ഇന്ദ്രപ്രസ്ഥത്തിലെ അവസാന രാത്രിയാണിന്ന്. നാളെ തുടങ്ങുന്ന മഹാവാനപ്രസ്ഥത്തില്‍ ആദ്യംവീഴാന്‍ വിധിക്കപ്പെട്ടവളാണ് കൃഷ്ണ. പൂര്‍വജന്മഫലമായി കിട്ടിയ അഞ്ചു പതികള്‍ എന്നെ മനസ്സിലാക്കിയതേയില്ല.അവര്‍ക്കു കൃഷ്ണ താമരപ്പൂവിന്റ സുഗന്ധവും ചാരുതയുമുള്ള ഉടല്‍ മാത്രമായിരുന്നു. ആസക്തിയോടല്ലാതെ സ്‌നേഹത്തോടെ അവര്‍ തന്നെ നോക്കിയില്ല. ഈ അവസാന രാത്രി കഴിയുന്നത് എന്നും ആശ്രയമായിരുന്ന ഭഗവാന്റെ മുന്നില്‍ ഹൃദയം തുറന്നുകൊണ്ടാകട്ടെ.
സകല പാപങ്ങളും കഴുകിക്കളഞ്ഞ് പരിശുദ്ധമായ മനസ്സോടെ അന്ത്യയാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. ഒരു രഹസ്യത്തിന്റെ ഭാരവും ഇനി എനിക്ക് ചുമക്കാന്‍ വയ്യ. എന്റെ മനസ്സിന്റെ സാരഥിയായ മാധവാ അങ്ങ് എന്റെ മുന്‍പില്‍ വരൂ. കൃഷ്ണയെ കേള്‍ക്കു.
എന്റെ മൂന്നാമൂഴത്തിലാണത് സംഭവിച്ചത്. നിസ്സംഗനായ അര്‍ജുനന്റെ ഊഴവും കഴിഞ്ഞ് ആകാശത്ത് ഉദിച്ചു നില്‍ക്കുന്ന ശരത്കാലചന്ദ്രനെ നോക്കി നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് വാതായനങ്ങള്‍ക്കപ്പുറത്തു കാറ്റിന്റെ നിശ്വാസം പോലൊരു നാദം. ചില്ലു ജാലകങ്ങളില്‍ തല ചേര്‍ത്തുവെച്ചൊരു രൂപം. കാരിരുമ്പിന്റെ കറുപ്പും വെള്ളിക്കണ്ണുകളുമുള്ള ഒരാള്‍..
എന്നെ ഉറ്റു നോക്കിക്കൊണ്ട് അയാള്‍ പറഞ്ഞു: ‘കൃഷ്‌ണേ, തക്ഷകനാണ് ഞാന്‍. നിന്റെ മുടിയിഴകള്‍ പതിച്ചത് പാതാളത്തില്‍ ശയിക്കുകയായിരുന്ന എന്റെ ദേഹത്തിലാണ്. ആ മുടിയിഴയുടെ സുഗന്ധത്തിന്റെ ഉറവിടം തേടിയാണ് ഞാനിവിടെ വന്നത് ‘
ഭയമല്ല കൗതുകമാണ് എനിക്ക് തോന്നിയത് . കറുത്ത ശരീരത്തില്‍ നക്ഷത്രം പോലെ മിന്നുന്ന സ്വര്‍ണപ്പൊട്ടുകള്‍, തിളങ്ങുന്ന വെള്ളിക്കണ്ണുകള്‍, കറുത്ത അധരത്തില്‍ മടിച്ചു നില്‍ക്കുന്ന മന്ദസ്മിതം, അറ്റം പിളര്‍ന്ന ചുവന്ന നാക്ക്, മൊട്ടുപോലെ കാണപ്പെട്ട വിഷപ്പല്ലുകള്‍, ആകാരത്തിനു ചേരാത്ത മൃദുസ്വരം..
വര: പ്രസാദ് കാനാത്തുങ്കൽ
നോക്കി നില്‍ക്കെ കൌതുകം കൂടി വന്നു. ആഗമനോദ്ദേശം ചോദിച്ചപ്പോള്‍ ‘ഈ സൗന്ദര്യ സമ്പത്തിനെ ഒന്നു കാണണമെന്നേയുള്ളു ‘എന്നായിരുന്നു മറുപടി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പുലര്‍കാലസ്വപ്നം പോലെ ആ രൂപം മാഞ്ഞു പോയി.പിറ്റേന്നും രാത്രിയുടെ മൂന്നാം യാമത്തില്‍ ആ സ്വരം കേട്ടു. ആ രൂപം, അതേ ഭാവം. ഞാന്‍ പുറത്തിറങ്ങി ചെന്നു.
