പൂമുഖം LITERATUREകുറിപ്പുകള്‍ ചാരുകസേര

ചാരുകസേര

രാവിലെ ദോശക്കുള്ള ചട്ട്ണി വറുത്തിടുന്ന തിരക്കിലായിരുന്നു. അതിനിടയിൽ അടുത്ത് എവിടെ നിന്നോ ഒരു ചിരി കേട്ട തോന്നൽ. ശബ്ദത്തിന്റെ ഉറവിടം തേടിയ എന്റെ കണ്ണുകളുടക്കിയത് ആ ചാരുകസേരയിലാണ്. കസേര ഒന്ന് ഇളകിയാടുന്നുണ്ടോ…? ഏയ്.. ഇല്ല, എന്‍റെ തോന്നലുകളാകും; ഇതു ഒരു ‘ഭാർഗവീനിലയം’ ഒന്നുമല്ലല്ലോ.…
ചമ്മന്തി ചീനച്ചട്ടിയിലൊഴിച്ചു ഒന്ന് ചൂടാക്കിയെടുത്ത് ഡൈനിംഗ് റൂമിലേക്ക്‌ നടക്കുമ്പോൾ വീണ്ടും ” ശൂ.. ശൂ… ” എന്നൊരു ശബ്ദം. ശബ്ദത്തിന്‍റെ ഉറവിടം വീണ്ടും ആ കസേര തന്നെ. തിരിഞ്ഞു നിന്ന് ചോദിച്ചു, “എന്താ… എന്തു വേണം..,?”
“ഞാനിവിടെ കിടക്കാൻ തുടങ്ങിയിട്ട് ഇരുപത്തി അഞ്ചു വർഷം കടന്നു പോയി. ഇതുവരെ അവകാശികളെ ആരേയും കണ്ടില്ല. നീ എന്‍റെ കഥയൊന്ന് വീട്ടിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ കൊടുക്ക്‌. പ്രതികരണം അറിയട്ടെ.”

ശരിയാണ്. വർക്ക് ഏരിയയുടെ മുകളിലെ സ്റ്റോറേജ് സ്പൈസിൽ ആ ചാരുകസേര കിടക്കാൻ തുടങ്ങിയിട്ട് രണ്ടു ദശാബ്ദങ്ങളിൽ ഏറെയായി. ഇതിനിടയിൽ ആകെ രണ്ടു പ്രാവശ്യമേ താഴെ ഇറക്കിയിട്ടുള്ളു. ആ സ്റ്റോറേജ് സ്പേസ് പെയിന്റ് ചെയ്യുന്നതിന് വേണ്ടി മാത്രം. രണ്ടു ദിവസം കഴിഞ്ഞാൽ അച്ഛന്‍റെ ശ്രാദ്ധമാണ്. കുറേ കാലമായി ഓർക്കാറുപോലുമില്ലാത്ത ആ കസേര അറിയാതെ എന്‍റെ കണ്ണിലുടക്കിയത് അച്ഛന്‍റെ ഓർമ്മകളുടെ സഞ്ചാരപഥത്തിലേക്കുള്ള ഒരു നിമിത്തമായിരിക്കണം.

ആ കസേര ഈ നഗരത്തിലെത്തിയത് തൊണ്ണൂറുകളിലാണ്. വാടക വീടുകളിൽ നിന്ന് വാടക വീടുകളിലേക്ക് ഞങ്ങൾ ചേക്കേറിക്കൊണ്ടിരുന്ന ആ കാലത്ത് മെഡിസിന് പഠിക്കുന്ന കുഞ്ഞനിയനും കൂടെയുണ്ടായിരുന്നു. വിരലിലെണ്ണാവുന്ന വീട്ടുസാധനങ്ങൾ മാത്രം കൈയിലുള്ള ആ കാലത്ത് രണ്ടു സ്‌റ്റുളുകളും രണ്ടു കസേരകളും കൊണ്ട് ഞങ്ങൾ ദിവസവും കസേരകളി കളിച്ചു കൊണ്ടിരുന്നു. ആയിടക്ക് തറവാട്ടിൽ അച്ഛന്‍റെ യും അമ്മയുടെയും അടുത്ത് പോയപ്പോഴാണ് ചായ്പ്പിൽ ഒരു വികലാംഗനെപ്പോലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന ആ ചാരുകസേര അവന്‍റെ കണ്ണിൽ പെട്ടത്. ഭിഷഗ്വരനാകാൻ തയ്യാറെടുക്കുന്ന അനിയൻ അത് തുടച്ചു മിനുക്കി, മുളയാണിക്ക് പകരം ഇരുമ്പാണി അടിച്ച്, കസേരയുടെ ഇളകിപ്പോയ കൈ യഥാസ്ഥാനത്തുറപ്പിച്ചു. അടുത്ത ദിവസം അവന്‍റെ കൂടെ ആ ചാരുകസേരയും ഈ നഗരത്തിലെ ഞങ്ങളുടെ വാടക വീട്ടിൽ എത്തി.

