പൂമുഖം LITERATUREകഥ കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ

കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ

[ഹസ്തിനപുരിയിൽ ഭരണഘടാ പ്രതിസന്ധി ധൃതരാഷ്ട്രർ സ്ഥാനം ഒഴിയാൻ വയ്ക്കുന്ന ഉപാധികൾ!]

“കൺകെട്ടഴിച്ചു പെറ്റതള്ള സ്വയം, മക്കളുടെ ഭൗതികാവശിഷ്ടങ്ങൾ ഒന്നൊന്നായി നുള്ളിപ്പെറുക്കി, പരിശോധിച്ച് തിരിച്ചറിഞ്ഞല്ലോ നൂറു കൗരവജഡങ്ങളും?”ഗാന്ധാരീ വിലാപവും കണ്ടുനിന്നവരുടെ കണ്ണുനിറയ്ച്ചു.”, അരമന വക്താവിനോട് കൊട്ടാരം ലേഖിക ചോദിച്ചു, ”എന്നിട്ടും മാറിയില്ലേ ധൃതരാഷ്ട്രരുടെ മുറുമുറുപ്പ്? യുദ്ധക്കെടുതിയിൽ വലയുന്ന കുരുക്ഷേത്രവിധവകൾക്കും സൈനിക പുത്രന്മാർ കൊല്ലപ്പെട്ടതോടെ അനാഥരായ വയോജനങ്ങൾക്കും പുതുപാണ്ഡവ ഭരണകൂടം പ്രശ്നപരിഹാരം കണ്ടെത്താനുള്ളപ്പോൾ, അധികാരചിഹ്നമായ ചെങ്കോൽ മുതിർന്ന പാണ്ഡവനു ആശംസകളോടെ കൈമാറാതെ എന്തിനാണ് അവരെ കുരുവംശത്തിന്റെ ജനിതകധാര പഠിപ്പിക്കുന്നത്? കുരുക്ഷേത്ര ജേതാക്കൾ വിജയകാഹളം മുഴക്കി കൊട്ടാര വാതിലിൽ എത്തിയിട്ടും, തിരുവസ്ത്രങ്ങൾ അഴിക്കാതെ അരനൂറ്റാണ്ടുകാലമായി ഹസ്തിനപുരിയെ ഉരുക്കുമുഷ്ടിയിൽ പിടിമുറുക്കുന്ന കുരുവംശനായകൻ മനഃപൂർവ്വം അധികാരവഴിയിൽ സംഘർഷം വളർത്തേണ്ട കാര്യം?”

ആദ്യമായി കാണുന്ന അരമന വക്താവിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടയിൽതന്നെ കൊട്ടാരം ലേഖിക അയാളെ താല്പര്യപൂർവ്വം സൂക്ഷിച്ചുനോക്കുകയും, പെട്ടെന്നെന്തോ ആ മുഖഭാവങ്ങൾ തിരിച്ചറിഞ്ഞപ്പോൾ ഇടയ്ക്കു അയാൾക്കുനേരെ വിരൽചൂണ്ടി, സംശയത്തോടെയെങ്കിലും പുഞ്ചിരിക്കുകയും ചെയ്തശേഷം, മറ്റൊരു തരളിതശബ്ദത്തിൽ ചോദിച്ചു, ”ഒരു ദശാബ്ദം മുമ്പ് തക്ഷശിലയിൽ രാജ്യതന്ത്രം പഠിക്കുന്ന കാലത്തു നിങ്ങളെ വിദ്യാർത്ഥിയായി കണ്ട ഓർമ്മയുണ്ട്. അന്തർമുഖൻ ആയിരുന്നു. ആരോടും സംസാരിക്കുന്നതു ഞാൻ കണ്ടിട്ടില്ല. പഠിപ്പു കഴിഞ്ഞു ഹസ്തിനപുരി പത്രിക യിൽ അരമന ലേഖികയായി ഞാൻ ഇവിടെ നിത്യവും വരുമ്പോഴേക്കും പാണ്ഡവർ വനവാസത്തിനു പോയിക്കഴിഞ്ഞിരുന്നു. ക്ഷമിക്കണം, ഇടക്കൊന്നുചോദിക്കട്ടെ, മടങ്ങിവന്ന നിങ്ങൾ ഇവിടെ ഏതു വകുപ്പിലാണ് ജോലിക്കു ചേർന്നത്? ഒരിക്കലും കണ്ട പോലെ തോന്നുന്നില്ലല്ലോ”.

