പൂമുഖം പുസ്തകപരിചയം അതിർത്തികളുടെ വിഭജനങ്ങളില്ലാത്ത പാവകളുടെ വീട്

അതിർത്തികളുടെ വിഭജനങ്ങളില്ലാത്ത പാവകളുടെ വീട്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

പുതിയ ഭാവുകത്വവുമായി തൊണ്ണൂറുകളിൽ രംഗപ്രവേശം ചെയ്ത കഥാകൃത്തുക്കളിൽ പ്രമുഖനാണ് ഇ.സന്തോഷ് കുമാർ. ആഘോഷിക്കപ്പെടാതെ ആരവങ്ങൾക്കിടയിൽ നിന്നെല്ലാം മാറിനിന്ന് സർഗാത്മകതയുടെ നിറച്ചാർത്തുമായി ശാന്തതയോടെ നിലകൊള്ളുന്ന എഴുത്തുകാരൻ . അദ്ദേഹത്തിന്റെ “നാരകങ്ങളുടെ” ഉപമ”യ്ക്കു ശേഷമുള്ള ഏറ്റവും പുതിയ കഥാസമാഹാരമാണ് പാവകളുടെ വീട്. മൂന്നുവർഷത്തെ കാലയളവിൽ എഴുതപ്പെട്ട ഏഴു കഥകളാണ് ഇതിൽ ഉള്ളത്. മരണക്കുറി, പാവകളുടെ വീട്, വിശുദ്ധന്റെ ചോര, വ്യാഘ്രവധു, മഞ്ഞച്ചേരയുടെ പകൽ, ഊഴം, ജ്ഞാനോദയം എന്നിവയാണ് ആ കഥകൾ. കഥകളെല്ലാം ഒന്നിനൊന്നു മികച്ചു നിൽക്കുന്നതാണെങ്കിലും ആശയം കൊണ്ടും ഭാവനകൊണ്ടും അദ്ദേഹത്തിന്റെ തനത് ശൈലിയായ ധ്വന്യാത്മകത കൊണ്ടും വ്യത്യസ്തമായിരിക്കുന്നത് പാവകളുടെ വീട് എന്ന കഥയാണ്. അതിർത്തികളില്ലാത്ത മനുഷ്യമനസ്സുകൾ തമ്മിലുള്ള സാഹോദര്യവും മാനവികതയും പാവകളുടെ വീട് ചർച്ച ചെയ്യുന്നു.

പാവകളുടെ വീട് എന്ന കഥ പേരുപോലെ തന്നെ പലതരം പാവകളുടെ ശേഖരമുള്ള കാളിചരൺ മുഖർജിയുടെ വീടും അദ്ദേഹത്തിന്റെ സംസാരത്തിലൂടെ നിവരുന്ന ചില ഓർമ്മകളുമാണ്. ഇപ്പോൾ നിലവിലില്ലാത്ത പഴയ ഒരു സ്ഥാപനത്തിന്റെ ചരിത്രം മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ആഖ്യാതാവ് കാളീചരൻ മുഖർജിയുടെ വീട്ടിൽ എത്തുന്നത്. വാർദ്ധക്യത്തിന്റെ അവശതകളിലൂടെ കടന്നുപോകുന്ന കാളിചരണും ഭാര്യയും നിരവധി പാവകളും മാത്രമുള്ള വീട്. ഓരോ രാജ്യങ്ങൾ സന്ദർശിക്കുമ്പോഴും ആ നാട്ടിലെ ഒരു ജോഡി പാവകളെ ശേഖരിക്കുന്ന ഒരു സ്വഭാവം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതതു രാജ്യത്തിന്റെ തനതു വേഷം അണിഞ്ഞ പാവകൾ. ആൺപാവകളും പെൺ പാവകളും ഉണ്ടായിരുന്നു. ആണിനേയും പെണ്ണിനേയും അതിന്റെ രൂപത്തിലും ഒരുക്കത്തിലും വ്യത്യസ്തതയോടെ രൂപപ്പെടുത്തിയിരുന്നു.


കാളിചരൺ തന്റെ ഭൂതകാലം തുറന്നിടുമ്പോൾ ആഖ്യാതാവായ എഴുത്തുകാരനും സമാനമായ ഓർമ്മകളുടെ ശ്രോതാവാവുകയാണ്. അവർ ഇരുവരും പാക്കിസ്ഥാനിലെ ലാഹോറിൽ ജനിച്ച് വളർന്ന് വിഭജനത്തിനുശേഷം ഇന്ത്യയിൽ താമസം ഉറപ്പിച്ചവരാണ്. ഏറ്റവും ഓർമ്മയിൽ തങ്ങിനിൽക്കുന്ന യാത്രയെക്കുറിച്ച് വാചാലമായി കാളിചരൺ സംസാരിക്കുന്നതത്രയും ലാഹോറിലെ താൻ ജനിച്ചുവളർന്ന ഗ്രാമത്തിലെ പഴയ വീട്ടിലെ ദിനരാത്രങ്ങൾ ഓർത്തുകൊണ്ടാണ്. വർഷങ്ങൾക്കുശേഷം ലാഹോറിലേക്ക് യാത്ര പോകുന്ന കാളിചരൺ അദ്ദേഹത്തിന്റെ പഴയവീട്ടിൽ ഒരു അതിഥിയായി താമസിക്കുന്നു. വികാര ഭരിതനായി ആതിഥേയനുമായി ദീർഘ നേരം സംസാരി ച്ച് പിരിയാൻ വളരെ താമസിക്കുന്നുണ്ട്. ഉറങ്ങാൻ കഴിയാനാവാത്ത വിധം ഓർമ്മകൾ കൊണ്ട് അദ്ദേഹം വീർപ്പുമുട്ടുന്നു. തലയിണയിൽ മുഖമമർത്തി കരഞ്ഞ കാര്യമല്ല ആഖ്യാതാവിനോട് അദ്ദേഹം ഓർത്തെടുത്ത് പറയുന്നത് . അതിർത്തിയിലെ ഗ്രാമങ്ങളിലെ വീടുകൾക്ക് വർഷങ്ങൾക്ക് ശേഷവും മുഖച്ഛായ മാറിയിട്ടില്ല. കുട്ടികളുടെ മുഖങ്ങളിൽ നിന്ന് അവരുടെ അച്ഛനമ്മമാരെ വായിച്ചെടുക്കുന്നത് പോലെ ഓരോ വീടും സൂക്ഷിച്ചു നോക്കിയാൽ അവയുടെ എടുപ്പുകൾക്ക് പിന്നിലുള്ള പഴമയുടെ നിഴൽ കാണാം.


