പൂമുഖം സ്മരണാഞ്ജലി കാലം തേടിക്കൊണ്ടിരിക്കുന്ന ഗായകൻ

കാലം തേടിക്കൊണ്ടിരിക്കുന്ന ഗായകൻ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

കുറച്ചു മാസങ്ങൾക്ക് മുമ്പ്, സോണി ടിവിയിലെ ഇന്ത്യൻ ഐഡൾ റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയ സുപ്രസിദ്ധ ഗായിക ആശാ ഭോസ്ലേ സംഗീത ഇതിഹാസം മുഹമ്മദ് റഫിയെ കുറിച്ച് നടത്തിയ പരാമർശങ്ങൾ ഇന്ത്യൻ സംഗീത ലോകത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

1966 ൽ വിജയ് ആനന്ദ് സംവിധാനം ചെയ്ത ഷമ്മി കപൂർ ചിത്രമായ ‘ തീസ് രി മൻസിലിലെ ‘ആർ.ഡി. ബർമ്മൻ ചിട്ടപ്പെടുത്തി റഫി, ആശ ചേർന്ന് പാടിയ ‘ആജാ , ആജാ ‘എന്ന ഗാനത്തെ ചൊല്ലിയായിരുന്നു, ആശാ ഭോസ്ലേയുടെ വിവാദ പരാമർശം. താൻ ഹൃദയത്തിൽ നിന്നും പാടിയപ്പോൾ റഫി നാവിൻ തുമ്പിൽ നിന്നായിരുന്നു പാടിയതെന്നതായിരുന്നു അവരുടെ വാദം. സമുന്നതയായ ഒരു കലാകാരിയിൽ നിന്നും ഒട്ടും പ്രതീക്ഷി ക്കാത്ത ഈ വില കുറഞ്ഞ പരാമർശം ഏറെ ഞെട്ടലോടെയാണ് സംഗീതാസ്വാദകർ കേട്ടത്. അടുത്ത ദിവസം തൊട്ട് ഇതിനെതിരെ റഫി ഫൌണ്ടേഷൻ പ്രസിഡണ്ട് ബിനു നായർ ഉൾപ്പെടെ ഇന്ത്യൻ സംഗീത ലോകത്ത് പ്രശസ്തരായ നിരവധി പേർ രംഗത്തെത്തിയിരുന്നു. ആശാ ഭോസ്ലേ ഇതിനു മുമ്പും പല വേളകളിലായി റഫിക്കെതിരെ ഇത്തരത്തിലുള്ള ഒളിയമ്പുകൾ നടത്തിയതിനാൽ സംഗീതലോകം അവരുടെ വാക്കുകളെ തെല്ലും ഗൗനിച്ചിരുന്നില്ല.

മുമ്പൊരിക്കൽ ആശാ റഫിക്കെതിരെ ആരോപിച്ചതും ഇതേ രീതിയിലായിരുന്നു. 1964 ൽ പുറത്തിറങ്ങിയ ‘കാശ്മീർ കി കലി’ എന്ന ചിത്രത്തിന് വേണ്ടി ഒ.പി. നയ്യാർ സംഗീത സംവിധാനം നിർവ്വഹിച്ച്‌ റഫി, ആശ കൂട്ടുകെട്ടിൽ പിറന്ന’ മേരി ജാൻ ബല്ലേ , ബല്ലേ’ എന്ന ഗാനത്തിൽ റഫിയുടെ ആലാപനത്തേക്കാൾ മനോഹരമായി ഞാനാണ് ആലപിച്ചതെന്ന അവകാശവാദമായിരുന്നു അന്ന് നടത്തിയത്.

ഈ രണ്ട് ഗാനങ്ങളും സംഗീത പ്രേമികൾ ആസ്വദിച്ചത് റഫി,ആശ ആലാപന വ്യത്യാസമില്ലാതെയാണ്. റഫി പാടുന്നത് ഷമ്മി കപൂറിന്റെ ശാരീരിക ഭാഷക്കനു സരിച്ചുള്ള ശബ്ദ വ്യതിയാനം വരുത്തിയാണെന്ന തിരിച്ചറിവ് ആശയ്ക്കില്ലാതെ പോയതിൽ അതിശയോക്തിക്ക് വകയില്ല. കാരണം പലപ്പോഴായി ആശയിൽ നിന്നും ലതയിൽ നിന്നും ഇത്തരം പ്രയോഗങ്ങൾ പതിവായിരുന്നെന്ന് സംഗീത ലോകം കരുതുന്നു.

