പൂമുഖം LITERATUREകഥ സർറിയലിസം

സർറിയലിസം

ഫൈൻ ആർട്‌സ് കോളേജിലെ അവളുടെ ഗവേഷണവിഷയം, ” സർറിയലിസ്റ്റ് ചിത്രകാരന്റെ മനസ്സ് ” എന്നതാണ്.

ബിനാലെയിലെ അതിശയക്കാഴ്ച്ചകൾക്കിടയിൽ, ഒരു അനാഥാത്മാവിനെപ്പോലെ ഒറ്റയ്ക്കലയുമ്പോൾ, തന്റെ ഗവേഷണ വിഷയത്തിൽ ഉടനടി ഒരുക്കേണ്ട ഹൈപ്പോതിസിസിനെ കുറിച്ചായിരുന്നു അവളുടെ ചിന്ത.

താൻ പാടുപെട്ട് ശേഖരിച്ച സ്റ്റഡിമെറ്റീരിയലുകളുടെ സൂക്ഷ്മ വായനയാണ് കഴിഞ്ഞ ഒരു മാസമായി നടക്കുന്നത്.

ബിനാലെക്കുള്ളിലെ തിരക്കിലും സർറിയലിസത്തിന്റെ വൈശിഷ്ട്യങ്ങളായിരുന്നു അവൾ ആവർത്തിച്ച് ഓർത്തിരുന്നത്.

അത് ഇത്തരത്തിൽ ആയിരുന്നു. ചിത്രകാരൻ സ്വപ്നാടകനായി മാറുമ്പോൾ, താൻ പോലും അറിയാതെ, ഉപബോധമനസ്സിൽ ഒളിഞ്ഞിരിക്കുന്ന സിമ്പലുകൾ ക്യാൻവാസിൽ നിശിതവും, സംഭ്രമാത്മകവുമായ വിശ്വരൂപം ആർജ്ജിച്ച് കാണികളുടെ മനസ്സിൽ, ശക്തമായ ആശയാവിഷ്ക്കാരത്തിന്റെ ലാവാപ്രവാഹം ഒരുക്കുന്നു. അവിടെയാണ് ഒരു സർറിയലിസ്റ്റിക് ചിത്രത്തിന്റെ ഉദയം.

സർറിയലിസം ഇരുപതാം നൂറ്റാണ്ടിന്റെ സംഭാവനയാണ്.ചിത്രകലയിൽ എന്ന പോലെ നോവൽ, ചെറുകഥ, സിനിമ, കവിത,നാടകങ്ങൾ എന്നിവയിലെല്ലാം സർറിയലിസ്റ്റിക് സൃഷ്ടികളുടെ കുത്തൊഴുക്കുണ്ടായി.

ഒരു കലാ /സാഹിത്യ സൃഷ്ടിയിൽ നിരവധി സൃഷ്ടികളുടെ ചിന്താ മണ്ഡലങ്ങൾ സ്വരുക്കൂട്ടുകയും, അതിനെ ആസ്വാദകന്റെ ഭാവനക്കായി തുറന്നുവിടുകയും ചെയ്യുന്ന, കുപ്പിയിലൊളിപ്പിച്ച ഭൂതങ്ങളായിരുന്നു ഓരോ സർറിയലിസ്റ്റിക് സൃഷ്ടിയും.

ഒരു സർറിയലിസ്റ്റ് ചിത്രകാരനെ വ്യക്തിനിഷ്ഠമായി വിലയിരുത്തിയാൽ അയാൾ പോലും അറിയാതെയാണ്, അയാളുടെ ഉപബോധമനസ്സിലെ താത്പര്യങ്ങളുടെ കലാത്മകമായ അന്വേഷണവും, സൃഷ്ടിപരമായ ബഹിർഗമനവും എന്ന് കാണാനാകും.

അതായത്, ഒരു സർറിയലിസ്റ്റ് ചിത്രകാരന്റെ സൃഷ്ടിയെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അയാൾക്കുപോലും അജ്ഞാതമായ അയാളുടെ മനോവിശകലനം സാധിക്കും.

താൻ വായിച്ച കാര്യങ്ങൾ ഓരോന്നായി അയവിറക്കിക്കൊണ്ട്, ബിനാലെയിലെ ടീ ഷോപ്പിൽ നിന്നും, കായൽക്കാറ്റേറ്റ് ചായ കുടിക്കുമ്പോൾ, അവൾ തന്റെ എതിർ വശത്തെ കസേരയിൽ ഇരുന്ന് പത്രം വായിക്കുന്ന ഒരു മധ്യവയസ്കനെ കണ്ടു. അയാളുടെ താടിയും, ജുബ്ബയും തോൾ സഞ്ചിയും അയാൾ ഒരു ചിത്രകാരനാണെന്ന കാര്യം വിളിച്ചറിയിച്ചു. അയാളുടെ വായനക്കിടയിൽ പത്രത്തിന്റെ ഫീച്ചർ പേജ് കായൽകാറ്റിൽ പട്ടം പോലെ പറന്നുവന്ന് അവളുടെ മുന്നിൽ വീണു. പേപ്പർ എടുത്തയാൾക്ക്‌ തിരികെ കൊടുക്കുന്നതിന് മുൻപേ തന്റെ മുന്നിലിരിക്കുന്ന വ്യക്തിയുടെ ചിരിക്കുന്ന മുഖം അതിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് അവൾ കാണാനിടയായി.

