പൂമുഖം Travel മരാക്കെഷിന്റെ മായാജാലം (ഭാഗം 5)

മരാക്കെഷിന്റെ മായാജാലം (ഭാഗം 5)

ജമാ എൽ ഫി

പതിനൊന്നാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട വളരെ വിശാലമായ തുറന്ന ചന്തയാണ് ഇത്. ജമാ എൽ ഫിന എന്ന പേരിന്റെ അർത്ഥം ‘മരിച്ചവരുടെ ഇടം’ എന്നാണ്. പഴയകാലത്ത് വധശിക്ഷ നൽകുന്നത് ഇവിടെ വച്ചായിരുന്നുത്രേ. ത്രികോണാകൃതിയിലുള്ള ഈ ചതുരത്തിൻ്റെ ചുറ്റും ധാരാളം റസ്റ്റോറൻറുകളും ഗവൺമെൻറ് ഓഫീസുകളും കച്ചവട കേന്ദ്രങ്ങളും മറ്റും കാണാം. ഇതിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് തന്നെ ധാരാളം കുതിരവണ്ടികൾ നിരത്തി ഇട്ടിരിക്കുന്നു. നഗരം ചുറ്റി കാണുന്നതിനായി ഇവ ഉപയോഗപ്പെടുത്താം. Unesco World ഹെറിറ്റേജ് സൈററ്റുകളുടെ ലിസ്റ്റിൽ ഇത് ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇതിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒരു സ്റ്റോറിൽ പല തരത്തിലും വലിപ്പത്തിലുമുള്ള മൊറോക്കൻ കൊടികൾ വിൽക്കുന്ന ഒരിടം ഉണ്ട് അവിടെ എപ്പോഴും തിരക്കുണ്ടാകും. കടുംചുവപ്പ് നിറത്തിലുള്ള പശ്ചാത്തലത്തിൽ മധ്യഭാഗത്ത് പച്ച നിറത്തിലുള്ളഒരു നക്ഷത്രം ഉള്ള കൊടിയാണ് മൊറോക്കോയുടേത്.

കുതിരവണ്ടികൾ

നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള ഇത് ഒരു ചന്ത മാത്രമല്ല അതിനുമപ്പുറം മൊറോക്കോയുടെ ചരിത്രം, സംസ്കാരം, പാചകപാരമ്പര്യം എന്നിവയുടെ ഒരു പ്രദർശനശാല കൂടിയാണ്. ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്ന് കർഷകരും കൈപ്പണിക്കാരും , തങ്ങളുടെ വിളകളും നിർമ്മിതികളുമായി ഇവിടെയെത്തുന്നു. ദന്തചികിത്സ, പാരമ്പര്യ രീതിയിലുള്ള മറ്റു ചികിത്സകൾ, ഭാഗ്യം പറയൽ, മതപ്രചരണം എന്നിവ അവിടെയുള്ള കാഴ്ചകളിൽ ചിലത് മാത്രം. മറ്റു ചില ഭാഗങ്ങളിൽ മുന്നിൽ നിലത്ത് കുത്തിയിരിക്കുന്ന ഒരു സംഘം ആളുകൾക്കായി കഥ പറഞ്ഞു കൊടുക്കുന്നവർ, കൈനോട്ടക്കാർ, കുടിവെള്ളം വിൽക്കുന്നവർ എന്നിവരെ കാണാം.