ഈ ഗാനങ്ങൾ കേട്ടാൽ അറിയാം എത്ര മനോഹരമായാണ് റഫി ഈ ഗാനത്തോട് നീതി പുലർത്തിയതെന്ന്.മാത്രമല്ല, ഈ രണ്ട് ഗാനങ്ങളിലും ആശയ്ക്കുള്ള പ്രസക്തി എന്താണെന്ന് കൂടി തെളിയി ക്കുന്നു. ഇന്ത്യൻ സംഗീതത്തിൽ എത്രയെത്ര മഹാരഥന്മാരായ ഗായികാ ഗായകർ പിറവിയെടുത്തിട്ടുണ്ട്. അവരാരും തന്നെ ഒരാൾ മറ്റൊരാളേക്കാൾ മികച്ചതായിരുന്നെന്ന അവകാശ വാദം നാളിത് വരെ ഉന്ന യിച്ചിട്ടില്ല. അതും പിന്നണി ഗായകരുടേയെല്ലാം മാനസ ഗുരുവാണ് മുഹമ്മദ് റഫിയെന്ന് സംഗീത ലോകം വാഴ്ത്തപ്പെടുന്ന ഒരു മഹാഗായകനെ കുറിച്ചുള്ള ഈ ഔചിത്യബോധമില്ലാത്ത പരാമർശം ആശാ ഭോസ്ലേയെ സ്നേഹിക്കുകയും, ആദരിക്കുകയും ചെയ്യുന്ന സംഗീത പ്രേമികളുടെ ഹൃദയത്തെപോലും മുറിവേൽപ്പിക്കുന്നതായിരുന്നു.

അൽപ്പം ഒന്ന് പിറകോട്ട് പോകുന്നത് നന്നായിരിക്കും. ഒ.പി. നയ്യാർ എന്ന സംഗീതജ്ഞൻ ഇല്ലായിരുന്നെങ്കിൽ ആശയെന്ന ഗായികയുടെ പേര് പോലും ഹിന്ദി സംഗീതത്തിൽ ഉണ്ടാകുമായിരുന്നില്ല. 1952 ൽ നിർമ്മിച്ച ‘ആസ്മാൻ’ എന്ന ചിത്രത്തിന് വേണ്ടി ഒ.പി. ലത കൂട്ടു കെട്ടിൽ ആദ്യമായി ഒരു ഗാനം പറഞ്ഞുറപ്പിച്ചിരുന്നു. ഈ ഗാനത്തിന്റെ റിഹേഴ്സൽ ദിവസങ്ങളോളം ലത കാരണം മാറ്റിവെക്കേണ്ടി വന്നത് ഒ.പി.യെ ഏറെ ചൊടിപ്പിക്കുകയുണ്ടായി. ഇതിനെ തുടർന്ന് ഇനിയൊരിക്കലും ലതയെ കൊണ്ട് താൻ പാടിപ്പി ക്കില്ലയെന്ന് ഒ.പി. ശപഥം ചെയ്യുകയും, ലതക്ക് പകരമായി ഒ.പി. സംഗീത ലോകത്ത് അന്ന് ഒന്നുമല്ലാതിരുന്ന ആശയെ തെരെഞ്ഞെടുക്കുകയുമായിരുന്നു. പിന്നീട് ഒ.പി. ആശാ ബന്ധം അവരുടെ സംഗീതത്തിലും , ജീവിതത്തിലും ഒരു പോലെ വളർന്നു പന്തലിച്ചു. ഈ വളർച്ച യുടെ ഉപഭോക്താവ് തികച്ചും ആശയായിരുന്നു. 1973 ൽ ഈ ബന്ധം നിലച്ചതോടെ ഒ.പി. ക്രമേണ സംഗീത ലോകത്ത് നിന്നും പിറകോട്ട് പോവുകയുണ്ടായി.

ലതക്ക് ശേഷം റഫി ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചത് ആശക്കൊപ്പമാണ്. 950 ൽ പരം ഗാനങ്ങൾ . അതിലധികവും ഒ.പി.യുടെ സംഗീത സംവിധാനത്തിലായിരുന്നു. ഒരാളുടെ മുമ്പിലും തലകുനിക്കാതിരുന്ന പ്രകൃതക്കാരനായ ഒ.പി. റഫിയെ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു.
“മുഹമ്മദ് റഫി ഇല്ലായിരുന്നെങ്കിൽ ഒ.പി. എന്ന സംഗീതജ്ഞൻ ഉണ്ടാകുമായിരുന്നില്ല”.

