പൂമുഖം LITERATUREകവിത വകഭേദം

വകഭേദം


ആഫ്രിക്കയിലെ ആനകള്‍
ഇന്ത്യയിലെ ആനകളല്ലത്രെ.
ധ്രുവപ്രദേശങ്ങളിലെ കരടികള്‍
ഏഷ്യാഭൂഖണ്ഡത്തിലെ കരടികളല്ലത്രെ.
മംഗോളിയയിലെ മനുഷ്യര്‍
ഇന്ത്യയിലെ മനുഷ്യരല്ലത്രെ.
ബംഗാളുള്‍ക്കടലിലെ മത്തി
അറബിക്കടലിലെ മത്തിയല്ലത്രെ.
തമിഴരുടെ സാമ്പാര്‍
മലയാളികളുടെ സാമ്പാറല്ലത്രെ.
ചൈനയിലെ കോവിഡ് വൈറസ്
ബ്രിട്ടനിലെ കോവിഡ് വൈറസ്സല്ലത്രെ.
കണ്ണാടിയില്‍ക്കാണുന്ന നീ
പുറമേ കാണുന്ന നീയല്ലത്രെ.
എന്നുള്ളിലെ ഞാന്‍
നിന്നുള്ളിലെ ഞാനല്ലത്രെ.
ഇപ്പോള്‍ കാണായ സത്യം
അപ്പോള്‍ കാണായ സത്യമല്ലത്രെ.
ഇവിടെ നിന്നു കണ്ട ചന്ദ്രന്‍
അവിടെ നിന്നും കണ്ട ചന്ദ്രനല്ലത്രെ.
ഓരോരുത്തരും ഓരോരുത്തരാണത്രെ.
ഒന്നു പോലെ മറ്റൊന്നില്ലത്രെ.
എന്നിട്ടും നമ്മളൊരേ പുഴ തന്നെ
പിന്നെയും പിന്നെയും നീന്തുന്നു, ഒരേ നുണയിൽ

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like