പൂമുഖം LITERATUREലേഖനം ഇന്റർസെക്ഷനാലിറ്റിയും വിവേചനങ്ങളും

ഇന്റർസെക്ഷനാലിറ്റിയും വിവേചനങ്ങളും

അവസരങ്ങളും, വിഭവങ്ങളും അധികാരവും ഒക്കെ സമൂഹത്തിന്റെ വിവിധ തട്ടുകളിൽ തുല്യമായല്ല വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. അതു പോലെ തന്നെ അസമത്വങ്ങളുടേയും വിവേചനങ്ങളുടേയും കാര്യത്തിലും ഈ തുല്യത ഇല്ലായ്മ ഉണ്ട് . സമൂഹത്തിന്റെ വിവിധ അടരുകളിൽ പെട്ട മനുഷ്യർ വിവേചനം അനുഭവിക്കുന്നത് ഒരേ രീതിയലല്ല. വിവേചനങ്ങളുടെ സ്വഭാവവും ആഴവും അതിന്റെ ആഘാതങ്ങളും നിർണ്ണയിക്കുന്നതിൽ സമൂഹത്തിലെ സ്ഥാനം ( social location ) ഒരു പ്രധാന ഘടകമാണ്. നിറം,വംശം, സാമ്പത്തിക സ്ഥിതി, സാമൂഹ്യ സ്ഥിതി, മതം ,ഇന്ത്യയുടെ സവിശേഷ സാഹചര്യത്തിലാണെങ്കിൽ ജാതി ഇവയൊക്കെ പ്രധാന ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ വിവേചനത്തെ അല്ലെങ്കിൽ സാമൂഹ്യ അസമത്വത്തെ പറ്റി ഏകശിലാത്മകമായ ഒരു പഠനമോ പ്രസ്താവനയോ അടിസ്ഥാനപരമായി തന്നെ തെറ്റാണ്. ഒരേ സമൂഹത്തിന്റെ ഭാഗമായിരിക്കുമ്പോഴും വിവിധ അടരുകളിൽ അത് വ്യത്യസ്തവും പലവിധത്തിൽ പരസ്പരം പിണഞ്ഞ് കിടക്കുന്നതുമായ ഒന്നാണ്.

ഉദാഹരണമായി ലിംഗവിവേചനത്തേയും സ്ത്രീകളുടെ സാമൂഹ്യ പദവിയേയും പറ്റിയുള്ള ഒരു വിഷയത്തിൽ ഇന്ത്യയുടെ സവിശേഷ സാഹചര്യത്തിൽ കേന്ദ്ര സ്ഥാനത്ത് നിർത്തി വിമർശനാത്മകമായി സമീപിക്കേണ്ടത് ബ്രാഹ്മണിക്കൽ പാട്രിയാർക്കിയേയാണ്. ജാതി നിർമ്മിക്കുന്ന ശ്രേണിബദ്ധമായ അസമത്വങ്ങൾ അതുപോലെ തന്നെ ലിംഗവിവേചന വിഷയത്തിലും പ്രവർത്തിക്കുന്നു. അതായത് സാമൂഹ്യവും സാമ്പത്തികവും ജാതീയവുമായി മുന്നോക്കം നിൽക്കുന്ന ഒരു സവർണ്ണ സ്ത്രീ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളും അവസര നിഷേധങ്ങളും അതേ വ്യവസ്ഥിതിയിലെ തന്നെ ഒരു ദലിത് പിന്നോlക്ക സ്ത്രീ അനുഭവിക്കുന്നത് തികച്ചും വ്യത്യസ്തമായും ഏറ്റവും കഠിനമായും ആയിരിക്കും. അതേ സമയം ‘ജെന്ററിന്റെ’ പേരിൽ അനുഭവിക്കുന്ന വിവേചനങ്ങൾ പല തട്ടുകളിൽ യാഥാർത്ഥ്യവുമാണ്. മറ്റെന്തിലേയും പോലെ തന്നെ ലിംഗവിവേചന , സാമൂഹ്യ പദവി വിഷയങ്ങളിലേയും ഭൂരിപക്ഷം പഠനങ്ങളും നിരീക്ഷണങ്ങളും നടക്കുന്നത് സവർണ്ണ സ്ത്രീ കേന്ദ്രീകൃതമായാണ്.അത്തരം പഠനങ്ങളുടെ പോരായ്മ അതിന്റെ നോട്ടങ്ങളും കേന്ദ്രസ്ഥാനവും സമൂഹത്തിലെ ഉപരിവർഗ്ഗസ്ത്രീ ആണെന്നതാണ് . അവിടെയാണ് പാർശ്വവത്കൃത സ്ത്രീകളുടെ ഭാഗത്ത് നിന്നുളള പഠനങ്ങളുടേയും നിരീക്ഷണങ്ങളുടേയും പ്രാധാന്യവും ആവശ്യകതയും മനസ്സിലാക്കേണ്ടത്.

