പൂമുഖം LITERATUREകഥ നീലക്കാർവർണ്ണം

നീലക്കാർവർണ്ണം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

നടയിലെ കല്യാണമണ്ഡപത്തിനരികെ കരിങ്കല്ല് പാകിയ തറയിൽ പടിഞ്ഞിരുന്ന് മാഷ് ചെറുപ്പക്കാരനോട് പറഞ്ഞു.

” ലീവില്‍ നാട്ടില്‍ വരുമ്പോള്‍, സമയമുണ്ടാക്കി ഇവിടെ വന്ന്- കഴിയുമെങ്കില്‍, ലോഡ്ജില്‍
മുറിയെടുത്ത് ഒരു രാത്രി തങ്ങി- അന്ന് വൈകുന്നേരവും പിറ്റേന്ന് രാവിലെയും- അമ്പലത്തില്‍ തൊഴുത്, മടങ്ങുക എന്നത് വിവാഹം കഴിഞ്ഞത് മുതലുള്ള ശീലമാണ്. അയല്‍സംസ്ഥാനത്ത്, താമസിക്കുന്നതിനടുത്തൊക്കെ അമ്പലങ്ങളുണ്ടെങ്കിലും, പോകുന്ന പതിവില്ല. നിരുപദ്രവിയായ ഒരു നിരീശ്വരവാദിയാണ് ഞാന്‍. വിവാഹവും കുട്ടികളുടെ ചോറൂണും വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ വിവാഹവുമടക്കം ജീവിതത്തിലെ ഒരുപാട് നല്ല കാര്യങ്ങള്‍ നടന്നത് ഈ നടയിലാണ്. അടുത്ത ബന്ധുക്കളുടെ താത്പര്യപ്രകാരമാണ് അതൊക്കെ അങ്ങനെയായത്. അവരെ അത് സന്തോഷിപ്പിക്കുന്നുവെങ്കിൽ ഒരെതിര്‍പ്പുമില്ലാതെ സഹകരിക്കുക എന്നതാണെന്റെ നയം. അമ്പലത്തിനകത്ത് പോകുന്നതു കൊണ്ടോ പൂജകളിലും ചടങ്ങുകളിലും പങ്കെടുക്കുന്നതുകൊണ്ടോ എന്റെ നിരീശ്വര വിശ്വാസങ്ങൾക്ക് ഒന്നും സംഭവിക്കില്ല.ഭക്തിയുടെ പിന്‍ബലമില്ലാതെയും ഈ അമ്പലവും പരിസരവും ഞാന്‍ ഇഷ്ടപ്പെടുന്നത് ആ ഓര്‍മ്മവഴികളില്‍ നടക്കാനുള്ള കൌതുകം കൊണ്ടാണ് …

ഈ അമ്പലവുമായി എനിക്കുള്ളത് ഏറെക്കുറെ ഒരു പ്രേമബന്ധമാണ് എന്നർത്ഥം..
ഇത്തവണ, നാട്ടില്‍ എത്തി, ഇവിടേയ്ക്ക് പുറപ്പെട്ടപ്പോള്‍ അനിയത്തിയും കൂടെ പോന്നു.

തിരക്ക് കൂടുതലുള്ളപ്പോള്‍ ഞാന്‍ പുറത്ത് നില്‍ക്കാറേയുള്ളു . ഇവിടത്തെ ചൂടിലും വിയര്‍പ്പിലും മുങ്ങിയ, ഷര്‍ട്ടിടാത്ത, പുരുഷശരീരങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നതും അവരുടെ ചൂടുള്ള ശ്വാസവും ചുമയും തുമ്മലും മുതുകത്ത് ഏറ്റുവാങ്ങി, തിരക്കി നീങ്ങുന്നതും ഒരുകാലത്തും മനസ്സോടെ ചെയ്തിട്ടില്ല. കൂടെ മറ്റു ബന്ധുക്കള്‍ ഉള്ളപ്പോൾ, ഇഷ്ടമില്ലാതെയും ആ തിരക്കില്‍ ചേരേണ്ടിവരുന്നു.

അല്ലാത്തപ്പോൾ, അത് കൂടാതെ കഴിക്കാം…. വൈകുന്നേരം നാലര മണിയായി ഇന്നിവിടെ എത്തിയപ്പോള്‍. വലിയ തിരക്ക് തോന്നിയില്ല. അതുകൊണ്ട് ഞാനും വരിനിന്ന് അകത്തെത്തി. നടയടച്ചിരിക്കുകയായിരുന്നു. നോക്കിനില്‍ക്കെ തിരക്കും ഒട്ടിച്ചേര്‍ന്നുള്ള നില്‍പ്പും കൂടിക്കൂടി വന്നു. അസ്വസ്ഥത തോന്നിയപ്പോള്‍ അവരെ രണ്ടുപേരെയും അവിടെ വിട്ട് പുറത്തേയ്ക്ക് പോന്നു….

