പൂമുഖം Travelയാത്ര ടാൻ യൂ ഹ്വാത് എന്ന ക്യാബ് ഡ്രൈവർ

ടാൻ യൂ ഹ്വാത് എന്ന ക്യാബ് ഡ്രൈവർ

മൂന്നോ നാലോ കൊല്ലങ്ങളായി സിംഗപ്പൂരിൽ ജോലി ചെയ്തിരുന്ന ചക്രി (ചക്രവർത്തി) അടുത്തിടെ ഒരു ജോലിക്കയറ്റത്തോട് കൂടി യു എസ്സിലെ ടെക്സസിലേയ്ക്ക് പോയി . പുതിയ സ്ഥലത്ത് ജോലിയിൽ കയറിയതിന് ശേഷം മൂപ്പർ സ്വന്തം എഫ്ബി പോസ്റ്റിൽ സിംഗപ്പൂരിനോട് യാത്ര പറഞ്ഞതിങ്ങനെയാണ് :

‘നന്ദി.., സിംഗപ്പൂർ ! ഇക്കഴിഞ്ഞ വർഷങ്ങളിൽ നീ എന്നെ സ്നേഹത്തോടും കരുതലോടും പരിചരിച്ചു. തുടർന്നും ഇവിടെ കഴിയാൻ ഞാൻ ശ്രമിച്ചേനേ – അന്തരീക്ഷോഷ്മാവ് ഒരു പത്തു ഡിഗ്രി കുറവും വിസ്തീർണം ഏതാനും ആയിരം ചതുരശ്ര കിലോമീറ്റർ കൂടുതലും ആയിരുന്നെങ്കിൽ !”

കിഴക്കുപടിഞ്ഞാറ് അമ്പതിൽ താഴെ കിലോമീറ്റർ നീളം -തെക്കുവടക്ക് ഇരുപത്തഞ്ചോളം കിലോമീറ്റർ വീതി -750 ൽ കുറവ് ചതുരശ്ര കിലോ മീറ്റർ വിസ്തീർണ്ണം -അതായത് കേരളത്തിന്റെ അഞ്ചിലൊന്ന് – അത്രയേയുള്ളൂ സിംഗപ്പൂർ എന്ന സിംഹപുരം.

നെടുകെയും കുറുകെയും രാജ്യത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ കാൽനടയായി യാത്ര ചെയ്യുക എന്നത് സഹപ്രവർത്തകൻ റിച്ചാർഡിന്റെ ഇടവിട്ടുള്ള വിനോദമാണെന്ന് ചാരു പറയുന്നു. മൂന്ന് മാസത്തെ ഒഴിവിലാണ് വന്നിരുന്നതെങ്കിൽ ഒരു ശ്രമം നടത്തിയേനേ ഞങ്ങളും. അടുത്ത തവണയാവട്ടെ..

ഇൻഡോനേഷ്യയുടെ പഴയ ഒരു ഭരണാധികാരി പരിഹസിച്ചതുപോലെ ഭൂപടത്തിലെ ചെറിയ ശോണബിന്ദുവാണ് ഈ നഗരരാഷ്ട്രം.

The Little Red Dot !

“കുറച്ചു ദൂരേയ്ക്കാണ് ഇന്നത്തെ യാത്ര.. കുഴപ്പമില്ലല്ലോ..?”
രാത്രി ഒമ്പത് മണി കഴിഞ്ഞിരുന്നു സമയം.

“ഒരു കുഴപ്പവുമില്ല-
എന്നാലും..എത്ര ദൂരേയ്ക്ക് ..?”

“ക്യാബിൽ ഇരുപത് മിനുട്ട് -” !!

ഇങ്ങനെയാണ് പൊതുവെ യാത്രകളുടെ സമയദൈർഘ്യം !

