ടാക്സിം സ്ക്വയറും ഇസ്തിക് ലാൽ തെരുവും
ടാക്സിം സ്ക്വയറും ഇസ്തിക് ലാൽസ്ട്രീറ്റും ഗലാട്ടഗോപുരവും കാണാനാണ് ഇന്നത്തെ പരിപാടി. ട്രാം നമ്പർ 8ൽ കയറി ഫിൻഡിക്കി (Findikh) ലേക്ക് യാത്ര പുറപ്പെട്ടു. കാരക്കോയി എന്ന സ്റ്റോപ്പിലാണ് ഇറങ്ങേണ്ടത്.
ഗലാട്ടപാലത്തിലൂടെ ആയിരുന്നു യാത്ര. 1845 ൽ സുൽത്താനായിരുന്ന അബ്ദുൽ മജീദിന്റെ മാതാവിൻറെ നിർദ്ദേശം അനുസരിച്ചാണ് ഈ പാലം നിർമ്മിക്കപ്പെട്ടത്. ഇതുമൂലം അക്കാലത്ത് മദേഴ്സ് ബ്രിഡ്ജ് എന്നാണ് ഇത് അറിയപ്പെട്ടത്. പിൽക്കാലത്ത് തീപിടുത്തം മൂലം നശിച്ചുപോയ ഇതിൻറെ സ്ഥാനത്ത് ഗലാട്ടപാലം എന്ന പേരിൽ പുതിയ ഒരെണ്ണം നിർമ്മിക്കുകയായിരുന്നു. ഗോൾഡൻ ഹോണിൻ്റെ ഇരുകരകളെയും ബന്ധിപ്പിച്ചു കൊണ്ട് ഒരു പാലം നിർമ്മിക്കണമെന്ന ആശയം ആദ്യം അവതരിപ്പിച്ചത് മഹാനായ ലിയോണാർഡോ ഡവിഞ്ചി ആയിരുന്നു. ഇദ്ദേഹം അന്നത്തെ ഓട്ടൊമൻ സുൽത്താന് ഇതിനെപ്പറ്റി എഴുതിയ കത്ത് ടോപ്പ് കാപ്പിയിലെ ആർക്കേവ്സിൽ നിന്ന് 1952ൽ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.
പാലത്തിൻറെ ഇരുവശത്തുള്ള ഫുട്ട്പാത്തിൽ മുഴുവൻ മീൻപിടുത്തക്കാരാണ്. ആണും പെണ്ണും, കറുത്തതും വെളുത്തതും, ഷോർട്ട്സ് ഇട്ടതും പർദ്ദ ധരിച്ചവരും… അങ്ങനെ പലതരത്തിലുള്ള ആളുകൾ ഈ കൂട്ടത്തിലുണ്ട്. ബസ് സ്റ്റോപ്പിൽ ഇറങ്ങിയശേഷം ഒരു കിലോമീറ്റർ മുകളിലേക്ക് നടന്നാൽ ടാക്സിം സ്ക്വയറിൽ എത്തും എന്നാണ് ഗൂഗിൾമാപ്പ് പറയുന്നത്. അത്രയുംദൂരം കാഴ്ചകൾ കണ്ടു നടക്കാം എന്ന് കരുതി ഞങ്ങൾ നടക്കാൻ തുടങ്ങി. വളരെ കുത്തനെയുള്ള കയറ്റമാണ്. വളരെ ബുദ്ധിമുട്ടുള്ള ആ സാഹസം ഞങ്ങൾ എങ്ങനെയെങ്കിലും പൂർത്തീകരിച്ച് മുകളിൽ എത്തി എന്ന് പറഞ്ഞാൽ മതിയല്ലോ.