എത്രയോ കാലമായി പരിചയമുള്ള ഹോട്ടലില്‍ കയറി, പതിവ് പോലെ, സ്വാദില്ലാത്ത ഒരു കോഫിയും തണുത്ത ഉഴുന്നുവടയും കഴിച്ചു. അവിടെ നിന്നിറങ്ങി, പാതയ്ക്ക് ഇരുവശവുമുള്ള കടകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്തുക്കളിലൂടെ കണ്ണോടിച്ച് നടന്ന്, അല്‍പസമയം ചെലവഴിച്ചു. മാറിനിന്ന് ഒരു സിഗററ്റ് വലിച്ചു..
അകത്തേയ്ക്ക് കയറുമ്പോള്‍ ചെരുപ്പുകള്‍ അഴിച്ച് ഏൽപ്പിക്കുന്ന സ്ഥലത്ത് തിരിച്ചെത്തി, കാത്തുനിന്നു……..
ഈ ക്ഷേത്രത്തിനും പരിസരത്തിനും, അഴുക്ക് ചാലിന്റെയും വൃത്തിയാക്കാത്ത ശുചിമുറിയുടെയും വിട്ടൊഴിയാത്ത ഗന്ധമാണ്, വര്‍ഷങ്ങളായി….

നിങ്ങള്‍ക്ക് അത് മനസ്സിലാവുന്നുണ്ടോ എന്നറിയില്ല. പണ്ടൊരു കാലത്ത് കളഭത്തിന്റെയും പൂക്കളുടെയും ചന്ദനത്തിരികളുടെയും സൌമ്യമായ ഗന്ധത്തില്‍ മുങ്ങിനിന്നിരുന്ന ഇടമായിരുന്നു അമ്പലവും പരിസരവും എന്ന് ഓര്‍മ്മ പറയുന്നു……. ഇന്ന് ആള്‍ത്തിരക്ക് കൂടി -വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും ഒരുപാടായി….

തിരക്കിട്ടും ആലസ്യത്തിലും അങ്ങോട്ടുമിങ്ങോട്ടും ഒഴുകുന്ന ജനക്കൂട്ടത്തിന്റെ നില്‍പ്പും നടപ്പും സംഭാഷണങ്ങളും ശ്രദ്ധിച്ച് നിന്നാണ് ഇത്തരം അവസരങ്ങളിൽ സമയം കളയുക പതിവ്. ഞാന്‍ പുറത്ത് നില്‍പ്പുണ്ട് എന്നതു കൊണ്ട് ധൃതിയില്‍ കാര്യങ്ങള്‍ അവസാനിപ്പിച്ച് വരികയൊന്നും വേണ്ട എന്ന്, പതിവുപോലെ, ശാരിയോട് പറഞ്ഞിരുന്നു. നട തുറന്ന്, തൊഴുത്, ജനക്കൂട്ടം പുറത്തിറങ്ങി, പലവഴിക്ക് ചിതറി..

നനഞ്ഞ മണ്ണില്‍ നിന്ന് ഈയാംപാറ്റകള്‍ തുരുതുരാ പുറത്തുവരുന്നതും പല ദിശകളില്‍ പറന്നുപൊങ്ങുന്നതും ആണ് ഓർമ്മ വരിക. ആരോ കൂടുതുറന്നുവിട്ടതു പോലെ…!

കൂട്ടത്തില്‍ അവരുണ്ടായിരുന്നില്ല.

ചുറ്റമ്പലത്തിന്റെ കരിങ്കല്‍ പാകിയ തറയില്‍, അകത്തെ ചടങ്ങുകള്‍ കണ്ട് ഇരിക്കുന്നുണ്ടാവും. ഞങ്ങള്‍ അങ്ങനെ ഇരിക്കാറുണ്ട് – ചോറൂണ്, തുലാഭാരം, ശയന പ്രദക്ഷിണം, തൊഴുകൈകളുമായി അടിയളന്ന് ചുറ്റമ്പലം ചുറ്റുന്നത്,
ഒറ്റയ്ക്കും കൂടിയിരുന്നുമുള്ള ഭജന ….ഒക്കെ കണ്ടുകൊണ്ട് !”

അയാളുടെ സംസാരത്തിലെ ഒരു പ്രത്യേകത ചെറുപ്പക്കാരന്‍ ശ്രദ്ധിച്ചു: നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവത്തിന്റെ തത്സമയ വിവരണം പോലെയാണ് അയാള്‍ കഴിഞ്ഞുപോയ അനുഭവത്തെ കുറിച്ച് പറയുന്നത്!…

