പണ്ട് കുട്ടിക്കാലത്ത് ഞാനൂ ഒരു കുഞ്ഞാവ ആരുന്നു. നാലഞ്ച് വയസൊക്കെയുള്ളൊരു കുഞ്ഞാവ. പക്ഷേലേ ഞാനൂ നിങ്ങളെയൊന്നും പോലെ ചീച്ചീ കുഞ്ഞാവയൊന്നൂല്ലാരുന്നു. ഫയങ്കര അനുശരണയൊക്കെയുള്ള കുട്ട്യാരുന്ന്.
ഞാനൂന് അന്നേ പയങ്കര സഹജീവി സ്നേഹാരുന്നു. സരളാമ്മ ഞാനൂന് കുടിച്ചാൻ തര്ന്ന പാല് ചെടിക്കൊക്കെ കൊടുത്ത്, കാക്കയ്ക്കൊക്കെ കൊടുത്ത് സ്നേഹിക്കുവാരുന്നു. പക്ഷേലെ അത് കണ്ടിട്ടേ സരളാമ്മ സഹജീവി സ്നേഹംള്ള ഞാനൂന്റെ ചന്തിക്കിട്ട് പിച്ചുവാര്ന്ന്. സരളാമ്മ ഗുണ്ടയാര്ന്ന് ഗുണ്ട.. ഞാനൂ വലുതായ് മദർ തെരേസ ആകണ്ടതാര്ന്ന്. പക്ഷേലേ സാഹചര്യം പെശ്നമാരുന്നു. അതോണ്ടാ ആകാണ്ടോയേ, അതൊക്കെ പോട്ടെ, വെർതെ ഗദ്ഗദം വരുന്നു.
ഞാനൂനേ നിറച്ചും പാവക്കുട്ട്യോൾ ഉണ്ടാരുന്നു. ഉറങ്ങുമ്പോൾ കണ്ണടയ്ക്കുന്നത് , സ്വർണ്ണ നിറത്തിൽ നീണ്ട തലമുടിയുള്ളത്, തത്തമ്മേം,പൂച്ചയും, കുഞ്ഞ് കരടിക്കുട്ടിയും ഒക്കേംണ്ടാരുന്നു. ഞാനൂ ചോച്ചി തിന്നുമ്പോഴേ ഇവരെയെല്ലാവരേയും ഊണുമേശയ്ക്കുമുകളിൽ നിരത്തിയിരുത്തി, അവരുടെയൊക്കെ വായിൽ വെച്ചുകൊടുത്ത് ഊട്ടിച്ചിട്ടേ ഞാനൂ ഭക്ഷണം കഴിക്കുമായിരുന്നുള്ളു.
സരളാമ്മയുടെ വഴക്കുപറച്ചിലൊന്നും അതിനൊരു തടസ്സവും സൃഷ്ടിച്ചില്ല. കാരണം എന്നതാന്നോ,, ഞാനൂനന്നൊക്കെ ഭക്ഷണം ന്ന് കേട്ടാലേ “ഗ്വാ” ന്ന് വരുന്ന അസൂഖാരുന്നു. പഞ്ചസാര,പുളി, അച്ചാറ് കലക്കിയ മോര്, അതൊന്നും കഴിച്ചാല് ഒരു പ്രശ്നോംല്ല, പക്ഷേങ്കില് ചോറ്,ദോശ, ചപ്പാത്തി ഒക്കെ കഴിച്ചാല് അപ്പോ “ഗ്വാ” വരും.
അല്ലേല് പിന്നെ അപ്പ മ്യാജിക്കൊക്കെ കാട്ടി , ഒരു ചോറുരുളേല് രാക്ഷസനെ ഒളിപ്പിച്ച് വെച്ച് തരും ,, അപ്പോ ഞാനു ആ രാക്ഷസനെ ചവച്ച് ചവച്ച് തിന്നും.