സ്ക്വയറിന്റെ ഒത്തനടുവിലായി റിപ്പബ്ലിക് സ്മാരകം കാണാം. ടർക്കിഷ് റിപ്പബ്ലിക്ക് സ്ഥാപിച്ചതിന്റെ അഞ്ചാം വാർഷികം ആഘോഷിക്കാനായി 1928ൽ നിർമ്മിച്ചതാണിത്. നിർമ്മാണത്തിന്റെ പാതിവഴിയിൽ ഗവൺമെന്റിന്റെ കയ്യിൽ പണം ഇല്ലാതായപ്പോൾ സാധാരണ ആളുകൾ നൽകിയ ചെറുതും വലുതുമായ സംഭാവനകൾ കൊണ്ടാണ് ഈ സ്മാരകം പൂർത്തിയാക്കിയത്. ഇറ്റാലിയൻ ശില്പിയായ പിയട്രോ കനോണിക്ക ആണ് ഇതിന്റെ ശില്പി. അത്താത്തുർക്കിന്റെ വ്യക്തിത്വത്തിലെ രണ്ടു വശങ്ങൾ ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട്; ഒരു ഭാഗത്ത് പട്ടാള യൂണിഫോമിൽ തുർക്കിഷ് സ്വാതന്ത്ര്യസമരനേതാവായും, മറുഭാഗത്ത് സിവിലിയൻ വേഷത്തിൽ സാധാരണ ജനങ്ങളാൽ ചുറ്റപ്പെട്ട തുർക്കിഷ്പ്രസിഡന്റിന്റെ രൂപത്തിലും. ഇതിനു മുകളിൽ സ്വാതന്ത്ര്യത്തിനു മുമ്പുള്ള മൂടുപടമണിഞ്ഞ സ്ത്രീയുടെയും സ്വാതന്ത്ര്യാനന്തരമുള്ള ആധുനിക വനിതയുടെയും ചിത്രങ്ങൾ അടുത്തടുത്തായി ആലേഖനം ചെയ്തിട്ടുണ്ട്. ഇതിൽ കാണിച്ചിരിക്കുന്ന സ്ത്രീകളിൽ ഒന്ന് സബീഹ ബെൻഗുട്ടാസ് ആണ്. തുർക്കിയുടെ അറിയപ്പെടുന്ന ആദ്യത്തെ വനിതാശില്പിയും തുർക്കിയിലെ ഫൈൻ ആർട്സ് കോളേജിലെ ആദ്യത്തെ വിദ്യാർഥിനിയുമാണ് ഇവർ. തുർക്കിയുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള ഇവർ ഈ സ്മാരകത്തിന്റെ നിർമ്മാണത്തിൽ പ്രധാന ശില്പിയോടൊപ്പം ജോലി ചെയ്തിരുന്നു.
ഇറ്റാലിയൻഭാഷയിൽ ടാക്സിം എന്ന വാക്കിൻറെ അർത്ഥം വിതരണം(Distribution) എന്നാണ്. ഒരു കാലത്ത് ഈ നഗരത്തിൻറെ ജലവിതരണ കേന്ദ്രം ഇവിടെ പ്രവർത്തിച്ചിരുന്നു. 1732 എന്ന് രേഖപ്പെടുത്തിയ ആ കെട്ടിടം സ്ക്വയറിന് സമീപത്ത് തന്നെ കാണാം. സ്മാരകത്തിന് പിറകിലായി ഒരു ഫൗണ്ടൻ ഉണ്ട്. അതിന്ചുറ്റുമുള്ള ഇരിപ്പിടങ്ങളിൽ ഇരുന്ന് ഞങ്ങൾ കുറച്ചുനേരം കാഴ്ചകൾ കണ്ടിരുന്നു.
അത്താത്തുർക്ക് കൾച്ചറൽസെൻറർ, സ്ക്വയറിന്റെ ഒരു വശത്താണ്. ഓപ്പറകളും തുർക്കിഷ് ക്ലാസിക്കൽസംഗീത പരിപാടികളും നടത്താനുള്ള ഒരു വേദിയായിട്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. സമകാലികതുർക്കിചിത്രകാരന്മാരുടെ രചനകൾ പ്രദർശിപ്പിക്കുന്ന റിപ്പബ്ലിക് ആർട്ട് ഗാലറി ഇതിനു സമീപമാണ്.