നിറം , വംശം, ജാതി, വർഗ്ഗം മുതലായവയുടെ അടിസ്ഥാനത്തിൽ വിവേചനങ്ങളുടെ സ്വഭാവം വേർതിരിക്കപ്പെട്ടിരിക്കുന്നത് പോലെ തന്നെ ഓരോ വിഭാഗത്തിലും വിഷയങ്ങളെ സമീപിക്കുന്ന രീതിയും വ്യത്യസ്തമാണ്. ബ്രാഹ്മണിക്കൽ പാട്രിയാർക്കി മുഖ്യ ചൂഷണക്രമമായ നാട്ടിൽ അതിന്റെ ഏറ്റവും ദുർബലരായ (vulnerable )ഇരകൾക്ക് ആദ്യമായി ഏറ്റുമുട്ടാനുളളത് ബ്രാഹ്മണിക്കൽ/സനാതന ഹിന്ദുയിസത്തോട് തന്നെയാണ്. അതിനർത്ഥം മറ്റ് ചൂഷണ പ്രത്യയശാസ്ത്രങ്ങളോട് യാതൊരു എതിർപ്പുമില്ലെന്നോ അല്ലെങ്കിൽ വളരെ സെലക്ടീവായ പ്രതിരോധങ്ങളാണ് ഇന്റർസെക്ഷാണലിറ്റിയുടെ ലേബലിൽ വേണ്ടതെന്നോ അല്ല. അങ്ങനെ പറയുന്നത് അറിവില്ലായ്മയാണ്. ഏതെങ്കിലും ഉപാധികൾ (tools ) ഉപയോഗിച്ച് വിവേചനത്തിന് സാമൂഹ്യ അംഗീകാരം ഉണ്ടാക്കുക സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമേ അല്ല.അതിന് കൂടുതൽ സാമ്യം പിതൃദായകവ്യവസ്ഥ നവമുതലാളിത്തകാലത്ത് കെെവരിച്ച വേഷപ്പകർച്ചകളോടാണ്. ഒരിടത്ത് സ്വാഭാവികമായും ഉയർന്നു വരേണ്ട സ്ത്രീപക്ഷ ഉണർച്ചകളെ വഴി തിരിച്ചു വിടുന്ന, യാഥാസ്ഥിതിക സ്ത്രീകളെ ശാക്തീകരിക്കപ്പെട്ടവരായി അവതരിപ്പിച്ചും വ്യാജബിംബങ്ങൾ സൃഷ്ടിച്ചും അവയെ മുൻ നിർത്തി ഒരു സമൂഹത്തിലെ സ്ത്രീകളുടേയും മറ്റ് അടിച്ചമർത്ത ലെെംഗീക വിഭാഗങ്ങളുടേയും പുരോഗമനത്തേയും ദൃശ്യതയെയും ( visibility ) ഇല്ലായ്മ ചെയ്യുന്ന പ്രവർത്തനമാണത്. അതിന്റെ യഥാർത്ഥ ഫലം നൂറ്റാണ്ടുകളായി തുടരുന്ന വിവേചന മൂല്യബോധത്തെ വീണ്ടും സമൂഹത്തിൽ അടിച്ചുറപ്പിക്കുക എന്നതാണ്.

