പൂമുഖം CINEMA നിശാന്ത്; കലാപസിനിമയ്ക്ക്‌ ഒരാമുഖം

നിശാന്ത്; കലാപസിനിമയ്ക്ക്‌ ഒരാമുഖം

50 കൊല്ലം മുൻപുള്ള ഒരു സിനിമയിൽ നിന്ന് എന്തു പുതുകാഴ്ചയാണ് ഇപ്പോൾ ലഭ്യമായത് എന്ന ചോദ്യം സ്വാഭാവികമാണ്. അടിമത്തം നടമാടിയ ഗ്രാമങ്ങളുടെ സാമൂഹ്യ ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോഴാണ് യാദൃച്ഛികമായി ഇന്ത്യൻ സിനിമയിലെ ഈ ക്ലാസ്സിക്‌ വീണ്ടും കാണാനിടയായത്.

ഫ്യൂഡലിസത്തിൻ്റെ കാലത്തെ ജമിന്ദാർമാരുടെ ഏകാധിപത്യവും വട്ടിപ്പലിശപ്പിരിവും ലൈംഗിക ചൂഷണവും പ്രമേയമാക്കിയ നിരവധി സിനിമകൾ നമുക്കുണ്ട് .റിതുബിഡ (1939) മുതൽ ആഗസ്റ്റ് 16, 1947 വരെ നീളുന്ന സിനിമകൾ. കബനി നദി ചുവന്നപ്പോൾ, ഇത്തിരി പൂവേ ചുവന്ന പൂവേ , പഞ്ചാഗ്നി , വിധേയൻ തുടങ്ങി ഒരു പിടി ചിത്രങ്ങൾ മലയാളത്തിലും ഉണ്ട്. എന്നാൽ ഈ സിനിമകളിൽ ഫ്യൂഡൽകാലത്തെ ഒരു ദളിത് പരിപ്രേക്ഷ്യം നമുക്ക് കാണാനാവില്ല. വയനാട്ടിലെ അഡിഗയുടെയും കോങ്ങാട്ടെ നാരയണൻകുട്ടി നായരുടെയും രാജക്കാട്ടെ വടിവേലുവിൻ്റെയും കീഴിൽ ദളിതർ അനുഭവിച്ച ദുരിതവും ഉയർത്തേഴുന്നേൽപ്പും നമുക്ക് സിനിമയായില്ല . നമ്മുടെ സംവിധായകർക്ക് താൽപ്പര്യം മധ്യവർഗ്ഗ വിപ്ലവകാരികളുടെ റൊമാൻ്റിക് മനോസംഘർഷത്തോടായിരുന്നു, അവരുടെയും കുടുംബത്തിന്റെയും ത്യാഗങ്ങളായിരുന്നു. ഇവിടെയാണ് നിശാന്ത്( 1975- ഹിന്ദി) എന്ന സിനിമ വേറിട്ടുനിൽക്കുന്നത്. ഇൻഡ്യയിലെ ദളിത്, മറ്റു പിന്നോക്ക വിഭാഗങ്ങൾ എന്നിവരുടെ ജീവിതം എന്തെന്ന് ശ്യാം ബെനഗൽ അവതരിപ്പിക്കുന്നു.