വര: പ്രസാദ്‌ കാനാത്തുങ്കല്‍

എവിടെ ഇരിക്കണമെന്നറിയാതിരുന്ന ഒരപരിചിതത്ത്വമൊഴിചിച്ചാൽ പിന്നീടവൻ അനിയന്‍റെ ഒരു നല്ല ചുമടു താങ്ങിയായി വർത്തിച്ച് താൻ ഒരു ആത്മാർത്ഥ ജോലിക്കാരനാണെന്ന് തെളിയിച്ചു കൊണ്ടിരുന്നു. കുഞ്ഞനിയൻ വളരെ പ്രശസ്തമായ രീതിയിൽ തന്നെ എം ബി ബി എസ്സും എം ഡി യും കരസ്ഥമാക്കി നാട്ടിലേക്ക് മടങ്ങുന്നത് അവനൊരു മൂകസാക്ഷിയായി സന്തോഷത്തോടെ നോക്കി നിന്നു. അനിയൻ നാട്ടിലെ പ്രശസ്തമായ ഒരാശുപത്രിയിൽ തന്‍റെ ആതുര സേവനം ആരംഭിച്ചു.

ഒരു മദ്ധ്യ വേനലവധിയിൽ നാട്ടിൽ പോയ സമയം. രാവിലെ പതിനൊന്നു മണി. ചീരു മുത്തിയമ്മ കൊത്തിയിട്ടു കൊടുത്ത പച്ചച്ചക്ക മുറത്തിലാക്കി അമ്മ തളത്തിലെ ഊൺമേശയിൽ വെച്ചു. തളത്തിലേക്കു കയറിവന്ന ചെറിയ മകൻ കൈ നീട്ടിക്കൊണ്ട് അമ്മയോട് പറഞ്ഞു, “ഗ്ലാഡ് ടു മീറ്റ് യൂ.. മിസിസ്സ് കുഞ്ഞൻ നായർ” സ്നേഹം കൂടുമ്പോൾ അവന് അമ്മ മിസ്സിസ് കുഞ്ഞൻ നായരാണ്. അവന്‍റെ ഇംഗ്ലീഷ് പരിജ്ഞാനത്തിൽ സന്തോഷപുളകിതയായ അമ്മ ഒരു മന്ദഹാസത്തോടെ ധ്രുതിയിൽ അടുക്കളയിൽ പോയി അടുപ്പത്തു കിടക്കുന്ന അരി വലിയ ചട്ടുകമെടുത്ത് നന്നായി ഇളക്കി തീ കുറച്ച് വെച്ച് തിരികെ വന്നു ചക്ക നന്നാക്കാൻ തുടങ്ങി. മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെ വരുമ്പോഴേക്ക് ചക്ക വറുക്കണം, ചക്ക വരട്ടണം, ഉണ്ണിയപ്പം ഉണ്ടാക്കണം അങ്ങനെ നിന്നു തിരിയാൻ വയ്യാത്തത്ര ജോലിയാണ് അമ്മക്ക്. അപ്പോഴാണ് താഴ്യേരത്തിൽ നിന്നൊരു സംസാരം. അമ്മ ചെവി വട്ടം പിടിച്ചു. അച്ഛനും മകനുമാണ്.

“നിന്‍റെ പഠിപ്പൊക്കെ കഴിഞ്ഞല്ലോ.. ഇനി നീ കൊണ്ടുപോയ എന്‍റെ ആ ചാരുകസേര തിരിച്ചു കൊണ്ടു വാ..”

ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം
“അച്ഛന് ആ കസേര ഇപ്പഴ് എന്തിനാ..? ഞാനത് അങ്ങോട്ട്‌ കൊണ്ടുപോയത് വളരെ ബുദ്ധിമുട്ടിയാണ്. തിരിച്ചു കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല.”

“ഇത് പറയുമെന്ന് ഞാൻ മനസ്സിൽ കണ്ടതാണ്; എന്തു സാധനവും ആവശ്യം കഴിഞ്ഞാൽ തിരിച്ച് അതേ സ്ഥാനത്ത് വെക്കണം”

അച്ഛനും മകനും ഒന്നും രണ്ടും പറയുന്നുണ്ട്. അവരുടെ സംഭാഷണങ്ങൾക്കിടയിലെ വാചാലങ്ങളായ മൗനങ്ങൾക്ക് കനം വെക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ അമ്മ കൈയിലെ കറിക്കത്തി മുറത്തിലിട്ട് ഓടത്തിൽ നിന്ന് തുള്ളി എണ്ണ കൈകളിൽ തൊട്ടു പുരട്ടി താഴ്യേരത്തിലേക്ക് നടന്നു.
ഇപ്പോൾ അമ്മയുടെ എൻട്രി അനിവാര്യം. മകൻ അമ്മയെ കണ്ട്‌ സ്വരം ഒന്ന് മയപ്പെടുത്തി അച്ഛനോട് പറഞ്ഞു,

“അച്ഛനൊരു പുതിയ ചാരു കസേര ഞാൻ വാങ്ങിത്തരാം. കാര്യം തീർന്നില്ലേ…”

കാര്യം തീർന്നിട്ടില്ലെന്ന ഭാവത്തിൽ നിൽക്കുന്ന അച്ഛനോട് അമ്മ പറഞ്ഞു,

“അവനോനെന്തിനാ ഇപ്പോഴൊരു ചാരുകസേര..? അതിലിരിക്കണമെങ്കിലും എണീക്കണമെങ്കിലും സഹായം വേണം ; പിന്നെന്തിനാ ഈ വാശി. കുട്ട്യോൾടെ മനസ്സ് മടുപ്പിക്കണ്ട കാര്യം ണ്ടോ..?”

“അല്ലെങ്കിലും എപ്പഴും കുട്ട്യോൾടെ പക്ഷത്തെ നിക്കൂ.. ” അച്ഛൻ പിറുപിറുത്തു.

വർഷ ജാലകങ്ങൾ അടഞ്ഞു തുറന്ന് കൊണ്ടിരുന്നു. ചെറിയ മക്കൾ ഇരട്ടകളായതുകൊണ്ട് ബസ്സിലും സ്കൂട്ടറിലുമൊക്കെയുള്ള യാത്ര ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി. ഗത്യന്തരമില്ലാതെ സർക്കാർ ധനസഹായത്തോടെ ഒരു പഴയ ‘മാരുതി 800 കാർ ഞങ്ങൾ വാങ്ങി. ഒരവധിക്ക് ആദ്യമായി ആ കാറിൽ തറവാട്ടു മുറ്റത്ത്‌ ചെന്നിറങ്ങിയപ്പോൾ ഞങ്ങളെ സ്വീകരിക്കാൻ നിറഞ്ഞ ചിരിയോടെ പൂമുഖത്ത് അച്ഛനും ഉണ്ടായിരുന്നു. തിരിച്ചു പോകുന്നതിനിടയിൽ ഒരു ദിവസം അച്ഛൻ,

“നിങ്ങൾ കാറൊക്കെ വാങ്ങിയല്ലോ.. എന്‍റെ ഒരു ചാരു കസേര അവിടെയുണ്ട്. ഇനി വരുമ്പോൾ കാറിൽ അതിങ്ങോട്ട് കൊണ്ടുവന്നു തരണം.”
ഞങ്ങളുടെ കാറും കാറിന്‍റെ ഡിക്കിയും എപ്പോഴും ഫുള്ളി പാക്ക്ഡ് ആണ് എന്ന കാര്യം അറിയാവുന്നതു കൊണ്ട്‌ അച്ഛനോട് ഒന്നും പറഞ്ഞില്ല. അടുത്ത വരവിന് കസേര കാണാത്തതുകൊണ്ട് അച്ഛൻ മകളുടെ ഭർത്താവിനോട് തന്‍റെ ആവശ്യം ഉന്നയിച്ചു. അപ്പോൾ കിട്ടിയ ഉത്തരം:

