പൂമുഖം LITERATUREകവിത ജിഗ്സോ പസിൽ

ജിഗ്സോ പസിൽ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

മകന്റെ ലാപ്പിലാണ്
ജിഗ്സോ കളിക്കാൻ പഠിച്ചത്
ചത്തുമലർന്ന
പക്ഷി പോലെയും
അരിഞ്ഞിട്ട മൂക്കും കാതും പോലെയും കിടക്കുന്ന
കഷണങ്ങളെ
വിരുതൻ ചുണ്ടെലി
ചൂണ്ടിച്ചേർക്കുമ്പോൾ
ക്ലിം ക്ലിം ഓശയോടെ ചേർന്ന്
സർവ്വം ശുഭപര്യവസായിയാകുന്ന
ആ പുളകം
ചില്ലറയൊന്നുമായിരുന്നില്ല

പിന്നെപ്പിന്നെ
വിർച്വൽ ജിഗ്സോ വെറുത്തു .
അവയവപ്പൊരുത്തത്തോടെ
ചിരിച്ചു പൂത്തു നിന്ന പടങ്ങൾ
മാസികക്കടലാസുകളിൽ നിന്ന്
കത്രികയുടെ ക്രൂരക്ലിതമോടെ മുറിച്ചുമാറ്റി
പശവച്ച് ഒട്ടിച്ചുചേർക്കലായി
വിനോദം.
എത്ര ഒട്ടിച്ചു ചേർത്തിട്ടും
പറ്റിപ്പ് മറയ്ക്കാനായില്ല എന്നത് ദുര്യോഗം.

പടത്തുണ്ടുകളുടെ
വക്കും മൂലയും എറിച്ചും
അങ്ങോട്ടുമിങ്ങോട്ടും
കയറിയുമിറങ്ങിയും
വല്ലാതെ നീരസപ്പെട്ടും
എന്നാലും
‘ഞങ്ങളൊക്കെ ഒരുപടാർന്ന് ‘
എന്നു വീരസ്യമടിച്ചും
അങ്ങനെയങ്ങനെ…..

ഏച്ചുകെട്ടിയാൽ
മൊഴച്ചിരിക്കും അച്ചായാ
എന്ന് പിണങ്ങിപ്പോയവളും പറഞ്ഞു.
അമേരിക്കേലെ അവന്റെയോ
അവണൂരെ അവളുടെയോ
കാര്യമാണെങ്കിൽ
മിണ്ടുകയും വേണ്ടാ.
ആണ്ടേറെയായി
ഒട്ടാതെയും
ഒട്ടും വിളിക്കാതെയും.

Comments
Print Friendly, PDF & Email

എത്യോപിയയിൽ മുമ്പ് അദ്ധ്യാപനം. മണർകാട് സെയിന്റ് മേരീസ് കോളജിലെ മലയാളവിഭാഗത്തിൽ മുൻ അദ്ധ്യാപകൻ.

You may also like