പൂമുഖം LITERATUREകവിത ചുരം

ഉള്ളിന്റെയുളളിൽ അയാൾ
ഒരു ചുരം കയറുകയാണ്
തന്റെ പതിനെട്ടാം വയസ്സിൽ ഏതോ പാതിരാവിൽ കാട്ടുനീതിയുടെ മൂർച്ചയേറ്റിയ ഇരുളിൻ വെട്ടേറ്റ്
വീണുപോയ ഉപ്പയുടെ കണ്ണുനീര് പരന്ന
ഒന്നാം ഹെയർപിൻ വളവ് പിന്നിടുമ്പോൾ ഓർത്തില്ല
കയറ്റിറക്കങ്ങളുടെ ജീവിത ചുരം കാത്തുവെച്ചിരിക്കുന്ന
സൈൻ ബോർഡുകളില്ലാത്ത എത്രയെത്ര ഹെയർപിൻ വളവുകൾ താണ്ടണമെന്ന്

ആകസ്‌മികങ്ങൾ പതിയിരിക്കുന്ന അതി സൂക്ഷ്മ സ്ഥലികളിൽ
മഞ്ഞു പാതകളെ തുളച്ചു പോകാൻ
അജ്ഞാതമാം ഏതോ ദിക്കിലിരുന്ന് ഉപ്പ തെളിക്കുന്നു അയാൾക്ക് വേണ്ടി
ഒരു മിന്നൽ പിണർ ..

നേരെ നേരെയോടുവാൻ
വലത്തോട്ടും ഇടത്തോട്ടും
വളയം തിരിച്ചും
വട്ടം വെക്കുന്ന പ്രതിബന്ധങ്ങളിൽ ചെന്നിടിക്കാതെ
ഹാഫ് ക്ലച്ചിൽ , ആക്സിലേറ്ററിൽ ഊന്നി
മഞ്ഞിൽ മറഞ്ഞിരിക്കും
അദൃശ്യമാം ലക്ഷ്യങ്ങളെ
കുത്തിക്കുലുങ്ങി
തേടിയോടും അയാളൊരു ഹാഫ് ടാങ്ക് ഡീസലുളള
KL72 1973 ജീപ്പ്

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like