അന്നും ഇങ്ങനെ തന്നെയായിരുന്നു.

പാലത്തിനക്കരെ പൂമരം പോലെ അവൾ നിന്നിരുന്നു.

ദേശത്തിന്റെ കഥകളും കൊണ്ട് ഒഴുകിപ്പോയ പുഴയോട്
എൻറെ കഥയിൽ അവളുണ്ടെന്ന് ഞാൻ പറഞ്ഞില്ല.

അവളെ തൊടാൻ എനിക്ക് പാലം കടക്കണമായിരുന്നു.
പാലത്തിനപ്പുറത്തെ നാഗപ്പൂമരം ചുറ്റണ മായിരുന്നു.
അതിന്നുമപ്പുറത്തെ കൈതവേലി നൂഴണമായിരുന്നു.

ഇതെല്ലാമെനിക്ക് എളുപ്പത്തിൽ ചെയ്യാമായിരുന്നു.
എന്നിട്ടും ഞാൻ എന്തുകൊണ്ടോ ചെയ്തില്ല.

അവളൊരിക്കൽ മാത്രമാണ് ഇപ്പുറം വന്നത്.
വന്നെൻ്റെ കഥയിൽ കയറിയിരുന്നത്.
അങ്ങനെയാണ് ഞാനൊരു
പുഴയായിത്തീർന്നത്.
പാലം കടക്കാതെ ഒഴുകിത്തുടങ്ങിയത്.
ആരോ വന്നെൻ്റെയോരത്ത്
പൂമരം നട്ടത്.

കവര്‍: ജ്യോതിസ് പരവൂര്‍

ടീച്ചർ. ഗവ എൽ പി എസ് ഏരൂർ, കൊല്ലം. സിംഹവേട്ട, മാംസനിബദ്ധം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.