പ്രാവുകൾ കൂട്ടമായി വന്ന് സഞ്ചാരികളുടെ കയ്യിൽ നിന്നും വീഴുന്ന തീറ്റസാധനങ്ങളുടെ കഷണങ്ങൾ കൊത്തിപ്പെറുക്കി തിന്നു കൊണ്ടിരുന്നു. കുട്ടികളുടെ ഒരു കൂട്ടം അവരുടെ കയ്യിലുള്ള തീറ്റസാധനങ്ങളും മറ്റും എറിഞ്ഞു കൊടുത്ത് ആകർഷിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. സ്ക്വയറിന്റെ അരികിൽ തന്നെ ഒരു വലിയ പള്ളിയുണ്ട്. ഞങ്ങൾ അവിടെ എത്തി കുറച്ചു കഴിയുമ്പോഴേക്കും ഉച്ചയ്ക്കുള്ള നമസ്കാരത്തിനുള്ള ബാങ്ക് കൊടുത്തു. ധാരാളം ആളുകൾ നമസ്കാരത്തിനായി പള്ളിയിലേക്ക് കയറി പോകുന്നത് കണ്ടു.
അവിടവിടെ കുറെ പഴയ ഒലിവ് വൃക്ഷങ്ങൾ കണ്ടു. 500 മുതൽ 1000 കൊല്ലം വരെ ഇവ ജീവിക്കുമത്രേ! ഈ മരങ്ങൾക്ക് സംസാരിക്കാൻ സാധിക്കുമായിരുന്നെങ്കിൽ അവ എന്തെല്ലാം കഥകൾ പറയുമായിരുന്നു എന്ന് ഓർത്തു.
കബട്ടാസ് എന്ന ട്രാം സ്റ്റോപ്പിൽ ഇറങ്ങിയാൽ അവിടെ നിന്ന് ഈ സ്ട്രീറ്റിലേക്ക് പോകുന്ന ഫ്യൂണിക്കുലറിൽ കയറാൻ പറ്റും. ചെറിയ ട്രാം പോലെ ഇലട്രിക് കമ്പികളിൽ സഞ്ചരിക്കുന്ന വാഹനമാണിത്. ഓരോ എട്ടുമിനിറ്റു കൂടുമ്പോഴും ഇത് ടാക്സിം സ്ക്വയറിൽ നിന്ന് പുറപ്പെട്ട് ടണൽ സ്റ്റേഷൻ വരെ പോയിയും വന്നുമിരിക്കും.എന്തായാലും ഞങ്ങൾ നടന്നു കാഴ്ചകൾ കാണാം എന്നാണ് തീരുമാനിച്ചത്.
ഇസ്തിക് ലാൽതെരുവ്
മറ്റെവിടെയും പോലെ വിനോദസഞ്ചാരികൾക്കും കൂടിയുള്ള സ്ഥലം ആയതുകൊണ്ട് ഭക്ഷണസാധനങ്ങൾ, കൗതുകവസ്തുക്കൾ എന്നിവ വിൽക്കുന്ന ധാരാളം കടകളാണ് തെരുവിന്റെ ഇരുവശവും. കഫെകൾ, റസ്റ്റോറന്റുകൾ, പബ്ബുകൾ, പുസ്തകക്കടകൾ, സംഗീതോപകരണങ്ങളും ഡിസ്കുകളും വിൽക്കുന്ന കടകൾ, ആർട്ട് ഗാലറികൾ, സിനിമതിയേറ്ററുകൾ എന്നിവയും ഇവിടെ കാണാം. ആധുനികകാലത്തെ തുർക്കികളുടെ ജീവിതത്തിൻറെ നേർചിത്രം ഇവിടെനിന്ന് ലഭിക്കും.