ബിനാലെയിലെ മറ്റൊരു അതിശയക്കാഴ്ച്ച എന്നതുപോലെ ആ വാർത്തയിൽ കണ്ണോടിച്ച അവൾ അയാളെ തിരിച്ചറിഞ്ഞു.

രാജ്യത്ത്‌ ഇന്ന് ജീവിച്ചിരിക്കുന്ന സർറിയലിസ്റ്റ് ചിത്രകാരന്മാരിൽ പ്രധാനിയാണ് അദ്ദേഹം.

നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

ഫോട്ടോക്ക് കീഴിലെ വാർത്ത ഒരൊറ്റ ശ്വാസത്തിൽ വായിച്ചുതീർത്തപ്പോൾ, അവൾ തന്റെ ഗവേഷണവിഷയത്തിന് വേണ്ട അമൂല്യ സ്രോതസ്സിനെ മുന്നിൽ തന്നെ കിട്ടിയ സന്തോഷത്തിൽ ആയി.

അവൾ സ്വയം പരിചയപ്പെടുത്തി; അയാൾ അവളോട് വാചാലനായി. അയാൾ പറഞ്ഞു, “ശാസ്ത്രീയ വീക്ഷണത്തിന്റെ ചട്ടപ്പടി രീതികളിൽ നിന്നും, വൈകാരികതയിലേക്കുള്ള വിപ്ലവാത്മകമായ ചുവടുമാറ്റം ചിത്രകാരന്റെ മനസ്സിൽ അയാൾ പോലും അറിയാതെ അടക്കം ചെയ്തിരിക്കുന്ന പലതിന്റെയും കുത്തൊഴുക്കായി മാറാം. ഇത്‌ ഒരു കാൻവാസിന് ആയിരം നാവുകൾ ഒരുക്കുന്ന മാജിക്കൽ റിസൽറ്റിന് കാരണമാകും. ഇത്തരത്തിൽ, പ്രതിഭയുടെ ഒരു ബഹിർഗമനത്തിനായി തന്റെ മനസ്സിന്റെ ഊടുവഴികളിൽ ഒരു ചിത്രകാരൻ മുൻ വിധിയില്ലാത്ത ഒരു സ്വപ്നാടകനാകണം.”

സിഗരറ്റിന്റെ അറ്റം കുത്തിക്കെടുത്തി അയാൾ ഉറക്കെ ചിരിച്ചു.

തന്റെ ഒരു ഡസനോളം കാൻവാസുകളുടെ പ്രദർശനം സിറ്റിയിലെ ആർട്ട് ഗാലറിയിൽ നടക്കുന്നുണ്ടെന്നും, അത്‌ കാണാൻ അവൾ വരണമെന്നും ക്ഷണിച്ചുകൊണ്ട് അയാൾ എഴുന്നേറ്റ് പുറംതിരിഞ്ഞുനടന്നു.

ഹോസ്റ്റലിൽ തിരിച്ചെത്തിയപ്പോൾ നേരം വൈകിയിരുന്നു. ടേബിൾ ലാമ്പിന്റെ വെളിച്ചത്തിൽ അവൾ അന്ന് നടന്ന സംഭവങ്ങൾ ഡയറിയിൽ പകർത്തി. പിന്നീട്, സർറിയലിസത്തെക്കുറിച്ചുള്ള തന്റെ വായനയിൽ മുഴുകി. ഫ്രഞ്ചുകവി, ആൻട്രി ബ്രട്ടന്റെ ‘സർ റിയലിസ്റ്റ് മാനിഫെസ്റ്റോ’യും, ജോർജിയോ ഡി ഷിറിക്കോവിന്റെ മൂടുപടമണിഞ്ഞ തെരുവുകളുടെ ചിത്രങ്ങളും അവൾ ഇന്റർ നെറ്റിൽ നിന്നും പരതിയെടുത്തു.

പിറ്റേന്ന് രാവിലെ, സിറ്റിയുടെ ഹൃദയ ഭാഗത്തുള്ള ആർട്ട് ഗാലറിയിൽ അവൾ എത്തി. അയാൾ അവളെ പ്രതീക്ഷിച്ചെന്നവണ്ണം, ആർട്ട് ഗാലറിയുടെ വാതയാനത്തിൽ തന്നെ നിലയുറപ്പിച്ചിരുന്നു.