പല്ലുതേപ്പ്, കുളി, പഠിത്തം തുടങ്ങി ഉറങ്ങുമ്പോഴും അങ്ങനെതന്നെ അവരും കുടെയുണ്ടായിരുന്നു. കിടക്കയുടെ ഒരരുകിൽ അവരും ബെഡ്ഷീറ്റൊക്കെ പുതച്ച് ചാച്ചും. ഇടയിൽ ഉണർന്ന് അവരൊക്കെ അവിടെത്തന്നെ ചാച്ചുന്നുണ്ടെന്നും, ഞാനൂന്റൊപ്പം അവരൊക്കെ ശൂശൂ വെയ്ക്കുന്നുണ്ടെന്നുവരേയും ശ്രദ്ധിച്ചിരുന്നു. ഭയങ്കര ഉത്തരവാദിത്വാര്ന്ന്.
ഇടയ്ക്കൊക്കെ കൂട്ടത്തിലെ അനുസരണയുള്ളോരേം കൂട്ടി സർക്കീട്ടും പതിവാരുന്നു.
ആ അവധിക്കാലത്ത് കല്ല്യാണ വീട്ടിലേക്കുള്ള യാത്രയിൽ കൂട്ടിനായ് തിരഞ്ഞെടുത്തത് കിങ്ങിണി എന്നുപേരുള്ള പൂച്ചപ്പാവയെ ആരുന്നു. കിങ്ങിണി പുതീതാരുന്നു. കുഞ്ഞുവിരലിനത്രേം നീളമുള്ള പൂച്ചക്കുട്ടി . അപ്പ അഞ്ച് ബബിൾഗം വാങ്ങീത്തന്നില്ലേ അതിനൊപ്പം ഫ്രീ കിട്ടീതാരുന്നു.
അതിലൊരു ബബിൾഗമേ ഞാനൂ വിഴുങ്ങ്യാരുന്നേ, പക്ഷേങ്കിലേ ഒന്നും പറ്റിയില്ല, അന്നേ അപ്പ പറഞ്ഞാരുന്നു ബബിൾഗം തിന്നാനേ പാടില്ലാന്ന്.
അതൊക്കെ പോട്ടെ, കിങ്ങിണീനേം കൂട്ടി കല്യാണത്തിന് പോയി.
കല്യാണൊക്കെ ഇപ്പോഴത്തെ പോലെ ഓഡിറ്റോറിയത്തിലൊന്നൂല്ലാരുന്നു, കോവിലില് താലി കെട്ടും വീട്ടില് ഊണൊരുക്കും അങ്ങനാരുന്നു ആ കല്ല്യാണവും. ലക്ഷ്മിയക്ക നല്ല ചുവന്ന പട്ടുസാരിയൊക്കെ ഉടുത്ത്, തലമുടീലെ രാജകുമാരി ഇടുന്ന പോലെ നെറ്റിച്ചുട്ടിയൊക്കെ ഇട്ട് ശുന്ദരിയായിട്ട് നിക്കുന്നത് കണ്ട് നിക്കുവാരുന്നു, അപ്പഴാ ഒരു കുശുമ്പൻ ചെക്കൻ ഞാനൂന്റെ കയ്യിലെ പാവേനേം തട്ടീട്ട് ഓടീത്. ഞാനൂന് കരച്ചില് വന്നിട്ട് മേലാരുന്നു, അന്ന് സ്ക്കൂളിലൊന്നും കരാട്ടേം കുങ്ങ്ഫൂ ഒന്നും പഠിപ്പിക്കലില്ലല്ലോ, അല്ലാരുന്നേല്, ഹും!
അപ്പാടെ കൈയ്യീന്ന് മെല്ലെ വിലര് വിടുവിച്ച് ഞാനൂ അവന്റെ പിന്നാലെ പോയ്, ഞാനൂന്റെ പാവേനെ തന്നേ ന്ന് മര്യാദക്ക് പറഞ്ഞ് അവൻ തന്നില്ല.. കുറേ കുറേ ചോദിച്ചു എന്നിട്ടും തന്നില്ല . ഞാനൂനെ ചെറിയ ദേഷ്യോക്കെ വരാൻ തുടങ്ങി അപ്പഴാ ഞാനൂ ഒരു കാര്യം ശ്രദ്ധിച്ചേ ആ ചെക്കന്റെ തലേലെ മുടി ഇല്ലാരുന്നൂന്ന്. നാഗർകോവിലീന്ന് വന്നേക്കുവാ ഞാനൂന്റെ പാവേനെ മോട്ടിച്ചോണ്ടോവാൻ പീറ മൊട്ടൻ.