ഒരു വ്യക്തി താമസിച്ചു പരിചയിച്ച ഇണങ്ങിച്ചേർന്ന ഒരു വീട്ടിൽ വർഷങ്ങൾക്കുശേഷം പുതിയ ആളുകൾ താമസിക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നു എന്നാണ് കാളിചരൺ ആഖ്യാതാവിനോട് പറയുന്നത്. നമ്മുടേത് മാത്രം എന്നു വിചാരിക്കുന്ന ചിലർ മറ്റു സുഹൃത്തുക്കളിലേക്കും ബന്ധങ്ങളിലേക്കും പടർന്നു പോകുമ്പോൾ തോന്നാറുള്ള അതേ സങ്കടം.വാസ്തവത്തിൽ വിഷാദത്തിൽ പൊതിഞ്ഞ അസൂയ മാത്രമാണതെന്നാണ് കാളിചരന്റെ അഭിപ്രായം.

ദേശീയമായ അതിർവരമ്പുകൾക്കപ്പുറവും മായാതെ നിൽക്കുന്ന മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ ഒരു കാഴ്ചപ്പാടോടെയാണ് പാവകളുടെ വീട് മുന്നോട്ടു പോകുന്നത്. നമുക്കറിയാം , വിഭജനത്തിന്റെയും വിഭജനാനന്തര ജീവിതത്തിന്റെയും കഥ പറയുമ്പോൾ സ്വാഭാവികമായും രക്തച്ചൊരിച്ചിലിന്റെയും, പകയുടെയും, വിദ്വേഷത്തിന്റെയും, വെറുപ്പ് മാത്രം നിറഞ്ഞ മനസ്സുകളുടെയും കാഴ്ചയാണ് ഉണ്ടാവുക.എന്നാൽ സാഹിത്യത്തിലെ ആ പതിവ് കാഴ്ചകളിൽ നിന്ന് മാറിനിന്ന് ദേശീയതയുടെ ഇടുങ്ങിയ അതിർവരമ്പുകൾക്കപ്പുറം മനുഷ്യർക്കിടയിലെ നിർമ്മലമായ സ്നേഹത്തിന്റെ വിശാല ലോകം കാണിച്ചുതരികയാണ് ഇവിടെ.


കാളീചരൻ മുഖർജി സഞ്ചരിച്ചത് നിരവധി രാജ്യങ്ങളിലാണ്. അതായത് ഏകദേശം അഞ്ച് ഭൂഖണ്ഡങ്ങളിലെ അമ്പത്തിയഞ്ചു രാജ്യങ്ങൾ. അവിടെ നിന്നെല്ലാം അദ്ദേഹം ശേഖരിച്ച പ്രാദേശിക വേഷധാരികളായ അമ്പത്തിയഞ്ചു ജോഡി പാവകൾ. ബിസിനസ് കുടുംബാംഗമായതിനാൽ സ്വാഭാവികമായും ഉണ്ടാകുന്ന ബിസിനസ് യാത്രകളും വിദേശത്തുള്ള മക്കൾ വഴി സമ്പാദിക്കുന്നവയുമായ പാവകളാണ് അവയെല്ലാം. അവയുടെ രാജ്യവും സഞ്ചരിച്ച വർഷവും ടാഗ് ചെയ്തു അടുക്കി സൂക്ഷിച്ചു വെച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പേരക്കുട്ടികളുടെ കുസൃതികൾ മൂലം പാവകളുടെ ക്രമവും അതിർത്തിയും തമ്മിൽ മാറി പോകുന്നുണ്ട്. കുട്ടികൾ പാവകളുടെ ലേബലുകൾ തമ്മിൽ മാറ്റുകയും അവയുടെ ടാഗുകൾ നഷ്ടപ്പെടുത്തുകയും ചെയ്തത് ഓരോ രാജ്യത്തെ ആൺപാവകൾക്കുള്ള പെൺ പാവകളെ പോലും മാറ്റിക്കളഞ്ഞു. ജർമ്മൻ ആൺപാവയും ശ്രീലങ്കൻ പെൺപാവയും ഒരുമിച്ചു വെച്ചു, കാലവും ദേശവും മാറിപ്പോയ പാവകളുടെ മുഖത്തുപോലും ആകെ പരിഭ്രമമായിരുന്നു. അപരിചിതമായ ആൾക്കൂട്ടത്തിൽ അകപ്പെട്ടതുപോലെ പുതുതായി കൂട്ട് വന്നവരെ ഓരോ പാവയും സംശയത്തോടെ നിരീക്ഷിച്ചു.


എന്നാൽ ഈ മാറ്റിമറിക്കലിനു ശേഷം പാവകളെ വീണ്ടും ഒതുക്കി വെച്ചെങ്കിലും അപ്പോഴേക്കും പാവകൾ സ്വയം അവയുടെ സ്ഥാനം മാറി തുടങ്ങിയിരിക്കുന്നു എന്നാണ് കാളി ചരൺ പറയുന്നത്. ഒരു ഭൂഖണ്ഡത്തിലെ പാവ മറ്റൊരു ഭൂഖണ്ഡത്തിൽ നിന്ന് വന്നതിന് അടുത്തേക്ക് നീങ്ങുന്നു. എന്തോ വലിയ സ്വാതന്ത്ര്യം കിട്ടിയതുപോലെ പെരുമാറുന്ന പാവകൾ ഇപ്പോൾ ചില്ലുകൂട്ടിൽ നിന്നും സ്വയം ഇറങ്ങി നടന്നുകൊണ്ടിരിക്കുന്നു. എല്ലാ അതിർത്തികളെയും മാച്ചുകൊണ്ട് അവ ഒറ്റയ്ക്കും കൂട്ടമായും ബഹളം വെച്ചുകൊണ്ട് വീട് ആകെ നിറഞ്ഞിരിക്കുന്നു.