” നോക്കിയിരിക്കെ, ആൾക്കാരുടെ പുറത്തേയ്ക്കുള്ള വരവ് കുറഞ്ഞു …..
ഒരു തവണ കൂടി വരിയില്‍ നിന്ന്, അകത്തു പോയിട്ടുണ്ടാവുമോ?… തിരക്ക്
കൂടുതലുള്ളപ്പോള്‍, നടയ്ക്കല്‍ നിന്ന് വിസ്തരിച്ച് തൊഴാന്‍ അവസരം തരില്ല എന്ന്, ക്ഷേത്രജോലിക്കാരെ കുറ്റപ്പെടുത്തി സംസാരിക്കുന്നുണ്ടായിരുന്നു , പുറത്ത് വരിയില്‍ നില്‍ക്കുമ്പോള്‍, രണ്ടുപേരും. ഇനി വരവ് അടുത്ത വര്‍ഷമേ
ഉണ്ടാവു. വിശദമായി തന്നെ നടക്കട്ടെ തൊഴല്‍……”

വീണ്ടും ആ വിവരണശൈലി ആസ്വദിച്ചു, ചെറുപ്പക്കാരന്‍

“…. ഒരുപക്ഷേ, പുറത്ത് വന്ന് പ്രസാദം വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുകയുമാവാം.
എനിക്കിവിടെ ഒറ്റയ്ക്ക് നിന്ന് മുഷിയുകയൊന്നുമില്ല. കുട്ടിക്കാലം മുതല്‍ അതങ്ങനെയായിരുന്നു. മുഷിച്ചിലും മടുപ്പും ഒരിക്കലും എവിടെയും അനുഭവപ്പെട്ടിട്ടില്ല. തുണിക്കടകളില്‍ അത് വലിയ ആശ്വാസമാണെന്ന് ശാരി ഓരോ തവണയും പറയും. കൂട്ടുകാരികളിലോ ബന്ധുക്കളിലോ ആര്‍ക്കും ഇല്ല,
ഇത്ര ക്ഷമയുള്ള ഭര്‍ത്താവ് എന്ന അഭിനന്ദനവും കേട്ടിട്ടുണ്ട്. …

ആദ്യം അകത്തു പോയവർ തൊഴുതുകഴിഞ്ഞപ്പോൾ നട വീണ്ടും അടച്ചുകാണണം.. പുറത്തേയ്ക്കുള്ള ആൾക്കാരുടെ വരവ് കുറഞ്ഞില്ലാതെയായി .. അര മണിക്കൂറോളം കഴിഞ്ഞാണ് വീണ്ടും തിരക്ക് തുടങ്ങിയത്…സമയം കുറെയേറെ ആയല്ലോ എന്ന് തോന്നിത്തുടങ്ങിയിരുന്നതുകൊണ്ട്, നടന്ന്, പുറത്തേയ്ക്കുള്ള വാതിലിനടുത്ത്, കമ്പിവേലിയുടെ വശത്ത്, ഇറങ്ങിവരുന്നവരെ (തിരിച്ചും) വ്യക്തമായി കാണാവുന്ന മട്ടിൽ നിലയുറപ്പിച്ചു..

വാതില്‍ക്കല്‍, വീണ്ടും കൂട്ടംകൂട്ടമായി ഈയാംപാറ്റകള്‍–! ഇത്തവണയും ശാരിയും മാലതിയും കൂട്ടത്തില്‍ ഇല്ലെന്നു കണ്ടപ്പോള്‍ പരിഭ്രമമായി: ഇവരിതെവിടെ പോയി? … ചെരുപ്പുകൾ സൂക്ഷിച്ച സ്ഥലത്തേയ്ക്ക് നടന്നു ഞാൻ. ടോക്കൺ കൊടുക്കാതെ അവിടെ ഒന്നും ചോദിക്കാനാവില്ല…. ആരും ഒന്നും പറയില്ല ..ടോക്കണ്‍ ശാരിയുടെ കൈയിലാണ്. പുറത്തെത്തി, കടകള്‍ കയറിയിറങ്ങി നടക്കുന്നുണ്ടാവുമോ..? ക്ഷേത്രപരിസരം പരിചയമുള്ളതു കൊണ്ട് ഭയപ്പെടാന്‍ ഒന്നുമില്ല എന്നറിയാം. എന്തായാലും
നഗ്നപാദനായിത്തന്നെ, ആ വഴിക്ക് ഒരന്വേഷണം നടത്തി. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഹോട്ടലുകള്‍ അടക്കം, ഇരുവശത്തുമുള്ള കടകളില്‍ ഒരുവട്ടം കയറിയിറങ്ങി. അമ്പലത്തിനകത്ത് കയറി അന്വേഷിച്ചാലോ എന്നാലോചിച്ചു. അപ്പോൾ തന്നെ അത് വേണ്ടെന്നും വെച്ചു. ഞാനകത്തുള്ളപ്പോൾ അവർ പുറത്തുവന്ന് എന്നെ അന്വേഷിക്കുവാൻ തുടങ്ങിയാലോ..?