തെലുങ്കാനയിലെ ദളിതരുടെ അടിമത്ത മനോഭാവത്തെക്കുറിച്ചാണ് ബെനഗൽ അടിസ്ഥാനപരമായി പറയുന്നത്. നിശാന്ത് എന്ന വാക്കിൻ്റെ അർത്ഥം ഇരുട്ടിൻ്റെ അവസാനം അഥവാ തിന്മയുടെ അന്ത്യം എന്നത്രെ.അത് ഈ ചിത്രത്തിൻ്റെ തീമിലേക്ക് നല്ല രീതിയിൽ വിരൽ ചൂണ്ടുന്നുണ്ട്. സിനിമയുടെ ഇതിവൃത്തം ജമിന്ദാരി ചൂഷണത്തിനെതിരെ 40 കളിൽ ഉയർന്ന തെലുങ്കാനയിലെ ഒരു കലാപ മാണ്. അതിന് നിമിത്തമോ?
ഗ്രാമീണ വിദ്യാലയത്തിൽ സ്ഥലം മാ
റി വന്ന അധ്യാപകന്റെ ഭാര്യയെ ജമിന്ദാരുടെ സഹോദരങ്ങൾ ചേർന്ന് പരസ്യമായി തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്നതും തുടർന്ന് ഭാര്യയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഓരോന്നായി പരാജയപ്പെട്ടപ്പോൾ അയാൾ ഒരു കലാപത്തിന് ഗ്രാമീണരെ പ്രേരിപ്പിക്കുന്നതും ആണ്. വയനാട്ടിലെ നക്സലൈറ്റുകളുടെ ജീവിതവും ആ കാലഘട്ടവും അടയാളപ്പെടുത്തുന്ന” തലപ്പാവ്” നോക്കുക. അതിൽ ഒരിടത്ത് പോലും ദളിതർ ദൃശ്യരാവുന്നില്ല . അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള വിനിമയം പോലെയാണ് പോലെയാണ് നമ്മുടെ വിപ്ലവ സിനിമകൾ !

കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ ഏതാനും സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ആദിവാസികളെ ചൂഷണം ചെയ്ത് ജീവിക്കുന്ന മുതലാളിക്ക് എതിരെ പോരാടുന്ന നായകൻ്റെ റൊമാൻ്റിക്കായ ജീവിതവും മനോസംഘർഷവും ആണ്
“ആരണ്യകം”.” ഗുൽമോഹറി”ലെ ഇന്ദുചുഡനും “മർമ്മര”ത്തിലെ വിപ്ലവകാരിയും “ഇത്തിരി പൂവേ ചുവന്നപൂവി”ലെ കോളേജ് വിദ്യാർത്ഥിയും “കബനി നദി ചുവന്നപ്പോളി”ലെ വിപ്ലവകാരിയും ഈ കാൽപ്പനികധാരയിൽ നിന്ന് മോചിതരല്ല. ഈ സിനിമകളിലെ നായകരെപ്പോലെ ഗിരീഷ് കർണാട് വേഷമിട്ട “നിശാന്തി”ലെ കേന്ദ്രകഥാപാത്രത്തെ സംവിധായകൻ ഒരിക്കലും അവതരിപ്പിക്കുന്നില്ല ഗ്രാമത്തിലെ അനീതികൾ ഓരോന്നായി ചിത്രീകരിച്ചതിന് ശേഷം രക്ഷകനാവുന്ന വൺമാൻ ആർമിയിലേക്കും ചിത്രം പുരോഗമിക്കുന്നില്ല. തുടക്കത്തിൽ തന്നെ ഇരുട്ടിൽ കിടക്കുന്ന ഗ്രാമത്തെ ദൃശ്യവൽക്കരിക്കുന്നു. ഗ്രാമീണരുടെ മൃഗതുല്യമായ ജീവിതത്തിൽ കേന്ദ്രീകരിക്കുന്നു . മലയാള സിനിമകളും ബെനഗൽ സിനിമയും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്. മാസ്റ്ററുടെ ഗ്രാമത്തിലെക്കുള്ള വരവ് നോക്കാം. കാളവണ്ടിയിലുള്ള വരവിൻ്റെ ശബ്ദങ്ങൾക്ക് മന്ദഗതിയും നാടൻ ഈണവും ആണ്. നെയ്ത്തുകാരുടെ ഗ്രാമമായ പോച്ചംപള്ളിയിലാണ് ഈ സിനിമ ചിത്രീകരിച്ചത്. ചന്തയും അമ്പലവും മാസ്റ്ററുടെ വീടും വിദ്യാലയവും ഗ്രാമാന്തരീക്ഷം സൃഷ്ടിക്കുന്നു . ഒരു രംഗത്ത് പോലും കടുംനിറങ്ങൾ ഉപയോഗിച്ചിട്ടില്ല. പശ്ചാത്തലത്തിൽ പടർന്ന ചുവപ്പ് രാശി വരാനിരിക്കുന്ന കലാപത്തിൻ്റെ മുന്നറിയപ്പ് നൽകുന്നു.