പുതിയ തലമുറയിലെ കുട്ടികൾ മുത്തശ്ശന് ശേഷം തങ്ങൾക്ക് കിട്ടാൻ പോകുന്ന പാവക്കാലത്തെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കൂടും തടവും ഒഴിവാക്കി പാവകളെ സ്വതന്ത്രമായി നിർത്താൻ ആണ് അവർ ആവശ്യപ്പെടുന്നത്. ആഗോളവൽക്കരിക്കപ്പെടേണ്ടതായ ഉദാത്തമായ ചിന്തകളാണ് കുട്ടികളിൽ നിന്ന് ഉണ്ടാകുന്നത്.
കുടിയേറിയവരെന്നോ നിലനിൽക്കുന്നവരെന്നോ കണക്കാക്കാതെ ഏതു രാജ്യത്തിന്റെ പ്രതിനിധിയാണെങ്കിലും ജാതിമത ലിംഗ വർണ്ണ വിവേചനം ഇല്ലാതെ അതിർത്തിയുദ്ധങ്ങൾ ഇല്ലാതെ കഴിയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പാവകളുടെ വീട് എന്ന കഥയിൽ ഇ.സന്തോഷ് കുമാർ വ്യക്തമാക്കുന്നുണ്ട്. നാടുകൾ സൃഷ്ടിച്ചുകൊണ്ടാണ് മനുഷ്യജീവിതം പടർന്നു പിടിച്ചത്. പലപല സംസ്കാരങ്ങളും ഭാഷകളും ഒന്നിച്ചു ചേരുക മാനവികതയുടെ തലത്തിലാണ് . അങ്ങനെ രൂപംകൊണ്ട ഇന്ത്യ വിഭജനത്തോടെ പുതിയ രണ്ടു രാജ്യങ്ങളായി മാറുകയും കോടിക്കണക്കിന് ജനങ്ങൾക്ക് പലായനം ചെയ്യേണ്ടതായി വരികയും ചെയ്തു. പലർക്കും മരണം വരെ സംഭവിക്കുകയും ബന്ധുക്കളെ നഷ്ടപ്പെടുകയും ചെയ്തു. രക്തരൂഷിതമായ ഈ വിഭജനത്തിന്റെ ഫലമായി ഉടലെടുത്ത പരസ്പര ശത്രുത ഇന്നും തുടരുന്നു എന്നതാണ് സത്യം. നിസ്സഹായരായ അഭയാർത്ഥികൾക്ക് നേരെ രാജ്യാതിർത്തികൾ കൊട്ടിയടക്കപ്പെട്ടു .വംശീയ കലാപങ്ങൾ പലതും വാർത്തയാകാതെ പോയി. ഗാസയിലും, ഇറാനിലും തെരുവുകളിൽ മരിച്ചു വീഴുന്ന ആയിരങ്ങൾ, മറുപടിയില്ലാത്ത നിലവിളികൾ …ഇവയെല്ലാം ഓരോ വിഭജനത്തിന്റെയും രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിന്റെയും ബാക്കിപത്രമാണ്.

പാവകളുടെ വീട് ഇതിൽ നിന്നെല്ലാം വ്യത്യസ്തമാവുകയാണ്. ദേശാദിർത്തികൾ മറികടന്ന് മനുഷ്യൻ എന്നും മാനവികത എന്നുമുള്ള സാർവദേശീയമായ ബോധം ഉൾക്കൊണ്ടു കൊണ്ട് പുതിയ തലമുറ പാവകൾ , നിർണയിക്കപ്പെട്ട അതിർത്തികൾ വരികൾ മാറ്റിവെച്ചുകൊണ്ട് തിരുത്തി വ്യാഖ്യാനിക്കുന്നു. അതിനെതിരെ ഉയരുന്ന ശബ്ദങ്ങൾ എല്ലാം അടിച്ചമർത്താനും അവർ ശ്രമിക്കുന്നു. ഉറക്കെ ഉറക്കെ ഉയരുന്ന ലോകത്തിലെ പുതിയ ശബ്ദമായി പുതിയ ഉണർവായി ആരൊക്കെയോ എവിടെയൊക്കെയോ ഉണ്ടാകുമെന്ന് ഒരു വെളിച്ചമാണ് പാവകളുടെ വീട് നൽകുന്നത്.