ഈ വിഷയം എഴുതാനുണ്ടായ പ്രത്യേക സാഹചര്യം ‘വിരുന്നുകളിൽ മാറി ഇരിക്കേണ്ടി’ വരുന്ന സ്ത്രീകളെ പറ്റിയുള്ള നിഖില വിമലിന്റെ പ്രസ്താവനയും അതിന് പിന്നാലെ അവർ നേരിടേണ്ടി വന്ന ഇസ്ളാമോഫോബിക്ക് ആരോപണങ്ങളും , അതിനെ പിന്തുണച്ചും വിമർശിച്ചും പല ഭാഗത്ത് നിന്നുണ്ടായ പ്രതികരണങ്ങളുമാണ്.

നിഖില വിമൽ

ഒരു സമൂഹത്തിൽ ഒരു പ്രത്യേക വിഭാഗം സ്ത്രീകൾ സവിശേഷമായി എന്തെങ്കിലും വിവേചനം നേരിടുന്നു എങ്കിൽ അത് കേവലം ‘വിവേചന’ വിഷയം മാത്രമല്ല അതിന് ചരിത്രപരവും സാമൂഹ്യവും ആയ കാരണങ്ങൾ കൂടി ഉണ്ട്. അത്തരം സാമൂഹ്യ സാഹചര്യങ്ങൾ കൂടി മനസ്സിലാക്കി മാത്രമെ വിവേചനത്തെ അഭിമുഖീകരിക്കാൻ സാധിക്കു. ‘മുസ്ലീം വിവാഹങ്ങളിൽ മാറ്റി ഇരുത്തപ്പെടുന്ന സ്ത്രീകൾ’ എന്നത് കേവലം മുസ്ലീം സ്ത്രീ വിഷയം മാത്രമല്ല.മറിച്ച് ആ സമൂഹത്തിലെ എല്ലാ സ്ത്രീകളും, വിവാഹത്തിൽ അല്ലെങ്കിൽ മരണ വീട്ടിൽ ഒക്കെ മതം നിഷ്കർഷിക്കുന്ന ‘മാറ്റി നിർത്തലിന്’ വിധേയമാക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ആ വിവേചനം അനുഭവിച്ച ഏത് വ്യക്തിക്കും അതൊരു വിഷയമായി ഉയർത്തിക്കൊണ്ടു വരുവാൻ മറ്റാരുടേയെങ്കിലും സമ്മതമോ അനുവാദമോ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. സമൂഹത്തിൽ വിഭാഗീയത സൃഷ്ടിച്ച് കൊണ്ട് ഒരു സമൂഹവും മുന്നോട്ട് പോകുന്നില്ല മറിച്ച് അത് സമൂഹത്തിന്റെ ആകമാനമായ വിഷയമാകുമ്പോഴാണ് അതിൽ തിരുത്തലിനും പുതുക്കപ്പെടലിനും നീതി പുലരുന്നതിനും ഇടങ്ങളുണ്ടാകുന്നത്. അതേസമയം തന്നെ ബ്രാഹ്മണിക്കൽ ഹിന്ദുത്വകാലത്ത് അപര വത്കരിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന സ്വത്വങ്ങൾ (identities ) എന്ന നിലക്ക് ഒരു സമുദായത്തിന്റെ പ്രശ്നം എന്ന നിലയിൽ അവതരിപ്പിച്ച് അതിനെ മുഴുവൻ പ്രതി സ്ഥാനത്ത് നിർത്തുന്ന വംശീയ വിവേചനത്തിന്റെ ഇടങ്ങളിലേക്ക് പടരാതെ തന്നെ സംവാദങ്ങളും വിമർശനങ്ങളും മുന്നോട്ട് കൊണ്ടു പോകേണ്ടതുണ്ട്. വളരെ ശ്രദ്ധാപൂർവ്വമായ പ്രവർത്തനമാണത്.