വിസ്തീർണത്തിൽ ചെറുതെങ്കിലും ജനസാന്ദ്രതയിൽ ലോകരാഷ്ട്രങ്ങളിൽ രണ്ടാമത്തേതോ മൂന്നാമത്തേതോ ആയ സിംഗപ്പൂരിൽ വാഹനങ്ങളുടെ എണ്ണം കുറവല്ല. ഇരുപതോ ഇരുപത്തഞ്ചോ മിനുട്ടിൽ ലക്ഷ്യസ്ഥാനത്ത് എത്താനാവുന്നെങ്കിൽ നന്ദി പറയേണ്ടത് നിലവാരമുള്ള റോഡുകൾക്കും കാര്യക്ഷമതയുള്ള വാഹനങ്ങൾക്കും കർശനമായി പാലിക്കപ്പെടുന്ന ട്രാഫിക് നിയമങ്ങൾക്കും തന്നെയാണ്.

കാർ ഡ്രൈവർമാർ (അവരിൽ സ്ത്രീകളുമുണ്ട്) ഏറെക്കുറെ എല്ലാവരും നാട്ടുവിശേഷങ്ങൾ ചോദിച്ചും പറഞ്ഞും യാത്രകളിൽ അനായാസം പങ്കുചേരുന്നവരാണ് എന്നാണനുഭവം. ശ്രദ്ധയോടെ കേട്ടാൽ, ചില സിംഗ്ളീഷ് (മംഗ്ളീഷിനെയും ഹിങ്ഗ്ളീഷിനെയും ഒക്കെ പോലെ) പ്രയോഗങ്ങളൊഴികെ, മനസ്സിലാക്കാൻ വിഷമമില്ലാത്ത, അൽപം ചെരിഞ്ഞ, ഇംഗ്ലീഷ്. കാണേണ്ട കാഴ്ചകളുടെയും ചെയ്യേണ്ട കാര്യങ്ങളുടെയും വിവരണവും താരതമ്യങ്ങളുമായി നീളും സംഭാഷണം.

‘Singapore is a GREAT city’ എന്ന് സംഭാഷണത്തിനിടെ ഒരു തവണയെങ്കിലും ചിരിച്ച് തലകുലുക്കും !

ഇക്കഴിഞ്ഞ ദിവസം വന്ന ചെറുപ്പക്കാരന് നാടിനെ കുറിച്ച് പറയാനുണ്ടായിരുന്നത് യാത്ര അവസാനിക്കുമ്പോഴും തീർന്നിരുന്നില്ല :

“ഹോങ്കോങ് നല്ലതാണെന്ന് അവിടത്തുകാർ പറയും. അത് ശരിയല്ല. ഞാനവിടെ പോയിട്ടുണ്ട്, പല പ്രാവശ്യം, പല കാര്യങ്ങൾക്കുമായി . സമരവും ബഹളവുമാണവിടെ. ചൈനയിലുമില്ല സമാധാനവും സന്തോഷവും. ഞങ്ങളുടേത് ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമാണ് – സുരക്ഷിതമായ രാജ്യമാണ്.”

സന്ദർശകരായ ഞങ്ങൾ പടിഞ്ഞാറ് ഒരു സ്ഥലത്തേയ്ക്ക് പുറപ്പെട്ട് ബസ് തെറ്റിക്കയറി കിഴക്ക് ഈ സ്ഥലത്ത് എത്തിപ്പെട്ടതാണ് എന്ന് ഒന്ന് തുടങ്ങിക്കൊടുത്തേയുള്ളു. അത് കേൾക്കാൻ കാത്തിരുന്നതുപോലെയാണ് അയാൾ തുടങ്ങിയത്.