‘ഒന്നും വേണ്ട . കാണുക മാത്രമേ വേണ്ടു.’വാക്കുകള്‍ ആവര്‍ത്തിച്ചു .
തക്ഷകന്‍ എന്നെ നോക്കിക്കൊണ്ടേയിരുന്നു.ആ കണ്ണുകളില്‍ പ്രണയവും അലിവും, കരുതലും മാറി മാറി പ്രതിഫലിച്ചു.
കാണാതിരുന്നത് കാമം മാത്രമായിരുന്നു. ഏറ്റവും പരിചിതമായ, പതിമാരില്‍ എല്ലായ്‌പോഴും കണ്ടിരുന്ന ആ വികാരം തക്ഷകനില്‍ ഇല്ലായിരുന്നു. അവന്‍ കൂടെക്കൂടെ വരാന്‍ തുടങ്ങി. മൂന്നാം യാമങ്ങള്‍ ഞങ്ങള്‍ക്ക് മാത്രമുള്ളതായി. ആ കണ്ണുകളില്‍ എനിക്ക് വേണ്ടി നിലാവും നക്ഷത്രങ്ങളും ഉദിച്ചു. പാരിജാതങ്ങളും പവിഴമല്ലികളും പൂത്തു. ഒരുപാടു കഥകള്‍ പറഞ്ഞു തക്ഷകന്‍.പാതാളവും നാഗകന്യകമാരും പുഷ്യരാഗം മാത്രം പൊഴിയുന്ന താഴ് വാരങ്ങളും വാക്കുകളാല്‍ വരച്ചിട്ടു. പകലുകള്‍ ദൈര്‍ഘ്യമുള്ളതായി .മൂന്നാം യാമത്തിന് വേണ്ടിയായിരുന്നു കാത്തിരിപ്പ്. ഞങ്ങള്‍ ഉറ്റ കൂട്ടുകാരായി മാറിക്കഴിഞ്ഞിരുന്നു.
പ്രഭോ, ആ സംഭാഷണങ്ങള്‍….എന്നെ ഇതുപോലെ ആരും സന്തോഷിപ്പിച്ചിരുന്നില്ല. എന്നില്‍ വരുന്ന ചെറിയ ഭാവഭേദങ്ങള്‍ പോലും ഒറ്റനോട്ടത്തില്‍ മനസ്സിലാക്കി മൃദു സ്വരത്തില്‍ ആശ്വസിപ്പിക്കുമായിരുന്നു. നൂറോളം രാഗങ്ങള്‍ മനോഹരമായ ചൂളംവിളിയിലൂടെ ആലപിക്കുമായിരുന്നു അവന്‍. അതുല്യയായ സ്ത്രീരത്‌നത്തിന് അമൂല്യമായ സമ്മാനം എന്നുപറഞ്ഞു നാഗമാണിക്യം ഉള്ളം കൈയില്‍ വെച്ചുതന്ന രാവിൽ അവന്റെ കണ്ണില്‍ തെളിഞ്ഞ രാഗവായ്പ് എന്നിലെ സ്ത്രീയിൽ ആന്ദോളനങ്ങള്‍ ഉണര്‍ത്തി. പ്രണയത്തിന്റെ അവാച്യമായ സുഖം മനം കൊതിച്ചു.
തക്ഷകന്‍ മനസ്സു തുറന്ന രാത്രി, ഞാന്‍ അവനില്‍ എത്രത്തോളം അടയാളപ്പെട്ടു കഴിഞ്ഞിരുന്നു എന്നറിഞ്ഞ രാത്രി എന്നില്‍ നിറഞ്ഞ രാഗോന്മാദം അളവറ്റതായിരുന്നു. അഞ്ചു ഊഴത്തിലും അനുഭവിക്കാത്ത ആത്മഹര്‍ഷം ഞാനറിഞ്ഞു.
