പൂമുഖം അനുഭവം മരണത്തിൽ ഒറ്റപ്പെടുന്നവർ

മരണത്തിൽ ഒറ്റപ്പെടുന്നവർ

“അവസാന സമയത്ത് ഒന്നടുത്ത് ഇരുന്ന് കൈ പിടിക്കാനോ മിണ്ടാനോ ആശ്വസിപ്പിക്കാനോ ഒന്നും എനിക്ക് പറ്റിയില്ല, ഇനി ഈ ജന്മത്തിന്റെ ബാക്കി കാലം അതൊരു കുറ്റബോധമായി അങ്ങിനെ എന്റെ കൂടെ” എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് കുറച്ച് വർഷങ്ങൾക്ക് മുമ്പ് അകാലത്തിൽ വിട്ട് പോയ ഭാര്യയെ കുറിച്ചിത്പറഞ്ഞപ്പോൾ ഒന്ന് വ്യക്തമായി, ഞാനും നിങ്ങളും ഒക്കെ പല തരത്തിൽ ഈ കുറ്റബോധത്തിന്റെ അടിമകൾ തന്നെ.

ഐസിയുവിന്റെ വിങ്ങുന്ന തണുപ്പിൽ ഏതൊക്കെയോ യന്ത്രങ്ങളുടെ മുരളിച്ചകൾക്കിടയിൽ ഒരു വിടവാങ്ങൽ, ഉറ്റവരാരും തൊട്ടരികിലില്ലാതെ. എന്നും എത്ര എത്ര മരണങ്ങൾ ഇവ്വിധം അരങ്ങേറുന്നു ! നിസ്സഹായരായ നാം നിശബ്ദം ഇതിനെല്ലാം സാക്ഷിയാകുന്നു.

എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു തൊണ്ണൂറുകാരൻ സോഡിയം കയറ്റാനായി ഐസിയുവിൽ എത്തപ്പെട്ടു. സോഡിയം നില ശരിയായി മുറിയിലേക്ക് മാറ്റാൻ രണ്ടു മണിക്കൂറു മാത്രം അവശേഷിച്ചിരിക്കെയാണ് മകനോട് മൊബൈൽ ഫോണും വാച്ചും ചോദിച്ച് വാശി എടുത്തതും ആ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ ഹൃദയാഘാതത്താൽ മരണപ്പെട്ടതും. അപ്പോൾ അനുഭവപ്പെട്ട ഒരു തരം വിങ്ങൽ ഇന്നും എപ്പോഴും ഞാൻ ഉൾപ്പടെയുള്ള വീട്ടുകാരോടൊപ്പം ഉണ്ട്.

ആ തണുപ്പിൽ പ്രിയപ്പെട്ടവരെ ആരേയും കാണാതെ ബോധാബോധത്തിൽ അദ്ദേഹം വിടവാങ്ങിയപ്പോൾ ഐസിയു വാസം അദ്ദേഹത്തിന് വേണ്ടിയിരുന്നോ എന്ന ചോദ്യം നമ്മെ തുറിച്ച് നോക്കുന്നു.

ഇങ്ങിനെ പലതും കണ്ടും കേട്ടും വല്ലാതെ മരവിച്ച ഒരു മനസ്സുമായി ഇരിക്കുന്ന എന്റെ പരിചിത വലയത്തിലേയ്ക്കാണവർ ഒരു ദിവസം അപ്രതീക്ഷിതമായി വന്ന് കയറിയത്.

തന്റെ സാമീപ്യം എപ്പോഴും കൊതിച്ചിരുന്ന ഭർത്താവിന് ആ ആഗ്രഹം മരണ സമയത്ത് നിറവേറ്റി നൽകാനാവാതെ വിങ്ങുന്നമനസ്സോടെ ജീവിക്കുന്ന ഒരാൾ. ഈ സംഭവം കുറച്ച് വർഷങ്ങൾ മുൻപാണ് നടന്നത്. പക്ഷെ ഇന്നലെ കഴിഞ്ഞ പോലെയാണവരുടെസംസാരം.

