പൂമുഖം LITERATUREകഥ നോട്ടിഫിക്കേഷൻ

നോട്ടിഫിക്കേഷൻ

” അളിയാ…” എന്ന സ്നേഹവിളിയോടെയാണവൻ അരികിലെത്തിയത്. ഇടയ്ക്കിടെ പതറിപിന്മാറുന്ന നോട്ടം അവൻ്റെ ജാള്യത വെളിവാക്കിക്കൊണ്ടിരുന്നു.
വാക്കുകൾക്കായി തപ്പിത്തടഞ്ഞ് ഒടുവിൽ കുറ്റബോധത്തോടെ സംസാരം തുടങ്ങി.
” അന്ന് ഗ്രൂപ്പിൽ പറഞ്ഞതൊന്നും നീ മനസ്സിൽ വെയ്ക്കരുത് “

ഞാൻ പുഞ്ചിരിച്ചതേയുള്ളൂ.

” സ്വന്തം മതത്തിൻ്റെ കാര്യം വരുമ്പോൾ നമ്മളെല്ലാം അങ്ങനല്ലേടാ…”

” നമ്മളോ…!! ” ഞാൻ പുരികമുയർത്തി.

” നമ്മളെന്ന് പറഞ്ഞാൽ… പൊതുവെ മനുഷ്യരങ്ങനല്ലേ… നിനക്കിതിലൊന്നും വിശ്വാസമില്ലാത്തോണ്ടാ…” എന്നവൻ.

” ഞാൻ പറഞ്ഞതില് വല്ല തെറ്റുമുണ്ടായിരുന്നോ !!! നമ്മുടെ വാട്സ്ആപ്പ്ഗ്രൂപ്പിലെന്തിനാടാ മതപുസ്തകളിലെ കെട്ടുകഥകൾ വിളമ്പുന്നത്?!”

ഒരുനിമിഷം അവൻ നിശബ്ദനായി.

“എല്ലാമതക്കാരുമുള്ള ഗ്രൂപ്പല്ലേ… അവരൊക്കെ കാൺകെ, അതെല്ലാം കെട്ടുകഥകളെന്ന് നീ പറഞ്ഞപ്പോൾ… എനിക്ക് നിയന്ത്രിക്കാനായില്ല…ഞങ്ങളൊക്കെ സാധാരണ മനുഷ്യരാടാ… നിന്നെയൊക്കെ പോലെ എല്ലാം യുക്തിയുടെ കണ്ണട വെച്ചുനോക്കാറില്ല…”

അവസാനവാചകങ്ങളിലെ ഗോപ്യമായ പരിഹാസം അവഗണിച്ചുകൊണ്ട് തോളിൽ കയ്യിട്ടു – ” വിടളിയാ… ഞാനതാ സ്പിരിറ്റിലേ എടുത്തിട്ടുള്ളൂ, പോരെ…”

ചായ കുടിച്ച് പിരിയുന്നേരം അവൻ പറഞ്ഞു – ” ഇതൊക്കെ പറഞ്ഞാലും… നിൻ്റെ മനസ്സിൽ പിണക്കമുണ്ടായിരുന്നു… എനിക്കറിയാം…”

ഞാൻ ചോദ്യഭാവത്തിലവനെ നോക്കി.

” ഇല്ലെങ്കിപ്പിന്നെ ഞാനയച്ച ഫ്രണ്ട്ഷിപ്പ് റിക്വസ്റ്റെന്താ നീ അക്സപ്റ്റ് ചെയ്യാത്തെ?! “

ഞങ്ങൾ ഒരുമിച്ച കളിച്ച മൈതാനത്ത് നിന്നുയരുന്ന ആരവങ്ങൾ ശ്രദ്ധിച്ച് നിൽക്കുമ്പോൾ അവൻ തുടരുന്നു – ” അന്നത്തെ ദേഷ്യത്തിന് അൺഫ്രണ്ട് ചെയ്തത് എൻ്റെ തെറ്റ്…പക്ഷേ, ഇത്ര ദിവസായിട്ടും നീയാ റിക്വസ്റ്റ് സ്വീകരിച്ചില്ലല്ലോ…”

പിൻതിരിഞ്ഞ് മൈതാനത്തെ കളിക്കൂട്ടത്തെ നോക്കി ഞാൻ പറഞ്ഞു – ” അളിയാ ഞാനൊരു യുക്തിവാദിയല്ലേ… ഒരിക്കലും അൺഫ്രണ്ട് ചെയ്യാത്ത നിന്നെയെങ്ങനാഞാൻ വീണ്ടും ഫ്രണ്ടാക്കുന്നേ… ഒരാളെ ജീവിതത്തിലൊരിക്കലല്ലേ കൂട്ടുകാരനാക്കാൻ പറ്റൂ…?! “

എൻ്റെ ചോദ്യം നൽകിയ ആശയക്കുഴപ്പം അവൻ്റെ മുഖത്തു നിഴലിച്ചു. മിഴിച്ചുനിൽക്കുന്ന അവനെ നോക്കിച്ചിരിച്ചു കൊണ്ട് ഞാൻ വണ്ടി സ്റ്റാർട്ടുചെയ്തു.

കവർ ഡിസൈൻ : ആദിത്യ സായീഷ്

ചിത്രം : മധുസൂദനൻ അപ്പുറത്ത്

Comments
Print Friendly, PDF & Email

You may also like