ഇന്ത്യൻ സംഗീതത്തിന്റെ സുവർണ്ണ കാലഘട്ടമായ അമ്പത് മുതൽ എൺപത് വരെയുള്ള കാലങ്ങളിൽ ഉയർന്നുവന്ന സംഗീത സംവിധായകരുടെ ഗാനങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ അറിയാം മുഹമ്മദ് റഫി യുടെ ശബ്ദം അവർക്ക് നേടിക്കൊടുത്ത സംഗീത പരിവേഷം എത്രയായിരുന്നെന്ന് .റഫിയുടെ കരിയറിൽ മങ്കേഷ്കർ കുടുംബവുമായുള്ള സംഗീത ബന്ധം ചെറുതല്ല. ലത, ആശ, ഉഷ, സഹോദരിമാർ ഏറ്റവും കൂടുതൽ യുഗ്മഗാനങ്ങൾ ആലപിച്ചത് റഫിക്കൊപ്പ മാണ്. ആശയുടെ മകൾ വർഷ ഭോസ്ലേയും റഫി ക്കൊപ്പം പാടിയിട്ടുണ്ട്. സഹോദരൻ ഹൃദയനാഥ് മങ്കേഷ്കർ റഫി ഗാനങ്ങൾക്ക് സംഗീത സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്.

1963 ൽ റോയലിറ്റി വിഷയത്തിൽ റഫി, ലത കൂട്ടുകെട്ട് പിരിഞ്ഞപ്പോൾ ഇന്ത്യൻ സംഗീതത്തിന് നഷ്ടമായത് നാല് വർഷക്കാലത്തെ മെലഡികളുടെ പൂക്കാലമായിരുന്നു. എസ്.ഡി. ബർമ്മന്റെ പ്രേരണയിലായിരുന്നു ഇവർ വീണ്ടും 1967 ൽ ഒന്നിച്ചത്. റഫിയെ സംബന്ധി ച്ചിടത്തോളം ഈ കാലങ്ങളിൽ ഒട്ടേറെ സോളോ ഹിറ്റു കൾക്ക് ജന്മം നൽകാൻ സാധിച്ചു. അതോടൊപ്പം ശാരദ, സുമൺ കല്യാൺപൂർ തുടങ്ങിയ ഗായിക നിരകൾക്ക് മുന്നേറാനും കഴിഞ്ഞു. ലതയെ സംബന്ധിച്ചിട ത്തോളം ഈ കാലത്ത് ഏറെ ശ്രദ്ധ നേടിയ യുഗ്മ ഗാനങ്ങൾ സൃഷ്ടിക്കാനായില്ലെന്ന് മാത്രമല്ല, പുതിയ ഗായക മുന്നേറ്റം ഉണ്ടായതുമില്ല. ലത- റഫി കൂട്ട്കെട്ട് വീണ്ടും ഒന്നിച്ചപ്പോൾ നൂറ് കണക്കിന് ഗാനങ്ങൾ പിൽക്കാലത്ത് പറവിയെടുത്തു.

1980 ൽ റഫിയുടെ വിയോഗത്തിൽ മനം നൊന്ത് ലത പറഞ്ഞത് സംഗീതത്തിന്റെ ഒരു യുഗം അവസാനിച്ചു വെന്നാണ്. എന്നാൽ 2016 ൽ ലത പുതിയൊരു വിവാദം തൊടുത്തു വിട്ടു. റഫി സാഹിബ് ക്ഷമാപണക്കു റിപ്പെഴുതിയതിനാലായിരുന്നു ഞങ്ങൾ വീണ്ടും അന്ന് ഒന്നിച്ചെതെന്നായിരുന്നു അത്. ഈ പരാമർശത്തിനെതിരെ സംഗീത ലോകം ഒന്നായി പ്രതികരിക്കു കയുണ്ടായി. റഫിയുടെ മകൻ ഷാഹിദ് റഫി പ്രസ്തുത കുറിപ്പ് പൊതു സമക്ഷത്തിൽ കൊണ്ട് വരാൻ ലതയോട് ആവശ്യപ്പെടുകയും, അല്ലാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നു പ്രതികരിക്കുകയും ചെയ്തിരുന്നു.