ഫ്രഷ് ആയി പിഴിഞ്ഞെടുത്ത ഓറഞ്ച് ജ്യൂസ്, ഡോണർ കബാബ്, തുർക്കികളുടെ ഏറ്റവും പ്രിയപ്പെട്ട സ്നാക്ക് ആയ സിമിറ്റ് വിൽക്കുന്ന കടകൾ എന്നിവ അവിടവിടെ കാണാം. സാധാരണ റൊട്ടിയേക്കാൾ ഉറപ്പുള്ള,വൃത്തത്തിലുള്ള ഒരു ബ്രഡ് ആണ് സിമിറ്റ്. യീസ്റ്റ് ചേർത്ത് കുഴച്ച മാവിൽ എള്ള് വിതറിയാണ് ഇത് ബേക്ക് ചെയ്യുന്നത്. രണ്ട് ലീറയ്ക്ക് ലഭിക്കുന്നതും ഏതുനേരവും കഴിക്കാൻ പറ്റുന്നതുമായ ഈ സ്നാക്ക് തുർക്കിയിൽ എവിടെയും ലഭ്യമാണ്.
കോഫി ഇല്ലാതെ ജീവിതമില്ല എന്ന മട്ടിലാണ് ഇന്നാട്ടുകാരുടെ കാപ്പിപ്രേമം! ഇതു മുതലെടുക്കാനായി ഓസ്ട്രേലിയയുടെ ഗ്ലോറിയ ജീൻ, സിയാറ്റിലിലെ ഗ്രീൻ മെർമെയ്ഡ്, യുകെയിലെ കഫെ നീറോ, തുർക്കികളുടെ തന്നെ കഹ് വാ ദുന്യസി എന്നീ കോഫീഷോപ്പുകൾ തെരുവിൻറെ ആദ്യഭാഗത്ത് തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്.
റോഡിന്റെ വലതുഭാഗത്തുള്ള ഫ്രഞ്ച് കോൺസുലേറ്റിന്റെ മുന്നിൽ കുറെ ആളുകൾ ക്യൂ നിൽക്കുന്നുണ്ടായിരുന്നു റഷ്യ, നെതർലാന്റ്സ്, ഗ്രീസ്, സ്പെയിൻ, സ്വിറ്റ്സർലന്റ് തുടങ്ങിയ ധാരാളം കൗൺസുലേറ്റുകൾ ഈ തെരുവിൽ കണ്ടു.
1870ൽ ഉണ്ടായ തീപിടുത്തത്തിനു ശേഷം ഓട്ടോമൻ സുൽത്താൻ ഈ ഭാഗം മുഴുവൻ പുതുക്കി പണിയാൻ തീരുമാനിച്ചതിനെ തുടർന്നാണ് ആർട്ട് നൂവോ ശൈലിയിൽ ഉള്ള ഈ തെരുവിന്റെ നിർമ്മാണം നടന്നത്. ഈ തെരുവിന്റെ ഓരം ചേർന്ന് ഒഴുകിപ്പോകുന്ന ജനപ്രവാഹത്തെ നോക്കിക്കാണുന്നത് വളരെ കൗതുകകരമാണ്. വിദേശികളായ വിനോദസഞ്ചാരികളെ കൂടാതെ ധാരാളം നാട്ടുകാരെയും കൂട്ടത്തിൽ കാണാം. ജനത്തിരക്ക് മൂലം പലപ്പോഴും ഫൂണികുലേറിന് മുന്നോട്ട് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുന്നത് കണ്ടു. ഇതല്ലാതെ മറ്റു വാഹനങ്ങളൊന്നുംഇവിടെ അനുവദനീയമല്ല. തെരുവ് മുഴുവൻ കാൽനടയാത്രക്കാർക്കായി വിട്ടുകൊടുത്തിരിക്കുകയാണ്.