“നിങ്ങൾക്ക് ഒന്നും ഭയക്കേണ്ട കാര്യമില്ല സിംഗപ്പൂരിൽ. സ്ഥലമറിയാതെ എവിടെ പെട്ടുപോയാലും സുരക്ഷിതമായി ‘ഞങ്ങൾ’ നിങ്ങളെ വീട്ടിൽ എത്തിച്ചിരിക്കും. എന്റെ കുട്ടികൾക്ക് സിംഗപ്പൂരിലെ എത് തെരുവിലും എത് അർദ്ധരാത്രിക്കും ഒറ്റയ്ക്ക് ചുറ്റിനടക്കാം. ഒന്നും സംഭവിക്കില്ല. ആ ധൈര്യം ഞങ്ങൾക്ക് തന്നത് രാഷ്ട്രപിതാവായ മുൻപ്രധാനമന്ത്രിയാണ്. ഭരണനേതൃത്വം കരുത്തും സഹജീവിസ്നേഹവും ചേർന്ന ഒരാളിൽ ആവണം. ഒരേസമയം അയാൾ സ്വേച്ഛാധിപതിയും കമ്യൂണിസ്റ്റുമായിരിക്കണം . എന്നാലേ ജനോപകാരപ്രദമായ മട്ടിൽ നാടിനെ മുന്നോട്ട് നയിക്കാനാകൂ. ഗാന്ധിയുടെ നാട്ടിൽ നിന്നല്ലേ നിങ്ങൾ വരുന്നത്-

നിങ്ങൾക്കറിയുന്നുണ്ടാവുമല്ലോ. സിംഗപ്പൂർ ഇങ്ങനെയൊന്നുമായിരുന്നില്ല. നാല്പതു കൊല്ലം മുൻപ് ഇവിടെ ശമ്പളക്കൂടുതൽ ആവശ്യപ്പെട്ട് പൈലറ്റുമാർ ഒരു ചട്ടപ്പടിജോലി സമരം തുടങ്ങി. ഞങ്ങളുടെ മുൻപ്രധാനമന്ത്രി അവരെ വിളിച്ചുവരുത്തി.

സംശയത്തിനിടയില്ലാത്ത ഭാഷയിൽ അവരോട് പറഞ്ഞു. ‘രാഷ്ട്രത്തിന് നഷ്ടവും ചീത്തപ്പേരും ജനത്തിന് ബുദ്ധിമുട്ടും ഉണ്ടാക്കുന്ന സമരത്തിൽ നിന്ന് പിന്തിരിയണം. ജോലി കൃത്യമായി ചെയ്തുകൊണ്ട് നിങ്ങളുടെ ആവശ്യങ്ങൾ അവതരിപ്പിക്കണം. ഇപ്പോഴത്തെ രീതി തുടർന്നാൽ എയർലൈൻസിന്റെ പ്രവർത്തനം അവസാനിപ്പിച്ച്, പുതിയ ഒരു തുടക്കത്തിലേയ്ക്ക് പോകാൻ എനിക്ക് ബുദ്ധിമുട്ടില്ല. എന്നെ അതിന് നിർബന്ധിക്കരുത്.

സമരം അവസാനിപ്പിച്ച് ജീവനക്കാർ ജോലിക്ക് കയറി. സിംഗപ്പൂരിനെ ലോകരാഷ്ട്രങ്ങളുടെ നിലവാരത്തിലേയ്ക്ക് ഉയർത്തിക്കഴിഞ്ഞാണ് ലീ ക്വാൻ യു മരിച്ചത്. അന്ന് കോരിച്ചൊരിയുന്ന മഴയത്ത് അദ്ദേഹത്തിന് ആദരവ് അർപ്പിക്കാൻ ക്ഷമയോടെ കാത്തുനിന്നവരുടെ മുൻപിൽ തന്നെ ആ പൈലറ്റുമാരുണ്ടായിരുന്നു.

ഇന്ന് ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും ഞങ്ങളുടെ രാജ്യം മുൻപന്തിയിലാണ്.”

Gojek Singapore app വഴി book ചെയ്തപ്പോൾ ഞങ്ങൾക്ക് കിട്ടിയ മെസ്സേജ് നാല് മിനുട്ടിൽ കാർ ഞങ്ങൾക്കരികിൽ എത്തുമെന്നായിരുന്നു. ഫോണിലെ മാപ്പിൽ അത് വരുന്നത് ശ്രദ്ധിച്ച് നിൽക്കെ ഡ്രൈവറുടെ അറിയിപ്പ് വന്നു :

‘ഞാൻ പിക് അപ് പോയിന്റിൽ എത്തി .’