സമൂഹത്തിലെ ഉന്നത ശ്രേണിയിൽപ്പെട്ട ഉന്നത യോഗ്യതകളും ഉദ്യോഗവും കൈമുതലായിട്ടുള്ളവൾ. ഭർത്താവിന്റെ ചില പ്രത്യേക ശാരീരികാവസ്ഥകളോട് പൊരുത്തപ്പെട്ടും അദ്ദേഹത്തിന്റെ അതി തീവ്രമായ ശാരീരിക വേദനകളെ ഉൾക്കൊണ്ടും നീങ്ങിയ ജീവിതം.

എപ്പോഴും മരണം കാംക്ഷിക്കുന്ന ഭർത്താവ്, വേദനയുടെ പടുകുഴികൾ താണ്ടി മടുത്തപ്പോൾ മരണത്തിന് പോലും തന്നെ വേണ്ടേ എന്ന് വിലപിക്കുമ്പോൾ ഒരു തലോടലായി കൂടെ നിന്നവൾ. അവരുടെ സാന്നിദ്ധ്യത്തിൽ തന്നെ ഒരു ഡോക്ടറോട് തനിക്ക് മരിക്കാനുള്ള മാർഗ്ഗങ്ങൾ പറഞ്ഞു തരാമോ എന്നു ചോദിക്കുന്നത് കേട്ട് ചൂളാതെ, കണ്ണ് കലങ്ങാതെ തല കുലുക്കിയ സ്ത്രീ.

ശാസ്ത്ര ഗവേഷണ ജോലിയിലെ ഉയർച്ചകളോടൊപ്പം അതീവ സംയമനത്തോടെ തന്നെ ഭർത്താവിന്റെ വേദനയിൽ ആശ്വസിപ്പിച്ചുകൊണ്ടവർ ഉറച്ച് നിന്നു; ഏതോ ചില അസ്വഭാവിക മാനസിക പ്രശ്നങ്ങളാവാം ശാരീരിക വേദനകൾക്ക് നിദാനം എന്ന തിരിച്ചറിവ് ഭർത്താവ് സ്വീകരിക്കാൻ വിമുഖത കാട്ടിയിട്ടും മുഖം കറുപ്പിക്കാതെ, താങ്ങായും തണലായും.

ഭക്തിയുടെ പാരമ്യതയിൽ ഇഷ്ടദേവിയോട് മരണം യാചിച്ച ഭർത്താവിനെ ചേർത്ത് നിറുത്താനെ അവർക്ക് കഴിയുമായിരുന്നുള്ളു കാരണം കോളേജ് കാലത്തെ അന്യ മതസ്ഥരുടെ പ്രണയത്തെ ഏവരും എതിർത്തപ്പോഴും ധൈര്യത്തൊടെ ഒന്നായി ചേർന്നവരാണവർ.

ഭാര്യയെ പിരിയുന്ന വേദനയും അവർ ഒറ്റക്കാവുമെന്ന യാഥാർത്ഥ്യവും മനസ്സിലുണ്ടെങ്കിലും തന്റെ വേദനകൾ പോകപ്പോകെ അവൾക്കൊരു ഭാരമാകുമെന്ന ഭയമാകാം അദ്ദേഹത്തെ മരണദേവതയെ ഉപാസിക്കാൻ ധൈര്യപ്പെടുത്തിയതെന്നവർകരുതുന്നു. പല വർഷങ്ങൾക്ക് ശേഷം ഇന്നും.