നേരം ഇരുണ്ടുതുടങ്ങിയപ്പോള്‍, നടവാതിലിനടുത്ത് നിന്നിരുന്ന പോലീസുകാരില്‍ ഒരാളെ ചെന്ന് കണ്ടു. കാര്യം പറഞ്ഞു. …
— ‘അത് നമുക്ക് ഇപ്പോള്‍ ശരിയാക്കാമല്ലൊ! വരൂ..’–

സൗമ്യമായി ചിരിച്ചുകൊണ്ടയാൾ കൂടെ കൂട്ടി. ഓഫീസിനകത്ത് എത്തി, വിവരങ്ങള്‍ എഴുതിവാങ്ങി.. ഉച്ചഭാഷിണിയിലൂടെ ഒരാള്‍ വിളിച്ചുപറഞ്ഞു:
— ‘പാലക്കാട് നിന്ന് വന്ന ശാരദ, മാലതി എന്നിവർ ക്ഷേത്രപരിസരത്തില്‍ എവിടെ   യുണ്ടെങ്കിലും ഉടനെ കിഴക്കേ നടയില്‍ എത്തിച്ചേരേണ്ടതാണ്….. ..ശാരദയുടെ ഭര്‍ത്താവ് ചന്ദ്രശേഖരൻ മാഷ്‌ അവരെ കാത്ത് നില്‍പ്പുണ്ട്……’–
ആരും വന്നില്ല……!
— ഇപ്പോൾ അനുഭവപ്പെടുന്ന ഈ നിസ്സഹായതയുണ്ടല്ലോ… ഇത് പറഞ്ഞ് ബോദ്ധ്യപ്പെടുത്താനാവില്ല…..ശാരദയും മാലതിയും ക്ഷേത്രത്തിനകത്തോ പരിസരത്തോ ഇല്ല…!……. എവിടെയുണ്ട് എന്ന് ഈ നിമിഷവും എനിക്കറിയില്ല…!……
കൂടെ നടന്നിരുന്നയാൾ വഴിയിൽ നിന്നതോ യാത്രപറയാതെ വഴി പിരിഞ്ഞു പോയതോ അറിയാതെ സംസാരിച്ചു കൊണ്ട് മുന്നോട്ട് നടന്നിട്ടുണ്ടാവില്ലേ നിങ്ങളും ഒരിക്കലെങ്കിലും……?”

ഒരു നിമിഷത്തേയ്ക്ക് സംസാരം നിർത്തി, മാഷ് ചോദിച്ചു :
“.….ഞാൻ… പേര് ചോദിച്ചില്ല…? “

ചെറുപ്പക്കാരൻ ചിരിച്ചു:

“ഞാനും ഒരുചന്ദ്രശേഖരനാണ്… മാഷല്ലേന്നേയുള്ളു..!”

” ഓ…ചന്ദ്രശേഖരൻ…! നന്നായി..”

മുഖത്ത് ചിരിയുടെ നിഴൽ ബാക്കിനിന്നു.

“…ചന്ദ്രശേഖരനും ഒരിക്കലെങ്കിലും അതനുഭവിച്ചുകാണും.. ദാ, ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മളിലൊരാളെ ആരോ വന്ന് മായ്ച്ചുകളയുന്നതു പോലെ… ഞങ്ങളുടെ കുട്ടിക്കാലത്ത്, ഗ്രാമത്തിൽ മനസ്സിന്റെ സമനില തെറ്റി അലഞ്ഞുതിരിഞ്ഞിരുന്ന ഒരു അപ്പ്വാരുണ്ടായിരുന്നു. നേരിൽ കാണുമ്പോൾ ചിരിച്ച്, നമ്മളോട് ഒരു പ്രശ്നവുമില്ലാതെ കുശലാന്വേഷണം നടത്തും…എത്ര നേരം വേണമെങ്കിലും സംസാരിച്ചുനിൽക്കും..ഒറ്റയ്ക്ക് നടക്കുമ്പോഴും, പക്ഷേ, അപ്പ്വാര് അതേ സ്വാഭാവികതയോടെ ചിരിക്കും… സംസാരിക്കും….അദൃശ്യരായ ആരോടൊക്കെയോ .. ! നമ്മളൊക്കെ എപ്പോഴും അതാണോ ചെയ്യുന്നതെന്ന് ആ കാലം മുതലേ ഒരു ഭയം മനസ്സിലിട്ട് നടക്കുന്ന ആളാണ്‌ ഞാൻ…. ഇവിടെ, അവരെ രണ്ടുപേരെയും കാണാതെ ഇങ്ങനെ നിൽക്കുമ്പോൾ ആലോചനകൾ ആ വഴിക്കൊക്കെ കാട് കയറി .. നമ്മോടൊപ്പം ഉണ്ടായിരുന്നവർ പെട്ടെന്നൊരു നിമിഷം അപ്രത്യക്ഷരാവുന്നു. ഒരു തെളിവും ബാക്കിവെയ്ക്കാതെ….. നാമവരെ എവിടെ ചെന്നന്വേഷിക്കും?
അവരെപ്പോഴായിരിക്കും, എവിടേയ്ക്കായിരിക്കും പോയിട്ടുണ്ടാവുക? ഇവിടെ, അവരുടെ സാന്നിദ്ധ്യത്തെ പറ്റിയോ സുരക്ഷയെ പറ്റിയോ ഒരു ആശങ്കയുമില്ലാതെ നിന്നിരുന്ന എന്റെ മുന്നിലൂടെ, അങ്ങനെ, അവർക്കെങ്ങനെ പോകാനാവും ……? അത്രയേറെ നമുക്ക് പരിചിതമായിരുന്ന അന്തരീക്ഷത്തില്‍, പൊടുന്നനെ ഒരു അപരിചിതത്വം – ഭയം..- തണുപ്പ് ഉറഞ്ഞുനിറയുന്നു….!
അതിസാധാരണ വീട്ടുകാര്യങ്ങളും നാട്ടുവിശേഷങ്ങളും സംസാരിച്ചാണ് ക്ഷേത്രനടയിലേയ്ക്ക് ഞങ്ങൾ നടന്നു വന്നത്. അങ്ങനെ എങ്ങോട്ടെങ്കിലും പോകേണ്ടതിനെ പറ്റി ഒരു സംസാരവും ഉണ്ടായിട്ടില്ല.