“എനിക്ക് നിങ്ങളെ മനസ്സിലായി. എങ്ങനെ മറക്കും തക്ഷശില അധ്യാപകരെ പുളകം കൊള്ളിച്ച ആ കാശിബ്രാഹ്മണ യുവതിയെ! ഞാൻ ഇവിടെ തിരിച്ചുവന്ന ഉടൻ അച്ഛൻ ദുര്യോധനൻ എന്നെ, ഹസ്തിനപുരിയുടെ പുതിയ പ്രവിശ്യയായ ഇന്ദ്രപ്രസ്ഥത്തിലേക്കയച്ചു. ഖാണ്ഡവ വനം എന്ന അതിവിശിഷ്ട ആവാസ വ്യവസ്ഥയെ വളഞ്ഞു കത്തിച്ചു പാടേ നശിപ്പിച്ച പ്രാകൃത പാണ്ഡവരുടെ നീചപ്രവൃത്തിക്ക് നീ വിശ്വപ്രകൃതിയോട് പ്രായശ്ചിത്തം ചെയ്തു, എങ്ങനെ ആയിരുന്നോ കത്തിക്കും മുമ്പ്, ആ സുവർണ്ണ സ്ഥിതിയിലേക്ക് വനത്തെ തിരിച്ചു കൊണ്ടുപോവുക എന്നൊരു ജോലിയും തന്നു.

പത്തുവർഷം കൊണ്ട് ഞാൻ ഇന്ദ്രപ്രസ്ഥം നഗരത്തെ പൂർവ്വസ്ഥിതിയിൽ വനമേഖലയാക്കി എന്നു അവകാശപ്പെടുന്നില്ല എന്നാൽ മയൻ നിർമ്മിത മായികസഭാതലങ്ങൾ ഉൾപ്പെടെ ദേശീയ വിനോദസഞ്ചാരികൾ അലഞ്ഞുനടക്കുന്ന ആഡംബരമന്ദിരങ്ങളിലെല്ലാം ഇപ്പോൾ വന്യപ്രകൃതി കയറിക്കഴിഞ്ഞു. അടുത്ത നൂറ്റാണ്ടോടെ അതുപഴയ പോലെ ഘോരവനം ആവും എന്നതാണ് ആശ്വാസം.

