പൂമുഖം LITERATUREലേഖനം ആരോഗ്യ മേഖല രോഗാതുരമാവരുത്

ആരോഗ്യ മേഖല രോഗാതുരമാവരുത്

പത്രങ്ങളിൽ നിന്നോ ടി വി യിൽ നിന്നോ പി ജി ഡോക്ടർമാരുടെ സമരത്തിന്റെ കാരണങ്ങൾ വ്യക്തമായി അഥവാ പൂർണമായി മനസ്സിലായില്ല .ജോലി ഭാരം, സ്റ്റൈപ്പന്റ് , അലവൻസ് എന്നിവ പരിഷ്‍കരിക്കാതിരിക്കുകയും നിലവിലുള്ള ചിലതു വെട്ടിക്കുറക്കുകയും ചെയ്തത് ,PG Neet ഫലപ്രഖ്യാപനത്തിലെ അപാകതകൾ പരിഹരിച്ചു ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും അലോട്മെന്റ് നടത്തുകയും ചെയ്യുന്നതിലുള്ള കാലതാമസം എന്നിവ കാരണങ്ങളായി പരാമർശിച്ചു കണ്ടു . Neet പ്രവേശന ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടത് കേന്ദ്രമാണ് .അതിനു സംസ്ഥാന സർക്കാർ കേന്ദ്രത്തിനുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് പി ജി ഡോക്ടർമാർ ഡിമാൻഡ് വെക്കുന്നു .അവർ സമരത്തിലായതു മൂലം ജോലി വർദ്ധിച്ചതിനാൽ ഹൌസ് സർജൻമാരും ജോലി ബഹിഷ്കരിച്ചു. അവർ രണ്ട് കൂട്ടരും പണിമുടക്കിയതിനാൽ ജോലി ഭാരം കൂടിയ പി ജി മെഡിക്കൽ ടീച്ചർമാരും മൂന്നു മണിക്കൂർ ജോലിയിൽ നിന്ന് വിട്ടു നിന്നു ശസ്ത്രക്രിയകൾ നീട്ടിവെച്ചു . ഒപി ബഹിഷ്കരിച്ചു .ഇനിയും പരിഹാരമുണ്ടായില്ലെങ്കിൽ തങ്ങളും സമരത്തിൽ ചേരുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നു.

ഒന്നേ മുക്കാൽ വർഷമായി നാനാ ഭാഗത്തു നിന്നുമുള്ള സമ്മർദ്ദം മികച്ച നിലയിൽ നേരിട്ടവരാണ് പൊതു മേഖലയിലെ ആരോഗ്യപ്രവർത്തകർ . കിണഞ്ഞു പരിശ്രമിച്ചിട്ടും ചില ട്രോളുകളും ദുർലഭം കൈപ്പിഴവുകളും അല്ലാതെ സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർത്താനോ വീഴ്‌ചകൾ ചൂണ്ടിക്കാണിക്കാനോ പ്രതിപക്ഷത്തിനോ വിമർശകർക്കോ കഴിഞ്ഞിട്ടില്ല .ദോഷൈക ദൃക്കുകൾക്ക് ചില പി ആർ വർക്ക് ആക്ഷേപങ്ങൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു .

ആ നിലക്കു ഇപ്പോഴത്തെ സമരം അനുഭാവപൂർവമായ പരിഗണന അർഹിക്കുന്നു എന്നതിൽ തർക്കമില്ല. Neet പ്രകാരമുള്ള സീറ്റ് അലോട്മെന്റ് നടത്തിയാൽ ഒരു പരിധിവരെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കപ്പെടും എന്ന് സമരക്കാർ തന്നെ അഭിപ്രായപ്പെടുന്നു.ആ നിലക്ക് എന്താണ് കേന്ദ്രം വൈകിപ്പിക്കുന്നത് ? ചില തർക്കങ്ങൾ കോടതിയിൽ തീർപ്പാക്കാൻ ബാക്കിയു.ണ്ടെന്ന് അറിയുന്നു .ഒട്ടും വൈകിക്കരുതാത്ത കാര്യങ്ങളാണവ .രാജ്യത്തിന് മുഴുവൻ ബാധകമായ വിഷയത്തിൽ സംസ്ഥാനതലത്തിൽ സമരം ചെയ്യുന്നതിന്റെ യുക്തി എന്താണ് ?സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഈ കാര്യത്തിൽ ദേശീയതലത്തിൽ എന്തെങ്കിലും നടപടി എടുക്കുകയുണ്ടായോ ?ഇല്ലെങ്കിൽ ഈ സമരത്തെ പിന്താങ്ങുവാൻ അസോസിയേഷന് എന്ത് ന്യായീകരണമാണുള്ളത് ?