അറുപതുകളിൽ മുഹമ്മദ് റഫിക്ക് ഹിന്ദി ഫിലിം ഇൻഡസ്ട്രിയിൽ നിന്നും ഏറെ വെല്ലുവിളികൾ ഉണ്ടായത് പ്രമുഖ നിർമ്മാതാവും സംവിധായകനുമായ ബി.ആർ. ചോപ്രയിൽ നിന്നുമായിരുന്നു. ബി. ആറിന് ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്ന സ്വാധീനം അത്രയ്ക്കും വലുതായിരുന്നു. റഫിയുടെ ഗാനങ്ങൾ ഇന്ത്യൻ സംഗീതത്തിൽ അലയടിക്കുന്ന കാലം. സിനിമാ ലോകം ബി.ആറിന്റെ ആജ്ഞ ശിരസ്സാവഹിക്കുന്ന സമയം. ബി.ആർ. റഫിയെ വിളിച്ച് പറഞ്ഞു. ഇനി മുതൽ റഫി ബി.ആർ പ്രൊഡക്ഷൻസിന് വേണ്ടി മാത്രമേ പാടുകയുള്ളൂ. ഇത് കേട്ട മാത്രയിൽ തന്നെ റഫി പ്രതികരിച്ചു. ഞാൻ ഇൻഡസ്ട്രിയുടെ ഭാഗമായി രിക്കെ, ആര് ആവശ്യപ്പെട്ടാലും അവർക്ക് വേണ്ടി പാടുന്നതായിരിക്കും. റഫിയിൽ നിന്നും വന്ന ഈ പ്രതികരണം ബി ആറിനെ ഏറെ ചൊടിപ്പിച്ചു. അദ്ദേഹം പറഞ്ഞു. റഫി ഇൻഡസ്ട്രിയിൽ ഒന്നുമല്ല. മറ്റൊരു റഫിയെ ഞാൻ പ്രതിഷ്ഠിക്കും. അദ്ദേഹം ആഞ്ഞടിച്ചു. പകരക്കാരനായി സംഗീതജ്ഞൻ രവിയിലൂടെ മഹേന്ദ്ര കപൂറിനെ കൊണ്ടുവന്നു. ഗും നാം, ഹം റാസ് തുടങ്ങിയ ചിത്രങ്ങളിൽ മഹേന്ദ്ര കപൂർ പാടി ത്തകർത്തു. ഗാനങ്ങൾ ഒന്നിനൊന്ന് ഹിറ്റ് .

വർഷങ്ങൾക്ക് ശേഷം ബി.ആർ ബാനറിൽ നിർമ്മി ക്കുന്ന ‘വക്ത് ‘എന്ന ചിത്രത്തിന്റെ സംഗീത റിഹേഴ്സൽ . ടൈറ്റിൽ സോംഗ് ആര് പാടും ? രവി ബി.ആറി നോട് ചോദിച്ചു. സാഹിറിന്റെ വരികൾക്ക് അർത്ഥം നൽകാൻ ഒരു ശബ്ദം മാത്രമേയുള്ളു. അത് ,മുഹമ്മദ് റഫി മാത്രമാണ്. രവി പറഞ്ഞു. ബി.ആറിന് ഒന്നും ആലോചിക്കാനായില്ല. അദ്ദേഹം കുറ്റസമ്മതത്തോടെ പതിഞ്ഞ സ്വരത്തിൽ റഫിയെ വിളിച്ചു.
വക്ത് കേ ദിന് ഔറ് രാത് ..റഫി പാടി .ചിത്രത്തിന്റെ ആകെത്തുക ഈ പാട്ടിൽ നിറഞ്ഞു നിന്നു . പിന്നീട് ഒട്ടേറെ ഗാനങ്ങൾ ബി.ആറിന് വേണ്ടി റഫി പാടി .
ഇതും ഒരു കഥ .

റഫിയൻ സംഗീത ഗാഥ അമ്പരപ്പിക്കുന്ന തായിരുന്നു. അടിച്ചമർത്തലുകളിൽ നിന്നും, മാറ്റി നിർത്തലുകളിൽ നിന്നും ഉയിർ കൊണ്ട ദിവ്യ ശബ്ദമായിരുന്നു റഫിയു ടേത്. അത് കൊണ്ടാണ് അദ്ദേഹം വിട പറഞ്ഞ് 42 വർഷങ്ങൾക്ക് ശേഷവും ജീവിച്ചിരുന്ന റഫിയെ പോലെ തന്നെ അദ്ദേഹത്തെ സംഗീത ലോകം ഇന്നും മനസ്സിലേറ്റുന്നത്.

അദ്ദേഹം ഒരിക്കൽ പാടി,

മുഛ് കോ മേരെ ബാദ്
സമാനാ ഡൂണ്ടേഗാ …

(എന്റെ കാലശേഷം,
കാലം എന്നെ അന്വേഷിച്ച് കൊണ്ടേയിരിക്കും )

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like