എന്തായാലും അദ്ദേഹത്തിന്റെ ആശ പോലെ ഹൃദയാഘാത രൂപത്തിൽ മരണദേവത കടന്ന് വന്നപ്പോൾ സധൈര്യം ഒറ്റക്ക് ഒരുപാതിരാത്രിയിൽ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുമ്പോൾ തന്റെ പ്രിയനെ മരണത്തിന് വിട്ട് കൊടുക്കില്ല എന്നവാശിയായിരുന്നു ആ മനസ്സിൽ. പക്ഷേ, തൊണ്ണൂറു ശതമാനം വൈകല്യം സംഭവിച്ച ഹൃദയത്തെ രക്ഷിക്കാൻആൻജിയോപ്ലാസ്റ്റി ബുദ്ധിമുട്ടെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് പതറാതെ അടുത്ത ആശുപത്രിയിലേക്ക് മാറ്റുമ്പോൾ ആംബുലൻസിൽ കൂടെ പോവാനായില്ല, ചില പ്രത്യേക കാരണങ്ങളാൽ അവർക്ക്. അതിന്നും നീറ്റലായി കൂടെയുണ്ട്.

അറിയാതെ ഒറ്റപ്പെടുത്തിയോ താനെന്ന ഒരു ചിന്ത. ബൈപ്പാസ് ശസ്ത്രക്രിയ സാദ്ധ്യമല്ല എന്നറിഞ്ഞ നിമിഷം അവർ മനസ്സിലാക്കി അദ്ദേഹത്തിന്റെ മരണം തൊട്ടരികിലെന്ന് . ICUവിലെ കിടപ്പ് പറ്റാതെ (വരിഞ്ഞ് മുറുക്കുന്ന കാലിലേയും കഴുത്തിലേയും വേദനകൾ) ആകെ കിടന്ന് പുളഞ്ഞ്, കട്ടിലിൽ ചാരി ഇരിക്കാൻ അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം, അല്ല യാചന, ചെവി കൊള്ളാത്ത ആ ഡോക്ടർമാരോട് അവരും അദ്ദേഹത്തിനു വേണ്ടി കാലു പിടിച്ച് പറഞ്ഞതും ആരും അത് ചെവിക്കൊള്ളാതിരുന്നതും അന്നും ഇന്നും അവർ മാത്രം കണ്ട വേദനകൾ.

വെന്റിലേറ്ററിലേക്ക് നീക്കാനുള്ള ആശുപത്രിക്കാരുടെ നിർദ്ദേശത്തെ അവരും അദ്ദേഹത്തിന്റെ സഹോദരിയും ചേർന്ന് നിരാകരിച്ചത് ഒറ്റമനസ്സോടെ ആയിരുന്നു . അതിന് പകരമായി അവസാന മണിക്കൂറുകളിൽ അദ്ദേഹത്തിന്റെ ഒപ്പമിരിക്കാൻ മുറിയിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കാനാണവർ ആവശ്യപ്പെട്ടത്. അതിന് കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു “ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്, അങ്ങിനെ വിടാൻ പറ്റില്ല, ഇനിയും ചില മരുന്നുകൾ കൊടുത്ത് ഒന്ന് കൂടി ശ്രമിക്കാം. അത്ഭുതങ്ങൾ തള്ളി കളയാൻ പറ്റില്ലല്ലോ”

നിസ്സഹായതയുടെ കരിമ്പടം പുതച്ച് വിതുമ്മി കരയുന്ന അവരെ ആശ്വസിപ്പിക്കാനോ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്താനോ ഡോക്ടേഴ്സാരുമേ നിന്നില്ല! അദ്ദേഹത്തിന്റെ എല്ലാ ആഗ്രഹങ്ങളും പ്രാർത്ഥനകളും അറിയുന്ന അദ്ദേഹം തീവ്രമായി വിശ്വസിച്ചിരുന്ന ദൈവങ്ങൾ അദ്ദേഹത്തെ വേദനകളുടെ ലോകത്ത് നിന്ന് മടക്കി കൊണ്ടുപോയി ഒരു യാത്രാമൊഴി പോലും നൽകാനാളില്ലാതെ ICU ൽവിറങ്ങലിച്ച് പ്രിയമുള്ളവരെ കാണാതെ ഏകാന്തമായ വിടവാങ്ങൽ. അനാവശ്യമായ ഒരു തീരുമാനമായിരുന്നു ആ ICU വാസമെന്നവർവർഷങ്ങൾ കഴിഞ്ഞിട്ടും ആണയിട്ട് പറയുന്നു.