സ്റ്റൈപ്പന്റ് ,അലവൻസ് എന്നിവയിലെ വർധന അനുവദിച്ചു കിട്ടേണ്ടതാണ് . ചർച്ചയിൽ സർക്കാർ സാമ്പത്തിക ഞെരുക്കം ഉന്നയിച്ചത് തങ്ങൾക്കു സ്വീകാര്യമല്ലെന്നു ഡോക്ടർമാർ സൂചിപ്പിച്ചു

സ്‌കൂൾ ഉച്ച ഭക്ഷണത്തിലെ മുട്ടയും പാലും തൽക്കാലത്തേക്ക് നിർത്തി വെക്കേണ്ടി വരുന്ന ദിനങ്ങളിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത് . പോഷകാഹാര വിതരണത്തിനു മുടക്കം വന്നത് അട്ടപ്പാടിയിലെ ദുരന്തത്തിന് ആക്കം കൂട്ടി. കോവിഡ് സേവന കാലത്തെ നിസ്സാരമായ പ്രതിഫലം മുടങ്ങിയവരുണ്ട് .എല്ലാ ചെറുകിട മേഖലകളും അസന്ഘടിത തൊഴിലാളികളും ദൈന്യത്തിന്റെ വറ ചട്ടിയിലാണ് . ഡോക്ടർമാരുടെ ആവശ്യം ന്യായമാണ് . പക്ഷെ സമരത്തിന്റെ timinig ശരിയല്ല എന്ന് പറയാതെ വയ്യ.

കോവിഡ് കാലത്തു മറ്റു പല തൊഴിൽ മേഖലകളും സമാനമായ പ്രതിസന്ധികളിലൂടെ കടന്നു പോവുകയായിരുന്നു . മുടക്കം കൂടാതെ പ്രവർത്തിച്ച എല്ലാ മേഖലകളിലും കഠിനമായ ജോലി സമ്മർദ്ദം ഉണ്ടായി .താരതമ്യത്തിന് വേണ്ടി ചിലതു പരാമർശിക്കുകയാണ്

1ലോക്ക് ഡൌൺ ചെയ്യാത്ത ബാങ്കിങ് മേഖലയിൽ എത്രയോ പേർ രോഗബാധിതരായി .മരണത്തിനു കീഴടങ്ങി. ജീവനക്കാർ ക്വാറന്റൈനിൽ പോയപ്പോൾ അയൽ ശാഖകൾ ജീവനക്കാരെ പങ്കു വെച്ചു . ഒരു ദിവസം പോലും മുടങ്ങാനാവാത്ത നടപടിക്രമങ്ങളും തിരിച്ചടവു മുടങ്ങിയ വായ്പകളും , കോവിഡ് അനുബന്ധ നയവ്യതിയാനങ്ങളും, ഇടപാടുകാരുടെ ക്ഷോഭവും കടുത്ത മാനസിക സമ്മർദ്ദമാണ് ബാങ്കിംഗ് ജീവനക്കാരുടെ മേൽ ഏൽപ്പിച്ചത് .ജോലി സമ്മർദ്ദം മൂലമുണ്ടാകുന്ന വിഷാദ രോഗവും ആത്മഹത്യയും ബാങ്കിങ് വൃത്തങ്ങളിൽ സജീവ ചർച്ചയായ വർഷമാണിത് .