വലിയ ഹോളിന്റെ ചുമരുകളിലെ സുവർണ്ണ വെളിച്ചത്തിന് കീഴിൽ കൃത്യമായ അകലങ്ങളിൽ കാൻവാസുകൾ വിന്യസിച്ചിരുന്നു. ഓരോ ചിത്രങ്ങളും വർണ്ണങ്ങളുടെ ചേരുവയിൽ ഒന്നിനൊന്നു വ്യത്യസ്തം. നിറക്കൂട്ടുകളിൽ ഒളി വിതറുന്ന ലാസ്യഭാവം. സംഭ്രമ ജനകങ്ങളായ സിമ്പലുകൾ ചിത്രകാരന്റെ ഉപബോധ മനസ്സിന്റെ ബഹിർസ്ഫുരണങ്ങൾ തന്നെ.

നഗ്നതയുടെ പല ആങ്കിളുകളിൽ നിന്നുമുള്ള രൂപകൽപന. ചിതറിത്തെറിക്കുന്ന ചോരയും, വകവരുത്തുവാനുള്ള ആയുധങ്ങളും. കുഴൽ വലിച്ചുകൊണ്ടിരിക്കുന്ന വൃദ്ധ രൂപം. ജനലുവഴി പറന്നകലുന്ന പുസ്തകത്താളുകൾ, കാറ്റിലുലയുന്ന തെങ്ങുകൾ, ഭയന്നോടുന്ന പട്ടികൾ, പറന്നകലുന്ന കാക്കകൾ, ആഞ്ഞടിക്കുന്ന കടലും, ആകാശം നിറയെ കാർമേഘവും.

ഇത്തരം രൂപ കല്പനകൾ മിക്കവാറും എല്ലാ കാൻവാസിലും വിവിധ ചെരുവകളിൽ കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന നിറങ്ങളുടെ മാന്ത്രികതയോടെ സന്നിവേശിപ്പിച്ചിരിക്കുന്നു.

ചിത്രകാരന്റെ ഉപബോധ മനസ്സിലെ ഇരുണ്ട വഴികളിൽ കൂടി അവളിലെ ഗവേഷക സധൈര്യം മുന്നേറി. ഓരോ കാൻവാസിന് മുൻപിലും അവൾ കണ്ണിമ വെട്ടാതെ ധ്യാന നിരതയെപ്പോലെ ദീർഘ നേരം ചിന്തിച്ചുനിന്നു. അവയിൽ സ്ത്രൈണ സൗന്ദര്യത്തെ അടിമപ്പെടുത്തുവാനുള്ള പൈശാചിക അഭിവാഞ്ചയുടെ നിദർശനങ്ങൾ അവൾ ദർശിച്ചു. വർണാഭമായ കാൻവാസുകളിൽ നിന്നും ഉയരുന്ന തേങ്ങലുകൾ ഒരു സ്ത്രീയുടെ ദാരുണമായ അന്ത്യം വിളിച്ചോതി.

ആർട്ട് ഗാലറിയുടെ പുസ്തകത്തിൽ ഒപ്പും, വിലാസവും, എഴുതുമ്പോൾ പുറകിൽ നിന്നും ചിത്രകാരൻ അവളോട് ആരാഞ്ഞു, “എങ്ങിനെയുണ്ട് എന്റെ സർ റിയലിസ്റ്റിക് ചിത്രങ്ങൾ?”

അയാളുടെ കണ്ണുകളിൽ ചുഴിഞ്ഞു നോക്കിക്കൊണ്ട് ഒരു സർറിയലിസ്റ്റ് ശൈലിയിൽ അവൾ മൊഴിഞ്ഞു, “സാറിൻ്റെ ബ്രഷ് മൂർച്ഛയുള്ളത് തന്നെ. കാൻവാസിൽ നിന്നുയരുന്ന രോദനം ഏതോ ഒരു സഹോദരിയുടേതാണ്. കൊലപാതകത്തിന് ഉത്തരവാദി സാറല്ലെ?

വര: വർഷ മേനോൻ

അവളുടെ ചോദ്യത്തിൻ്റെ പ്രകമ്പനങ്ങൾ അയാളുടെ മനസ്സിൽ ആയിരം പെരുമ്പറകൾ ഒരുമിച്ച് മുഴക്കി. സ്തബ്ധനായി, ഒന്നും ഉരിയാടാൻ ആകാതെ തൂവാല കൊണ്ട് നെറ്റിയിലെ വിയർപ്പ് തുടച്ച് അയാൾ തിരിഞ്ഞ് നടന്നു.

ചില സത്യാന്വേഷണങ്ങൾക്ക് ഒരിക്കലും ഉത്തരം ഉണ്ടാകാറില്ലല്ലോ!

കവർ: സി പി ജോൺസൻ

Comments

You may also like