— ‘ഇവിടെ അടുത്ത് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളുണ്ടോ.?’–

വലിയ മേശയ്ക്കപ്പുറം ഇരുന്നിരുന്ന അധികാരികളിൽ ഒരാൾ ചോദിച്ചു.

–‘ഞങ്ങൾക്കിവിടെ അങ്ങനെ ആരുമില്ല.’–

— ‘കൂടെ പഠിച്ചവരായോ നാട്ടുകാരായോ ആരെയെങ്കിലും അവിചാരിതമായി, കണ്ടുമുട്ടി, അടുത്തുള്ള അവരുടെ വീടുകളിൽ കയറിതായിക്കൂടേ..?’ —

–‘ആയിക്കൂടേ എന്നാണെങ്കിൽ ആവാം. പക്ഷേ അങ്ങനെ ചോദിക്കാതെയും പറയാതെയും എവിടെയും, അല്പനേരത്തേയ്ക്കാണെങ്കിലും, പോകുന്ന പ്രകൃതക്കാരല്ല രണ്ടുപേരും…. അവരുടെ രക്ഷാകര്‍തൃത്വം ഞാന്‍ ഏറ്റെടുക്കാറുള്ളതുപോലെ ഇത്തരം യാത്രകളില്‍ എന്റെ രക്ഷാകര്‍തൃത്വം അവരും ഏറ്റെടുക്കാറുണ്ട്.’ – –

–‘പരിഭ്രമിക്കാതിരിക്കു…. അവർ വരും! ഭഗവാനെ കാണാൻ വന്നതല്ലേ… ഇവിടെ ആരേയും അങ്ങനെ കളഞ്ഞുപോവില്ല.. അപൂര്‍വ്വം ചിലപ്പോള്‍ തിരക്കില്‍ കൈവിട്ടുപോകുന്ന കുട്ടികളെയും, ഇപ്പോള്‍ ചെയ്തതുപോലെ വിളിച്ചുപറഞ്ഞ് രക്ഷാകര്‍ത്താക്കളെ കണ്ടെത്തി ഏല്‍പ്പിക്കാറുണ്ട്. താങ്കളുടെ ഭാര്യയും, സഹോദരിയും —- മുതിർന്നവരല്ലേ ? രണ്ടുപേരുണ്ട് താനും.. പുറത്തുപോയി കാത്തുനിന്നോളൂ.. കണ്ടുകിട്ടിയാൽ വിളിച്ചുകൊണ്ടുവരു… കാര്യമായിത്തന്നെ ഒന്ന് ശാസിക്കാം..”–

അയാൾ വീണ്ടും ആശ്വസിപ്പിക്കുന്ന മട്ടിൽ ചിരിച്ചു…
വഴിവിളക്കുകളുടെ മങ്ങിയ വെളിച്ചത്തിലേയ്ക്ക് നടന്നടുത്ത ഓരോ രൂപത്തേയും പ്രതീക്ഷയോടെ നോക്കി ഞാനിവിടെ നിൽക്കാൻ തുടങ്ങിയിട്ട് നേരമേറെയായി….!”

ശബ്ദത്തോടെ ദീർഘനിശ്വാസം ചെയ്ത്, കഠിനമായ അസ്വസ്ഥത പ്രകടമാക്കി, മാഷ് അവസാനിപ്പിച്ചു.
തലയാട്ടിയും മൂളിയും കേട്ടിരുന്നതല്ലാതെ, അയാൾ പറഞ്ഞുനിർത്തുന്നതുവരെ ചെറുപ്പക്കാരൻ ഒന്നും സംസാരിച്ചില്ല..
ക്ഷേത്രവും പരിസരവും ദീപാലംകൃതമായ രാത്രിവേഷത്തിലേയ്ക്ക് മാറിക്കഴിഞ്ഞിരുന്നു.
ചെറുപ്പക്കാരൻ ഒന്നുകൂടി അടുത്തേക്കിരുന്ന് അയാളുടെ മുതുകത്ത് ആശ്വസിപ്പിക്കുന്ന മട്ടിൽ പതുക്കെ തട്ടി….
എന്നിട്ട്, അയാളുടെ കണ്ണുകളിൽ തന്നെ നോക്കിക്കൊണ്ട്, മടിച്ചുമടിച്ച് ചോദിച്ചു:

” ..ഇങ്ങനെ, അവരെ കാത്തിരിക്കുമ്പോൾ ….. ഞാൻ താങ്കളോട് ചില കാര്യങ്ങൾ ….പറയട്ടേ.. ഇടയിൽ കയറി സംസാരിക്കാതെ …. മിണ്ടാതിരുന്നു….. കേൾക്കാമോ…?”