ഏറെ സ്വാഭാവികമായി കഥ പറഞ്ഞു പോകുന്ന രീതിയിൽ എഴുതപ്പെട്ട കഥയാണ് ‘മരണക്കുറി ‘
പൂതപ്പാറ എന്ന സ്ഥലത്തെ നിഷ്കളങ്കരായ ചില മനുഷ്യരുടെ ഇടയിലേക്കാണ് ‘മരണക്കുറി’ വായനക്കാരെ നയിക്കുന്നത്. മുരിക്കൽ എന്ന എൽഐസി ഏജന്റിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. പൂതപ്പാറയിലെ ആദ്യത്തെ എൽഐസി ഏജന്റാണ് മുരിക്കൻ. അയാളുടെ ഇൻഷുറൻസ് പോളിസികളെ ആളുകൾ സംശയത്തോടെയാണ് നോക്കിയത്. കാരണം മരിച്ചാൽ കാശു കിട്ടുന്ന ഒരു ഏർപ്പാടാണ് അതെന്നാണ് ആ നാട്ടുകാരുടെ വിശ്വാസം. മരണക്കുറിയെന്നും കാലൻ ചിട്ടിയെന്നും ആളുകൾ പോളിസികളെ പേരിട്ടു വിളിച്ചു .
എഴുപതു വർഷം മുമ്പുള്ള പൂതപ്പാറയുടെ ചരിത്രം കൂടി കഥയിൽ വികസിക്കുന്നുണ്ട്. യാത്രയ്ക്ക് ബസ് ഇല്ലാത്ത,കാടേത്, നാടേത് എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള ആ പ്രദേശത്ത് ഓലമേഞ്ഞ ഒരു പള്ളിയും പേരിനൊരു മരക്കുരിശുമാണ് ഉണ്ടായിരുന്നത്. താരതമ്യേനെ മരണങ്ങൾ കുറവായിരുന്ന പൂതപ്പാറയിൽ സെമിത്തേരി പോലും ഉണ്ടായിരുന്നില്ല. മുരിക്കന്റെ അടുത്ത് ആദ്യമായി പോളിസി എടുത്തത് ഇത്താപ്പിരി ലോന എന്നയാൾ ആയിരുന്നു. പോളിസി എടുത്ത ആൾ മരണപ്പെടുമെന്ന ഒരു നിഗൂഢവിശ്വാസത്തിന്റെ പുറത്തായിരുന്നു ആ പോളിസിയെടുക്കൽ . കാലങ്ങളായി കിടപ്പിലായ തന്റെ അച്ഛന്റെ മരണം ആഗ്രഹിച്ചു തന്നെയാണ് അയാൾ ആ സാഹസത്തിന് മുതിർന്നതും. വളരെ കഷ്ടപ്പെട്ട് രണ്ടുമൂന്നു പ്രീമിയങ്ങൾ അടച്ചിട്ടും അപ്പൻ മരിക്കാത്തതിൽ അയാൾ പരിഭവിക്കുന്നുണ്ട്. അൻപതു വയസ്സിനപ്പുറം പോളിസിയിൽ ചേർക്കാൻ നിയമമില്ലെങ്കിലും മരിക്കാൻ കിടക്കുന്ന ആ വൃദ്ധനെ നാൽപ്പത്തിയെട്ടുകാരനാക്കിയാണ് പോളിസിയെടുത്തത്. നാളുകൾക്ക് ശേഷം ആ വൃദ്ധൻ മരിച്ചെങ്കിലും ആ പോളിസി തുക അയാൾക്ക് കിട്ടുന്നില്ല. വിവരങ്ങൾ അന്വേഷിച്ചു വരുന്ന ഉദ്യോഗസ്ഥർ വയസ്സ് തെറ്റായി ചേർത്തുവെച്ചത് കണ്ടുപിടിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അത്.


ഹോട്ടലുകാരനായ അയ്യപ്പൻ നായർക്ക് പോളിസി എടുക്കണം എന്ന ആഗ്രഹം വന്നത് കിടപ്പിലായ ഏക ആൺതരിയെ ഓർത്തിട്ടാണ്. വീട് നിറഞ്ഞുനിൽക്കുന്ന പെൺകുട്ടികളും അസുഖം ബാധിച്ച ഭാര്യയും മറ്റു ബുദ്ധിമുട്ടുകളും കൊണ്ട് അയാൾ അവസാന ആശ്രയമായാണ് പോളിസിയെടുത്തത്. അതിനിടയ്ക്ക് പോളിസി എടുത്ത ഒന്ന് രണ്ടു പേരുടെ മരണവാർത്തയും കിട്ടിയ ഇൻഷുറൻസ് തുകയും നാട്ടിൽ പോളിസിയുടെ ജനപ്രീതി വർധിപ്പിച്ചു.


പൂതപ്പാറയിൽ ഇൻഷുറൻസ് പോളിസിയോടൊപ്പം കമ്മ്യൂണിസം പ്രചരിപ്പിച്ചു എന്നതിന്റെ പേരിൽ മുരിക്കനെ പോലീസുകാർ അറസ്റ്റ് ചെയ്യുന്നുണ്ട്. അതിജീവിക്കാൻ കമ്മ്യൂണിസവും ജീവിക്കാൻ ഇൻഷുറൻസ് പോളിസിയുമായാണ് അയാൾ നടന്നത് . വേദനിക്കുന്ന ജനതയെ രക്ഷിക്കാൻ കമ്മ്യൂണിസവും ഇൻഷുറൻസ് പോളിസിയും ഒരുപോലെ ആവശ്യമാണെന്നാണ് മുരിക്കന്റെ ന്യായം. കോടതി ഇതിന്റെ പേരിൽ അയാളെ ശിക്ഷിച്ചപ്പോഴേക്കും അയ്യപ്പൻ നായർ മരണപ്പെട്ടിരുന്നു അതുവരെ അടച്ച പോളിസികൾ ഒന്നും അയാൾക്കൊ കുടുംബത്തിനോ ഉപകാരപ്പെട്ടതേയില്ല. അധികാരികളുടെ കണ്ടെത്തലിൽ അയ്യപ്പൻ നായർ ആത്മഹത്യ ചെയ്തതായിരുന്നു. ആത്മഹത്യ ചെയ്തവർക്ക് ഇൻഷുറൻസ് തുകയ്ക്ക് അർഹതയുമില്ല.

ഇ. സന്തോഷ് കുമാർ


ഒരു നാട്ടിലെ നിഷ്കളങ്കരായ ജനതയുടെ അന്ധവിശ്വാസങ്ങളും അവർക്കിടയിൽ അടിച്ചമർത്തലിനെതിരെ മുളപൊട്ടി ഉണരുന്ന കമ്മ്യൂണിസവും കഥയിൽ കാണാം. ആർക്കും ഉപകാരം ഇല്ലാതെ പോകുന്ന അതിദരിദ്രരായവരുടെ ജീവിതങ്ങൾ. കുടുംബത്തിലെ സമാധാനത്തിനായി പ്രിയപ്പെട്ടവരുടെ മരണം വരെ അവർ ആഗ്രഹിക്കുന്നു. മനുഷ്യമനസ്സിന്റെ നിസ്സഹായതയെയാണ് മരണക്കുറിയിലൂടെ എഴുത്തുകാരൻ അവതരിപ്പിക്കുന്നത്.