“മുറിയിലേക്ക് മാറ്റിയിരുന്നെങ്കിൽ വിദേശത്തുള്ള മകന്റെ ശബ്ദം കേട്ട് എന്റെ കൈ പിടിച്ച് ആശ്വാസത്തോടെ പോകാമായിരുന്നു, ആർക്കുമത് മനസ്സിലാവില്ല. എന്റെ വേദന മനസ്സിലാക്കുന്നവർ എത്ര കുറവാണിവിടെ” അന്ന് വെന്റിലേറ്ററിലേക്ക് മാറ്റാൻ സമ്മതിക്കാതിരുന്നതിൽ അവർ ഇന്നും ആശ്വസിക്കുന്നു, “ഞാനായിട്ട് ആ ക്രൂരത എങ്കിലും ഒഴിവാക്കിയല്ലോ …”.

അതെയെന്ന് മൂളി അവരോടൊപ്പം ചേരുമ്പോളും പല പല ചോദ്യങ്ങൾ എന്നെയും വരിഞ്ഞ് മുറുക്കുന്നു. ഈ ഏകാന്തമായ വിടവാങ്ങലാണോ അദ്ദേഹത്തിന് നൽകേണ്ടിയിരുന്നത് ? ഒരു തിരിച്ചുവരവ് ഇല്ല എന്ന് ഉറപ്പായ ജീവിതങ്ങളെ ഇത്തരത്തിൽ ഒറ്റപ്പെടുത്തി മരണത്തിലേക്ക് യാത്ര അയയ്ക്കണമോ അതോ അവരുടെ കുടുംബാംഗങ്ങളുടെ സാമീപ്യത്തിൽ ഒരു സ്നേഹ സ്പർശത്തിന്റെ കരുതലിൽ വിട നൽകണമോ ? ചോദ്യങ്ങൾ കുന്തമുന പോലെ നമുക്ക് നേരെ പാഞ്ഞ് വരുമ്പോൾ ഉത്തരം തരേണ്ട വൈദ്യശാസ്ത്രം പോലും ഒഴിഞ്ഞ്മാറുകയല്ലേ?

മെഡിക്കൽ കോളേജ്കാർക്ക് പഠനത്തിനായി സ്വന്തം ശരീരം വിട്ടുനൽകാൻ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തി കോവിഡ് വന്ന്മരിച്ചതായി ഈയിടെ അറിഞ്ഞു. ആ ശരീരം അങ്ങിനെ സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ ശ്മശാനഭൂമിയിൽ അവസാനിച്ച. ആഗ്രഹത്തിന് വിരുദ്ധമായ ഒരു അന്ത്യം. ഇവിടെ കോവിഡ് നിയമങ്ങൾ പാലിച്ചേ പറ്റൂ, മറു ചോദ്യത്തിന്പ്രസക്തി ഇല്ല എന്നറിയാം.

ഈ ദുരിത കാലഘട്ടത്തിൽ പല മരണങ്ങളും തുടർ ചടങ്ങുകളും ഇതിലും നിസ്സഹായമായ നിലയിലാണ് നടക്കുന്നത്. ഉറ്റവരുടെസാന്നിദ്ധ്യമില്ലാതെ ആശുപത്രി മുറികളിൽ ചികിത്സയിലിരിക്കെ വിട വാങ്ങുന്ന കോവിഡ് രോഗികളുടെ ശവസംസ്ക്കാരം പോലും അകലങ്ങളിൽ ഇരുന്നു മനസ്സിൽ കാണുന്ന ബന്ധുക്കൾ.