തക്ഷകനെ പ്രണയിക്കാന്‍ എനിക്കെന്റേതായ കാരണങ്ങള്‍ ഉണ്ടായിരുന്നു. അവന്‍ എന്നിലെത്തി ച്ചേര്‍ന്നത് എന്റെ സ്വകാര്യ അഹങ്കാരമായ മുടിയിഴകളുടെ ഗന്ധം പിടിച്ചാണ്. അവനെ ഉന്മത്തനാക്കിയ ആ സുഗന്ധം സത്യത്തില്‍ ഇതുവരെ ആരും അനുഭവിക്കാത്തതാണ്. പ്രേമത്തിന്റെ മാസ്മരികത മുൻപൊരിക്കലും പങ്കു വെക്കപ്പെട്ടിട്ടില്ല. അവന്റെ അന്ധമായ അനുരാഗത്തിന് ഞാൻ വശംവദയായിപ്പോയി.
മാധവാ, എന്റെ ഹൃദയം ശൂന്യമായിരുന്നു. ഊഴങ്ങളാല്‍ വ്രണിതമാക്കപ്പെട്ട ഉടലും ഉയിരും. വിശക്കുമ്പോള്‍ ഭക്ഷണം എന്നപോലെ ഓരോ ഊഴത്തിലും ആര്‍ത്തിയോടെ വിഴുങ്ങപ്പെട്ടവള്‍. പരിലാളനങ്ങൾ കൊതിക്കുന്ന ഇടങ്ങള്‍ അവനാല്‍ നിറയപ്പെടാന്‍ മോഹിച്ചു. അമൃതസമാനമായ ഉമിനീര്‍ രുചികള്‍ വിഷപ്പല്ലുകള്‍ താഴ്ത്തി അവന്‍ രുചിക്കുന്നത് ഭാവനയില്‍ കണ്ടു. പ്രണയത്തിനു അന്യമായ കാമത്തിന്റെ സീല്‍ക്കാരങ്ങള്‍ മാത്രം കേട്ടു തഴമ്പിച്ച എന്റെ കാതുകള്‍ അവന്റെ മൃദുമന്ത്രണങ്ങള്‍ക്ക് കൊതിച്ചു. അഭൗമമായ സൗന്ദര്യം മോഹം മാത്രം ജനിപ്പിക്കുമെന്നും പ്രണയം നിരസിക്കുമെന്നും എന്റെ പതികള്‍ മനസ്സിലാക്കി തന്നിരുന്നു.
മാധവാ, ഞാന്‍ അവനില്‍ മതി മറന്നുപോയി.ഹൃദയത്തില്‍ പതിഞ്ഞ നിഴല്‍ മായാതെ എന്നോട് ചേർന്നു നില്‍ക്കാന്‍ തുടങ്ങി.സ്പര്‍ശനങ്ങള്‍ക്ക് അതീതമായ സാന്നിധ്യം.ആത്മാവിന്റെ ഈ സ്വകാര്യ ഇഷ്ടങ്ങള്‍ കൃഷ്ണയുടെ മാത്രം രഹസ്യമായി. എന്റെ സന്തോഷങ്ങള്‍ക്കുള്ള സമ്മാനം നിശ്ചയിച്ചു കഴിഞ്ഞിരുന്നു. ഒരു ശരത് കാല രാത്രിയാണ് അതിനായി തിരഞ്ഞെടുത്തത്. തക്ഷകന്‍ മനുഷ്യരൂപീ യായി വന്ന ആ രാത്രി…
ഭക്തി കലര്‍ന്ന പ്രേമത്തോടെ എന്റെപാദങ്ങളില്‍ സ്പര്‍ശിച്ച അവന്റെ വിരലുകള്‍ നിശ്ചലങ്ങളായി. അവന്‍ തൊടുന്നിടങ്ങള്‍ ഉന്മാദ സ്ഥലികളായി. കന്മദം തേടുന്ന കരങ്ങള്‍ ആശ്ചര്യത്താല്‍ വിറച്ചു. എന്നില്‍ ഒളിപ്പിക്കപ്പെട്ട പരമാനന്ദം എല്ലാ സങ്കല്‍പങ്ങള്‍ക്കും അതീതമെന്നു കണ്ട് അതിശയിച്ചു . രസനയില്‍ പുതുരുചി മുകുളങ്ങള്‍ ഉറവെടുത്തു.
പ്രണയത്തിന്റെ മാധുര്യവും മോഹത്തിന്റെ തീക്ഷ്ണമായ എരിവും അലിവിന്റ ഉപ്പും സഹനത്തിന്റെ കയ്പ്പും സഹവര്‍ത്തിത്വത്തിന്റെ പുളിയും ഞാന്‍ അവനു സമ്മാനിച്ചു.ഷഡ് രസങ്ങള്‍ നിറഞ്ഞ പാനപാത്രങ്ങള്‍ ഒഴിയുകയും നിറയുകയും ചെയ്തു. അമൃതരുചികൾ ഭുജിച്ചു ദേവനെപ്പോലെ മദോന്മത്തനായി എന്റെ തക്ഷകന്‍.
