പൂമുഖം LITERATUREകവിത ശിക്ഷ

ശിക്ഷ

പാതി ചാരിയ വാതിലിന്നിപ്പുറം
മാറിനില്ക്കുന്നു
നീയുറങ്ങുന്ന പാട്ടല്ല
വെറും പാട്ടുമൂളുവാൻ കാറ്റല്ല
കാറ്റു പോംവഴി ചാരാതെ,
നോക്കി നിൽക്കുന്നു
മിണ്ടാതനങ്ങാതെ.
വേർപ്പിനാൽ ചാലുകീറുന്ന
നെറ്റിമേൽ
ഉമ്മയാം കാറ്റു
ഞാനല്ല,
ദാഹമേറുന്ന ചുണ്ടിലുറങ്ങാത്ത
പൂത്തിരിയാം നറുംചിരി ഞാനല്ല
ഒട്ടിയേറെയമർന്നോരടിവയർ
മെല്ലെയേറ്റുന്ന ശ്വാസവും
ഞാനല്ല
കാലടികളിൽ നീ കണ്ട
ലോകത്തെ ഏറ്റിടും
മൺതരികളും ഞാനല്ല
നിൻ്റെ കണ്ണിലെ നക്ഷത്രമല്ല
ഞാൻ
നിൻ്റെ വേർപ്പണി മെയ്യല്ല
നിൻ്റെയോർമ്മതൻ പൂക്കണി
ഞാനല്ല , നിന്നിലൂറും
മധുരവുമല്ല ഞാൻ
നീ വിടർന്നു പരിലസിക്കാനായി
കത്തി നില്ക്കുന്ന സൂര്യനതല്ല
ഞാൻ
നിൻ്റെയോമൽ വിരൽത്തുമ്പു
ഗാഢമായ്
കോർത്തു
നില്ക്കുന്നൊരത്താണി ഞാനല്ല
കെട്ട സ്വപ്നത്തിലിന്നു നീ
ഞെട്ടലാൽ
വിങ്ങിയേങ്ങും വിതുമ്പലിൻ
കൂടു ഞാൻ
അറ്റമില്ലാത്ത യാത്രയിൽ
മേലിൽനീ ഏറ്റിടുന്നോരധികമാം
ഭാരം ഞാൻ
തള്ളിടുമ്പൊഴുമേറ്റം
വെറുപ്പിനാൽ
തട്ടിമാറ്റുന്നോരോർമ്മയതാണു
ഞാൻ
എൻ്റെയുള്ളിലെയുൺമയെ
ഊറ്റിയീ
കൈത്തലം മീതെയിറ്റുന്ന
നീർക്കണം
ചുംബനം പോലെയേകട്ടെ –
യാന്തലാൽ
പിന്തിരിയുന്നു
പിന്നെയുമെന്തിനോ

നാളെയേറെ പഴികൾ ഞാൻ
കേട്ടിടും
ചത്തുപോകിലും
ജീവിച്ചിരിക്കിലും
എങ്കിലും നീയറിക
നിന്നമ്മയ്ക്കു
പാകമായിരുന്നില്ലയീ ജീവിതം
തെറ്റി വന്നൊരിക്കാലവും
ദേശവും
കാക്കുമോ ത്യജിച്ചീടുമോ,
നിന്നെയും!

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like