പൂമുഖം LITERATUREകവിത നാട് വിട്ടവർ

നാട് വിട്ടവർ

ജീവിക്കാൻ ഗതിയില്ലാതെ നാട് വിട്ടു,
നാടിനെ വേണ്ടാത്തവരെ,
നാടും മറക്കാൻ തുടങ്ങി.

കാത്തിരുന്ന അവധിക്കാലം
നാട്ടിലെന്ന സന്തോഷം,
എങ്കിലുമുണരാത്ത നാട്.
എന്നോ മറന്നു നാടിനെ,
മുറിവുണങ്ങാത്തൊരകൽച്ചയായ്.

അന്ന് ബാല്യത്തിലുള്ളവർ, നാട് വിടാത്തവർ,
ഇന്ന് മുതിർന്നവർ, നാടിനും പരിചിതർ.
സൗഹൃദങ്ങൾ, കളിക്കൂട്ടുകാർ
തിരക്കിന്റെ തുരുത്തുകളിലെവിടെയോ.

പവിഴമല്ലിപ്പൂമണക്കും മുറ്റം,
മയിലുകളുടെ നിലവിളി.
കാലം തെറ്റിയ മഴ,
പുഴയുണങ്ങി പൊതുവഴിയായി.

തിളയ്ക്കുന്ന, നീണ്ടൊരുച്ചവെയിലിൽ
മറുവിളി കേൾക്കാതെ മടങ്ങുകയാണ്,
നിശബ്ദതയുടെ കനവും പേറി,
ഒറ്റയ്ക്കെന്ന വിഷാദത്തെയും കൂട്ടി.

നാട് വിട്ടവരെ നാടിനും
വേണ്ടാതായോ?
നാടിനെ വേണ്ടാത്തവരെ,
നാടും മറന്നോ?

കവർ : ജ്യോതിസ് പരവൂർ

Comments

You may also like