മറ്റൊരു സംഭവം ഇതോട് ചേർത്ത് പറയട്ടെ. ചെന്നൈയിലുള്ള ഒരു സുഹൃത്തിന്റെ കോവിഡ് പോസിറ്റീവായ ഭാര്യയെആശുപത്രിയിലാക്കാൻ പല ഇടങ്ങളിലും തിരഞ്ഞ് അവസാനമാണ് ഒരിടം കിട്ടിയത്. അതും അടുത്ത ദിവസം വെളുപ്പിന് മൂന്നുമണിക്ക് മാത്രം. രാത്രി എങ്ങിനേയും തള്ളി നീക്കാമെന്ന വിശ്വാസത്തിലാണ് ഇരുവരും കിടന്നത്. ഇടയ്ക്കെപ്പോഴോ ശ്വസനം ബുദ്ധിമുട്ടായ അവർ അദ്ദേഹത്തിന്റെ നെഞ്ചിൽ ചാരി ഇരുന്നു ആ ഇരുപ്പിൽ ഇരുവരും പതിയെ മയങ്ങി. കുറച്ചു സമയത്തിന് ശേഷം തണുപ്പ് അനുഭവപ്പെട്ട് അദ്ദേഹം നോക്കുമ്പോൾ ഒന്നും പറയാതെ അവർ പോയിരുന്നു. ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ എന്ന് അർദ്ധോക്തിയിൽ അദ്ദേഹം പറഞ്ഞ് വച്ചപ്പോൾ അർത്ഥശൂന്യമായ സമാധാനിപ്പിക്കലെങ്കിലും, ഞാൻ ആശ്വസിപ്പിച്ചു.

“ഒറ്റയ്ക്കല്ലായിരുന്നല്ലോ ആ വിട പറയൽ നിമിഷങ്ങളിൽ, ഏറ്റവും സുരക്ഷിതമായ നെഞ്ചിൽ ചാരി സമാധാനത്തോടെയല്ലേപോയത്, അത് ഭാഗ്യമായി കരുതണം ഇക്കാലത്തെ ഒറ്റപ്പെടലിന്റെ കഥകൾക്കിടയിൽ”.

അങ്ങിനെ എത്ര എത്ര ഏകാന്തമായ വിടവാങ്ങൽ കഥകളാണ് നാം നിത്യവും കാണുന്നതും കേൾക്കുന്നതും. കോവിഡിന്റെ വരവോടെ ഇത്തരം മരണ സംഖ്യ ക്രമാതീതമായി വർദ്ധിക്കുന്നു. വൈദ്യ വിശാരദൻമാരും സാന്ത്വന ചികിത്സകരും സാമൂഹ്യശാസ്ത്രജ്ഞരും തീർച്ചയായും ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ഈ വിഷയത്തിൽ. ഒറ്റപ്പെടുന്ന മരണ മുഖത്ത് താങ്ങായും തണലായും തലോടലായുംനീണ്ടു വരുന്ന കരങ്ങൾക്കായി നമ്മളും ശബ്ദം ഉയർത്തേണ്ടിയിരിക്കുന്നു, മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. കുടുംബാംഗങ്ങളോ അവർക്ക് പകരമായി ആരോഗ്യ പ്രവർത്തകരോ സാന്ത്വന ചികിത്സാ പ്രവർത്തകരോ സോഷ്യൽ വർക്കേഴ്സോ ആരെങ്കിലുമൊക്കെ സ്വന്തമെന്ന പോലെ ചേർന്ന് നിന്നാൽ അതിൽപരം സമാധാനം മറ്റെന്ത്, മരണശയ്യയിലുള്ള രോഗിക്കും ഉറ്റവർക്കും ?

Comments
Print Friendly, PDF & Email

You may also like