഇവിടെ ഒളിപ്പിച്ചുവയ്ക്കും. പക്ഷേ അവൾ വരില്ല, അതിനാൽ ആർക്കും പേടിക്കാനില്ല.“

എന്റെ കൂടെ ശരത്തിനെ കണ്ടത് അങ്ങയുടെ സംശയങ്ങൾക്കു തിരി കൊളുത്തിയിരുന്നു. ശരത്ത് വരുന്നതും പോകുന്നതും അങ്ങയ്ക്കത്ര സമ്മതമല്ല എന്നെനിക്കറിയാമായിരുന്നു. അവനെ പോലീസ് പിന്തുടരുന്നുണ്ടാവുമെന്നും എന്നെങ്കിലും അവൻ വല്ല രാഷ്ട്രീയഗുലുമാലിലും ചെന്നുപെട്ട് അങ്ങയെക്കൂടി അതിലെല്ലാം വലിച്ചിഴക്കുമെന്ന് അങ്ങയ്ക്കു പേടിയായിരുന്നു. അതിനാൽ ഞാൻ പൊതുവേ അവനെ വീട്ടിലേക്കു വിളിക്കാറില്ല.

ബിന്ദു പിന്നെയും ഇറങ്ങിപ്പോയെന്നും ഭർത്താവിന്റെ സഹോദരൻ പിന്നെയും അവളെ അന്വേഷിച്ചിറങ്ങിയിരിക്കുകയാണെന്നും അങ്ങയിൽ നിന്നു ഞാൻ കേട്ടിരുന്നു. അതു കേട്ടപ്പോൾ ഹൃദയത്തിൽ എന്തോ തറച്ചിറങ്ങുന്നതുപോലെ എനിക്കു തോന്നി. ഭാഗ്യഹീനയായ ആ പെൺകുട്ടിയെ സഹായിക്കാൻ ഒരു വഴിയും ഞാൻ കണ്ടില്ല.

ശരത്ത് അവളുടെ വിവരം അന്വേഷിക്കാൻ ഓടിപ്പോയി. വൈകിട്ട് തിരിച്ചുവന്നിട്ട് അവൻ പറഞ്ഞു, ”ബിന്ദു താൻ മുമ്പു താമസിച്ചിരുന്ന ബന്ധുവിന്റെ വീട്ടിലേക്കു മടങ്ങിപ്പോയിരുന്നു. എന്നാൽ അവർക്ക് അതിഷ്ടമായില്ല; അവർ അവളെ വീണ്ടും ഭർത്താവിന്റെ വീട്ടിൽ കൊണ്ടാക്കി. ബിന്ദു വരുത്തിവച്ച ചെലവും ഉപദ്രവവും കാരണം അവർക്ക് അവളോട് വലിയ ദേഷ്യമായിരിക്കുകയാണ്‌.“

ഇതിനിടയ്ക്ക് അങ്ങയുടെ അമ്മായി കുറച്ചുദിവസം വീട്ടിൽ വന്നു താമസിച്ചിരുന്നല്ലോ; അവർ അതുകഴിഞ്ഞ് പുരിയിലേക്ക് തീത്ഥാടനത്തിനു പോവുകയാണ്‌. ഞാനും അവരുടെ കൂടെ പോവുകയാണെന്ന് എല്ലാവരോടുമായി ഞാൻ പറഞ്ഞു.

ഞാൻ പെട്ടെന്നിങ്ങനെ ഭക്തിയിലേക്കു തിരിഞ്ഞതിന്റെ സന്തോഷം കാരണം അങ്ങ് എതിർത്തെന്തെങ്കിലും പറയാൻ മറന്നുപോയി. ഞാനിപ്പോൾ കല്ക്കട്ടയിൽ നില്ക്കുന്നത് ബിന്ദുവിന്റെ പേരും പറഞ്ഞ് കൂടുതൽ ബഹളങ്ങളിലേക്കു നയിക്കുമെന്ന് അങ്ങയ്ക്കു പേടിയുമായിരുന്നു എന്നെനിക്കുറപ്പാണ്‌. ഞാൻ അങ്ങയ്ക്ക് വല്ലാത്തൊരു ശല്യക്കാരിയായിരുന്നു.