കുരുക്ഷേത്രയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ക്രാന്തദർശിയായ അച്ഛൻ പറഞ്ഞു, മകനേ നീ ഇവിടെ അരമനയുടെ മുഖ്യ കാവൽക്കാരൻ ആയിരിക്കുക. കോട്ട ഭേദിച്ച് ശത്രു ഉള്ളിൽ വരാതിരിക്കാൻ സൂക്ഷ്മശ്രദ്ധ നീ രാപ്പകൽ ചെലുത്തുക എന്ന ഭരണ ദൗത്യവുമായി ആ ജോലിയും ഞാൻ ഏറ്റെടുത്തു. ഇനി നിങ്ങളുടെ പാണ്ഡവാനുകൂല ചോദ്യത്തിലേക്ക്; കൺകെട്ടഴിച്ചാണോ, കേട്ടറിഞ്ഞാണോ ഗാന്ധാരി കൗരവരുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞതെന്നൊന്നും ഞങ്ങൾ ചോദ്യം ചെയ്തില്ല. പോരാട്ടവധമായിരുന്നില്ല വ്യക്തി വിദ്വേഷത്തിലൂന്നിയ കൊലയായിരുന്നു ഓരോ കൗരവനിലും നിർവ്വഹിച്ചത് എന്ന ആരോപണവുമായി നാളെ ദുര്യോധനന്റെയും ദുശ്ശാസനന്റെയും വിധവകൾ വരാതിരിക്കാൻ, അവരുടെ മുമ്പിൽ വച്ച് തന്നെ ശവപരിശോധന, കൊട്ടാര ഭിഷഗ്വരന്മാർ ചെയ്തിരുന്നു. ഓരോ വധവും പോരാട്ടചട്ടം പാലിച്ചാണെന്നുകണ്ടുനിന്നവർക്കും ബോധ്യം വന്നു. കടുത്ത ആയുധക്ഷാമം കാരണമാവാം, ഭീമൻ കൗരവകരൾ പിളർക്കാൻ വിരൽനഖങ്ങൾ മാത്രമേ ഉപയോഗിച്ചുള്ളൂ. പിളർന്ന കൗരവഹൃദയങ്ങളിൽ നിന്നും കൈക്കുമ്പിൾ ചോര സംഭരിച്ചു പാളയത്തിലുണ്ടായിരുന്ന പാഞ്ചാലിയുടെ മുടിയിൽ തേച്ചു എന്നതൊക്കെ ചെലവുകുറഞ്ഞ ഐതിഹ്യപ്പെരുമക്കായി പാണ്ഡവർ നിർമ്മിച്ചെടുത്ത വ്യാജ ആഖ്യാനമെന്നും അന്തിമതീർപ്പുണ്ടായി. നിഷ്‌പക്ഷയുദ്ധനിർവ്വഹണ സമിതിയുടെ മേൽനോട്ടത്തിലായിരുന്നു ഈ കരുതൽ നടപടികൾ എന്നും നിങ്ങൾക്കറിയാം.ചെങ്കോൽ യുദ്ധജേതാക്കൾക്കു കൈമാറില്ലെന്നു ഞങ്ങൾ പറഞ്ഞിട്ടില്ല. യുദ്ധാനന്തര ജനകീയപ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം വേണമെന്ന കാര്യത്തിലുമില്ല നമുക്കു തമ്മിൽ പറഞ്ഞു തീർക്കാനാവാത്ത തർക്കം. എന്നാൽ ആശങ്കപ്പെടുത്തുന്നൊരു കാര്യമുണ്ട്. അതിൽ വ്യക്തത വരുത്തേണ്ടതുണ്ട്. ആദ്യം യുദ്ധജേതാക്കളെന്നവകാശവാദവുമായി കോട്ടവാതിലിനപ്പുറത്തു സമരമുഖം തുറന്നു ബഹളമുണ്ടാക്കുന്ന, പാണ്ഡവർ എന്ന് ആരുടെമുമ്പിലും വലിഞ്ഞുകയറി പരിചയപ്പെടുത്തുന്ന അഞ്ചു വയോജനങ്ങൾ, കുരുവംശ പൈതൃകം ഉൾക്കൊള്ളുന്ന പരേതപാണ്ഡുവിന്റെ ജൈവമക്കൾ ആണെന്നെങ്ങനെ നിലവിലുള്ള ഭരണകൂടമായ ധൃതരാഷ്ട്ര കുരുവംശം നിസ്സംശയം ഉറപ്പിക്കും? പതിമൂന്നു വർഷം മുമ്പാണ് ഇന്ദ്രപ്രസ്ഥ ചക്രവർത്തിയുടെ രാജമുദ്ര തിരുവസ്ത്രത്തിൽ ചാർത്തി ഒരു രാത്രി ഇവിടെ വിനോദത്തിനെന്ന പേരും പറഞ്ഞു ദുര്യോധനനെ പരാജയപ്പെടുത്താൻ കള്ളച്ചൂതിനവർ ശ്രമം നടത്തിയത് എന്നുഞാൻ കേട്ടറിഞ്ഞിട്ടുണ്ട്. എന്നാൽ പ്രകൃതിയപ്പോൾ ഞങ്ങളെ പരിപാലിച്ചു. പിറ്റേന്ന് നിസ്വരായി വനവാസത്തിനു പാണ്ഡവർ തോളിൽ മാറാപ്പുമായി പോവുകയുംചെയ്തു. അന്ന്ചൂതാട്ടസഭയിൽ ഉണ്ടായിരുന്നവർ, ധൃതരഷ്ട്രർ വിദുരർ എന്നിവർ ഒഴികെ, ബാക്കി എല്ലാവരും ഹസ്തിനപുരിയുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാൻ ചെയ്ത അന്തിമ കുരുക്ഷേത്രപോരാട്ടത്തിൽ ജീവത്യാഗം ചെയ്തതുകൊണ്ട് നീതിപീഠചിട്ടയനുസരിച്ചുള്ള സാക്ഷികൾ ആയി ആരും ഇന്ന് പാണ്ഡവർക്കുവേണ്ടി മൊഴികൊടുക്കാൻ ഇല്ല. അതിനുമുമ്പവർ ഒരു ദശാബ്ദത്തോളം, കുടിയേറ്റ ഭൂമിയായ ഖാണ്ഡവപ്രസ്ഥത്തിൽ അതിലോല ആവാസവ്യവസ്ഥയെ കത്തിച്ചും പുകച്ചും, സർവ്വവിധജീവജാലങ്ങളെയും നശിപ്പിച്ച ചരിത്രവും തക്ഷശിലയിൽ പുതുതലമുറക്കു പിന്നീട് പഠിക്കാനുണ്ടായി. അംഗപരിമിതനായതുകൊണ്ടുമാത്രമാണ് എനിക്ക് കുരു ക്ഷേത്രയിൽ സൈനികസേവനം നിഷേധിക്കപ്പെട്ടത്. എങ്കിലും പോരാട്ടത്തിന്റെ ആ പത്തുപതിനെട്ടുദിവസങ്ങൾ ഹസ്തിനപുരി കോട്ട പിടിക്കാൻ ശത്രുക്കൾ പാതിരാ മിന്നലാക്രമണം ചെയ്യുമോ എന്ന ബലമായസംശയത്തിൽ സംശുദ്ധമായൊരു പ്രതിരോധമുറ എന്റെ അമ്മയുടെ നേതൃത്വത്തിൽ കൗരവസ്ത്രീകൾ നടപ്പാക്കി. ചൂതാട്ടക്കാലത്തുഞാൻ ഇവിടെ കൊട്ടാരത്തിൽ ഇല്ല. അതിനും ഒരു ദശാബ്ദം മുമ്പ് പാണ്ഡവർ പാഞ്ചാലിയുടെ ഭർത്താക്കന്മാർ എന്ന നിലയിൽ നഗരവാസികളുടെ നിന്ദയേറ്റു ഇവിടെ കഴിഞ്ഞിരുന്നു എന്ന് ഏകപത്നീവ്രതക്കാരായ കൗരവർ കൗതുകത്തോടെ പറഞ്ഞുകേട്ട വിവരമുണ്ട്. ഖാണ്ഡവവനം ഭീഷ്മോപദേശത്തിൽ ധൃതരാഷ്ട്രർ ഇഷ്ടദാനമായി പാണ്ഡവർക്ക് പതിച്ചുകൊടുത്ത് കൗരവ പാണ്ഡവർക്ക് ഭാഗപ്രശ്നം ചോരപ്പാടില്ലാതെ പരിഹരിച്ചത് അങ്ങനെ ആയിരുന്നു. ഇഷ്ടദാന സമയത്തു സ്ഥലത്തില്ലാതിരുന്ന ദുര്യോധനൻ തിരിച്ചെ ത്തിയപ്പോൾ, ധൃതരാഷ്രരോട് പ്രതിഷേധിച്ചു. അതിനും മുമ്പ് വാരണാവതത്തിൽ മരിച്ച’ പാണ്ഡവർക്ക് ഉദക ക്രിയ ചെയ്യാൻ പോയ ദുര്യോധനൻ കാശിയിൽനിന്നും മടങ്ങിവരും മുമ്പ് ആയിരുന്നു അതെല്ലാം.