2.പകുതിയും മൂന്നിലൊന്നും ആക്കി കുറച്ച ശമ്പളം കിട്ടിയ സ്വകാര്യ അദ്ധ്യാപകർ ഇരട്ടി ജോലിയാണ് ചെയ്തത് .വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർ കോവിഡ് സൈന്യത്തിൽ അംഗങ്ങളായി രാപകലില്ലാതെ അദ്ധ്വാനിച്ചു .കോവിഡ് എണ്ണം പതുക്കെ കുറയുമ്പോഴും ആരോഗ്യ വകുപ്പിലെ ആശാവർക്കർമാർ വിളിപ്പുറത്താണ് .

3.വീട്ടിലിരുന്നു ജോലി ചെയ്യുന്ന ഐ ടി തൊഴിലാളികളുടെ പ്രവൃത്തി സമയത്തിന് പരിധിയില്ല . ഒരു പരിഷ്കൃത ലോകത്തിനും യോജിക്കാത്തതാണ് അവരുടെ ജോലിയുടെ ഡിമാന്റുകൾ

  1. ജനം പുറത്തിറങ്ങാതായപ്പോൾ ഓട്ടോ റിക്ഷകൾതൊട്ട് വിനോദ സഞ്ചാര വാഹനങ്ങൾ വരെയുള്ള യാത്രാ മേഖല നിസ്വരായി .

പറഞ്ഞു വന്നത് ഡോക്ടർമാരുടെ വേതന / സേവന പരിഷ്ക്കരണം ന്യായമായ ആവശ്യമാണ് . പക്ഷേ സർക്കാരിനോട് വിലപേശാൻ ഏറ്റവും അർഹരായർ അവരല്ല .

രണ്ടാം പിണറായി സർക്കാർ കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്. മുൻഗാമിയുടെ പാദരക്ഷകൾക്കു പാകത്തിൽ തന്റെ കാലുകൾ വലുതാക്കുക എന്ന ശ്രമകരമായ ജോലിയാണ് വീണാ ജോർജിന്റെ മുന്നിലുള്ളത്.നേട്ടങ്ങൾ വാർത്താ പ്രാധാന്യമില്ലാത്ത പതിവുകൾ മാത്രമാണ് സംസ്ഥാന ആരോഗ്യ വകുപ്പിൽ . പിഴവുകൾക്കായി ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ് വിമർശകർ . കാരണം ഒന്നാം എൽ ഡി എഫ് സർക്കാരിന്റെ കവർ സ്റ്റോറിയാണ് ആരോഗ്യ മേഖല . അട്ടപ്പാടി കനത്ത പ്രഹരം ഏല്പിച്ചിരിക്കുന്നു . അടുത്തതായി പി ജി ഡോക്ടർമാരുടെ സമരം വ്യാപിക്കുകയോ നീണ്ടു നിൽക്കുകയോ ചെയ്താൽ പ്രത്യാഘാതം ഗുരുതരമായിരിക്കും .സമരം ഏതു വിധേനയും അവസാനിപ്പിക്കണം.

സമരം ചെയ്യുന്ന ഡോക്ടർമാർ ഇന്നലെ ചാനൽ ക്യാമറയെ ഒഴിവാക്കാൻ ബദ്ധപ്പെടുന്നത് പോലെ തോന്നി . പക്ഷെ ,പുറത്തും വാർഡിലും വരാന്തയിലും നിന്ന് നിങ്ങളുടെ നേർക്ക് നീണ്ടു വരുന്ന കണ്ണുകളെ നിങ്ങൾക്ക് അഭിമുഖീകരിക്കാതിരിക്കാൻ കഴിയില്ല . യന്ത്രങ്ങൾ കൊണ്ട് പകരം വെക്കാൻ കഴിയാത്ത മാനുഷികതയുടെ മേഖലയാണ് ഡോക്ടർമാരുടേത് .അത് ഒരേ സമയം നിങ്ങളുടെ ശക്തിയും ദൗർബല്യവുമാണെന്നു തിരിച്ചറിയാതെ പോകരുത് .

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like