രാവിലെയും വൈകുന്നേരവും രാത്രിയും ചന്തക്ക് പല മുഖങ്ങളാണ്. സന്ധ്യയായതോടെ തിരക്കേറി, രാത്രിയോടെ അത് പാരമ്പര്യത്തിൽ എത്തി. പലതരത്തിലുള്ള കരകൗശല വസ്തുക്കൾ, പരവതാനികൾ, മൈലാഞ്ചി ഇട്ടു കൊടുക്കുന്ന സ്ത്രീകൾ, പുരുഷനർത്തകർ, മാജിക്ക് കാണിക്കുന്നവർ, സംഗീതോപകരണങ്ങൾ വിൽക്കുന്നവർ, പാമ്പിനെയും, കുരങ്ങിനെയും പ്രദർശിപ്പിക്കുന്നവർ, കൈ നോട്ടക്കാർ എന്നിവരെയും ഇവിടെ കാണാം. പലതരത്തിലും വേഷത്തിലും നിറത്തിലും ഉള്ള, വ്യത്യസ്തങ്ങളായ ഭാഷ സംസാരിക്കുന്നവരെ കണ്ടു. ഉഗ്രവിഷപ്പാമ്പുകളായ അണലി, മൂർഖൻ തുടങ്ങിയവയെ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്ന ഇവയുടെ ഉടമകളെ കാഴ്ചക്കാർ വളരെ ഭയബഹുമാന ങ്ങളോടെയാണ് കാണുന്നത്; ജീവൻ പണയം വച്ചുള്ള കളിയാണല്ലോ. ആൽപ്സിൻ്റെ താഴ്‌വാരങ്ങളിൽ നിന്നാണ് ഇവയെ പിടിയ്ക്കുന്നത്. പലരും തലമുറകളായി ഈ തൊഴിൽ ചെയ്യുന്നവരാണ്..

പരവതാനികൾ വിൽക്കുന്ന സ്ഥലം

എഴുത്തും വായനയും അധികം പേർക്ക് വശമില്ലാതിരുന്ന കാലത്ത് പല ആവശ്യങ്ങൾക്ക് ഉള്ള കത്തുകൾ എഴുതിപ്പിക്കാനും വായിപ്പിക്കാനുമായി നാട്ടിൻ പുറങ്ങളിൽ നിന്ന് ആളുകൾ ഇവിടെയെത്തിയിരുന്നു.

ചന്ത

ഭക്ഷണ വിൽപ്പനക്കായി ഒരു പ്രത്യേക ഭാഗം മാറ്റി വച്ചിരിക്കുന്നു അതിൽ തന്നെ നീളത്തിലെ ഒരു നിര മുഴുവൻ ജ്യൂസ് കടകളാണ്. മാതളനാരങ്ങ, കരിമ്പ് എന്നിങ്ങനെ അധികം കാണാത്ത തരത്തിലുള്ള പാനീയങ്ങളുടെ വൈവിധ്യമാണ് ഇവിടെ. ഇഞ്ചി ചേർത്തുണ്ടാക്കിയ കരിമ്പിൻ ജൂസ് വളരെ രുചികരമായിരുന്നു. ഓരോ കടയിലും കടക്കാരനെക്കൂടാതെ, റോഡിൽ നിന്നും കാൽനടക്കാരുടെ ഇടയിൽ നിന്നും ആളുകളെ വിളിച്ച് കടയിലേക്ക് കയറ്റാനായി, നല്ല വാക് സാമർത്ഥ്യമുള്ള ഒരു ചെറുപ്പക്കാരൻ കൂടിയുണ്ടാവും. പലപ്പോഴും അവരുടെ സേവനം നമുക്ക് ആവശ്യമില്ല എന്ന് പറഞ്ഞാൽ പോലും നമ്മുടെ പുറകെ വന്ന് വല്ലാതെ ശല്യം ചെയ്യും. പലപ്പോഴും ഇത് മനം മടുപ്പിക്കുന്നതായിരുന്നു.

മൊറോക്കൻ ഭക്ഷണത്തിൽ പേരുകേട്ട എല്ലാ തരം വിഭവങ്ങളും- സ്നാക്കുകൾ, സൂപ്പ്കൾ, പേസ്ട്രികൾ പാനീയങ്ങൾ തുടങ്ങിയവ- പല കടകളിലായി വിൽപ്പനയ്ക്കുണ്ട്. രാത്രി ഭക്ഷണത്തിൻ്റെ മണവും മൊറോക്കൻ സംഗീതവും പ്രതേകതരം മൊറോക്കൻ വിളക്കുകളും ഒക്കെച്ചേർന്ന് മൈതാനത്ത് ഒരു വിശേഷ തരം വൈബ് സൃഷ്ടിച്ചു.