ടാക്സിം സ്ക്വയറിലെ ബൊഹീമിയൻ ശൈലിയിൽ ഉള്ള ക്ലബ്ബുകളിൽ പാവപ്പെട്ടവർ മുതൽ ശതകോടീശ്വരന്മാർ വരെ എത്താറുണ്ട്, ബോസ്ഫോറസിന്റെ കരയിലുള്ള നൈറ്റ് ക്ലബ്ബുളിൽ പലതും വളരെ ചെലവുകൂടിയതാണ്.അത് മിക്കവാറും ധനികരുടേത് മാത്രമാണെന്ന് പറയാം.
പ്രസിദ്ധ ഫുഡ് ബ്ലോഗർ ആയ ബുറാക്കിന്റെ (Czn Burak) ഫിഷ് റസ്റ്റോറൻറ് വഴിയിൽ കണ്ടു. അതിന്റെ ഭിത്തികൾ മുഴുവൻ റസ്റ്റോറൻറ് സന്ദർശിച്ച സെലിബ്രിറ്റികളുടെയും സന്ദർശകരുടെയും ചിത്രങ്ങൾ കൊണ്ട് നിറച്ചിരിക്കുകയാണ്.
‘mado’ എന്നത് ഒരു പ്രസിദ്ധമായ ടർക്കിഷ് ഐസ്ക്രീമിന്റെ പേരാണ്. ആട്ടിൻപാലും കാട്ടിൽവളരുന്ന ടൂലിപ്പുകളുടെ കിഴങ്ങിന്റെ പൊടിയും ചേർത്താണിത് നിർമ്മിക്കുന്നത്. സാധാരണ ഐസ്ക്രീമിനെക്കാൾ കുറച്ചുകൂടി കട്ടിയും വഴുവഴുപ്പും ഉണ്ടാവും.
ഫ്ലവർ പാസ്സേജ് (passage flower)
ഫ്ലവർ പാസേജ് എന്ന പേരുള്ള കെട്ടിടത്തിന്റെ ആദിമരൂപം നിയോബറോക്ക് സ്റ്റൈലിൽ 1870ൽ നിർമ്മിച്ചതാണ്. മൂന്നു നിലയുള്ള കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിൽ അകത്തേക്കുള്ള വഴിയും അതിന് ഇരുവശവും പുഷ്പങ്ങൾ വിൽക്കുന്ന കടകളുമാണ്. മുകളിലത്തെ നിലയിലാണ് താമസത്തിനുള്ള മുറികൾ. 1941ൽ പബ്ബുകളും മദ്യം വിളമ്പുന്ന ഭക്ഷണ സ്ഥലങ്ങളും ഇവിടെ പ്രത്യക്ഷപ്പെട്ടു തുടങ്ങി. എഴുത്തുകാർ,പത്രലേഖകർ, വിദ്യാർത്ഥികൾ, ബുദ്ധിജീവികൾ എന്നിവർ ഒത്തുകൂടുന്ന ഇടമായി ഇത് പേരെടുത്തു.
1978ൽ അറ്റകുറ്റപ്പണികളുടെ അഭാവത്തിൽ ഈ മന്ദിരം തകർന്നുവീണു. ഒരു ദശാബ്ദക്കാലത്തോളം അത് അങ്ങനെ തന്നെ തുടർന്നെങ്കിലും പിൽക്കാലത്ത് ഇത് പുനർജനിക്കുകയായിരുന്നു. ഇന്ന് കാണുന്ന ഫ്ലവർ പാസ്സേജ് അങ്ങനെ പുനർനിർമ്മിച്ചതാണ്. ഒരിടത്ത് ഫിലിംഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. ഇവിടെ ഇത് പതിവായതു കൊണ്ട് അധികം തിരക്ക് കണ്ടില്ല.