“എന്നോടെ പാവെയെ കൊടുടാ മൊട്ടേ” ന്ന് ഞാനു ചെറ്യ ഒച്ചേലാ പറഞ്ഞേ. കുഞ്ഞിപ്പിള്ളേർക്ക് വല്ല്യ ഒച്ച വരുവോ ഇല്ലാലോ. പക്ഷെ അതേ അവിടെ നിന്ന വല്യ ആളോൾക്ക്അറീല്ലാരുന്നു. അവരൊക്കെ ചിരിച്ചു. അതിലൊരാള് ദൊരമാമാടെ മോളാ ന്ന് ഞാനൂനെ ചേർത്ത് പിടിച്ചങ്ങ് എടുത്തേക്ക്ന്ന്. വിവരദോഷി.
ഞാനൂ പക്ഷേ അവരെയൊന്നും കണ്ടില്ല ആ പേട്ട് മൊട്ടചെക്കൻ ണ്ടൂല്ലോ ഞാനൂന്റെ പൂച്ചപ്പാവേനെ സാമ്പാറിന്റെ വല്ല്യ പാത്രത്തില് ഇട്ടേച്ചു. എന്നിട്ടേ ഒറ്റ ഓട്ടം.
തിരിച്ച് വീട്ടില് വന്നപ്പോ അപ്പയോട് പറഞ്ഞപ്പോ അപ്പ എന്നതാ പറഞ്ഞേന്നോ വേറെ വാങ്ങിത്തരാംന്നേ.. കള്ളത്തരായിരുന്നു വാങ്ങ്യൊന്നും തന്നില്ല!
അതില് പിന്നെ ഞാനൂന്റെ പാവൂസിനെയൊന്നും ഞാനൂ സർക്കീട്ട് കൊണ്ടോയിട്ടില്ല. കൊണ്ടോകാനെടുത്താലേ അപ്പ ശൂശിച്ച് ഞാനൂനെ നോക്ക്യേക്കും, വെർതെ എന്നതിനാ അപ്പാക്ക് കണ്ണ് ഊരിപ്പോയാലോന്ന്.. ഞാനൂ അങ്ങ് തിരികെ വെച്ചേക്കും.
ചില പഴയ കഥകള് പറയട്ടെ, കഥയൊന്നുമല്ലാട്ടോ, ഒക്കേം സത്യങ്ങളാ , പിന്നെ ഞാനൂ ഒരു നുള്ള് പൊടിപ്പും തൊങ്ങലും ഒക്കെ ചേർത്തിട്ട് ഒന്നു ഡെക്കറേറ്റ് ചെയ്യ്തൂന്നേ ഉള്ളു. അപ്പൊ സംഭവകഥേലോട്ട് വരട്ടോ.
ചില പ്രത്യേക സാഹചര്യങ്ങള് കാരണം വല്ല്യ ആരോഗ്യം ഒന്നൂല്ലാത്ത തീരെ ചെറ്യ ഒരു കുഞ്ഞ് വാവയായിട്ടാരുന്നു കുഞ്ഞ് ഞാനൂ ജനിച്ചത്. കുഞ്ഞാനു! പക്ഷേങ്കി കാണാന് നല്ല ചേലാര്ന്നു.. കരയുകയേ ഇല്ലാരുന്നു , അതോണ്ടേ കുഞ്ഞുവാവയ്ക്ക് വിശക്കുണ്ടോ ഇല്ലയോ എന്നൊന്നും ആർക്കും അറിയാനാവൂല്ലാരുന്നു. ആയിടക്ക് ജോലിസംബന്ധമായ് അപ്പയ്ക്ക് കൊല്ലംജില്ലയിലേക്ക് മാറേണ്ടി വന്നു. കുഞ്ഞാനൂന് അപ്പായെ കാണാണ്ട് ഇരിക്കാൻ ആവൂല്ലല്ലോ, അതോണ്ട് ഒരുമാസംപോലും ആയിട്ടില്ലാത്ത ഞാനൂവും അപ്പേടെ നെഞ്ചോട്ചേർന്ന് കൊല്ലത്തോട്ട് പോയേച്ചു.