തൊട്ടുമുന്നിൽ വന്ന് നിൽക്കുകയാണ് പതിവ്.അങ്ങനെ ചെയ്യേണ്ട കാര്യമില്ലെങ്കിലും കാത്തുനിൽക്കുന്ന കാറുകളുടെ നിരയിൽ അറ്റം വരെ നടന്നുനോക്കി. ഞങ്ങൾക്ക് കിട്ടിയ നമ്പറിൽ ഒരു കാർ കൂട്ടത്തിലില്ല. എന്തുചെയ്യണമെന്ന് സംശയിച്ചുനിൽക്കെ അടുത്ത മെസ്സേജ് :

‘നാല് മിനുട്ടിനുള്ളിൽ കാറിനടുത്ത് എത്തിയില്ലെങ്കിൽ ട്രിപ്പ്‌ ക്യാൻസൽ ചെയ്യും. അതിനുള്ള ചാർജ് കൊടുക്കേണ്ടിയും വരും.’

മറ്റൊരു രാജ്യത്ത് നിന്ന് സന്ദർശകരായി എത്തിയ ഞങ്ങൾക്ക് സ്ഥലവും രീതികളും പുതിയതാണെന്നും കാറിനടുത്തെത്താനുള്ള ശ്രമത്തിലാണെന്നും മെസ്സേജ് അയച്ചതിനു പിന്നാലെ എവിടെനിന്നെന്നറിയാതെ കാർ മുന്നിലെത്തി. പിക്കപ്പ് പോയന്റ് ടൈപ് ചെയ്തതിൽ വന്ന ചെറിയ നോട്ടക്കുറവ് അയാൾ ചൂണ്ടിക്കാണിച്ചുതന്നു.

ലീ ക്വാൻ യു വും ഗാന്ധിയും മാവോ സേ തൂങ്ങും ഒരേപോലെ കയറിവന്നു, വിദ്യാസമ്പന്നനായ ചെറുപ്പക്കാരന്റെ വിശകലനത്തിൽ.

“ജോലി ചെയ്യാൻ തയ്യാറാണെങ്കിൽ നിങ്ങൾക്ക് ഇവിടെ ജോലിയുണ്ട്. സുഖമായി ജീവിക്കാനുള്ള വരുമാനം ജോലിയിൽ നിന്ന് കിട്ടും. വലിയ… വളരെ വലിയ പണച്ചെലവുള്ള ജീവിതവും ഉണ്ട് സിങ്കപ്പൂരിൽ. വരുമാനത്തിൽ ഒതുങ്ങാത്ത ജീവിതശൈലി ധൂർത്താണ്. അത്യാഗ്രഹമാണ്. അങ്ങനെയൊരു വാക്ക് ഉപയോഗിക്കാൻ എനിക്കിഷ്ടമല്ലെങ്കിലും അതിനെ ‘അറപ്പിക്കുന്നത് ‘ എന്നാണ് ഞാൻ വിശേഷിപ്പിക്കുക. വഴിയിലൊരു നൂറ് ഡോളർ നോട്ട് കിടക്കുന്നത് കണ്ടെന്ന് കരുതു. അതെടുത്ത് പോക്കറ്റിലിട്ടാൽ ഒരുപക്ഷേ എനിക്ക് അഴിയെണ്ണേണ്ടി വരും. പകരം ജോലി എടുത്തുകിട്ടുന്ന പൈസ കൊണ്ട് സുഖമായി ജീവിക്കാനാവും എന്ന തിരിച്ചറിവ് ഉണ്ടായിരിക്കുന്നതാണ് നല്ലത്.”

