കേളുമാഷ് സ്കൂൾ അധ്യാപകനായെങ്കിലും വീടിനടുത്തുള്ള ഒരു സമാന്തരകോളേജിൽ ‘ആരുമറിയാതെ’ ഇടയ്ക്കിടെ ക്ലാസ്സെടുക്കാറുണ്ട്. ബിരുദം കഴിഞ്ഞയുടെനെ കേളുവിനെ കേളുമാഷാക്കിയത് ആ കോളേജാണ്. അക്കാലത്ത് മാഷെ കുഞ്ഞ് ശമ്പളത്തിന്‍റെ അധിപനാക്കിയ സ്ഥാപനമാണത്. പ്രതിഭാ കോളേജ്. അതുകൊണ്ടാണ് മാഷ് ഇപ്പോഴും ഒരു ‘ബാധപോലെ’ ഇടയ്ക്കിടെ അവിടെ പ്രത്യക്ഷപ്പെടുന്നത്.
കോളേജിന്‍റെ ജീവാത്മാവും പരമാത്മാവും നാണു മാഷാണ്. അദ്ദേഹം കേളുമാഷുടെ ‘തഞ്ചവും തരവും’ നോക്കി മൂപ്പർക്ക് കോളേജിലെ ചില നേരം കാത്തുവെക്കും. ഓഫീസിൽ (ഓഫീസും പ്രിന്‍സിപ്പാളുടെ റൂമും എല്ലാം ഒറ്റമുറിയിലാ) കയറുമ്പോഴേ കേളുമാഷ് നാണുമാഷോട് പറയും.
“നാണ്വാഷേ… ങ്ങള് വിജിലൻസ് ബെര്മ്മം ഒറ്റബെൽ അടിക്കാൻ മറന്ന് പോല്ലേ..”
“ഇല്ലപ്പ ഞാൻ ബ്ടെ ഇല്ലേ….ങ്ങള് ബേഗം ക്ലാസ്സിൽ ചെല്ലീ ..”
അങ്ങനെ കേളുമാഷ് സ്‌കൂളിലും കോളേജിലും ഒരു അടിപൊളി മാഷായി തിളങ്ങിക്കൊണ്ടിരിക്കുന്ന കാലം. !
മൂന്ന് നാല് വർഷം കേളുമാഷുടെ ഈ ‘കട്ടുതിന്നൽ’ വലിയ കുഴപ്പമില്ലാതെ പോയി. എന്നിട്ടും ക്ലാസ്സിൽ കയറും മുൻപ് വിജിലൻസിന്‍റെ കാര്യം ഓർമ്മപ്പെടുത്താൻ കേളുമാഷ് മറക്കാറുമില്ല.
ഒരിക്കൽ ഒരു സംഭവമുണ്ടായി. അന്നും കേളുമാഷ് ക്ലാസ്സിൽ കയറുംമുമ്പ് വിജിലൻസിന്‍റെ കാര്യം നാണുമാഷെ ഓർമ്മിപ്പിക്കാൻ മറന്നിരുന്നില്ല.
“ഇങ്ങള് ക്ലാസ്സിൽ പോയീം മാഷെ. ഞാനൂടെത്തന്നെയില്ലേ….”.
കേളുമാഷ് കൂടുതൽ ആത്മവിശ്വാസത്തോടെ ക്ലാസ് തുടങ്ങി. ക്ലാസ് തകൃതിയായി തുടർന്നുകൊണ്ടിരുന്നു. നാണുമാഷാണെങ്കിൽ കേളുമാഷ് ക്ലാസ്സിൽ പോയ നിമിഷം മുതൽ ഗാഢനിദ്രയിലുമായി. തലേദിവസത്തെ അയ്യപ്പ വിളക്കുത്സവം നാശംവരുത്തിയ ഉറക്ക് നാണുമാഷെ ചേർത്ത് ചരിച്ച് കിടത്തി. കാലുകൾ മേശമേൽ കേറ്റിവെച്ച് ഏതാണ്ട് താമരശ്ശേരി ചുരം പോലെ മാഷ് ഒടിഞ്ഞ് വളഞ്ഞു കിടന്ന് കൂർക്കം വലി തുടങ്ങി.