ഉദാഹരണത്തിന് ഇസ്ളാമിസ്റ്റ് ആശയങ്ങളുടെയും രാഷ്ട്രീയത്തിന്റേയും വക്താക്കൾ സ്ത്രീകളെ മതത്തിനുളളിൽ തന്നെ നിലനിർത്തി കൃത്യമായ ഡ്രസ്സ് കോഡുകളും, സ്ത്രീ പുരുഷ ബന്ധങ്ങളും , സദാചാര സംഹിതകളും കൂട്ടിയിണക്കി അവതരിപ്പിക്കുന്ന തരം ‘സ്ത്രീപക്ഷ’ ങ്ങളോട് വിയോജിപ്പ് ഉണ്ടാകുന്നത് ആഗോളതലത്തിൽ തന്നെ ഇസ്ളാമിസ്റ്റ് രാഷ്ട്രീയം സ്ത്രീകളോടും മത മൗലീകവാദത്തോട് വിമർശനമുളളവരോടും നടപ്പാക്കുന്ന ക്രൂരതകളുടെ അടിസ്ഥാനത്തിലാണ്. സാമ്രാജ്യത്വ ശക്തികളുടെ ‘ഓമന മൃഗങ്ങളാണ്’ പൊളിറ്റിക്കൽ ഇസ്ലാം ഉൾപ്പടെ എല്ലാ മൗലികവാദവിഭാഗങ്ങളും. അതേ സമയം ഇന്ത്യൻ സാഹചര്യത്തിൽ ഹിന്ദുത്വ ഫാസിസവും സനാതനഹിന്ദുയിസവും നടപ്പിലാക്കുന്ന ഫാസിസ്റ്റ് അജണ്ടകളുടെ മുഖ്യ ഇരകളിൽ ഒന്ന് മുസ്ളിങ്ങളാണ്. അതുകൊണ്ട് കർണ്ണാടകയിലെ ‘ഹിജാബ്’ വിഷയം ഉൾപ്പടെ മുസ്ളിങ്ങളെ , പ്രത്യേകിച്ചും മുസ്ലീം സ്ത്രീകളെ ഉന്നം വെക്കുന്ന എല്ലാ വിഷയങ്ങളിലും ഇരകൾക്കൊപ്പം ഉറച്ച് നിൽക്കുക എന്നത് തന്നെയാണ് ശരിയായ മതേതര ജനാധിപത്യ നിലപാട്. അവിടെ ‘മതം അടിച്ചേല്പിക്കുന്ന വസ്ത്രങ്ങൾ’ എന്ന തരം ചർച്ചകൾ വേട്ടക്കാർക്കൊപ്പം നിൽക്കലാണ്. ഇവിടെയാണ് യാഥാസ്ഥിതിക മാർക്സിയൻ വാദക്കാരുൾപ്പടെ പല പുരോഗമനക്കാരുടേയും നിലപാടുകളോട് വിയോജിക്കേണ്ടി വരുന്നത്. സമൂഹത്തിൽ നില നിൽക്കുന്ന ഇസ്ളമോഫോബിക്ക് അന്തരീക്ഷത്തെ തിരിച്ചറിഞ്ഞുകൊണ്ട് നിലപാടുകൾ രൂപപ്പെടുത്തുക പ്രധാനമാണ്. അതിനർത്ഥം മതത്തിന്റെ എല്ലാത്തരം സ്ത്രീ വിരുദ്ധ,മനുഷ്യത്വ വിരുദ്ധതയുടെ നേരെ കണ്ണടക്കലാണ് യഥാർത്ഥ ഐക്യദാർഢ്യം എന്നല്ല.