“മരണക്കുറി”യുടെ തുടർച്ചയെന്നോണം വായിക്കാവുന്ന കഥയാണ് ജ്ഞാനോദയം. പൂതപ്പാറയിലെ അന്ധവിശ്വാസത്തിന്റെ കരിനിഴൽ മാറ്റിക്കൊണ്ട് നേരിന്റെയും നന്മയുടെയും എല്ലാത്തിനുമുപരി യുക്തി ബോധത്തിന്റെയും ഉദയമാണ് ‘ജ്ഞാനോദയ’ത്തിൽ കാണുന്നത്. മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതമെന്ന് ആളുകളെ ബോധിപ്പിക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമാണ് ജ്ഞാനോദയം. പൂതപ്പാറയിലെ ജനങ്ങളെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ എൽഐസി ഏജന്റ് ആയ മുരിക്കൻ കമ്മ്യൂണിസം പ്രചരിപ്പിച്ചിരുന്നു. പക്ഷേ അയാൾ നാട്ടിലെ അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തിച്ചു എന്ന് പറയാൻ കഴിയില്ല ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ പ്രവർത്തിക്കുക എന്നതായിരുന്നു അയാളുടെ ഉദ്ദേശം എങ്കിലും അത് വേണ്ട വിധത്തിൽ വെളിച്ചം കാണാതെ പോയി. അതിനുശേഷം വർഷങ്ങൾ കഴിഞ്ഞാണ് പൂതപ്പാറ യുക്തിവാദസംഘം പ്രവർത്തനം ആരംഭിക്കുന്നത്

.
പൂതപ്പാറയിലെ അന്ധവിശ്വാസങ്ങൾക്കും ഭക്തി ആചരണത്തിലെ അനാചാരങ്ങൾക്കും എതിരെ ശക്തമായ നിലപാടെടുത്തവരായിരുന്നു യുക്തിവാദി സംഘം. ഒരാൾ ജനിച്ചവർഷത്തിലെ മാസമോ തീയതിയോ സമയമോ വെച്ച് നിഗൂഢമായ ചില മന്ത്രങ്ങളുടെ സഹായത്തോടെ ആ മനുഷ്യന്റെ ആയുർദൈർഘ്യം പ്രവചിക്കുന്ന കള്ളത്തരത്തിന്റെ താക്കോൽ പിടിച്ചു, കപട ആൾദൈവങ്ങളുടെ മുഖംമൂടികൾ എടുത്തു കളയുക എന്നതായിരുന്നു യുക്തിവാദി സംഘടനയുടെ ആദ്യ കർത്തവ്യം. പൂതപ്പാറയിലെ ആദ്യനസ്രാണി കുടുംബാംഗങ്ങളിൽ ഒരാളായ പാതാലിൽ വർക്കിച്ചൻ ആയിരുന്നു ആ യുക്തിവാദി സംഘടനയുടെ സ്ഥാപകൻ. പള്ളിയെയും സഭയെയും ദൈവഭയത്തോടെ കരുതിപ്പോന്ന കുടുംബാംഗമായിരുന്നിട്ടും പൂതപ്പാറയിൽ കാര്യമായ മാറ്റുമോ വികസനത്തിന്റെ വെളിച്ചമോ കൊണ്ടുവരാൻ പള്ളിക്കോ സഭക്കോ ദൈവത്തിനോ കഴിയുന്നില്ല എന്ന തിരിച്ചറിവിന്റെ ബലത്തിലാണ് വർക്കിച്ചൻ യുക്തിവാദി സംഘടന തുടങ്ങിയത്.