ജൻമി അഹമ്മദ് ഹാജിയുടെ(പാലേരിമാണിക്യം….)അധികാരത്തിനു മുന്നിൽ നിഷ്പ്രഭരാകുന്ന ഗ്രാമീണരെ നാം കണ്ടു. ‘നിശാന്തി’ൽ ജമീന്ദാരുടെ ചരടുവലികൾക്കൊത്ത് ഗ്രാമീണർ പാവകളെപോലെ ചലിക്കുന്ന നിരവധി ലോംഗ് ഷോട്ടുകൾ ഉണ്ട്. മാസ്റ്റരുടെ ഭാര്യയായ സുശീലയെ തട്ടിക്കൊണ്ടു പോകുന്ന രംഗംത്തിൽ വാതിൽ തുറക്കുമ്പോൾ ജന്മിയുടെ സഹോദരങ്ങൾ അവരെ ബലമായി എടുത്തുകൊണ്ടുപോകുന്നതാണ് കാണുക. പിന്നാലെ ഓടിച്ചെല്ലുന്ന മാസ്റ്ററുടെ നിലവിളി കേട്ട് ദളിതരായ ഗ്രാമീണർ പുറത്തിറങ്ങി വരുന്നുണ്ട്. പക്ഷേ ഇരുട്ടിൽ അവർ ഒരു ചെറുവിരൽ പോലും അനക്കുന്നില്ല . പാവകളെ പോലെ മരവിച്ച് നിൽക്കുന്ന അയൽക്കാരെയാണ് സംവിധായകൻ പകർത്തിയിരിക്കുന്നത്.
ഒരു സ്ത്രീ മാസ്റ്ററിൻ്റെ കുട്ടിയെ ആശ്വസിപ്പിക്കുമ്പോൾ ഭാര്യയെ വണ്ടിയിൽ കയറ്റി കൊണ്ടുപോകുന്നത് തടയാൻ മാസ്റ്റർ അവരുടെ സഹായം തേടുന്നു. പക്ഷേ, അവർ എന്നിട്ടും അനങ്ങുന്നില്ല. കാരണം ജമിന്ദാരുടെ ചൂഷണങ്ങൾ അവർ ജനനം മുതൽ മാനസികമായും ശാരീരികമായും അനുഭവിക്കുന്നതാണ്, ഏതാണ്ട് അബോധമായി അംഗീകരിച്ചതാണ്.രംഗത്തിനപ്പുറത്തു നിന്ന് ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദവും സ്ത്രീയുടെ നിലവിളിയും പ്രാർത്ഥനയും ഇടകലർന്ന് കോറസായി ഉയരുമ്പോൾ ഒരു ദുരന്തനാടകം അനുഭവവേദ്യമാകുന്നു.

“ഒരു പാതിരാക്കൊലപാതകത്തിൻ്റെ കഥ” എന്ന സിനിമയിൽ പൊക്കൻ്റെ ഭാര്യ മാണിക്യത്തെ രാത്രിയിൽ തട്ടി ക്കൊണ്ടുപോകുന്ന രംഗമുണ്ട്.അതിനെതിരെ പൊക്കനോ അമ്മയൊ പ്രതിഷേധിക്കുന്നില്ല. കാരണം ഈ തട്ടി കൊണ്ടുപോകലും പീഡനവും അവർക്കുപുത്തരിയല്ല. നിശാന്തിലെ ഗ്രാമീണരെപ്പോലെ.ആ ഗ്രാമത്തിലെ മിക്ക സ്ത്രീകളും ജന്മിമാരുടെ ബലാൽസംഗത്തിന് വിധേയരായവരാണ്. എന്നിട്ടും ഈ അനീതിക്ക് എതിരെ അവർ എന്തു കൊണ്ട് പ്രതിഷേധിക്കുന്നില്ല എന്നതാണ് പ്രേക്ഷകരെ വലയ്ക്കുന്ന ചോദ്യം. ഭക്തരെ പോലെ അവർ ഭാര്യമാരെ ജമിന്ദാർക്ക് കാഴ്ചവെക്കുമ്പോൾ നമ്മൾ ഞെട്ടുന്നു. “വിധേയനി”ലെ
തൊമ്മിയെ നമ്മൾ കണ്ടതാണ്.അവർ കഴുതകളെ പോലെ ജമീന്ദാരുടെ കൽപ്പനകൾ അനുസരിക്കുന്നു. കാരണം അയാൾ ബംഗ്ലാവിൻ്റെ രണ്ടാം നിലയിൽ നിന്ന് അവരെ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. .അധികാരത്തിൻ്റെ പ്രതീകങ്ങളായ വടി, തോക്ക് , ജനൽകമ്പികൾ, കസേര, സോഡാക്കുപ്പി തുറക്കൽ തുടങ്ങിയവ കാണുമ്പോൾ ഭയം പ്രേക്ഷകരുടെ മനസ്സിലേക്ക് അരിച്ചിറങ്ങുന്നു. ജമിന്ദാരുടെ (അമരീഷ് പുരി) ഉണ്ടക്കണ്ണുകൾ ഉറക്കത്തിൽ പോലും നമ്മളെ വേട്ടയാടുന്നു. സമാനമാണ് വിധേയനിലെ പട്ടേലരുടെ ചെയ്തികൾ ഉളവാക്കുന്ന ഭീതിയും.