അയാൾ സംശയത്തോടെ ചെറുപ്പക്കാരനെ നോക്കി :

“എന്തേ….? നിങ്ങള്‍ക്കെന്തെങ്കിലും വിവരം കിട്ടിയിട്ടുണ്ടോ? അവർക്കെന്തെങ്കിലും പറ്റിയോ..?”

അയാളുടെ ശ്വാസം ദ്രുതഗതിയിലായി…

“അയ്യോ ..അതല്ല ഞാനുദ്ദേശിച്ചത്.. എനിക്കവരെ അറിയില്ല… അവരെക്കുറിച്ച് ഒന്നുമറിയില്ല. ഇവിടെയിരുന്ന് അനാവശ്യചിന്തകള്‍ കൊണ്ട് മനസ്സ് നീറ്റുന്നതിനു പകരം നമുക്ക് എന്തെങ്കിലുമൊക്കെ പറഞ്ഞിരിക്കാം എന്ന് ആലോചിക്കുകയായിരുന്നു….”

അന്തരീക്ഷത്തില്‍ അശുഭസൂചനകള്‍ നിറഞ്ഞു……
അയാള്‍ ആശങ്കയോടെ, പ്രതീക്ഷയോടെ ചെറുപ്പക്കാരന്റെ കൈ പിടിച്ചു :

“നിങ്ങള്‍ പറയു…”

ചെറുപ്പക്കാരന്‍ പറഞ്ഞു :

“റോഡിന് മറുവശത്തുള്ള ആദ്യത്തെ ആ മൂന്നു കടക്കാരില്ലേ….മാഷോട് സംസാരിക്കാൻ തീരുമാനിച്ച കാര്യം അറിഞ്ഞപ്പോൾ അവർ പറഞ്ഞതെന്താണെന്നറിയാമോ …..?”

ചെറുപ്പക്കാരൻ ഒരു നിമിഷം നിർത്തി :

“അവരെന്നെ വിലക്കാൻ ശ്രമിച്ചു. കേട്ടിരിക്കാൻ ക്ഷമയുണ്ടെങ്കിൽ മാഷ് പറയുന്നത് കേട്ടിരുന്നാൽ മാത്രം മതി… ഒന്നും അങ്ങോട്ട് പറയണ്ട എന്ന്!”

ഒരു ചെറുചിരി മുഖത്ത് പതിച്ചുവെച്ച്, ചെറുപ്പക്കാരന്‍ തുടര്‍ന്നു :

“അതാണ് ഞാൻ ഇതേവരെ ചെയ്തത്… മാഷ് പറഞ്ഞവസാനിപ്പിച്ചതുകൊണ്ട്, ഇനി, അവരുടെ നിർദ്ദേശം തെറ്റിച്ച്, ഞാൻ മാഷോട് സംസാരിക്കാൻ പോകുന്നു.”

അയാൾ ഭയപ്പാടോടെ ചെറുപ്പക്കാരന്റെ വാക്കുകൾ ശ്രദ്ധിച്ചു….