പകരം എത്ര എത്ര ലോകങ്ങള്‍ അവന്‍ എനിക്ക് കാണിച്ചുതന്നു!വിസ്മയം തീര്‍ക്കുന്ന അംഗുലീയങ്ങള്‍ രചിച്ച കവിതകളാല്‍ സമ്പന്നമാക്കപ്പെട്ടു എന്റെ മനവും തനുവും. അസാധാരണവും പ്രണയഭരിതവുമായ അവന്റെ ചടുല ചലനങ്ങളിൽ എന്നിലെ സ്ത്രീത്വം പുത്തനുണർവുകൾ നേടി.
ആത്മാവില്‍ അവനുണര്‍ത്തിയ കൊടും കാറ്റ് ശമിക്കുകയില്ല.ഒരു ബന്ധനവും എന്നെ പിറകോട്ടു വലിക്കുന്നുമില്ല. പോകുമ്പോള്‍ ഒരു വരം ആവശ്യപ്പെട്ടു-അടുത്ത ജന്മം അവന്റെ മാത്രം ഇണയായിരിക്കണം. ‘കൃഷ്ണയെ മാത്രം കാണണം, കേള്‍ക്കണം.പഞ്ചേന്ദ്രിയങ്ങളിലും കൃഷ്ണ നിറയണം.’ആ വാഗ്ദത്തം എനിക്ക് നിറവേറ്റണം. പ്രഭോ!അങ്ങെന്നെ സഹായിക്കണം. വരും ജന്മം ഞാന്‍ തക്ഷകന്റെ വധുവായിരിക്കണം. ഉടലുകള്‍ നഷ്ടപ്പെട്ട് ആത്മാക്കളായി മാറുന്ന ഹര്‍ഷോന്മാദം നിരന്തരമായി അനുഭവിക്കണം..
മാധവാ, അങ്ങയുടെ കണ്ണുകളില്‍ എന്നോടുള്ള കാരുണ്യം നിറയുന്നുണ്ട്.വാത്സല്യത്തില്‍ കുതിര്‍ന്ന മന്ദസ്മിതം വിരിയുന്നുണ്ട് .’ തഥാസ്തു ‘എന്നു മനസ്സാല്‍ അനുഗ്രഹിക്കുന്നുണ്ട്. ജന്മവാസനകളാല്‍ ഉരുവായ കര്‍മഫലങ്ങള്‍ പിന്തുടരാതിരിക്കാന്‍ അങ്ങയുടെ അനുഗ്രഹം എന്നെ പ്രാപ്തയാക്കട്ടെ.
***
കൃഷ്ണയുടെ വിധി നടപ്പിലാക്കപ്പെട്ടു കഴിഞ്ഞു. പതിമാര്‍ ഉപേക്ഷിച്ചു മരണം കാത്തു കിടക്കുന്ന എന്റെ ദേഹത്തില്‍ നിന്നും ദേഹി പിരിയുവാനുള്ള സമയമായി.ഈ നിമിഷങ്ങള്‍ ഭഗവാന്‍ എനിക്കു ദയാപൂര്‍വ്വം സമ്മാനിച്ച ആത്മവിശകലനത്തിന്റെ വിനാഴികകളാണെന്നു ഞാന്‍ തിരിച്ചറിയുന്നു.