അപ്പ മുഴുവൻ സമയോം കുഞ്ഞാവയെ കൊഞ്ചിച്ചിരുന്ന് പണി പോകുംന്ന് അവസ്ഥയായപ്പോ, കുഞ്ഞാനൂനെ നോക്കാൻ , കഴുത്തിനു ചുറ്റും നാവേയില്ലാത്ത, അപ്പയെ വഴക്കേ പറയാത്ത ,പഞ്ചാര മുത്ത്യമ്മയെ ഇറക്കുമതി ചെയ്തു. അങ്ങനെ ഇമ്മീം, മുത്ത്യമ്മേം കൂടി കുഞ്ഞാനൂനെ കുളിപ്പിച്ച് ചുന്ദരിമണിയാക്കി, കണ്ണേറാകാതിരിക്കാൻ കുത്തിവരയൊക്കെ വരച്ച് അലങ്കരിച്ച് , ഇങ്കൊക്കെ തന്ന് , മുത്ത്യമ്മ വാവാവോയൊക്കെ പാടി തൊട്ടിലില് കിടത്തി വാവോ ചാച്ചിപ്പിക്കും. എന്നിട്ട് എന്നാ ചെയ്യുംന്നോ … കുഞ്ഞാനു കരയാത്ത വാവ ആയിരുന്നൂല്ലോ,, പാവം അപ്പ എവിടൊക്കെയോ തേടി വാങ്ങിക്കൊടുക്കുന്ന കർപ്പൂര വെറ്റിലേം വായിലിട്ട് ചുവപ്പിച്ച് മുത്തിയമ്മയും ,കിടക്ക കണ്ടാല് അപ്പൊ ഉറങ്ങിപ്പോകുന്ന ഇമ്മീം കൂടിയിരുന്ന് പരദൂഷണം പറഞ്ഞ് വിശ്രമവേളകളെ ആനന്ദരകരമാക്കിക്കൊണ്ടിരിക്കും. ആയിടക്ക് അവിടെ പുതിയൊരു താമസക്കാരൂടി വന്നു, ആ വീട്ടില് കുഞ്ഞുവാവയൊന്നും ഇല്ലാരുന്നേ..വയ്യാത്ത ഒരു സ്ത്രീയും ഭർത്താവും മാത്രാണ് ന്ന് പുറംപണിക്ക് വരുന്ന ചേച്ചി വഴി രണ്ടാളും അറിഞ്ഞൂന്ന് മാത്രം. അവരോട് പരിചയപ്പെടാനൊന്നും മുത്ത്യമ്മക്കും ,ഇമ്മിക്കും സമയം കിട്ടൂലല്ലോ … അതിനിടേല് ദിവസങ്ങൾ ഒക്കെയും ടപ്പ ടപ്പേന്ന് മറിഞ്ഞുപോയ് , നേരെ കിടന്ന് മടുത്ത കുഞ്ഞാനു ഒരൂസം പെട്ടന്നങ്ങ് കമിഴ്ന്നു വീണേച്ചു.. അല്ല പിന്നെ,, ബോറഡിക്കൂല്ലേ!
അങ്ങനെ ആ ദിവസം വന്നു.
നല്ല വെയിലുള്ള ഒരു ദിവസം, ജോലിയൊക്കെ ഒതുക്കി ,കുഞ്ഞാനൂനെ കുളിപ്പിക്കാൻ മുത്ത്യമ്മ തൊട്ടിലിനടുത്ത് വന്നു ,നോക്കുമ്പോ, എന്നതാ, കുഞ്ഞാനു തൊട്ടിലിലില്ല!