പ്രേക്ഷകരെ നടുക്കുന്ന ഒരു രംഗം തന്നെയാണ് ഗ്രാമ മനസ്സിൽ കലാപത്തിരി കൊളുത്തുക.ജമിന്ദാരുടെ ബംഗ്ലാവിൽ സുശീല അതിക്രുരമായി പീഡിക്കപ്പെടുന്നു. ഒരു ഹൈ ആങ്കിൾ ഷോട്ട് ആ സ്ത്രീയുടെ നിസ്സാഹായത കാണിച്ചുതരുന്നു. ജമീന്ദാരുടെയും കൂട്ടരുടെയും
മദ്യപാനത്തിലൊ ബലാത്ക്കാരത്തിലോ പങ്കാളിയല്ലാത്ത കുടുംബസ്ഥനായിട്ടും സഹോദരൻ വിശ്വവും( നാസറുദ്ദീൻ ഷാ )ക്രൂരതക്കു ഇരയായ സ്ത്രീയെ പ്രാപിക്കാൻ മോഹിക്കുന്നു. കാലിനിടയിൽ കൈകൾ വെച്ച് ചുരുണ്ടു കൂടി കിടക്കുന്ന ഇരയെ കണ്ട് അയാൾ പിൻവാങ്ങുന്നുണ്ട്. വിശ്വത്തിൻ്റെ ഭാര്യ (സ്മിത പാട്ടീൽ) സുശീലയെ ആശ്വസിപ്പിക്കുന്നു. ഇത് പോലെ പാട്രിയാർക്കിയുടെ ഇരകളാണ് സ്ത്രീകളെന്ന് തിരിച്ചറിയുന്ന നിരവധി സീനുകളുണ്ട് ചിത്രത്തിൽ. അതുപോലൊന്നു മലയാളത്തിൽ ഞാൻ കണ്ടിട്ടില്ല. പഞ്ചാഗ്നിയിൽ പട്ടികളെ അഴിച്ചുവിട്ട് ആദിവാസി ദമ്പതികളെ കടിച്ചു കീറി കൊല്ലുന്ന രംഗം ഉണ്ട്. പക്ഷേ അത് ജന്മിക്കെതിരെയുള്ള ഒരു ജനകീയ കലാപമായി ഉയരുന്നില്ല. കേവലമായ ഹിംസയിൽ അവസാനിക്കുന്നു.