ഒരു യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി കയ്യിൽ വന്ന ജ്ഞാനോദയം എന്ന് പേരുള്ള മാസിക വർക്കിച്ചന്റെ ഉപബോധമനസിനെ തന്നെ മാറ്റിമറിക്കുന്നുണ്ട്. കഥയും ലേഖനങ്ങളും കവിതകളും നിറഞ്ഞ ആ മാസികയിൽ അയാളെ ആകർഷിച്ചത് ലോകത്ത് നടക്കുന്ന മാറ്റങ്ങളെ കുറിച്ച് എഴുതപ്പെട്ട വസ്തുതകളാണ്. പഴയ പാഠപുസ്തകങ്ങളും വേദപുസ്തകങ്ങളും അല്ലാതെ അച്ചടിച്ച് ഒന്നും കണ്ടിട്ടില്ലാത്ത വർക്കിച്ചന് ജ്ഞാനോദയം മാസിക നൽകിയത് പുതിയൊരു വെളിപാട് തന്നെയായിരുന്നു. ദൈവത്തെക്കുറിച്ചുള്ള മിഥ്യയും സത്യവും അന്വേഷിക്കാനുള്ള ത്വര അയാളിൽ ഉണരുന്നത് അങ്ങനെയാണ്. ജ്ഞാനോദയം മാസിക വീണ്ടും വീണ്ടും വായിക്കാൻ വർക്കിച്ചന് ഒടുങ്ങാത്ത ആഗ്രഹം തോന്നിയെങ്കിലും നിരാശയായിരുന്നു ഫലം. പിറവിയെടുത്ത പുതിയൊരു ലോകം അസ്തമിച്ച് താൻ വീണ്ടും ഇരുട്ടിൽ ആഴുന്നത് പോലെ അയാൾക്ക് തോന്നി. മാസിക എങ്ങനെയെങ്കിലും കണ്ടെത്തണം എന്ന തീരാദാഹത്തിന്റെ പുറത്താണ് ഒരു അത്ഭുതം എന്നോണം ജ്ഞാനോദയം മാസികയുടെ അച്ചടിശാലയും ജ്ഞാനോദയം ഭാസ്കരൻ എന്നറിയപ്പെടുന്ന അതിന്റെ പത്രാധിപരെയും അയാൾ കണ്ടെത്തുന്നത്. മാസികയിലെ കഥയും ലേഖനങ്ങളും വായനക്കാർ ഉന്നയിക്കുന്ന ചോദ്യങ്ങളും എല്ലാം ഭാസ്കരന്റെ സൃഷ്ടികൾ തന്നെയാണെന്ന് വർക്കിച്ചൻ തിരിച്ചറിയുകയും ചെയ്യുന്നു. ഒരേ ആശയങ്ങളുള്ള രണ്ടു വ്യക്തികളുടെ കൂടിച്ചേരൽ കൂടിയായിരുന്നു അത് . പൂതപ്പാറയെ ഇരുട്ടിൽ നിന്ന് മോചിപ്പിക്കാനും കിട്ടിയ അറിവുകൾ രഹസ്യമാക്കി വയ്ക്കാതെ മറ്റു മനുഷ്യർക്ക് കൂടി അറിവ് പകരുന്ന യഥാർത്ഥ ജ്ഞാനോദയത്തിന് തുടക്കമിടാനും അവർ ഒരുമിച്ചിറങ്ങുകയും ചെയ്യുന്നു. ഭൂമിയിലെ ഒരാളെയെങ്കിലും അന്ധകാരത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കുന്നത് സ്വന്തം കടമയായി അവർ കണക്കാക്കുന്നു. ഗ്രാമത്തിലെ പള്ളി പരിസരങ്ങളിൽ ഒരു പലകയിൽ ക്രിസ്തുവോ കൃഷ്ണനോ ജീവിച്ചിരുന്നില്ല എന്ന് രഹസ്യമായി അവർ എഴുതിയിടുന്നു . പൂതപ്പാറയിലേക്ക് നീണ്ടു വന്ന ഏതോ ചെകുത്താന്റെ കൈകളായി വിശ്വാസികൾ അതിനെ കരുതി. കൃഷ്ണൻ ജീവിച്ചിരുന്നില്ല എന്നതാക്കി ആ പലകയിലെ വാചകം പരിഷ്കരിക്കപ്പെട്ടു. പലതവണ ദൈവം ഉണ്ടായിരുന്നില്ലെന്ന് സ്ഥാപിക്കാൻ യുക്തിവാദികൾ ശ്രമിച്ചു ക്രിസ്തുവും കൃഷ്ണനും കേവലം മനുഷ്യർ മാത്രമായിരുന്നെന്ന് ആളുകളെ ബോധിപ്പിക്കാനും അവർ നോക്കുന്നുണ്ട്. അയൽ നാട്ടിലെ രണ്ട് യുവാക്കൾ കൂടി അപ്രതീക്ഷിതമായി അവരുടെ ആശയങ്ങൾക്കൊപ്പം ചേരുകയും യുക്തിവാദി സംഘമായി അത് വിപുലീകരിക്കപ്പെടുകയും ചെയ്തു. പൂതപ്പാറയെ അന്ധകാര വിമുക്ത പ്രദേശമായി പ്രഖ്യാപിക്കുവാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി ജ്ഞാനോദയം ഭാസ്കരൻ ഒരു ദിവ്യനായി പൂതപ്പാറയിൽ അവതരിക്കുന്നുണ്ട് നാട്ടിൽ പ്രവചനം നടത്തിവന്ന സ്വാമിയുടെ കള്ളത്തരങ്ങളെ പൊളിച്ചടുക്കാൻ ആണെങ്കിലും അയാൾ എത്തിയപ്പോഴേക്കും ആളുകളുടെ മരണം പ്രവചിക്കുന്ന ദിവ്യൻ അപ്രത്യക്ഷനായിരുന്നു. അത്രയും അന്ധകാരം നീങ്ങിയതായി പ്രഖ്യാപിച്ച ഭാസ്കരനെ നാട്ടുകാർ പുതിയ സ്വാമിയായി കരുതി. അതിന് ശേഷം ജ്ഞാനോദയം ഭാസ്കരൻ ആ നാട്ടിൽ വന്നിട്ടില്ല. നാളുകൾക്ക് ശേഷം വർക്കിച്ചന് ‘ജ്ഞനോദയ’ത്തിൽ നിന്ന് പ്രബുദ്ധ ലോകം എന്നൊരു മാസിക തുടങ്ങുന്നതിനെ കുറിച്ച് ഒരു അറിയിപ്പ് കിട്ടുന്നതിന്റെ അടിസ്ഥാനത്തിൽ അയാൾ ഗുരുവായ ഭാസ്ക്കരന് എഴുതുന്ന കത്ത് ഉടമസ്ഥനില്ലാതെ തിരിച്ചു വരുന്നു. അന്വേഷിച്ച് ഇറങ്ങുന്ന വർക്കിച്ചന് അങ്ങനെയൊരു ഓഫീസോ പുരോഗമന സ്വഭാവമുള്ള ഒരു മാസിക പുറത്തിറങ്ങിയതിന്റെ യാതൊരു ലക്ഷണങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല.വീണ്ടും പൂതപ്പാറയെ മുഴുവനായി ഒരു അന്ധകാരം വന്നു വിഴുങ്ങിയിരിക്കുന്നു എന്നാണ് എഴുത്തുകാരൻ വർക്കിച്ചനിലൂടെ പറഞ്ഞു വെയ്ക്കുന്നത്.


യുക്തിവാദങ്ങൾക്കും പുരോഗമനാ ശയങ്ങൾക്കും സമൂഹം ഇപ്പോഴും അത്ര കണ്ട് സ്വീകാര്യത നൽകുന്നില്ല. ദൈവമെന്നത് ഒരു അവസാന വാക്കായി കല്പിക്കുന്നതും അതിനെതിരെ പ്രവർത്തിക്കുന്നവരെ തടയിടുന്നതുമാണ് ഈ കഥ നമുക്ക് കാണിച്ചു തരുന്നത്.

സമാഹാരത്തിലെ മറ്റൊരു കഥയാണ് “വിശുദ്ധന്റെ ചോര”. വിശപ്പ് എന്ന വികാരത്തെ, ആ നോവിനെ വായനക്കാരിലേക്ക് ആഴത്തിൽ എത്തിക്കുകയാണിവിടെ. ദാരിദ്ര്യവും, പട്ടിണിയും എപ്പോഴും സാഹിത്യ സൃഷ്ടികൾക്ക് വിഷയമാകാറുണ്ട്.വായനക്കാരെ സ്വാധീനിക്കാൻ അത്തരം വിഷയങ്ങൾക്ക് കഴിഞ്ഞിട്ടുമുണ്ട് എന്നതാണ് വാസ്തവം.
ഫിലിപ്പോസ് എന്ന കാവൽക്കാരൻ മദ്യത്തിന്റെ ലഹരിയിൽ ആഖ്യാതാവിനോട് സ്വന്തം കഥ പറയുകയാണിവിടെ. തന്റെ നാട്ടിലെ’ പുണ്യാളൻ അമ്പ് ‘എന്ന വിശേഷ ദിവസത്തെയും പെരുന്നാളിന്റേയും ഓർമ്മകളുമാണ് അയാൾ അയവിറക്കുന്നത്. ഉത്സവപ്പറമ്പിലെ വട്ട പ്പാത്രത്തിലൂടെ ഒഴുകുന്ന ബോട്ട് വാങ്ങാൻ കാശില്ലാത്തതിന്റെ പേരിൽ വിഷമിക്കുന്ന ഒരു കൊച്ചുകുട്ടിയായി ഫിലിപ്പോസ് മാറുന്നത് വായനക്കാർക്ക് കാണാം.