ബുധനാഴ്ചയാണ്‌ ഞങ്ങൾക്കു പോകേണ്ടത്. ഞായറാഴ്ച ആയപ്പോഴേക്കും ഒരുക്കങ്ങളൊക്കെ പൂർത്തിയായിരുന്നു. ഞാൻ ശരത്തിനോടു പറഞ്ഞു, ”എന്തു പ്രയാസപ്പെട്ടിട്ടായാലും നീ ബിന്ദുവിനെ കണ്ടുപിടിച്ച് ബുധനാഴ്ച പുരിയിലേക്കുള്ള ട്രെയിനിൽ എത്തിക്കണം.“

ശരത്തിന്റെ മുഖം സന്തോഷം കൊണ്ടു നിറഞ്ഞു. ”പേടിക്കേണ്ട ദീദീ. ഞാനവളെ ട്രെയിനിൽ കേറ്റിവിടാമെന്നു മാത്രമല്ല, അവളുടെ കൂടെ ഞാനും പുരിയിലേക്കു വരാം. എനിക്കു ജഗന്നാഥക്ഷേത്രം കാണാൻ ഒരവസരമായല്ലോ.“

അന്നു വൈകിട്ട് ശരത്ത് വീണ്ടും വന്നു. അവന്റെ മുഖത്ത് ഒന്നു നോക്കിയപ്പോഴേക്കും എന്റെ നെഞ്ചിൽ ശ്വാസം നിലച്ചുപോയി. ”എന്താ ശരത്തേ, കാര്യം നടന്നില്ലേ?“ ഞാൻ ചോദിച്ചു.

”ഇല്ല,“ അവൻ പറഞ്ഞു.

ഞാൻ ചോദിച്ചു, “അതെന്താ, അവൾ സമ്മതിച്ചില്ലേ?”

അവൻ പറഞ്ഞു, “ഇനി അതിന്റെ ആവശ്യമില്ല ദീദീ. ഇന്നലെ രാത്രിയിൽ അവൾ തീ കൊളുത്തി ആത്മഹത്യ ചെയ്തു. അവൾ ദീദിയ്ക്കു വേണ്ടി ഒരു കത്തെഴുതി വച്ചിരുന്നെന്ന് ആ വീട്ടിൽ എനിക്കു പരിചയമുള്ള ഒരാൾ പറഞ്ഞു. പക്ഷേ വീട്ടുകാർ ആ കത്തു നശിപ്പിച്ചുകളഞ്ഞു.”

അതെ, ഒടുവിൽ സമാധാനമായി.

വാർത്ത കേട്ടപ്പോൾ നാട്ടുകാർ കോപിഷ്ഠരായി. സ്വയം തീ കൊളുത്തി മരിക്കുന്നത് പെണ്ണുങ്ങൾക്കിപ്പോൾ ഒരുതരം ഫാഷൻ പോലെയാണ്‌, അവർ പറഞ്ഞു.

ഇതൊക്കെ ഒരു നാടകമാണെന്ന് നിങ്ങളെല്ലാം പറഞ്ഞു. ആയിരിക്കാം. എന്നാൽ ബംഗാളി സ്ത്രീകളുടെ സാരികളുടെ കാര്യത്തിലല്ലാതെ പുരുഷന്മാരുടെ ധോത്തിയുടെ കാര്യത്തിൽ ഈ നാടകം നടക്കാത്തതെന്താണെന്നുകൂടി നമ്മൾ ചോദിക്കേണ്ടതല്ലേ?

ബിന്ദു ശരിക്കും ഭാഗ്യം കെട്ട പെണ്ണായിരുന്നു. ജീവിച്ചിരുന്നപ്പോൾ കാണാൻ കൊള്ളാമെന്നോ എന്തെങ്കിലും കഴിവുണ്ടെന്നോ ആരും അവളെക്കുറിച്ചു പറഞ്ഞിരുന്നില്ല. മരിക്കാൻ പോലും പുതിയൊരു വഴി കണ്ടെത്താൻ അവൾക്കു കഴിഞ്ഞില്ല. എങ്കിൽ ആണുങ്ങൾ അവളെ പ്രശംസിച്ചേനെ! മരണം കൊണ്ടുപോലും അവൾ എല്ലാവരെയും ദേഷ്യം പിടിപ്പിച്ചതേയുള്ളു.

ദീദി മുറിയിൽ അടച്ചിരുന്നു കരഞ്ഞു. പക്ഷേ അവരുടെ കണ്ണീരിൽ ആശ്വാസം കൂടി ഉണ്ടായിരുന്നു. ഇപ്പോഴെങ്കിലും ആ കുട്ടിയുടെ ദുരിതങ്ങൾ തീർന്നല്ലോ. അവൾ മരിച്ചെന്നേയുള്ളു; അവൾ ജീവിച്ചിരുന്നെങ്കിൽ എന്തൊക്കെയാണുണ്ടാവാൻ പോവുക എന്നാരുകണ്ടു?