വഴിയിലൊരിടത്തേയ്ക്ക് കൈ ചൂണ്ടി അയാൾ പറഞ്ഞു :

“സിംഗപ്പൂർ പൗരന്മാർക്ക്, സംസാരിക്കാനുള്ള സ്ഥലമാണത് – ‘സ്പീക്കേഴ്സ് കോർണർ’ സമരം ചെയ്യാനും പൊതുസ്ഥലങ്ങളിൽ ജാഥ നയിക്കാനും ഞങ്ങൾക്ക് അനുവാദമില്ല. ഇവിടെ ഞങ്ങൾക്ക് യോഗങ്ങൾ കൂടാം – രാഷ്ട്രീയാഭിപ്രായങ്ങൾ ചർച്ച ചെയ്യാം – വിയോജിപ്പുകൾ പ്രകടിപ്പിക്കാം. നിർദ്ദേശങ്ങൾ അവതരിപ്പിക്കാം. ഭരണഘടന അംഗീകരിച്ചിരിക്കുന്ന ഏതെങ്കിലും ഭാഷയിൽ. സുഖമായി ജീവിക്കാനുള്ള സാഹചര്യം നിലവിലുള്ളപ്പോൾ സാധാരണക്കാരൻ എന്തിനാണ് സമരം ചെയ്യുന്നത്…? “

സ്പീക്കേഴ്സ് കോർണറിൽ നിലവിലുള്ള വിലക്കുകളിൽ ശ്രദ്ധേയമായി തോന്നിയ ഭാഗം ഇങ്ങനെ പരിഭാഷപ്പെടുത്താം :

‘നേരിട്ടോ ആനുഷംഗികമായോ ഏതെങ്കിലും മതവിശ്വാസങ്ങളെ കുറിച്ചോ മതങ്ങളെ കുറിച്ചോ മത-ജാതി വികാരങ്ങൾ വ്രണപ്പെടുന്ന രീതിയിലോ രാജ്യത്തെ വിവിധമത- ജാതിക്കാർക്കിടയിൽ സ്പർദ്ധയോ അസ്വസ്ഥതയോ ശത്രുതയോ വളർത്തുന്ന തരത്തിലോ ഉള്ള ചർച്ചകളും പ്രസംഗങ്ങളും വിലക്കിയിരിക്കുന്നു.’

ഇപ്പോഴത്തെ പ്രധാനമന്ത്രിയെ കുറിച്ച് ചെറുചിരിയോടെയാണയാൾ പറഞ്ഞത്.

“മകൻ അച്ഛനെ പോലെത്തന്നെ പ്രാപ്തനാണെങ്കിലും സൗമ്യപ്രകൃതിയാണ്. കോവിഡ് സമയത്തൊക്കെ അദ്ദേഹം രാഷ്ട്രത്തെ മികച്ച രീതിയിലാണ് നയിച്ചത്. പാലിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തിന്, അതിന്റെ ശാന്തഭാവം കണ്ട് സഹൃദയരായ ഒരു മ്യൂസിക് ബാൻഡ് പശ്ചാത്തലസംഗീതം ഒരുക്കുക കൂടി ചെയ്തു. യു ട്യൂബിലുണ്ട് കണ്ടുനോക്കു!”

രാജ്യത്തെ കർശനമായ നിയമവാഴ്ചയേയും ശിക്ഷാവിധികളേയും വല്ലാതെ ഭയന്നുകൊണ്ടുള്ള ജീവിതങ്ങളാണ് സാധാരണക്കാരന്റേത് എന്ന് മുൻപും തോന്നിയിരുന്നില്ല. രാഷ്ട്രീയം ചർച്ചാവിഷയമാവാത്തതാവുമോ ഒരുപക്ഷേ കാരണം എന്നൊരു സംശയമുണ്ടായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി നിത്യജീവിതത്തിന്റെ ആയാസം കുറച്ചുതരുന്ന ഭരണകൂടത്തിന് കീഴിൽ സാധാരണക്കാരന് പരാതികൾ കുറയുന്നു എന്നതാവുമോ കാരണം എന്നാണ് ഇപ്പോഴത്തെ സംശയം .

യു എസ്സിൽ വീട് വാങ്ങിച്ചതിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരൻ ‘സുഹൃത്ത്’ ഒരിക്കൽ പറഞ്ഞു :

“ഒരു വീട് വാങ്ങിയ സുഖം കിട്ടിയില്ല, അങ്ക്ൾ..”

എന്നിട്ട് അത് ഇങ്ങനെ വിശദീകരിച്ചു :

“ഒരു ഏജന്റിനെ കണ്ടു. ഏതുതരം വീടാണ് വാങ്ങാൻ ആഗ്രഹിക്കുന്നതെന്ന് വിശദീകരിച്ചു. നാലഞ്ച് ദിവസം കഴിഞ്ഞ് അയാൾ വിളിച്ചു. പറഞ്ഞ മട്ടിലൊരു വീടുണ്ടെന്നറിയിച്ചു. പോയി കണ്ടു. ഇഷ്ടപ്പെട്ടു. വെളുത്തതും കറുത്തതുമില്ലാതെ പരസ്യത്തിൽ പറഞ്ഞിരുന്ന തുക ബാങ്ക് വഴി കൈമാറി. ഒരു ടി വി പോലെ, കമ്പ്യൂട്ടർ പോലെ, വീട് സ്വന്തമായി.”

നമ്മുടെ നാട്ടിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പുകളും അഴിമതികളും മെല്ലെപ്പോക്കുകളും അടുത്ത ബന്ധുക്കളുടെ അനുഭവകഥകളിലൂടെ വിശദീകരിച്ച് ചെറുപ്പക്കാരൻ അവസാനിപ്പിച്ച രീതി ശ്രദ്ധേയമായി തോന്നി .

“ഇവിടെ (യു എസ്സിൽ) അഴിമതിയില്ല എന്ന് ഞാൻ പറയില്ല. പക്ഷേ ദൈനംദിന ജീവിതത്തിൽ സാധാരണക്കാരന് അത് നേരിടേണ്ടിവരുന്നില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചുതന്നെ പറയാനാവും”

ഈ അവസ്ഥ ഇവിടത്തെ- സിംഗപ്പൂരിലെ – സാധാരണക്കാരനും ബാധകമായിരിക്കും എന്ന് തോന്നുന്നു. വൈദ്യുതി, ഇന്റർനെറ്റ്‌, റോഡ്, പൊതുഗതാഗതം ഇതൊക്കെ ബുദ്ധിമുട്ടാതെ, ബുദ്ധിമുട്ടിക്കാതെ അയാൾക്കും കിട്ടുന്നുണ്ടല്ലൊ .

തിരക്കുള്ള റോഡുകൾ മുറിച്ചുകടക്കാനാണെങ്കിലുംകാൽനടക്കാർക്ക് സ്വന്തം റിഫ്ലെക്സുകളെയോ തടിമിടുക്കിനെയോ ആശ്രയിക്കേണ്ടിവരുന്നില്ല. സിഗ്നൽ ഇല്ലാത്തിടങ്ങളിൽ, മറുകര പറ്റാൻ റോഡിലിറങ്ങുന്ന കാൽനടക്കാരൻ എതിർവശത്ത് നടവഴിയിലേയ്ക്ക് കയറുന്നത് വരെ വാഹനങ്ങൾ ക്ഷമയോടെ കാത്തുനിൽക്കുന്നത്, വിദേശരാജ്യങ്ങളിൽ, മുൻപും കണ്ടിട്ടുണ്ട്. പരസഹായമില്ലാതെ വീൽ ചെയറിൽ യാത്ര ചെയ്യുന്നവരും ബദ്ധപ്പാടില്ലാതെയാണ് പാത മുറിച്ചുകടക്കുന്നത്.

ഇരിക്കുന്നിടത്ത് നിന്ന് കഴുത്ത് തിരിക്കാതെ, വരുന്ന ബസ്സുകൾ കാണാനാണത്രെ പുതിയ ബസ് സ്റ്റോപ്പുകളിൽ സമാന്തര സിമന്റ് ബെഞ്ചുകൾ ചെരിച്ചാണ് പിടിപ്പിച്ചിരിക്കുന്നത്.

