
ഹിറ്റ്ലർ (Hitler), മുസോളിനി (Mussolini), ഫ്രാങ്കോ (Franco) എന്നിവരെ ഭരണനേതൃത്വത്തിലെത്തിച്ച ഫാസിസത്തിന്‍റെ ഒന്നാം കാലഘട്ടം (1919-1945), ഗദ്ദാഫി (Gaddafi), പിനോഷേ (Pinochet), മോബുടു സെസെ സെക്കോ (Mobutu Sese Seko) തുടങ്ങിയവരെ ഭരണത്തിൽ അവരോധിച്ച പട്ടാള അട്ടിമറിയുടെ രണ്ടാം കാലഘട്ടം (1950-1990), തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ശേഷം സ്വേച്ഛാധിപത്യ ഭരണകർത്താക്കളായി മാറിയ ബലസ്കോണി (Berlusconi), എർദോഗാൻ (Erdogan), പുടിൻ (Putin), തുടങ്ങിയവരുടെ മൂന്നാം കാലഘട്ടം (1990 to present) എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായാണ് ലേഖിക ഈ പ്രവണതകളെ വേർതിരിച്ചിരിക്കുന്നത്. ശക്തമായ ജനാധിപത്യം നിലനിൽക്കുന്ന അമേരിക്കയിൽ പോലും ഡൊണാൾഡ് ട്രംപിനെ പോലെ ഒരു വ്യക്തി എങ്ങനെയാണ് വ്യവസ്ഥയെയും സ്ഥാപനങ്ങളെയും അട്ടിമറിക്കാൻ ശ്രമിച്ചതെന്നും ഏതാണ്ട് വിജയത്തിന്‍റെ അടുത്തേക്ക് എത്തിയതെന്നും ഈ ഗ്രന്ഥത്തിലൂടെ ലേഖിക കാണിച്ചുതരുന്നു. നരേന്ദ്ര മോദിയെ കുറിച്ചും പുസ്തകത്തിൽ പരാമർശം ഉണ്ടെങ്കിലും, ഗ്രന്ഥകാരിയുടെ തന്നെ അഭിപ്രായത്തിൽ) അദ്ദേഹത്തിന് ഈദി അമിൻ, ബൊൽസനാരോ എന്നിവരോടൊപ്പം cameo role മാത്രമേ ലേഖിക നൽകുന്നുള്ളൂ. അവരുടെ ഫോക്കസ് പ്രധാനമായും മുസോളിനി, ഹിറ്റ്ലർ, ഫ്രാങ്കോ, ഗദ്ദാഫി, പിനോഷെ, മോബുടു സെസെ സെക്കോ, ബെർലുസ്കോണി, എർദോഗാൻ, പുടിൻ, ട്രംപ്, എന്നീ വ്യക്തികളാണ്.

2020-ൽ പുറത്തിറങ്ങിയ, ചരിത്രകാരിയും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ റൂത് ബെൻ-ഗ്യാറ്റ് (Ruth Ben-Ghiat) രചിച്ച “STRONG MEN: MUSSOLINI TO THE PRESENT” എന്ന പുസ്തകം രാഷ്ട്രീയനിരീക്ഷകരുടെയും വായനക്കാരുടെയും വളരെയധികം ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. ശക്തരെന്ന് വിശേഷിപ്പിക്കപ്പെടുന്ന നേതാക്കൾ എങ്ങനെയാണ് വ്യത്യസ്തരീതികളിൽ ജനാധിപത്യവ്യവസ്ഥകളെയും സ്ഥാപനങ്ങളെയും ദുർബ്ബലമാക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നതെന്ന് റൂത് ബെൻ-ഗ്യാറ്റ് ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു. ആഫ്രിക്കയിലെയും ലാറ്റിൻ അമേരിക്കയിലെയും യൂറോപ്പിലെയും ശക്തരായ ഭരണാധികാരികൾ തങ്ങളുടെ രാജ്യങ്ങൾക്ക് നാശം വരുത്തുമ്പോൾ പോലും ജനപിന്തുണ നേടിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ലേഖിക കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ സ്വേച്ഛധിപത്യപ്രവണതകളെ ഇഴകീറി പരിശോധിക്കുന്നു.