സര്‍വനാശത്തിനുള്ള ഹേതു ആവാനാണ് എന്റെ ജന്മ നിയോഗം. പിതാശ്രീ ദ്രുപദനും മാതാശ്രീ കോകിലാദേവിയും പ്രാര്‍ത്ഥിച്ചത് ശത്രുസംഹാരയായ ഉടലാര്‍ന്ന ഉരുവത്തെയായിരുന്നു. അഭൗമസൗന്ദര്യവും അസാധാരണ ബുദ്ധിശക്തിയും കൊണ്ടു സൃഷ്ടിച്ച ഈ സ്ത്രീരൂപത്തില്‍ തീരാത്ത ആത്മദാഹമുള്ള ഹൃദയം ചേര്‍ത്തു വെച്ചതെന്തിന്? പ്രഭോ! ഒരിക്കലും സന്തോഷവതിയായിരുന്നില്ലല്ലോ ഞാന്‍. അസംതൃപ്തി നിറഞ്ഞ മനസ്സായിരുന്നു എന്റേത്. എന്റെ ആത്മസൗന്ദര്യം ആരും തിരിച്ചറിയാതെ പോകാനുള്ള കാരണം തന്നെ ഈ രൂപസൗഭാഗ്യമായിരുന്നു. എന്റെ പ്രിയപ്പെട്ടവർ തന്നെ എന്നെ പരാജയപ്പെടുത്തിക്കൊണ്ടേയിരുന്നു. മാതാപിതാക്കളുടെ ആഗ്രഹപ്രകാരമുള്ള ഈ ജന്മത്തിൽ അവരെനിക്ക് നഷ്ടപ്പെടുത്തിയത് എന്റെ ബാല്യവും കൌമാരവുമായിരുന്നു.
പതിമാരെ സ്‌നേഹിച്ചിരുന്നോ? സ്‌നേഹിച്ചിരുന്നു.അവര്‍ തന്നതേ തിരിച്ചുകൊടുക്കാനായുള്ളൂ എന്നു മാത്രം. അവർഎടുക്കാൻ അറിയുന്നവരായിരുന്നു,കൊടുക്കാൻ മറക്കുന്നവരും.
തക്ഷകനെ ? എന്റെ ഹൃദയമാകുന്ന അക്ഷയ പാത്രം നിറയ്ക്കാന്‍ അവനും കഴിഞ്ഞില്ല.. ഖനികളില്‍ നിറഞ്ഞിരുന്ന മുത്തും പവിഴവും രത്നങ്ങളും വിലമതിക്കാനാവാത്തതെന്ന തിരിച്ചറിവെങ്കിലും അവനുണ്ടായിരുന്നു. രാവില്‍ മാത്രം അനുരാഗിയാവുകയും പകലില്‍ നിസ്സംഗനാവുകയും ചെയ്തിരുന്ന അവന്റെ ദ്വന്ദവ്യക്തിത്വം എന്നെ വിഷമിപ്പിച്ചിരുന്നു. ഒഴിയാത്ത മധുചഷകം പോലെയുള്ള മനസ്സ് താങ്ങാനാവാത്ത ഭാരമായി.
ശാരീരികമായിരുന്നില്ല ആത്മാവില്‍ നിന്നും ഉത്ഭവിച്ച വികാരം തന്നെയായിരുന്നു ആ ദാഹം. പ്രിയം തോന്നിയവരില്‍ നിറയ്ക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ പരാജയപ്പെട്ടു പോയി. എന്നെ മാത്രം കാണുന്ന കണ്ണുകള്‍, ഞാന്‍ മാത്രം ഉദിക്കുന്ന ആകാശം, പങ്കു വെക്കപ്പെടാത്ത ഉടലും ഉയിരും. ഈ മോഹങ്ങള്‍ക്കുടമയായിരുന്നു ഞാന്‍.
മാധവാ എന്റെ ആദ്യത്തെ അപേക്ഷ കേട്ടപ്പോള്‍ അങ്ങയുടെ കണ്ണുകളില്‍ തെളിഞ്ഞ കാരുണ്യം- ഇപ്പോള്‍ അതെനിക്ക് മനസ്സിലാവുന്നുണ്ട്. കൃഷ്ണ സ്വയം തിരിച്ചറിയുമെന്ന് അങ്ങേക്കറിയാമായിരുന്നു. വിമലീകരിക്കപ്പെട്ട മനസ്സോടെ അപേക്ഷിക്കുന്നു പ്രഭോ,
‘ ഭൂമിയില്‍ പിറക്കുന്ന എല്ലാ സ്ത്രീ സത്തയിലും എന്റെ പ്രണയം നിറഞ്ഞ ഹൃദയത്തിന്റെ അംശം പകുത്തു നല്‍കിയാലും. ഒരു ജന്മത്തിന്റെ തടവറയിലും ഇനിയെന്നെ ബന്ധിക്കരുതേ “
ശാന്തി തീരത്തേക്കുള്ള കവാടങ്ങള്‍ എനിക്ക് വേണ്ടി തുറക്കപ്പെടുന്നു . നാരായണ സ്മൃതിയോടെ യാത്ര പുറപ്പെടട്ടെ.
കവർ : സി പി ജോൺസൻ
വര : പ്രസാദ് കാനാത്തുങ്കൽ