ദൂരഭാഷിണി പോലും വിരളമായ ഒരു പ്രാക്തനകാലത്താണ് (1981) എന്റെ ആദ്യത്തെ കഥ – മടങ്ങിപ്പോകുന്നവർ – മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നമ്പൂതിരി വരകളുമായി വന്നത്. മാതൃഭൂമിയുടെ ബാലപംക്തിയിലും നവതരംഗത്തിലുമൊക്കെ വല്ലപ്പോഴും അതിനുമുമ്പൊക്കെ എഴുതിയിരുന്ന എനിക്ക് ഒരിക്കലും എഴുത്തൊരു തപസ്യയായിട്ടൊന്നും എടുക്കാൻ കഴിഞ്ഞിരുന്നില്ല. ടെലിവിഷൻ പോലും ആർഭാടമായി രംഗപ്രവേശം തുടങ്ങാത്ത കാലത്ത് വായന മാത്രമേ ചിലവുകുറഞ്ഞൊരു ഉല്ലാസപ്രവൃത്തിയായി ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളു. നമ്പൂതിരിച്ചിത്രത്തിനുടമയായ കഥാകൃത്തെന്ന കൂട്ടുകാരുടെ വിശേഷണം ലേശം അഹങ്കാരമൊക്കെ അന്നുണ്ടാക്കിയിരുന്നു. പഠനം കഴിഞ്ഞു ജോലിയിലേയ്ക്ക് പ്രവേശിച്ചകാലം. അഹങ്കരിക്കാൻ അധികമൊന്നും വേണ്ടല്ലോ അക്കാലത്ത്.
അവധിക്ക് നാട്ടിലെത്തിയ എന്നെ ബാങ്കിൽവച്ച് മറ്റൊരു കഥാകൃത്തായ ഇന്ദുചൂഡൻ കിഴക്കേടം സഹപ്രവർത്തകയ്ക്ക് പരിചയപ്പെടുത്തി : ഇതാണ് നിങ്ങൾക്കിഷ്ടപ്പെട്ട കഥ എഴുതിയ ആൾ.
ആ പെൺകുട്ടി പറഞ്ഞു : സന്തോഷം, പരിചയപ്പെട്ടതിൽ. ആ കഥയുടെ ചിത്രത്തിലെ നായകന്റെ മുഖമായിരുന്നു ഞാൻ നിങ്ങൾക്കായി സങ്കല്പിച്ചിരുന്നത്!

(കഥാനായകന്റെ മുഖവുമായി എനിക്ക് ഒരു സാദൃശ്യവും ഉണ്ടായിരുന്നില്ല. നേരിൽ പരിചയമുള്ളവരുടെ കഥകളിലൊക്കെ നമ്പൂതിരി അവരെ വരച്ചിരുന്നു, അന്നും. കഥ വന്നിട്ടും ഒത്തിരിക്കാലത്തിനു ശേഷമാണ് എനിക്ക് വരയുടെ തമ്പുരാനെ പരിചയപ്പെടാൻ കഴിഞ്ഞത്)
പ്രിയപ്പെട്ട ചിത്രകാരന് വേദനയോടെ വിട……
കവർ : ജ്യോതിസ് പരവൂർ