നീതി തേടി അലയുന്ന മാസ്റ്റർ കാഫ്കയുടെ കെ യെ പോലെ പരാജിതാനാകുന്നു. ഒടുവിൽ ദേവിയെ അഭയം പ്രാപിക്കുന്നു. ആഴ്ചകൾക്ക് ശേഷം അവിടെ വെച്ച് ഭാര്യയെ കാണുന്നു. കുട്ടിയെക്കുറിച്ച് അവൾ ചോദിക്കുന്നു. പിന്നെ തൻ്റെ വിധി അംഗീകരിച്ച് വിശ്വത്തിൻ്റെ വണ്ടിയിൽ കയറി പോകുന്നു. പീഡനത്തിൻ്റെ ഒടുവിൽ ഇരയ്ക്ക് വേട്ടക്കാരനോടു തോന്നുന്ന സ്നേഹം (സ്റ്റോക്ക്ഹോം സിൻട്രം) സിനിമ കഥാപാത്രത്തിൻ്റെ സങ്കീർണ്ണമായ മനസ്സിലേക്ക് വെളിച്ചം വീശുന്നു. അതിനടയിൽ അവൾ അയാളുടെ പുരുഷത്വത്തെ കുറ്റപ്പെടുത്തുന്നുണ്ട്. അയാൾ കരയുന്നു. അനീതിക്ക് എതിരെ പോരാടുന്ന നായകൻ്റെ നിസ്സാഹയത യഥാർഥ്യമാണ്. അത് മലയാള സിനിമകളിൽ കാണാനാവില്ല.
അമ്പലത്തിലെ പൂജാരിക്ക് സഹതാപം തോന്നുന്നു. ഫ്യൂഡൽ വ്യവസ്ഥിതിയെ താങ്ങിനിർത്തുന്ന മതം പൊടുന്നനെ പുരാണങ്ങളിലെ ദുഷ്ട നിഗ്രഹം ചൂണ്ടി കാട്ടി ഒരു കലാപത്തിന് ആഹ്വാനം ചെയ്യുന്നു. ആദ്യം ജമിന്ദാറും തുടർന്ന് കുറ്റവാളികളായ രണ്ട് സഹോദരൻമാരും കൊല്ലപ്പെടുന്നു. പക്ഷേ, ജനക്കൂട്ടം തൃപ്തരാകുന്നില്ല. അവർ വിശ്വത്തിൻ്റെ നിരപരാധിയായ ഭാര്യയെയും അടിച്ചു കൊല്ലുന്നു. ബംഗ്ലാവിൽ നിന്ന് രക്ഷപ്പെട്ട വിശ്വത്തെയും സുശീലയെയും പിന്തുടർന്നു വധിക്കുന്നു.കൊടുങ്കാറ്റിൽ വന്മരങ്ങളും ചെറുവൃക്ഷങ്ങളും നിലംപതിക്കുന്നു.


ചിത്രത്തിൻ്റെ ആരംഭത്തിൽ ജനക്കൂട്ടം ഒരു കള്ളനെ ഓടിച്ചിട്ട് പിടിക്കുന്നുണ്ട്. സർക്കാർ അയാളെ തല്ലുന്നുണ്ട്. അതു പോലെ ജനക്കൂട്ടം വിശ്വത്തെയും സുശീലയെയും അവസാനം വേട്ടയാടി കൊല്ലുന്നു. സുശീലയുടെ മരണത്തിൻ്റെ പേരിൽ ബെനഗൽ ഏറെ വിമർശിക്കപ്പെട്ടു. സത്യത്തിൽ ഈ സീനിലൂടെ ഇൻഡ്യൻ സമൂഹത്തിൽ രൂഢമൂലമായ പുരുഷ്വത്വ ( ആൽഫ മെയിൽ) മനോഭാവത്തെ തുറന്നു കാട്ടുകയാണ് സംവിധായകൻ ചെയ്തത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ജനം അനീതിക്കെതിരെ പോരാടുകയില്ല. എപ്പൊഴെങ്കിലും പോരാടിയാൽ അവരും അക്രമണകാരികളാകും.ചിത്രത്തിൻ്റെ ആരംഭത്തിൽ തന്നെ ബലാൽക്കാരം ചെയ്യപ്പെട്ട സ്ത്രീകളുടെ പരിതാപകരമായ വിധി സൂചിപ്പിക്കുന്നണ്ട്.ഇരകളെ ഭർത്താക്കന്മാർ ഉപേക്ഷിക്കുന്നതും മറ്റും. ഒരു വിപ്ലവവും അവരുടെ രക്ഷക്കെത്തുന്നില്ല ഈ യാഥാർത്ഥ്യബോധം എന്നാണ് മലയാള സിനിമക്ക് ഉണ്ടാകുക?

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like