ഞാനിവിടെ തീർത്ഥാടനത്തിനു വന്നതാണ്‌. ബിന്ദുവിന്‌ ഇനി വരേണ്ട ആവശ്യമില്ല; എന്നാൽ എനിക്കു വന്നേ തീരൂ.

ആളുകൾ പൊതുവേ ദുഃഖം എന്നു പറയുന്നത് അങ്ങയുടെ ലോകത്തു ഞാൻ അനുഭവിച്ചിട്ടില്ല. അങ്ങയുടെ വീട്ടിൽ ഉണ്ണാനും ഉടുക്കാനും ഒരു കുറവുമുണ്ടായിരുന്നില്ല. അങ്ങയുടെ സഹോദരന്റെ സ്വഭാവം എന്തുമായിക്കോട്ടെ, അങ്ങയുടെ കാര്യത്തിൽ ഭഗവാനോടു പരാതി പറയാനായി ഞാൻ യാതൊന്നും കണ്ടിട്ടില്ല. അങ്ങയുടെ സഹോദരന്റേതു പോലെയായിരുന്നു അങ്ങയുടെയും ശീലങ്ങളെങ്കിൽ ഞാനും ദീദിയെപ്പോലെ ഭർത്താവിനു കീഴ്വഴങ്ങിയവളായി കാലം കഴിച്ചേനെ; ഞാനും അങ്ങയെയല്ല, ഈശ്വരന്മാരെ പഴിച്ചേനെ. അതുകൊണ്ടു പറയട്ടെ, എനിക്കങ്ങയെക്കുറിച്ച് ഒരു പരാതിയുമില്ല; ഈ കത്ത് അതിനു വേണ്ടിയല്ല.

പക്ഷേ, ഞാനിനി അങ്ങയുടെ മാഖൊൻ ബൊറാൽ ലെയ്നിലെ ഇരുപത്തേഴാം നമ്പർ വീട്ടിലേക്കു മടങ്ങിപ്പോകുന്നില്ല. ബിന്ദുവിനു സംഭവിച്ചതെന്താണെന്നു ഞാൻ കണ്ടു; സ്വന്തം വീട്ടിൽ ഒരു സ്ത്രീയുടെ പദവി എന്താണെന്നു ഞാൻ മനസ്സിലാക്കി; അതിലധികം എനിക്കറിയുകയും വേണ്ട.

സ്ത്രീയാണെങ്കിലും ദൈവം അവളെ കൈവിട്ടില്ലെന്നും ഞാൻ മനസ്സിലാക്കി. അവൾക്കു മേൽ നിങ്ങളുടെ അധികാരം എത്രയുമായിക്കോട്ടെ, അതിനും ഒരവസാനമുണ്ട്. ഈ നശിച്ച മനുഷ്യജീവിതത്തേക്കാൾ മഹത്തായതൊന്നുണ്ട്. നിങ്ങളുടെ സ്വേച്ഛ പോലെ, കല്ലിൽ കൊത്തിവച്ച നിങ്ങളുടെ ആചാരങ്ങളുടെ പേരിൽ അവളുടെ ജീവിതം എന്നെന്നും സ്വന്തം കാല്ക്കീഴിലിട്ടു ഞെരിക്കാമെന്നു നിങ്ങൾ കരുതി; പക്ഷേ അത്രയും ബലം നിങ്ങളുടെ കാലടികൾക്കുണ്ടായില്ല. മരണം അതിലും ശക്തമായിരുന്നു. ബിന്ദു സ്വന്തം മരണത്തിലൂടെ മഹത്വമാർജ്ജിച്ചു. അവളിപ്പോൾ വെറുമൊരു ബംഗാളിപ്പെണ്ണല്ല, ആരുടെയെങ്കിലും സഹോദരപുത്രി മാത്രമല്ല, ഭ്രാന്തനായ ഒരപരിചിതന്റെ ചതിക്കപ്പെട്ട ഭാര്യ മാത്രവുമല്ല. അവൾക്കിപ്പോൾ അതിരുകളില്ല, അന്ത്യവുമില്ല.