ഫിലിപ്പോസിന്റെ വീട്ടിൽ രാത്രി ഭക്ഷണം കഴിക്കാൻ എത്തുന്ന വില്ലേജ് ഓഫിസിലെ സർവേയർ കൊടുത്തതും അല്ലാതെ ശേഖരിച്ചതുമായ പണം കൊണ്ട് അവന്റെ അമ്മാമ മീൻ വാങ്ങി തിന്നുമ്പോൾ അവനു ദേഷ്യമുണ്ട്. സർവെയരേയും ഫിലിപ്പോസിന്റെ അമ്മയേയും ചേർത്ത് നാട്ടിൽ പ്രചരിക്കുന്ന കഥകൾ അവനും കേട്ടിട്ടുണ്ട്. ബോട്ട് വാങ്ങിക്കാനായി സ്വരുക്കൂട്ടി വെച്ച പണം ആദ്യം അമ്മാമയെടുത്ത് മീൻ വാങ്ങി. വീണ്ടും കയ്യിൽ വന്ന കാശ് വെച്ചവൻ വാങ്ങിയ ബോട്ട് അതോടിക്കാൻ പാകത്തിലുള്ള വട്ടപ്പാത്രമില്ലാത്തതിനാൽ ഉപകാരപ്പെട്ടില്ല. നിലയ്ക്ക് നിർത്താനാവാത്ത ആഗ്രഹം കൊണ്ടവൻ വീണ്ടും ബോട്ട് വാങ്ങിക്കുന്നു പക്ഷെ അതും അവനെ നിരാശനാക്കുന്നു. നാറ്റക്കാശ് കൊണ്ട് വാങ്ങിയതൊന്നും ഉപകാരപ്പെടില്ലെന്ന കൂട്ടുകാരുടെ കളിയാക്കൽ അവനെ തളർത്തുന്നു. അവസാനം അമ്പുതിരുന്നാൾ ദിവസം പുണ്യാളന്റെ കാലിൽ നിന്നും രക്തമൂർന്നുവീഴുമ്പോൾ നാടുവിട്ടു ഓടിയതാണ് ഫിലിപ്പോസ് . പുണ്യാളന്റെ മുറിവുകളിൽ നിന്ന് ഒഴുകിയിരുന്നത് അവന്റെ മുറിവുകളിൽ നിന്നുള്ള ചോര കൂടിയായിരുന്നു.


കടം ബാധ്യതകളായി മാറുമ്പോൾ, പട്ടിണി വന്നു മൂടുമ്പോൾ ശരീരം ഒരു പരിഹാരമായി കാണുന്ന സ്ത്രീയെ ഈ കഥയിലും കാണാം- ഫീലിപ്പോസിന്റെ അമ്മ. പുണ്യാളനും തിരി കത്തിച്ചു വച്ചുകൊണ്ട് ഓടുന്ന ബോട്ടും വില്ലേജ് സർവേയറുടെ ചങ്ങല കിലുക്കവും, സൂക്ഷിച്ചുവച്ച നാണയത്തുട്ടുകൾ അമ്മാമയുടെ മീൻ കറിയായി മാറുന്നതുമെല്ലാം കഥയെ കൂടുതൽ ആസ്വാദ്യമാക്കുന്നു.

ഒരു ഡയറിയുടെ താളുകൾ മറിക്കുന്നതുപോലെ വായിക്കാൻ കഴിയുന്ന കഥയാണ് “വ്യാഘ്രവധു”. ലോകത്തിലെ വലിയ കണ്ടൽക്കാടുകളിൽ ഒന്നായ ബംഗാളിലെ സുന്ദർബാൻസിൽ കടുവകളുടെ ആക്രമണത്തിൽ ഇരയായവരുടെ അനുഭവങ്ങളെക്കുറിച്ചന്വേഷിച്ച് ഇറങ്ങുന്ന ആഖ്യാതാവിന്റെ ഡയറിക്കുറിപ്പുകൾ എന്നു തോന്നിപ്പിക്കുന്ന കഥ. കടുവകളെയും,മുതലകളെയും, കൊടുങ്കാറ്റിനെയും ഭയപ്പെട്ട് ജീവിക്കുന്ന ഒരു പറ്റം ഗ്രാമീണരുടെ കഥയാണിത്. കടുവകളുടെ ആക്രമണത്തിന് ഇരയായ സ്ത്രീകളാണ് വ്യാഘ്രവധുക്കൾ എന്നറിയപ്പെട്ടത്. അവരുടെ ദൈന്യതയും ജീവിതത്തിലെ ഒറ്റപ്പെടലുകളും പകൽവെളിച്ചം പോലെ വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുകയാണിവിടെ.


ഗ്രാമീണരുടെ ജീവിതത്തിൽ എപ്പോഴും മരണം പോലെ പിന്തുടരുന്നതാണ് കടുവയും കൊടുങ്കാറ്റും. കൊടുങ്കാറ്റ് അവരുടെ സാമൂഹിക ജീവിതത്തെയും കടുവ കുടുംബ ജീവിതത്തെയും ഇല്ലാതാക്കുന്നു. ആ ദ്വീപിൽ കടുവ തന്നെ ഇല്ലെന്നും എല്ലാം കള്ളക്കഥകൾ ആണെന്നും വിശ്വസിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥൻ അയാൾക്ക് മാത്രം കേൾക്കാവുന്ന ശബ്ദങ്ങളിൽ പരിഭ്രാന്തനാകുന്നുണ്ട്.ഗ്രാമീണരുടെ മനസ്സിൽ സർക്കാറും ഭീകരത നിറക്കുന്ന ഒരു ഘടകമായി വർത്തിക്കുന്നുണ്ട്.ഭയാനകത നിറഞ്ഞുനിൽക്കുന്ന ആ ഗ്രാമത്തിൽ വിവാഹങ്ങളും വ്യാഘ്രവധുക്കളും തുടർച്ചയായി മാറുകയാണ്. ഒന്നു പൊട്ടിക്കരയാൻ പോലുമാകാത്ത ജീവിതയാത്രയിൽ നിന്ന് ഒരു വ്യാഘ്രവധുവിനു പോലും മോചനമില്ലെന്നാണ് കഥ പറഞ്ഞു വയ്ക്കുന്നത്.