പതിറ്റാണ്ടുകളുടെ ഗവേഷണത്തിന്‍റെ ഫലമായി ലേഖിക എത്തിച്ചേർന്ന നിഗമനങ്ങൾ അത്തരം ഭരണാധികാരികൾ എങ്ങനെ ചിന്തിക്കുന്നു, അവരുടെ കല്പിത അപ്രമാദിത്തം (infallibility) ആരെയും എന്തിനെയും ആശ്രയിച്ചിരിക്കുന്നു, എന്നതിനെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നു. ഇത്തരം ഏകാധിപത്യപ്രവണതയുള്ള നേതാക്കൾ ഭരണത്തിലേറിയാൽ പിന്തുടരുന്ന മാതൃക എന്താണെന്ന് തുറന്നുകാട്ടുക വഴി ഇത്തരക്കാരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് തടയാനും ചെറുക്കാനും നമുക്ക് മുൻപിൽ ഒരു വഴി തുറന്നിടുകയാണ് റൂത് ബെൻ-ഗ്യാറ്റ് തന്‍റെ ഈ ഗ്രന്ഥത്തിലൂടെ.
ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള മാന്ത്രികവടി തങ്ങൾ മാത്രമാണെന്ന ധാരണ വളർത്തി അധികാരത്തിലേറുന്ന ഇത്തരം വ്യക്തികൾ, അതേ ജനാധിപത്യ വ്യവസ്ഥയെ ജനാധിപത്യസംവിധാനങ്ങളെ കൂട്ടുപിടിച്ച് അട്ടിമറിക്കുകയും രാജ്യത്തിന്‍റെ സമ്പത്ത് പിണിയാളുകൾക്ക് കൊള്ളയടിക്കാൻ കാഴ്ചവെക്കുകയും ചെയ്യുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി കേന്ദ്രഭരണത്തിൽ എട്ട് വർഷങ്ങൾ തികയ്ക്കുന്ന വേളയിൽ ഗൗതം അദാനി ബിൽ ഗേറ്റ്സിനെ പിന്തള്ളി ലോകത്തിലെ നാലാമത്തെ ധനികനായത് യാദൃശ്ചികമല്ല.
ജനാധിപത്യസംവിധാനങ്ങളെ ഒരു facade ആയി നിലനിർത്തിക്കൊണ്ടാണ് ഇത്തരം നേതാക്കൾ തങ്ങളുടെ സ്വേച്ഛഭരണം തുടരുന്നത്. അധികാരം ഉറപ്പിക്കാനും തുടരാനും വംശ-കുല മാഹാത്മ്യം, ഭൂരിപക്ഷവർഗ്ഗീയത, അമിത രാജ്യസ്നേഹം, നേതാവിന്‍റെ വ്യക്തിത്വ സവിശേഷതകൾ പെരുപ്പിച്ചുകാട്ടൽ, എന്നിങ്ങനെ നിരവധി തന്ത്രങ്ങൾ ഇക്കൂട്ടർ പ്രയോഗിക്കുന്നു. വാസ്തവത്തിൽ ചിന്താശേഷി നഷ്ടപ്പെട്ട, യുക്തിരഹിതരായ, അനുയായികളാണ് ഇത്തരം നേതാക്കളെ ഏകാധിപത്യത്തിലേക്ക് ഉയർത്തുന്ന ഏണിപ്പടികൾ. അത്തരം വികലവ്യക്തികളിൽ അവസാനം വരെ അണികളുടെ ആഴത്തിലുള്ള വിശ്വാസം നിലനിർത്താൻ വ്യത്യസ്തതന്ത്രങ്ങൾ ഇവരുടെ പിണിയാളുകൾ ആവിഷ്കരിച്ചുകൊണ്ടേയിരിക്കും. ആധുനികകാലത്തെ സാമൂഹ്യമാധ്യമങ്ങളുടെ അതിപ്രസരം ഇത്തരം നേതാക്കൾക്ക് വളരെ സഹായകരമാണ്. ഉടമസ്ഥരില്ലാത്ത സന്ദേശങ്ങളും വ്യാജവാർത്തകളും നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് ആൾക്കാരിൽ എത്തിക്കാൻ സജ്ജമാക്കിയ ഐ ടി സെല്ലുകൾ നേതാവിനെ പുകഴ്ത്താനും എതിരാളികളെ ഇകഴ്ത്താനും അഹോരാത്രം പണിയെടുക്കുന്നു. പൊതുജനാഭിപ്രായം തങ്ങൾക്ക് അനുകൂലമായി വക്രീകരിക്കാനും ഭിന്നാഭിപ്രായങ്ങൾ ഇല്ലാതാക്കാനും ഇതുമൂലം ഇവർക്ക് കഴിയുന്നു. എന്തൊക്കെ ദുരിതങ്ങളും പ്രതിസന്ധികളും രോഗങ്ങളും ഉണ്ടെങ്കിലും അനുയായികളും അണികളും propaganda-യുടെ ബലത്തിൽ നേതാവിന്‍റെ ആരാധനയിൽ മുഴുകുന്നു.
ഗ്രന്ഥകാരി സൂചിപ്പിച്ച കൂടുതൽ പരിഷ്കൃതമായ മൂന്നാം കാലഘട്ടത്തിൽ, അന്താരാഷ്ട്രസമൂഹത്തിന് മുൻപിൽ തങ്ങളുടെ ഭരണം ജനാധിപത്യത്തിലൂന്നിയതാണെന്ന് വരുത്തിത്തീർക്കേണ്ടത് ഇത്തരക്കാർക്ക് അനിവാര്യമാണ്. അതുകൊണ്ട് ഇത്തരക്കാരുടെ ഭരണത്തിൽ വ്യാപകമായ വംശഹത്യകളോ കൂട്ടക്കൊലപാതകങ്ങളോ കുറവായിരിക്കും, പകരം നിയമവ്യവസ്ഥകളെ ദുർവ്യാഖ്യാനം ചെയ്ത് അതിന്‍റെ മറവിൽ എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ (അവർ മാധ്യമപ്രവർത്തകരോ, സോഷ്യൽ ആക്ടിവിസ്റ്റോ, രാഷ്ട്രീയ എതിരാളിയോ, ആരുമാവട്ടെ) കള്ളക്കേസിൽ കുടുക്കി ജാമ്യം കിട്ടാത്ത വകുപ്പുകൾ ചുമത്തി തടങ്കലിലടയ്ക്കും. അത്യാവശ്യം വേണ്ടിവന്നാൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടത്തും. ബുൾഡോസർ ഉപയോഗിച്ച് എതിർശബ്ദം ഉയർത്തുന്നവരുടെ വീടുകളും കടകളും ഇടിച്ചുനിരത്തും (യു പി മുഖ്യൻ ആദിത്യനാഥ് “ബുൾഡോസർ ബാബ” എന്ന ഇരട്ടപ്പേരിൽ ഊറ്റം കൊള്ളുന്നവനാണ്). ഇത്തരം ഉദാഹരണങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും സൂചനകളിലൂടെയും എതിരാളികളെ ഇവർ നിഷ്ക്രിയരാക്കുന്നു.