ആ പെൺകുട്ടിയുടെ ആത്മാവിലൂടെ മരണത്തിന്റെ ദീനസംഗീതമൊഴുകിയ നാൾ, ആ സ്വരങ്ങൾ പുഴയിലൂടൊഴുകിനടക്കുന്നതു ഞാൻ കേട്ട നാൾ എന്റെ നെഞ്ചിൽ അതിന്റെ സ്പർശം ഞാനറിഞ്ഞിരുന്നു. ഞാൻ ദൈവത്തിനോടു ചോദിച്ചു: ഈ ലോകത്തെ ഏറ്റവും നിസ്സാരമായ കടമ്പ, മറി കടക്കാൻ ഏറ്റവും ദുഷ്കരമാവുന്നതെന്തുകൊണ്ടാണ്‌? വിരസമായ ഒരിടത്തെരുവിലെ നാലു ചുമരുകൾക്കുള്ളിൽ പെട്ടുകിടക്കുന്ന വിഷണ്ണതയുടെ ഒരു കുമിള കുത്തിപ്പൊട്ടിക്കാൻ ഇത്ര പ്രയാസമുള്ളതായതെന്തുകൊണ്ടാണ്‌? ഋതുക്കളുടെ അമൃതകുംഭവും ഉയർത്തിപ്പിടിച്ച് പ്രപഞ്ചമെന്നെ മാടിവിളിക്കുമ്പോൾ എനിക്കെന്തുകൊണ്ടാണ്‌ ആ നടുമുറ്റത്തിന്റെ പടി കടന്ന് ഒരു നിമിഷത്തേക്കെങ്കിലും പുറത്തേക്കു വരാൻ പറ്റാത്തത്? പുറത്ത് ലോകമെന്നെ കാത്തിരിക്കുമ്പോൾ കല്ലും മരവും കൊണ്ടു കെട്ടിയ വേലിക്കെട്ടിനുള്ളില്ക്കിടന്നു ഞാനെന്തിനാണ്‌ അനുനിമിഷം മരിക്കുന്നത്? എത്ര നിസ്സാരമാണ്‌ എന്റെയീ ദൈനന്ദിനജീവിതം, അതിന്റെ നിശ്ചിതമായ നിയമങ്ങൾ, നിശ്ചിതമായ വഴികൾ, നിശ്ചിതമായ വാചകങ്ങൾ, നിശ്ചിതമായ പരാജയങ്ങൾ. ഒടുവിൽ വിജയം ഈ നശിച്ച ലോകത്തിനുമാണോ, നമ്മെ വരിഞ്ഞുമുറുക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്യുന്ന ആചാരസർപ്പങ്ങൾക്ക്? സന്തോഷം നിറഞ്ഞ ഈ പ്രപഞ്ചം, ദൈവമേ, നീ സൃഷ്ടിച്ച ലോകം, എനിക്കു നഷ്ടമാവുകയാണോ?

എന്നാൽ മരണം പുല്ലാങ്കുഴലൂതുമ്പോൾ- എവിടെ കല്ലും കുമ്മായവും കൊണ്ടു ബലപ്പെടുത്തിയ ചുമരുകൾ, എവിടെ നിങ്ങളുടെ ഘോരനിയമങ്ങളുടെ മുള്ളുവേലികൾ? മനുഷ്യനെ എന്നെന്നേക്കുമായി തടവിലിടാൻ ഏതു ശോകത്തിനാകും, ഏതവമതിക്കാവും? ജീവിതത്തിന്റെ വൈജയന്തി മരണത്തിന്റെ കൈകളിൽ പാറിക്കളിക്കുന്നു! മേജോ-ബൗ, നിനക്കൊന്നും പേടിക്കാനില്ല. ആരുടെയോ ഭാര്യ എന്ന പുറന്തോലുരിച്ചുകളയാൻ ഒരു നിമിഷം പോലും വേണ്ട.

ഇത്രയും കാലം ഞാൻ ജീവിച്ച ആ ഇടത്തെരുവിനെ എനിക്കിപ്പോൾ പേടിയില്ല. ഇന്നെനിക്കു മുന്നിൽ നീലക്കടലാണ്‌, തലയ്ക്കു മുകളിൽ ആഷാഢത്തിലെ കാർമേഘങ്ങളാണ്‌.

ആചാരത്തിന്റെ ഇരുണ്ട മൂടുപടം കൊണ്ട് നിങ്ങളെന്നെ ആകെ മറച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ അതിന്റെ ഒരു വിടവിലൂടെ ബിന്ദു ഒരു നിമിഷത്തേക്ക് എന്നെ തൊട്ടു; സ്വന്തം മരണം കൊണ്ട് അവൾ ആ ഭയാനകമായ മൂടുപടം ചീന്തിയെറിയുകയും ചെയ്തു. അങ്ങയുടെ കുടുംബത്തിന്റെ അന്തസ്സ്സോ അഭിമാനമോ നിലനിർത്തേണ്ട ഒരു ബാദ്ധ്യതയും ഇന്നെനിക്കില്ല. സ്നേഹിക്കപ്പെടാത്ത എന്റെ മുഖത്തെ നോക്കി മന്ദഹസിക്കുന്നവൻ ഇന്നെന്റെ മുന്നിൽ നില്ക്കുന്നു, ആകാശത്തിന്റെ ഗഹനനീലിമ കൊണ്ട് അവനെന്നെ നോക്കുന്നു. അങ്ങയുടെ കുടുംബത്തിലെ രണ്ടാമത്തെ മരുമകൾ ഇതാ, മരിക്കുന്നു.

ഞാൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് അങ്ങയ്ക്കു തോന്നുന്നുണ്ടാവും. പേടിക്കേണ്ട, ആ പഴകിയ ഫലിതം ഞാൻ അങ്ങയുടടുത്തെടുക്കുന്നില്ല. മീരാബായിയും ഒരു സ്ത്രീയായിരുന്നു, എന്നെപ്പോലെ. ; മീരയുടെ ചങ്ങലകളും ഇത്രതന്നെ കനത്തതായിരുന്നു. എന്നാൽ മീരയ്ക്കു ജീവിക്കാൻ മരിക്കേണ്ടിവന്നില്ല. മീര പാടി: “അച്ഛൻ പൊയ്ക്കോട്ടെ, അമ്മ പൊയ്ക്കോട്ടെ, ഉറ്റവരെല്ലാം പൊയ്ക്കോട്ടെ, എന്നാലും, പ്രഭോ, മീര പിടിച്ചുനിക്കും, എന്തൊക്കെ വന്നാലും.”

പിടിച്ചുനില്ക്കുക- ജീവിക്കുക എന്നാൽ അതാണ്‌.

ഞാനും അതിജീവിക്കും. ഞാൻ അതിജീവിച്ചു.

അങ്ങയുടെ പാദാശ്രയത്തിൽ നിന്നകന്നുപോയ, മൃണാൾ.

(ടാഗോറിന്റെ ഏറ്റവും പ്രശസ്തമായ കഥകളിൽ ഒന്നാണ്‌ ‘സ്ത്രീർ പത്ര.’ 1914ൽ വളരെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു സ്നേഹലത എന്ന ബംഗാളി പെൺകുട്ടിയുടെ മരണം. തനിക്കു വേണ്ടി സ്ത്രീധനം കണ്ടെത്തുക എന്ന ഭാരത്തിൽ നിന്ന് അച്ഛനമ്മമാരെ മോചിപ്പിക്കാനായി സ്നേഹലത തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. അതിനെക്കുറിച്ചെഴുതാൻ അമൃതബസാർ പത്രികയുടെ ഒരു വായനക്കാരൻ ആവശ്യപ്പെട്ടപ്പോൾ ടാഗോറിന്റെ പ്രതികരണം ഈ കഥയുടെ രൂപത്തിലാണ്‌ പുറത്തുവന്നത്. എന്നാൽ അദ്ദേഹത്തിന്റെ നായിക വ്യവസ്ഥിതിയ്ക്കു പുറത്തുകടന്ന് സ്വയം അതിജീവിക്കുന്നവളാണ്‌, മീരയെപ്പോലെ. കുടുംബത്തിൽ സ്ത്രീയുടെ സ്ഥാനമെന്തെന്ന് നിശിതമായി പരിശോധിക്കുകയും സ്ത്രീ സ്ത്രീയാകാൻ കുടുംബത്തിൽ നിന്നു പുറത്തുകടക്കുക എന്നതേ പരിഹാരമുള്ളു എന്നു നിർദ്ദേശിക്കുകയും ചെയ്യുന്ന ഈ കഥ സ്വാഭാവികമായും അക്കാലത്തെ ഹിന്ദുദേശീയവാദികളിൽ കടുത്ത പ്രതിഷേധമുണ്ടാക്കുകയും ചെയ്തു. ചില പ്രതികരണങ്ങൾ മറുപടിക്കഥകളായിട്ടാണ്‌ പുറത്തുവന്നത്- ബിപിൻ ചന്ദ്രപാലിന്റെ ‘മൃണാളിന്റെ കഥ,’ ലളിത് കുമാർ ബന്ദോപാദ്ധ്യായയുടെ ‘ഭർത്താവിന്റെ കത്ത്,’ പേരു വയ്ക്കാതെ ഒരാളെഴുതിയ ‘മൃണാളിനീദേവി: ഭാര്യയുടെ യഥാർത്ഥത്തിലുള്ള കത്ത്’ എന്നിങ്ങനെ!)

Comments
Print Friendly, PDF & Email