കമിഴ്ന്നു വീണിട്ട് രണ്ടൂസല്ലേ ആയുള്ളു അപ്പഴേക്കും നാടുവിട്ടോ. മുത്ത്യമ്മേം ഇമ്മീം കൂടി കൊല്ലം ജില്ലയെ എടുത്ത് കമിഴ്ത്തിവെച്ചു, എന്നിട്ടും കുഞ്ഞാനൂനെ കാണാണ്ട് തിരിച്ചും, മറിച്ചും വെച്ചു. എവിടേം കുഞ്ഞാനൂ ഇല്ല. സമയം ഇങ്ങനെ ഇഴഞ്ഞും, നടന്നും ഓടീം പോവാ.
രണ്ടാളും നെഞ്ചത്തിടിച്ച് കരച്ചിലായ്, ഒടുക്കം അപ്പയെ ഫോൺ വിളിച്ച് അറിയിച്ചു, അപ്പേടെ വാവയ്ക്ക് എന്നതേലും പറ്റിയാല് അപ്പ രണ്ടിനേം തട്ടീട്ട് ജയിലില് പോകും, അത് ഉറപ്പാ, ഇമ്മീം, മുത്തീം മരിക്കാൻ തയ്യാറായ് .. പെട്ടെന്ന് എവിടെയൊ ഒരു കുഞ്ഞ് ശബ്ദം “ഗിഗ്ഗിളു ഗിഗ്ഗിളൂ”ന്ന് , .മുത്ത്യമ്മ ശബ്ദം കേട്ടിടത്തോട്ട് പാഞ്ഞ്ചെന്നു. പുതിയ താമസക്കാര്ടെ വീട്ടീന്നാണ് ആ ശബ്ദം, താരാട്ടും കേക്കുന്നുണ്ട്, ഇനി ആ വീട്ടിലെ കുഞ്ഞാണേലോ, ഇന്നലെവരെ അവിടെ കുഞ്ഞുങ്ങടെ ശബ്ദം കേട്ടിട്ടില്ലല്ലോ, സംശയായ്.
രണ്ടും മൂന്നും കൽപ്പിച്ച് അങ്ങട് ചെന്നു.
ആഹാ എന്നതാ ഒരു കാഴ്ച്ച കുഞ്ഞ് ഞാനു മുഖത്തപ്പിടി കരീം പൗഡറും ഒക്കെയാക്കി ഇങ്ങനെ ഉല്ലസിച്ച് ചിരിച്ച് കൈകാലൊക്കെ ഇളക്കി കളിച്ച് ഫയങ്കര ഹാപ്പീല് കിടക്കുവാ, അടുത്തൊരു സ്ത്രീയും . മുത്ത്യമ്മ അന്തംവിട്ട് കുന്തം വിഴുങ്ങി കുഞ്ഞാനൂനെ എടുക്കാൻ കൈനീട്ടീതും, അവര് ചാടി വീണു . ഞെട്ടലോടെ മുത്ത്യമ്മ മനസ്സിലാക്കി അവരുടെ വയ്യായ്ക എന്തായിരുന്നൂന്ന്. സംഘർഷഭരിതമായ നിമിഷങ്ങളിലൂടെ, അപ്പോഴേക്കും കടേലുപോയ് തിരിച്ചുവന്ന അവരുടെ ഭർത്താവിന്റേം, വിഷമിച്ച് ഓടി വന്ന അപ്പേടേം സഹായത്തോടെ കുഞ്ഞ് ഞാനു അപ്പേടെ നെഞ്ചില് പറ്റിച്ചേർന്നു. പിന്നീട് അപ്പേടെ മുഖത്തോട്ട് ഇങ്ങനെ നോക്കി കണ്ണിറുക്കി കാട്ട്യേച്ചു, രണ്ടിനും പരദൂഷണം കൂടുതലാരുന്നു അതാ ഞാനൂ അതിർത്തി കടന്ന് പോയത്ന്ന്.
Ps: അവരെപ്പോ വന്ന് കുഞ്ഞാനൂനെ തൊട്ടിലീന്ന് എടുത്തിട്ട് പോയീന്നത് ഇന്നും രഹസ്യാണ്.
വര : പ്രസന്ന ആര്യൻ
കവർ : ജ്യോതിസ് പരവൂർ