സ്വന്തം ആൾക്കാരെ ഭരണസ്ഥാപനങ്ങളിലെ മർമ്മസ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചും അല്ലാത്തവരെ പ്രലോഭനങ്ങൾ നൽകി വശത്താക്കിയും ഇവർ തങ്ങളുടെ ഇംഗിതങ്ങൾ നടപ്പാക്കിയെടുക്കുന്നു. ലിംഗസമത്വം, മതേതരത്വം, വംശസമത്വം, എന്നിങ്ങനെ ഒരു ആധുനികസമൂഹത്തിന് അഭികാമ്യമായ ഗുണഗണങ്ങൾ ഇത്തരക്കാർക്ക് അലർജിയാണ്. സമൂഹം പുരോഗമനാത്മകമായി ചിന്തിക്കുമ്പോഴൊക്കെ ഇത്തരം അധമശക്തികൾ പാരമ്പര്യ-വംശ-രാജ്യ മഹിമ ഉയർത്തിപ്പിടിച്ച് സമൂഹത്തെ പിന്നോട്ട് തള്ളാൻ ശ്രമിക്കും.
ഈ പുസ്തകം വായിക്കുന്ന ഏതൊരാൾക്കും ഇതിൽ പരാമർശവിധേയമായ വിഷയങ്ങളെ ഇന്നത്തെ ഇന്ത്യയുമായി connect ചെയ്യാതിരിക്കാനാവില്ല. പുസ്തകത്തിൽ പറയുന്ന മൂന്നാം കാലഘട്ടത്തിന്റെ ഏറ്റവും നല്ല ഉദാഹരണമായി മാറിയിരിക്കുകയാണ് നമ്മുടെ ഇന്ത്യ. ജനാധിപത്യം നൽകുന്ന തെരഞ്ഞെടുപ്പെന്ന സൗജന്യത്തിലൂടെ അധികാരത്തിലേറി, തുടർന്ന് അതേ ജനാധിപത്യത്തെ അട്ടിമറിക്കുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. 2014-ൽ മോഡി അധികാരത്തിൽ എത്തിയശേഷം ഇന്ത്യയിലെ മുസ്ലിംകൾക്കെതിരെ എങ്ങനെയാണ് സമൂഹവിദ്വേഷം വളർത്തിയെടുത്തതെന്ന് നാം കണ്ടു, ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. ഇന്ത്യ ഹിന്ദുക്കൾക്ക് മാത്രം അവകാശപ്പെട്ട രാജ്യമാണെന്നും മുസ്ലിംകൾ ഇവിടെ രണ്ടാംതരം പൗരന്മാരായി കഴിഞ്ഞുകൊള്ളണം എന്നുമുള്ള ഒരു പൊതുധാരണ ഉത്തരേന്ത്യയിലെങ്കിലും വളർത്തിയെടുക്കുന്നതിൽ ഒരു പരിധി വരെ ഇക്കൂട്ടർ വിജയിച്ചിട്ടുണ്ടെന്നത് നിസ്സാരകാര്യമല്ല. ഇന്നിപ്പോൾ പ്രതിപക്ഷ പാർട്ടികൾ പോലും ഹിന്ദുക്കൾ പിണങ്ങുമോ എന്ന ഭയത്താൽ മോദി ഗവണ്മെന്റിന്‍റെ പല നയങ്ങളെയും തുറന്ന് എതിർക്കാൻ മടിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.
ഏകാധിപതികളും പാരമ്പര്യവാദികളും എപ്പോഴും സമൂഹത്തെ പുറകോട്ട് നടത്തിയ ചരിത്രമേയുള്ളൂ. ഒരു ഏകാധിപത്യവും ശാശ്വതമല്ല താനും. ഏകാധിപതികളെയും പ്രതിലോമശക്തികളെയും പിന്തള്ളി പൂർവ്വാധികം ശക്തിയോടെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമൂഹമാണ് മനുഷ്യന്റേത്. ആ അറിവും അനുഭവവും പ്രത്യാശയ്ക്ക് വക നൽകുന്നു.
പോസ്റ്റര്‍ ഡിസൈന്‍: ജ്യോത്സ്ന വിത്സണ്‍