“അച്ഛാ… ഞങ്ങളുടെ കാറിന് കാരിയർ ഇല്ല. അത് ഉണ്ടെങ്കിൽ മാത്രമേ കസേര കൊണ്ടുവരാൻ പറ്റൂ.. “

കാലം കടന്നു പോയി; ഓണവും വിഷുവും സങ്ക്രാന്തിയുമെല്ലാം കലാകാലങ്ങളിൽ മുഖം കാണിച്ച് കടന്നു പൊയ്ക്കൊണ്ടിരുന്നു. രണ്ടായിരത്തിൽ ഞങ്ങളും ഒരു ചെറിയ വീടു വെച്ചു. ഞങ്ങളുടെ കൂടെ ആ കസേരയും പുതിയ വീട്ടിലെ അന്തേവാസിയായി. എന്നാൽ തിരക്കു പിടിച്ച ജീവിതത്തിനിടയിൽ ഒരു ദിവസം പോലും ആ കസേരയിൽ കിടന്ന് ദിവാസ്വപ്നം കാണാനോ, ജീവിതം ആസ്വദിക്കാനോ ഞങ്ങൾക്ക് സമയം കിട്ടിയില്ല. അതുകൊണ്ട് തന്നെ അധികം താമസിയാതെ വെറും ഒരു സ്ഥലം മുടക്കി ആണല്ലോ എന്ന് കരുതി കസേര തട്ടിൻ പുറത്ത്‌ കയറ്റി വെച്ചു.

അചേതക വസ്തുവാണ് ഈ ചാരു കസേരയെങ്കിലും എന്‍റെ മറുവാക്കുകൾ അതിനെ വേദനിപ്പിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ട് ; അതുകൊണ്ട് ഞാനിങ്ങനെ ആശ്വസിപ്പിക്കട്ടെ..

“പ്രിയ കസേരേ… നീ അച്ഛന്‍റെ പൂമുഖത്ത് കുറെയേറെ വർഷങ്ങൾ രാജകീയ പ്രൗഢിയിൽ വിരാജിച്ചതല്ലേ..? നിന്‍റെ അവകാശി അച്ഛനാണ്. സ്വർഗ്ഗസ്ഥനായ അച്ഛന്‍റെ ഓർമ്മകളുമായി ഉയരങ്ങളിൽ അതായത് അട്ടത്ത് തന്നെ ഇരിക്കുന്നതല്ലേ കൂടുതൽ ഉചിതം? നിന്‍റെ ഒടിഞ്ഞ കൈ ശസ്ത്രക്രിയ ചെയ്ത് ശരിയാക്കിയ ഡോക്ടർ വന്നു കൊണ്ടുപോവുകയാണെങ്കിൽ സന്തോഷം മാത്രം”.

എന്‍റെ ആശ്വാസ വചനങ്ങൾ ഒരു താരാട്ടു പാട്ടിന്റെ ഫലം ചെയ്തുവെന്ന് തോന്നുന്നു. ചാരുകസേര ഇപ്പോൾ നല്ല മയക്കത്തിലാണ്. ഭൂത കാലത്തിന്‍റെ ചാരു കസേരയിൽ അർദ്ധ നീമീലിത നേത്രങ്ങളുമായി കിടക്കുന്ന എന്‍റെ കർണ്ണ പുടങ്ങളിൽ ആ ചാരുകസേരയുടെ നേർത്ത കൂർക്കം വലി കേൾക്കുന്നുണ്ട്. ശ്രദ്ധിച്ചാൽ നിങ്ങൾക്കും കേൾക്കാം. കഥ പറയാൻ വെമ്പുന്ന അധരപുടങ്ങളുമായി കൂർക്കം വലിച്ചുറങ്ങുന്ന ചാരുകസേരകൾ നമ്മുടെയൊക്കെ ജീവിതത്തിന്‍റെ ബാക്കിപത്രങ്ങൾ ആണ്. 

 
കവര്‍: ജ്യോതിസ് പരവൂര്‍

Comments
മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.