പരിസ്ഥിതി പ്രശ്നത്തിൽ ജാഗ്രതക്കുറവ് കാണിച്ച ധൃതരാഷ്ട്രരിൽ നിന്നും ദുര്യോധനൻ ഹസ്തിനപുരിയുടെ ഭരണനിർവ്വഹണം ഏറ്റെടുത്തു അച്ഛനെ നാമമാത്രമായി സിംഹാ സനത്തിൽ ഇരുത്തും. കഴിഞ്ഞു കൗരവകർത്തവ്യം!. അരമനക്കാര്യം ആഴത്തിൽപോവാനുള്ള നേരമല്ലല്ലോ ഇപ്പോൾ. ആ ധൃതരാഷ്ട്രർ, മക്കൾ മരിച്ചതോടെ അശേഷം വഴങ്ങാതെ പിടിച്ചുതൂങ്ങുന്നതിനു കാരണമുണ്ട്. അതാണ് സൗമ്യമായി ഞങ്ങൾ പറയുന്നത് – ഗംഗയും യമുനയും ഒഴുകുന്ന ഈ വിഖ്യാത നദീതട കാർഷിക സംസ്കാരത്തിലേക്കു പ്രവേശനം കൊടുക്കാൻ ഉള്ള ‘താക്കോൽ’ ഞങ്ങൾ കൈമാറും മുമ്പ് യുദ്ധജേതാക്കളെന്നവകാശപ്പെടുന്ന അഞ്ചു പേരും അവരുടെ ഭാര്യയും തിളയ്ക്കുന്ന നെയ്യിൽ ഇരുകൈകളും മുക്കി ജ്വാലാമുഖീദേവതയുടെ മുമ്പിൽ സത്യം ചെയ്യണം പാണ്ഡവർ എന്ന വംശീയ കുടുംബമാവും മുമ്പ് അവർ യഥാർത്ഥത്തിൽ പാണ്ഡുപുത്രന്മാർ ആയിരുന്നുവോ? കുരുക്ഷേത്ര യുദ്ധനിർവ്വഹണസമിതി, ജേതാക്കളായി അവരെ അംഗീകരിച്ചിട്ടില്ലെന്നും അർത്ഥഗർഭമായികാണണ്ടേ? കുന്തിയുടെ സത്യവാങ്മൂലം പോരെ എന്ന് വിദുരർ ചോദിച്ചെന്നു കേട്ടു. ശന്തനു സത്യവതിക്കായി പണിത വാരണാവതം സുഖവാസ കൊട്ടാരം കത്തിച്ചതു പോകട്ടെ, അന്നം ചോദിച്ചുവന്ന ആറംഗ ആദിവാസികുടുംബത്തെ വിഷം കൊടുത്തു തീയിൽ ചുട്ടുകൊന്നു, മരിച്ചത് പാണ്ഡവർ ആണെന്ന് വ്യാജ തെളിവുണ്ടാക്കാൻ ശ്രമിച്ച ഗുരുതരമായ ആരോപണത്തിന് നാടുകടത്തൽ ശിക്ഷയാക്കാമെങ്കിലും, അരമനയിൽ താമസിപ്പിക്കാൻ അനുമതി കൊടുത്ത ധൃതരാഷ്ട്രർ എവിടെ, ഷണ്ഡപാണ്ഡുവിന്റെ മക്ക ളാണ് ഞങ്ങൾ എന്ന അവകാശവാദവുമായി നാട്ടുകാരെ പറ്റിച്ചു അനുകമ്പ നേടുന്ന ഈ അഞ്ചു വയോജനങ്ങൾഎവിടെ! ”