മതം അടിമുടി പുരുഷാധിപത്യവത്കരിക്കപ്പെട്ട ഒരു പ്രത്യയശാസ്ത്രമാണ്. അതിൽ സ്ത്രീക്കോ അവളുടെ തിരഞ്ഞെടുപ്പുകൾക്കോ ഇടമില്ല. ‘സ്ത്രീയുടെ തിരഞ്ഞെടുപ്പ്’ എന്നത് അടിസ്ഥാന പരമായി ഒരു ലിബറൽ ആശയമാണ്. ‘ലിബറൽ’ എന്ന വാക്ക് ഏറ്റവും അശ്ളീലമായി ഉപയോഗിക്കപ്പെടുന്ന കാലമാണിത്. അത് സ്വതന്ത്ര നിലപാടുകൾ ഉളള സ്ത്രീകൾക്കെതിരെ ഉപയോഗിക്കുന്നവർ ജാതി മത ഭേദമന്യേ ഹിന്ദു-കൃസ്ത്യൻ-ഇസ്ളാമിസ്റ്റ് ഫണ്ടമെന്റലിസ്റ്റുകളാണ്. ലിബറൽ സ്ത്രീ എന്നത് ഇപ്പോൾ ‘ഫെമിനിസ്റ്റ് സമം വേശ്യ’ എന്നത് പോലെ ഉപയോഗിക്കപ്പെടുന്നുണ്ട്. എന്തുകൊണ്ട് ‘ലിബറൽ സ്ത്രീ’ എന്നത് ഇത്രമാത്രം മോശമാക്കപ്പെടുന്നു എന്നറിയണമെങ്കിൽ ഇന്ത്യൻ സമൂഹത്തിൽ ശക്തമായ വിവിധയിനം മത മൗലികവാദങ്ങൾ സ്ത്രീ ജീവിതത്തിൽ കടന്ന് കയറുന്നതിനെപ്പറ്റിയും , സ്ത്രീയുടെ സ്വയം നിർണ്ണയാവകാശത്തെ ആക്രമിക്കുകയും പിന്നോട്ട് പിടിച്ചു വലിക്കാൻ ശ്രമിക്കുന്നതിനെപ്പറ്റിയും ആഴത്തിൽ അറിയേണ്ടതുണ്ട് .അതു കൊണ്ട് ഹിന്ദുത്വ ഫാസിസത്തെ ചെറുത്തു തോല്പിച്ച് അതിന്റെ അന്ത്യത്തിലാണ് മുസ്ലിം സ്ത്രീകൾ നേരിടേണ്ടി വരുന്ന വിവേചനം സംസാരിക്കേണ്ടതെന്നോ അല്ലെങ്കിൽ വിവേചനങ്ങൾ ചർച്ചയാകുമ്പോൾ പരസ്പരം മതപുരുഷാധിപത്യത്തെ സംരക്ഷിക്കണമെന്നോ അല്ല intersectionality. മറിച്ച് ഒരുമിച്ച് അതിനെതിരെ നിലനിൽക്കുകയാണ് intersectional feminism. സ്ത്രീകൾക്കെതിരെ സ്ത്രീകളെ അണി നിർത്തുക ഒരു പുരുഷാധിപത്യ കൗശലമാണ് (patriarchal technique ) കാലങ്ങളായി മതം ഉൾപ്പടെ വിവിധ പ്രത്യയശാസ്ത്രങ്ങളുടെ സ്ത്രീ വിരുദ്ധതയും വിവേചന മൂല്യങ്ങളും കെെമാറ്റം ചെയ്യപ്പെടുന്നത് സ്ത്രീകളിലൂടെ തന്നെയാണല്ലോ.