“ഊഴം” എന്ന കഥ, അജ്മല്‍ എന്ന ചെറുപ്പക്കാരനെ കുറിച്ചാണ്. വ്യക്തമായ രാഷ്ട്രീയ ബോധമുള്ളവനും തുറന്ന അഭിപ്രായമുള്ളവനുമാണ് അജ്മല്‍. ലൈബ്രറിയില്‍ ജോലി നോക്കുന്ന ഇയാൾ ഗായകനും ദേശഭക്തിയുള്ളവനുമാണ്. ചെറുപ്പക്കാരുടെ ദുശ്ശീലങ്ങളൊന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത അജ്മല്‍ ഇന്ത്യയുടെ ജനസംഖ്യാവര്‍ദ്ധനവില്‍ ആകുലപ്പെടുന്നുണ്ട്. സര്‍ക്കസുകാരനായ ഉപ്പയുടെ ഓര്‍മ പേറി നടക്കുന്ന ആ ചെറുപ്പക്കാരന്‍ കോഴിയിറച്ചി ഭക്ഷിക്കാത്തതിന്റെ സത്യവും കൂട്ടുകാരോട് വെളിപ്പെടുത്തുന്നു. കൊല്ലാന്‍ ഊഴം കാത്തുനില്‍ക്കുന്ന കോഴികളിലെ ദൈന്യത മുഴുവന്‍ അയാളുടെ വാക്കില്‍ കാണാം.ഹിംസയുടെ രാഷ്ട്രീയമാണ് കഥ ചർച്ച ചെയുന്നത്. ഭരണകൂടത്തിന്റെ ഏകദേശീയതാവ്യവഹാരത്തിനോടുള്ള എതിർപ്പും ,അതിൽ ഇരകളാക്കപ്പെടുന്ന ഒരു വിഭാഗത്തെക്കുറിച്ചുള്ള ആലോചനകളും .പുതിയ തലമുറ മതത്തിൽ കൂടുതൽ വ്യാപൃതമാകുന്നതും,ദേശസ്‌നേഹം ഇല്ലാതെ, വ്യക്തമായ രാഷ്ട്രീയ ബോധമില്ലാതെ വളരുന്നതിന്റെ ഉദ്വേഗവും കഥ പങ്കുവെക്കുന്നു.

” മഞ്ഞച്ചേരയുടെ പകൽ” എന്ന കഥ രണ്ടു സഹോദരിമാരുടെ ജീവിതത്തിലൂടെയാണ് വികസിക്കുന്നത്. അവയവദാനം ചെയ്ത പിതാവിന്റെ മക്കളാണ് അവർ സിനിമാക്കമ്പക്കാരനായ അയാൾ മക്കൾക്കും നടിമാരുടെ പേരിട്ടു. തങ്ങളുടെ അപ്പന്റെ ഹൃദയം സ്വീകരിച്ച ജഗന്നാഥൻ എന്ന മനുഷ്യനെ കാണാനും, മാറ്റി വെച്ച ഹൃദയത്തിൽ ജീവിക്കുന്ന അയാളുമായി ഒരു ഇന്റർവ്യൂ തയ്യാറാക്കുന്ന മാസികയിലെ ഒരു ഉദ്യോഗസ്ഥയോടൊപ്പം കുറച്ചു പകൽ നേരങ്ങൾ ചിലവഴിക്കാനും പുറപ്പെടാൻ നേരം വീട്ടിൽ കണ്ട മഞ്ഞചേരയെ കുറിച്ച് സഹോദരി ആശങ്കപ്പെടുന്നു. അസുഖബാധിതയായി കിടക്കുന്ന അമ്മയും പരിചരിക്കുന്ന സ്ത്രീയും ചേരയെ കണ്ടിട്ടുണ്ടാകുമോ, വീട്ടിനുള്ളിൽ കയറി ഒളിച്ചിരിക്കുമോ എന്നെല്ലാമുള്ള ആശങ്ക. വീട്ടിൽ തിരിച്ചെത്തിയ സഹോദരി അപ്പന്റെ ഹൃദയം സ്വീകരിച്ച മനുഷ്യൻ ചുരുണ്ട് കൂടി കിടക്കുന്നതുപോലെ ചേരയുടെ പൊഴിഞ്ഞു കിടക്കുന്ന പടം കാണുന്നുണ്ട്. ആ നിമിഷത്തിൽ ജഗന്നാഥൻ എന്ന മനുഷ്യന്റെ ഉയർന്നു പറക്കുന്ന ആഗ്രഹം പോലെ ചന്ദ്രനിലേക്ക് താനും ഉയർന്നു പോകുന്നതായി സഹോദരിക്ക് തോന്നുന്നു.

പാവകളുടെ വീട് എന്ന കഥാസമാഹാരത്തിലെ ഏഴു കഥകളും വ്യത്യസ്തമായ കഥാതന്തുക്കൾ കൊണ്ട് സമ്പന്നമാണ്. കാല, ദേശ,ഭാഷാ വൈവിധ്യത്തോടെയും ആശയസമ്പുഷ്ടത കൊണ്ടും, കഥയ്ക്കുള്ളിലെ കഥകൾ കൊണ്ടും ഏറെ മികച്ചു നിൽക്കുന്നവയാണവ . സമകാലിക രാഷ്ട്രീയവും, മതചിന്തകളും,മനുഷ്യ ജീവിതവും ഉൾപ്പെടുത്തി കഥകളെ ആസ്വാദ്യകരമാക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like