കുന്തിമൊഴി എന്തു വിശ്വാസ്യത നൽകും ഈ ചരിത്ര പ്രതിസന്ധിയിൽ! പാണ്ഡവർ നേരിടുന്ന ഈ തിരിച്ചറിയൽ പ്രതിസന്ധിയിൽ ആരോപിത കുന്തിമൊഴിക്കുവ്യക്തിഗത വിശ്വാസ്യത പോരാ എന്നും മന്ത്രി വിദുരർ കുന്തിപക്ഷപാതിയാണെന്നു അനുഭവം വഴി അരമനക്കു ബോധ്യം വന്നതാണെന്നും വക്താവ് തുറന്നു പറഞ്ഞ സ്ഥിതിക്ക് പൊതുസമൂഹത്തിൽ ആരുണ്ട് യുദ്ധജേതാക്കളെ ചൂണ്ടിക്കാട്ടി “ഇവരെ എനിക്ക് നന്നായി വനവാസക്കാലത്തും അറിയാം, ഇവർ പാണ്ഡവർ!”എന്ന് സത്യസാക്ഷ്യമൊഴി നൽകാൻ?’

‘സമകാലികചരിത്രം വായിച്ചും അരമനരഹസ്യങ്ങൾ കേട്ടും പരിചിതരായ കൗരവ–പാണ്ഡവ കഥാപാത്രങ്ങളെ നേരിൽ കാണാൻ തൊഴിൽസാഹചര്യ മുണ്ടാവുമ്പോൾ, കേട്ടറിവിലൂന്നിയ സംശയങ്ങൾ നേരെചൊവ്വേ ചോദിക്കുന്നൊരു ജിജ്ഞാസാഭരിതയായ മഹാഭാരത സമകാലികയാണ് കൊട്ടാരം ലേഖിക”

കെ പി നിർമ്മൽ കുമാർ

(മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കഥയുടെ പുന:പ്രസിദ്ധീകരണം)

വര : വർഷ മേനോൻ

കവർ : ജ്യോതിസ് പറവൂർ

Comments
Print Friendly, PDF & Email

You may also like