വഴിവക്കിൽ ഇടതുഭാഗത്തായി ചിത്രപ്പണികളോട് കൂടിയ ഉയരത്തിലുള്ള ഒരു ഇരുമ്പ് ഗേറ്റ് കാണാം. ഇതാണ് ഗലാട്ട സരായി ഹൈസ്കൂൾ. 1870ൽ സ്ഥാപിച്ച ഈ റോയൽ സ്കൂൾ പുതിയകാലത്തിന് ആവശ്യമായ വ്യക്തിത്വവികാസം നൽകുന്ന പാശ്ചാത്യരീതിയിലുള്ള വിദ്യാഭ്യാസം നൽകുകയെന്ന ഉദ്ദേശത്തോടെയാണ് സ്ഥാപിക്കപ്പെട്ടത്. ഈ നാടിന്റെ പൊതു ഭരണത്തിന് ആവശ്യമായ ഗവൺമെൻറ് ജോലിക്കാരെയും ഓഫീസർമാരെയും നിർമ്മിച്ചെടുക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശം. ടർക്കിഷിലും ഫ്രഞ്ചിലും ആയിരുന്നു അന്ന് ക്ലാസുകൾ. മതേതരത്വം മുറുകെ പിടിച്ച ഫ്രഞ്ചുകാരനായ ഒരു പ്രിൻസിപ്പൽ ആയിരുന്നു വളരെ കാലം ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ മുസ്ലിങ്ങളിലും ക്രിസ്ത്യാനികളിലും ഉള്ള മൗലികവാദികളായ മതമേലധ്യക്ഷന്മാർക്ക് ഇത് അപ്രിയകരമായി മാറി.
പിൽക്കാലത്ത് ഓട്ടോമൻ എംപയറിന്റെ ശക്തി ക്ഷയിച്ചതോടുകൂടി സ്കൂളിലെ വിദ്യാഭ്യാസത്തിൻറെ നിലവാരവും ഇടിഞ്ഞു. ഇവിടെ പഠിപ്പിച്ചിരുന്ന അധ്യാപകരിൽ പലരെയും ഒന്നാം ലോക മഹായുദ്ധകാലത്ത് തുർക്കിക്ക് വേണ്ടി പൊരുതാനായി പറഞ്ഞയച്ചു. അവരിൽ ഭൂരിഭാഗം പേരും മടങ്ങിയെത്തിയില്ല. എന്നാൽ ടർക്കി റിപ്പബ്ലിക് ആയതിനുശേഷം ഇതിൻറെ അവസ്ഥ വളരെയധികം മെച്ചപ്പെട്ടു. ഇന്ന് ഈ രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട സ്കൂളുകളിൽ ഒന്നാണിത്.ഇവിടെ പ്രൈമറി സ്കൂൾ, ഹൈസ്കൂൾ, യൂണിവേഴ്സിറ്റി എന്നിവ ഉണ്ട് .
വളരെ പഴയ ഒരു ക്രിസ്ത്യൻ പള്ളി തെരുവിന്റെ ഒരു ഭാഗത്ത് കണ്ടു. 1912 നിർമ്മിച്ച സെൻറ് ആൻറണീസ് റോമൻ കാത്തലിക് ചർച്ച് ആണിത്. പതിമൂന്നാം നൂറ്റാണ്ടു മുതൽ ഇവിടെ ഉണ്ടായിരുന്ന ഒരു ഫ്രാൻസിസ്കൻ പള്ളി പിൽക്കാലത്ത് അഗ്നിക്കിരയായി. അവിടെയാണ് ഈ പള്ളി നിർമ്മിച്ചിരിക്കുന്നത്. ഇപ്പോഴും ആഴ്ച തോറും ഉള്ള പ്രാർത്ഥനകൾ, ക്രിസ്തുമസ് കാലത്തുള്ള പ്രത്യേക ആഘോഷങ്ങൾ എന്നിവ ഇവിടെ നടന്നു വരുന്നു. വളരെ മനോഹരമായി പരിപാലിച്ചിരിക്കുന്ന അതിൻറെ ചുറ്റുപാടുമുള്ള പൂന്തോട്ടമാണ് പള്ളിയെക്കാൾ മനോഹരമായി തോന്നിയത്. പലനിറത്തിലുള്ള കണ്ണാടികൾ കൊണ്ട് രൂപപ്പെടുത്തിയ ഉയരത്തിലുള്ള ജനാലകൾ പള്ളിക്ക് കൂടുതൽ ചാരുതയേകി.
