ഒരു കവിത പിറന്നത്,
പൊട്ടിയ പാദസരങ്ങള്‍
കെട്ടിയിട്ട നൂലിൽ നിന്നായിരുന്നു.

പിന്നെ പിറന്നത്,
തുന്നിച്ചേർത്ത നിന്‍റെ പാവാടയുടെ
തുന്നൽ കാണാത്ത കരവിരുതിൽ.

ഇന്നലെ ഒരു കവിത പിറന്നത്,
നീ നിന്നെ ഒളിപ്പിച്ച
ബ്ലൗസിലെ മങ്ങിയ നിറത്തിലായിരുന്നു.

മറ്റൊരു കവിത,
നിന്‍റെ മാറിൽ
ചേർന്നുറങ്ങിയ പുസ്തകത്തിൽ—
നിന്നായിരുന്നു.

ഇനി,
ചുണ്ടിലും,
നെറ്റിയിലും,
കാതിലും,
മൂർദ്ധാവിലും,
എന്‍റെ ചുണ്ടുകൾ പതിഞ്ഞ
ഇടങ്ങളിൽ നിന്നൊക്കെ
കവിത പിറക്കുന്നു.
വിരഹത്തിന്‍റെയും
പേറ്റ്നോവിന്‍റെയും
വേദന
ഏറ്റുവാങ്ങി,
നിന്നെ സ്വതന്ത്രമാക്കുമ്പോള്‍ —
പ്രണയമേ.

നമുക്കു പിറക്കാൻ കൊതിച്ചിരുന്ന
മക്കൾ
കവിതകളായി പിറന്ന്,
എന്‍റെ ഉള്ളിൽ
കളിച്ചും കരഞ്ഞും,
സ്നേഹിച്ചും,
ഉറക്കം കെടുത്തുന്നു.

നീ
പിരിഞ്ഞില്ലായിരുന്നുവെങ്കിൽ,
വേദനകൾ പൊട്ടി ഒലിക്കുന്ന മാറിൽ
വിരസതയുടെ അഗ്നിപർവ്വതം ചുമന്ന്,
പൂക്കാത്ത മോഹങ്ങളെ ശപിച്ച്,
വെറുത്തുപോയേനേ—
എന്നെ.

എങ്കിൽ,
എന്നിൽ
കവിത
പിറക്കാതെ പോയേനേ.

കവർ : ജ്യോതിസ് പരവൂർ

+ posts

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് കാങ്കോൽ താമസം പെയിന്റിങ്ങ് തൊഴിലാളിയാണ്.

കണ്ണൂർ ആകാശവാണിയിൽ ഡോക്യുമെന്ററി സ്ക്രിപ്റ്റുകൾ ചെയ്തിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഒറ്റ വാതിലുള്ള വീട്' എന്ന കവിത സമാഹാരം പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും എഴുത്തു തുടരുന്നു.