“ഞാൻ ഏറെക്കുറെ ഇവിടത്തുകാരനാണ്… ഇവിടെ വരുമ്പോള്‍ എനിക്ക് പത്ത് വയസ്സാണ്..സര്‍ക്കാര്‍ ജോലിയില്‍ അച്ഛന് ഇവിടേയ്ക്ക് സ്ഥലം മാറ്റം കിട്ടിയപ്പോള്‍, അടുത്ത സ്ഥലം മാറ്റം വരെ മൂന്നോ നാലോ കൊല്ലത്തേയ്ക്ക് ഒരിടത്താവളം എന്ന് കണക്കാക്കിയാണ് വന്നത് എന്ന് അച്ഛന്‍ ഇപ്പോഴും എപ്പോഴും പറയും. വന്നതില്‍ പിന്നെ ക്ഷേത്രവും ഐതിഹ്യങ്ങളും ഈ പരിസരവും ഒക്കെയുമായി ഇണങ്ങി രൂപപ്പെട്ട ജീവിതചര്യ അച്ഛനെ ഈ നാട്ടുകാരനാക്കി. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉള്ള സന്നദ്ധസേവനമായി അത് മാറി. അങ്ങനെയൊരു ചുറ്റുപാടില്‍  അങ്ങനെയൊരു വീട്ടില്‍ വളര്‍ന്നതിന്റെ എല്ലാ നന്മയും തിന്മയും എനിക്കും ഉണ്ട്. വിദ്യാഭ്യാസം തുടരണമെന്നോ പുറത്തെവിടെയെങ്കിലും പോയി ജോലി ചെയ്യണമെന്നോ ഒന്നും തോന്നിയില്ല. മോഹങ്ങളൊന്നുമില്ലാത്ത, ശരാശരി ജീവിതം. ജോലിയിലിരിക്കെ അച്ഛന്‍ വാങ്ങിച്ച ഒരു ചെറിയ വീട്ടിലാണ് അമ്മയ്ക്കും അച്ഛനുമൊപ്പം ഇപ്പോഴും താമസം. എനിക്ക് ഇരുപത്തഞ്ചു വയസ്സായി. ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ചെറിയ സഹായങ്ങള്‍  ചെയ്തുകൊണ്ടായിരുന്നു ബാല്യം. പന്ത്രണ്ടാം ക്ലാസില്‍ രണ്ടു തവണ തോറ്റതോടെ പഠിത്തം അവസാനിപ്പിച്ചു. അച്ഛനോടൊപ്പം ചേര്‍ന്നു. ഇപ്പോഴും ഞങ്ങള്‍ രണ്ടുപേരും ചെയ്യുന്നത് അതുതന്നെയാണ്. ഭക്തര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുക. സന്തോഷത്തോടെ അവര്‍ തരുന്നത് കൈപ്പറ്റും.. ഉച്ചഭക്ഷണം ക്ഷേത്രത്തില്‍ നിന്ന് സൌജന്യമായി കഴിക്കും. …….. താങ്കള്‍ക്ക്, ഞങ്ങളുടെ ജീവിതശൈലി, മടുപ്പിക്കുന്നതായി തോന്നുന്നില്ലേ..? “

“ഇല്ല ….ചന്ദ്ര….ൻ…… ഇഷ്ടമുള്ള ജോലി ചെയ്ത് ജീവിക്കാനാവുക എന്നത് എളുപ്പമുള്ള കാര്യമല്ല….പറയു..”

മുഖത്തെ ചിരി മായ്ച്ചുകളഞ്ഞ്, ദീർഘനിശ്വാസം ചെയ്തുകൊണ്ട് ചെറുപ്പക്കാരൻ അയാള്‍ക്ക് തൊട്ടുമുന്നില്‍, മുട്ടുകുത്തിയിരുന്നു……

“ഞാനിവിടെ വന്നിട്ട് പതിനഞ്ചു കൊല്ലം കഴിഞ്ഞു എന്ന് ബോദ്ധ്യപ്പെടുത്താനാണ് ഇത്രയും
പറഞ്ഞത് …ഇനി, ഞാന്‍ പറയാന്‍ വന്നത് പറയട്ടേ?”

ചെറുപ്പക്കാരന്റെ പറച്ചിലും ചോദ്യവും അയാളെ വീണ്ടും അസ്വസ്ഥനാക്കി.
ചിരിക്കാതെ, അയാൾ തലയാട്ടി.
അയാളുടെ കൈകൾ ചേർത്തുപിടിച്ചുകൊണ്ട് ചെറുപ്പക്കാരൻ ഒന്നുകൂടി താഴ്ത്തിയ ശബ്ദത്തിൽ പറഞ്ഞു :

“മാഷേ …..മാഷ് ഇവിടെ എത്തിയത് ഇന്നുച്ചയ്ക്കല്ല..ഇവിടെ താമസം തുടങ്ങിയ കാലം തൊട്ട്
ഞാൻ മാഷെ ഈ പരിസരങ്ങളിൽ കാണാറുണ്ട്. അന്ന് മുതൽ, കേട്ടിരിക്കാൻ തയ്യാറുള്ള ആരോടും മാഷ് പറയുന്നത് ഇതേ കഥയാണ്. സഹായിക്കാൻ ആരുമില്ലാത്ത ഈ അയഥാർത്ഥ ലോകത്തുനിന്ന് മാഷെ രക്ഷിക്കണമെന്ന തോന്നൽ സഹിക്കാൻ വയ്യാതെയായപ്പോഴാണ് ഞാൻ ഇങ്ങനെയൊരു സാഹസത്തിന് രണ്ടും കല്പിച്ചിറങ്ങിയത്……അക്കാലത്തെന്നോ ഇവിടെ വന്നപ്പോൾ മാഷിന്റെ കൂടെ ഈ പറയുന്ന രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നോ എന്ന് ഇവിടെയാർക്കും അറിയില്ല. ആരും ഇതേവരെ മാഷെ അന്വേഷിച്ചു വന്നിട്ടില്ല. പരാതികളൊന്നും ലഭിക്കാത്തതു കൊണ്ടാവാം പോലീസ് അന്വേഷണങ്ങളും ഉണ്ടായില്ല എന്ന് തോന്നുന്നു ..അതോ അന്നെന്തെങ്കിലും അന്വേഷണം നടന്നിരുന്നോ എന്നും അറിയില്ല.”