സ്ത്രീകൾക്കുപോലും വളരെ സുരക്ഷിത മാണിവിടം! പ്രകടമായ ആഫ്രിക്കൻ ശരീരലക്ഷണങ്ങളുള്ളവർ വളരെ കുറവാണ്; ഇരു നിറക്കാരാണ് അധികം. സ്ത്രീകൾ അധികവും സുന്ദരിമാരാണ്. പുരുഷന്മാർ അധികവും മെലിഞ്ഞു ബദുക്കളുടെ ശരീര പ്രകൃതിയുള്ളവരും. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള രാജ്യമായതിനാൽ വാർദ്ധക്യകാല പെൻഷനും മറ്റും ഇല്ലാത്തത് കൊണ്ടാവാം ഭിക്ഷ യാചിക്കുന്ന ധാരാളം സ്ത്രീകളെ കണ്ടു. വളരെ പ്രായമുള്ള പുരുഷന്മാർ പോലും എന്തെങ്കിലും ചെറിയ ജോലികൾ ചെയ്താണ് ജീവിതം പുലർത്തുന്നത്.

കുത്തുബിയ മോസ്ക്

കുത്തുബിയ മോസ്ക്

പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ പള്ളിയുടെ ഉയരമുള്ള ഗോപുരമാണ് ഏറ്റവും മനോഹരം1150ൽ അൽ മൊഹാദ് സുൽത്താനായിരുന്ന യാക്കൂബ് അൽ മൻസൂർ ആണ് ഇതിന്റെ നിർമ്മാതാവ്. 1147ൽ ഉണ്ടായ ഭൂമികുലുക്കത്തിൽ തകർന്നുപോയ ഒരു പഴയ പള്ളിയുടെ സ്ഥാനത്താണ് ഇത് നിർമ്മിച്ചത്. ഇതിന് സമീപത്തുണ്ടായിരുന്ന ഏകദേശം നൂറോളം പുസ്തക വിൽപ്പനക്കാരുടെയും ലൈബ്രറി ജീവനക്കാരുടെയും പള്ളിയായിരുന്നത് നിമിത്തമാണ് ഇതിന് ഖുത്തുബിയ മോസ്ക് എന്ന് പേര് നൽകപ്പെട്ടത്.ഇസ്ലാമിക്, ആൻഡലൂസിയൻ കെട്ടിട നിർമ്മാണ രീതികളുടെ മനോഹരമായ സങ്കലനമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ചുവന്ന സാൻഡ് സ്റ്റോൺ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഇതിൻ്റെ മിനാരത്തിന് 77 മീറ്റർ ഉയരമുണ്ട്. മുകൾഭാഗത്ത് മനോഹരമായ കൊത്തുപണികളും ഏറ്റവും മുകളിൽ ചെമ്പു കൊണ്ട് ഉണ്ടാക്കിയ ഗോളാകൃതിയിലുള്ള രൂപവും ചന്ദ്രക്കലയും കാണാം.

ഈ നാടിന്റെ പാരമ്പര്യം വിളിച്ചോതുന്ന ഒരു നിർമ്മിതിയായതു കാരണം നാട്ടുകാർ ഇതിനെ അവരുടെ അഭിമാനചിഹ്നമായാണ് കരുതുന്നത്. ഇവിടെയുള്ള ലൈബ്രറിയിൽ പുരാതനമായ ധാരാളം ഗ്രന്ഥങ്ങളുണ്ട്.
ഇവിടെയുണ്ടായിരുന്ന പഴയ പള്ളിയുടെ അവശിഷ്ടങ്ങൾ ഉള്ള ഭാഗം ഇരുമ്പ് കമ്പിവേലി കൊണ്ട് വേർ തിരിച്ചിട്ടുണ്ട്. പള്ളിയും ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ഇതിന് സമീപത്ത് തന്നെ വിശാലമായ ഒരു പാർക്കും ഫൗണ്ടനും കാണാം. 

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.