ഇന്ത്യയിൽ യാതൊന്നും സവർണ്ണ ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രത്തെ മറികടന്നതില്ലെന്ന് പ്രമുഖ ദലിത് ചിന്തകനായ സണ്ണി കപിക്കാട് നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യൻ ഇടതുപക്ഷവും അതിൽ നിന്ന് മുക്തമല്ല. എന്തിന് ജാതിവ്യവസ്ഥയേയും സവർണ്ണതയേയും, ജാതി വിവേചനങ്ങളേയും വിവിധ നിലകളിൽ ആചരിക്കുന്ന ഇന്ത്യൻ ഇസ്ളാം പോലും അതിൽ നിന്ന് മോചിതമല്ല. ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസത്തിന്റെ ഇരകളിലെ ഭൂരിപക്ഷം വരുന്ന മുസ്ളിങ്ങളും ദലിത് മുസ്ളിങ്ങളാണന്നത് വസ്തുതയാണ്. അതേ സമയം സനാതന ഹിന്ദുയിസത്തിൽ നിന്ന് വ്യത്യസ്തമായി ഇസ്ലാമിന്റെ മൂല്യബോധത്തിൽ ‘ജാതി ‘ഇല്ല എന്നത് മറ്റൊരു തരത്തിൽ ഈ ജാതീയ അസമത്വത്തെ ഏതെങ്കിലും വിധത്തിൽ മറികടക്കാനാകും എന്ന പ്രതീക്ഷ ഉൾക്കൊള്ളുന്നുമുണ്ട് . അതു തന്നെ ഇടതുപക്ഷത്തിന്റെ കാര്യത്തിലും. പ്രത്യേകമായി കേരളത്തിന്റെ ഇടതുപക്ഷത്തിന്റെ അടിത്തറ ദലിതരും പിന്നോക്കക്കാരും അടങ്ങുന്ന തൊഴിലാളിവർഗ്ഗമാണ്. ഇടതുപക്ഷ ആക്രമണം എന്ന ഒളിയമ്പുകൾ യഥാർത്ഥത്തിൽ പലപ്പോഴും ലക്ഷ്യം വയ്ക്കുന്നത് ഇന്നും ദുർബ്ബലമായെങ്കിലും നിലനിൽക്കുന്ന സമൂഹത്തിലെ മതേതര ഘടനക്ക്(secular fabric ) ഏറ്റവുമധികം ശക്തി പകരുന്ന ദലിത് പിന്നോക്ക വിഭാഗം അടങ്ങുന്ന തൊഴിലാളി വർഗ്ഗത്തിനെതിരെയാണ്. വിവേചനങ്ങളോട് അത് ഏതു വിധമാണെങ്കിലും വളരെ ശക്തമായും രാഷ്ട്രീയമായും പ്രതികരിക്കുന്ന ഒരു വിഭാഗത്തെ മറന്ന് ഇടതുപക്ഷം സമം സവർണ്ണ സ്ത്രീ രാഷ്ട്രീയം എന്ന ലളിത വത്കരണങ്ങളെയൊക്കെ തളളിക്കളയുക തന്നെ ചെയ്യണം. വിശാലമായ ഫാസിസ്റ്റ് വിരുദ്ധ മുന്നണിയിൽ എല്ലാവരും പ്രധാനപ്പെട്ടവരാണ്. ലിബറൽ രാഷ്ട്രീയം പറയുന്ന മത പുരുഷന് വഴങ്ങാത്ത മുസ്ലിം സ്ത്രീയെ മുസ്ലിം ആയി പോലും കാണാൻ വിസമ്മതിക്കുന്ന പൊളിറ്റിക്കൽ ഇസ്ളാമിസ്റ്റ് സ്ത്രീകളോട് ഉളള വിയോജിപ്പ് തന്നെയാണ് സവർണ്ണ ബ്രാഹ്മണിക്കൽ പാട്രിയാർക്കിയോട് സമരസപ്പെട്ട് സ്ത്രീപക്ഷം പറയുന്ന സവർണ്ണ ഫെമിനിസ്റ്റുകളോടും ഉളളത്. ഒന്ന് പരിഹരിച്ചിട്ട് മറ്റേത് പറയണം എന്ന വാദങ്ങളൊക്കെ ബാലിശമാണ്. കാരണം രണ്ടു വിഭാഗങ്ങളും ഒരേ പോലെ ശക്തരാണ്. അവർ പരസ്പരം പൂരകങ്ങളുമാണ്.

സണ്ണി കപിക്കാട്

ദലിത് പുരുഷന്മാർ പ്രതികളായ ‘മിടൂ’ തുറന്ന് പറച്ചിലുകൾ വന്നപ്പോൾ ഒരു വിഭാഗം ആക്റ്റിവിസ്റ്റുകളും ബുദ്ധിജീവികളും ദലിത് പുരുഷന്മാരുടെസാമൂഹ്യ ദുർബലത( social vulnerability ) മുൻ നിർത്തി ആ മീടു പറച്ചിലുകളെ കുറ്റപ്പെടുത്തുന്നത് കണ്ടിരുന്നു, ഇന്ന് മുസ്ലീം സമുദായത്തിന്റെ ദുർബലതയെ( vulnerability ) മുൻനിർത്തി വിവേചനത്തെ നേരിടുന്നതിനെ കുറ്റപ്പെടുത്തുന്നത് പോലെ അന്നും ഇന്നും പറയാനുളള ഒരു കാര്യം ഒരാൾ താഴ്ന്ന സാമൂഹ്യ പദവിയിൽ ഉള്ള ആൾ ആണെന്നത്, അയാളേക്കാൾ താഴെ സാമൂഹ്യ പദവിയുളള ഒരു വിഭാഗത്തോട് അക്രമവും വിവേചനവും കാണിക്കാനുളള ലെെസൻസ് അല്ല എന്നാണ്.

കവർ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like