കേളുമാഷ് ക്ലാസ് തകർക്കുകയാണ്. അരയോളം ഉയരത്തിൽ മെടഞ്ഞ ഓലകൊണ്ട് മറച്ച ക്ലാസ്സിനപ്പുറം മൊയ്‌തു ഹാജിയുടെ കപ്പ കൃഷിയാണ്. ഒരുമാസം മുൻപ് നട്ട കപ്പത്തണ്ടുകൾ ഒരിത്തിരി വലുപ്പത്തിൽ വളർന്നു വരുന്നതേയുള്ളൂ. കണ്ണത്താ ദൂരത്തോളം പരന്നു കിടക്കുന്ന കപ്പയുടെ പച്ചപ്പ് നോക്കിയിരിക്കെ ഒറ്റബെൽ മുഴങ്ങി.
“ഒരു പിരീഡ് ആയില്ലല്ലോ മുത്തപ്പാ! എന്തുപറ്റി!” കേളുമാഷ് ഒന്ന് വിരണ്ടു.
പിന്നെ കേൾക്കുന്നത് കേളുമാഷുടെ ക്ലാസ്സിൽ നിന്നും കുട്ടികളുടെ ആർത്തട്ടഹാസമാണ്. അത് കേട്ടപ്പൊഴാണ് നാണുമാഷ് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. ഉടനെ നാണുമാഷ് കണ്ണുതുടച്ച് കേളുമാഷുടെ ക്ലാസ്സിൽ പാഞ്ഞെത്തി. അവിടെ കണ്ട കാഴ്ച്ച ഭയങ്കരമായിരുന്നു. ക്ലാസ് മുറിയാകെ ‘നാശകോശമായിരിക്കുന്നു’. കുട്ടികളുടെ നിലക്കാത്ത പൊട്ടിച്ചിരിക്കിടയിൽ മുൻബെഞ്ചിലിരിക്കുന്ന സുബൈദ നാണുമാഷേ നോക്കി, പുറത്തേക്ക് വിരൽ ചൂണ്ടിയിട്ട് ഉച്ചത്തിൽ പറഞ്ഞു.

“നാണ്വാഷേ ഇങ്ങള് ബെല്ലടിച്ചപ്പം കേളുമാഷ് ഈ ചെറ്റ ചവ്ട്ടി തള്ളീട്ട് കപ്പക്കൂടം നെരത്തി ഈല പാഞ്ഞ് പോയി. ഇങ്ങള് മൂപ്പര് പായുന്ന കണ്ടോ…”
സുബൈദ അലറിച്ചിരിക്കയാണ്. കപ്പക്കൂടം തട്ടിത്തടഞ്ഞ് ഇടയ്ക്കിടെ നിലത്ത് വീണുരുണ്ട് വീണ്ടും എണീറ്റോടുന്ന കേളുമാഷെ നോക്കി നാണുമാഷ് ഉച്ചത്തിൽ പറഞ്ഞു.
“കേളുമാഷേ ഊട ഒരു പ്രശ്നോം ഇല്ല. ഇങ്ങള് മടങ്ങി ബാ…”
“മാണ്ട മാണ്ട.. ഇങ്ങള് പലേ കോലത്തിലും പറയും… ന്നാൽ മ്മളെ പിടിക്കാനാവൂല മക്കളെ..”. കേളുമാഷ് ഓട്ടത്തിൽ അപ്പോൾ പുതിയ ലോകറിക്കാർഡ് സ്ഥാപിക്കുകയായി. പാവം നാണുമാഷ്. വിളിച്ച് വിളിച്ച് മൂപ്പരുടെ ‘തൊണ്ടപൊട്ടി’. അപ്പോഴാണ് ഒരുകാര്യം ഓർത്തത്.
“ചെലപ്പം എന്നോട് ഒറക്കത്തിൽ കൈകൊണ്ട് ബെല്ല് തട്ടിപ്പോയിക്ക്ണ്ടാവോളീ……ഇണ്ടാവും ഇണ്ടാവും … പാവം കേളുമാഷ്. വിജിലൻസ് ബന്നൂന്ന് ബെച്ചിട്ട്ള്ള ഓട്ടല്ലേ. ഇനീ കുട്ട്യോളോട് ഞാനെന്താ പറയ്യ.”
നാണുമാഷ് തലക്ക് കൈകൊടുത്ത് ‘അന്തംവിട്ട്’ നിന്നപ്പോൾ കുട്ടികൾ ആർത്തലച്ചുചിരിച്ചുകൊണ്ട് ശേഷിച്ച ഓലമതിലും തള്ളിയിട്ട് പുറത്തേക്കിരമ്പി.
(തുടരും)