‘ടണൽ’ എന്ന ഭാഗത്താണ് തെരുവ് അവസാനിക്കുന്നത്. ഇവിടെ നിന്ന് ഭൂമിക്ക ടിയിലൂടെ ഒരു ഫ്യൂണിക്കുലർ ഉണ്ട്. ഇത് ഗോൾഡൻ ഹോണിന്റെ കരയിലാണ് അവസാനിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഓൾഡ് ടൗണിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിച്ചത് മൂലം സൗകര്യങ്ങൾ മതിയാകില്ലെന്ന് തിരിച്ചറിവിൽ നിന്നാണ് ഇതിൻറെ നിർമ്മാണം ആരംഭിക്കുന്നത്. അക്കാലത്ത് ഏകദേശം 50,000ത്തോളം ആളുകൾ ഈ കുന്നിലേക്ക് നടന്നു കയറുകയോ കുതിരപ്പുറത്ത് സഞ്ചരിച്ച് മുകളിലെത്തുകയോ ചെയ്തിരുന്നു.
ഫ്യൂണിക്കുലർ
സുൽത്താന്റെ അനുമതിയോടുകൂടി, ബ്രിട്ടീഷ് ഗവൺമെന്റിന്റെ സാമ്പത്തിക സഹായത്തോടെ, ഫ്രഞ്ച് എൻജിനീയറായ ഹെൻട്രി ഗാവന്റ് ആണ് നാലുവർഷം കൊണ്ട് ഇത് നിർമ്മിച്ചത്. അക്കാലത്ത് മുകൾ ഭാഗം തുറന്ന രീതിയിലുള്ള ചെറിയ കാറുകൾ ആയിരുന്നു യാത്രക്കാരെ വഹിച്ചുകൊണ്ട് മുകളിലേക്കും താഴേക്കും സഞ്ചരിച്ചിരുന്നത്; ഇതിനുള്ളിൽ സീറ്റുകൾ ഉണ്ടായിരുന്നില്ല. യാത്രക്കാരെല്ലാം നിന്നു കൊണ്ടാണ് യാത്ര ചെയ്തിരുന്നത്. ഭൂമിക്കടിയിലൂടെ സഞ്ചരിക്കാൻ ആദ്യം ഇന്നാട്ടുകാർക്ക് ഭയമായിരുന്നു. അതുകൊണ്ട് ആദ്യകാലത്ത് ചരക്കും കന്നുകാലികളെയും മറ്റുമാണ് മുകളിലേക്കും താഴേക്കും കൊണ്ടുപോയിരുന്നത്. പക്ഷേ കാലക്രമേണ ഇതിനെപ്പറ്റിയുള്ള അഭിപ്രായം മാറി സാധാരണ ആളുകൾ ഇസ്തിക് ലാൽ തെരുവിൽ നിന്നും ഗോൾഡൻ ഹോണിന് അടുത്തുള്ള കാരക്കോയി എന്ന സ്ഥലത്തേക്ക് പോകാനായി ഈ സൗകര്യം ഉപയോഗപ്പെടുത്തിത്തുടങ്ങി.