അയാൾ എന്തോ പറയാൻ തുടങ്ങിയപ്പോൾ ചെറുപ്പക്കാരൻ വിലക്കി:

” ഇപ്പോൾ, ഒന്നും പറയാതെ, മാഷ് എനിക്ക് പറയാനുള്ളത് കേൾക്കു… ഇതേക്കുറിച്ച് ആലോചിക്കാൻ ശ്രമിക്കു. രണ്ട് ദിവസം കഴിഞ്ഞ് ഞാൻ വീണ്ടും വന്നുകാണാം. പറഞ്ഞുവന്നത് ഇതാണ്– മാഷിന്റെ കണക്കിൽ പെടാതെ വർഷങ്ങൾ ഒരുപാട് കടന്നുപോയിരിക്കുന്നു. വേരുകൾ അന്വേഷിച്ച് വ്യാകുലപ്പെടാതെ, ഇനി ഈ ക്ഷേത്രപരിസരത്തിന്റെ ഭാഗമാകാൻ ശ്രമിച്ചാലോ? … ഞാൻ കൂടെയുണ്ടാവും… ഭാര്യയേയും പെങ്ങളേയും അവരുടെ പാട്ടിന് വിടു ….”

ചെറുപ്പക്കാരൻ ചിരിച്ചു.

“രണ്ട് ദിവസം കഴിഞ്ഞ്, നമുക്ക് വീണ്ടും കാണാം …തത്ക്കാലം ഞാൻ പോട്ടേ ..? മാഷ്,
ഓരോന്നാലോചിച്ച് വിഷമിച്ചിരിക്കരുത് …”

തോളത്ത് തട്ടി, യാത്ര പറഞ്ഞ്, അഴിഞ്ഞുപോകാറായ മട്ടിൽ ഉടുത്തിരുന്ന മുണ്ട് വാരിപ്പിടിച്ച്, വലിയ ചുവടുകൾ വെച്ച് നീങ്ങുന്ന ചെറുപ്പക്കാരനെ നോക്കിയിരിക്കെ അയാൾ സ്വയം പറഞ്ഞു :

— മാനസികാസ്വസ്ഥ്യമുണ്ട് ആ ചെറുപ്പക്കാരന് .. അൽപം മുൻപ്, സ്റ്റാൻഡിനടുത്ത്,
ബസ്സിറങ്ങുമ്പോൾ കാലിടറി അയാൾ എന്റെ ദേഹത്ത് വന്നിടിച്ചു .അങ്ങനെയാണ് ഞങ്ങൾ കാണുന്നത്. രണ്ടുപേരും വീണു. ഉറക്കെ ക്ഷമ പറഞ്ഞ് എണീറ്റ്, കൈതന്ന്, എന്നെ എഴുനേൽപ്പിച്ചത് അയാളാണ്. സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അപ്പോൾ അയാൾ പറഞ്ഞത് ഈ ക്ഷേത്രത്തിൽ വരുന്നത് ആദ്യമായാണെന്നാണ്…..!
ഒരുപാട് കാലത്തെ മോഹമായിരുന്നെന്നാണ് ! …….. അല്പനേരത്തെ കൂടിക്കാഴ്ചയിൽ എന്തൊരു തീർച്ചയോടെയാണ് അയാൾ എന്റെ ജീവിതം മാറ്റിമറിക്കാൻ ശ്രമിച്ചത്..! കഥാശേഷം കേട്ട് , അയാൾക്ക് കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കലുണ്ടാവില്ല അയാൾ മനസ്സിൽ കണ്ട അടുത്ത കൂടിക്കാഴ്ച നടക്കില്ല..ശാരിയും മാലതിയും വന്നാൽ, അടുത്ത ബസ്സിന്‌ ഞങ്ങൾ നാട്ടിലേയ്ക്ക് തിരിക്കും …..!

ചെറുപ്പക്കാരൻ പോയ വഴിക്ക് ദൃഷ്ടി പായിച്ചുകൊണ്ട് വാത്സല്യത്തോടെ മാഷ് അവസാനിപ്പിച്ചു:

“അഥവാ താങ്കൾ പറഞ്ഞതും ശരിയാവാം, സുഹൃത്തേ…ഞാൻ കാണുന്ന നീലയാവണമെന്നില്ലല്ലോ താങ്കൾ കാണുന്ന നീല !”

ചെറുപ്പക്കാരൻ പോയി മറഞ്ഞ അതേ തിരിവ് തിരിഞ്ഞ്, ഒരു പോലീസുകാരനോടൊപ്പം നടന്നുവന്നുകൊണ്ടിരുന്ന മെലിഞ്ഞ രണ്ട് സ്ത്രീരൂപങ്ങളിൽ ദൃഷ്ടിയൂന്നി അയാൾ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു…

Comments
Print Friendly, PDF & Email

You may also like