ഗലാട്ട ടവർ
കരയിലെ ചക്രവാളത്തിൽ തല ഉയർത്തി നിൽക്കുന്ന 25അടി നീളമുള്ള കല്ലുകൊണ്ട് നിർമ്മിച്ച ഗോപുരമാണ് ഗലാട്ടാ ടവർ. 1342 ൽ നിർമ്മിക്കപ്പെട്ട ഇതിന് ജനോവീസ് ഗോപുരം എന്നും പേരുണ്ട്. പട്ടാളക്കാരുടെ താമസസ്ഥലമായും വെടിക്കോപ്പുകൾ സൂക്ഷിക്കാനുള്ള ഇടമായും ജയിലായും ഇത് ഉപയോഗിച്ചിരുന്നു. വിമാനങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത ആ കാലത്ത് മനുഷ്യനിർമ്മിതമായ ഒരു പറക്കുന്ന ഉപകരണം ആദ്യമായി പരീക്ഷിച്ചത് ഇതിൻറെ മുകളിൽ നിന്നാണ്. പതിനേഴാം നൂറ്റാണ്ടിൽ ഹെസർ ഫെൻ അഹമ്മദ് ചെലെബി എന്നൊരാൾ ലിയൊണാർഡോ ഡാവിഞ്ചിയുടെ ഡയറികളിൽ കണ്ട രേഖാചിത്രങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തനക്ഷമമായ ഒരു പറക്കുന്ന യന്ത്രം നിർമ്മിച്ചുവെന്ന് ചരിത്ര രേഖകളിൽ ഉണ്ട്. 1632 ൽ ഇദ്ദേഹം ഇത് ഉപയോഗിച്ച് യൂറോപ്യൻ ഇസ്താംബൂളിൽ ഉള്ള ഗോപുരത്തിന് മുകളിൽനിന്ന് ബോസ്ഫറസിന് കുറുകെ ഏഷ്യൻ ഭാഗത്തെ ഉസ്കുദാറിലേക്ക് 6000 മീറ്റർ ദൂരം പറന്നു എന്ന് രേഖപ്പെടുത്തപ്പെട്ടിരിയ്ക്കുന്നു.
ബൈസാന്റീൻ ഭരണകാലത്ത് ഇറ്റാലിയൻ കച്ചവടക്കാർക്ക് ചില പ്രത്യേക ആനുകൂല്യങ്ങൾ നൽകിയിരുന്നു. ഇതനുസരിച്ച് ഗലാട്ട എന്ന ഭാഗം ജനോവക്കാർക്ക് അവരുടെ കച്ചവട വസ്തുക്കൾ സൂക്ഷിക്കാനായി നൽകിയതാണ്. പതിനാലാം നൂറ്റാണ്ടിൽ വിളക്കുമാടമായിരുന്ന ഈ ഗോപുരത്തിനെ അവർ പുനർനിർമ്മിക്കുകയും സുരക്ഷിതമാക്കുകയും ചെയ്തു. 61 മീറ്റർ ഉയരമുള്ള ഇതിൻറെ ആറാംനില വരെ ലിഫ്റ്റിൽ പോകാൻ സാധിക്കും. വളരെ ഇടുങ്ങിയ 70 പടികൾ കയറിയാൽ എട്ടാമത്തെ നിലയിലുള്ള ഒബ്സർവേഷൻ ടെറസിൽ എത്താം. ടവറിന് മുകളിൽ നിന്നുള്ള നഗരത്തിന്റെയും ബോസ്ഫോറസിന്റെയും ആകാശക്കാഴ്ച വളരെ മനോഹരമാണ്. ഏഴാംനിലയിൽ സ്ഥാപിച്ചിട്ടുള്ള ഇസ്താംബൂളിന്റെ മോഡലിൽ നിന്ന് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട മന്ദിരങ്ങളെയും സ്മാരകങ്ങളെയും പറ്റി ഏകദേശ ധാരണ ലഭിക്കും.
പകൽ മുഴുവൻ ഉള്ള നടപ്പുകാരണം ഞങ്ങൾ നല്ലപോലെ ക്ഷീണിച്ചിരുന്നു; എങ്കിലും രാവിലെ കയറിയ കയറ്റം തിരിച്ചിറങ്ങുന്നത് കുറേക്കൂടി എളുപ്പമായിരുന്നു. കുത്തനെ താഴോട്ടുള്ള വഴിയിലൂടെ ഞങ്ങൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു.
കവർ: വിൽസൺ ശാരദ ആനന്ദ്
(തുടരും)