ബസ്സിൽ കയറാൻ ഒറ്റയ്ക്ക് വീൽചെയറിൽ എത്തുന്ന യാത്രക്കാരുണ്ട്. തറയോട് ചേർന്ന് ബസ്സിൽ ഘടിപ്പിച്ചിരിക്കുന്ന റാംപ് വഴി അവരെ കയറ്റിയിരുത്തുന്നതും അകത്ത് തെന്നി നീങ്ങാതിരിക്കാൻ വീൽ ചെയറിനെ ബന്ധിക്കുന്നതും ഇറങ്ങേണ്ടിടത്ത് സുരക്ഷിതരായി യാത്രക്കാരെ പുറത്തേക്കിറക്കുന്നതും ഡ്രൈവറാണ്. കണ്ടക്റ്ററും ‘കിളി’യും ഇല്ലാത്ത ബസ്സുകളാണ്.

ഭൂഗർഭ റെയിൽവേയാണ് സിംഗപ്പൂരിൽ കൂടുതലും. MRT (മാസ് റാപിഡ് ട്രാൻസ്‌പോർട്ട്) എന്ന ചുരുക്കപ്പേരുള്ള റെയിൽവേയ്ക്ക് 1987 ൽ തുടങ്ങുമ്പോൾ ആറ് കിലോമീറ്റർ ദൈർഘ്യവും അഞ്ച് സ്റ്റേഷനുകളും ആണുണ്ടായിരുന്നത്. ഇന്നത് ഇരുന്നൂറ്റി ഇരുപതോളം കിലോമീറ്റർ ദൈർഘ്യവും നൂറ്റിതൊണ്ണൂറോളം സ്റ്റേഷനുകളുമായി രാജ്യമാകെ പടർന്നിരിക്കുന്നു. ഡ്രൈവറില്ലാത്ത, യന്ത്രവൽക്കരിച്ച ട്രെയ്‌നുകൾ ആദ്യമായി കണ്ടത് ലണ്ടനിലാണ്. മാളുകളുടെ ബെയ്സ്മെന്റിലാണ് റെയിൽവേ സ്റ്റേഷനുകൾ. സ്റ്റേഷനിൽ, അടഞ്ഞ വാതിലുകൾക്ക് മുന്നിൽ, നട തുറക്കാൻ ശ്രീകോവിലിന് മുന്നിലെന്നതുപോലെ, ആൾക്കാർ കാത്തുനിൽക്കുന്നു. തുരങ്കത്തിലൂടെയെത്തുന്ന ട്രെയ്‌ൻ ആദ്യമായി കണ്ട് അദ്‌ഭുതപ്പെട്ടത് ലണ്ടനിലായിരുന്നു.

പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ, ട്രെയ്‌നുകളിൽ – മറ്റ് പൊതുസ്ഥലങ്ങളിലും – തമിഴിലും എഴുതിയിട്ടുണ്ടാവും. അംഗീകരിക്കപ്പെട്ട രാഷ്ട്രഭാഷകളിൽ ഒന്നാണ് തമിഴ്.

അവശർക്കും മുതിർന്നവർക്കും സീറ്റൊഴിഞ്ഞ് കൊടുക്കൽ – കയറിവരുന്നവർക്ക് വഴിമാറി ക്കൊടുക്കൽ – പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കൽ തുടങ്ങി ട്രെയ്‌നുകളിൽ സഹയാത്രികരോട് കാണിക്കേണ്ട മര്യാദകൾ അഞ്ച് ചിത്രകഥാപാത്രങ്ങളിലൂടെ പറയുന്ന പരസ്യം കൗതുകകരമായി തോന്നി :

വികലാംഗർക്കോ മുതിർന്നവർക്കോ വേണ്ടി സീറ്റ് വിട്ടുകൊടുക്കുന്ന Stand-Up Stacey –

മറ്റുള്ളവർക്ക് ഇറങ്ങാനായി വഴി മാറിക്കൊടുക്കുന്ന Give-Way Glenda –

കയറുന്നവർക്ക് ഇടം കിട്ടാനായി അകത്തേയ്ക്ക് ഒതുങ്ങുന്ന Move-In Martin –

സഹയാത്രികർക്ക് അലോസരമുണ്ടാക്കാതെ ശബ്ദം താഴ്ത്തി സംസാരിക്കുന്ന Hush-Hush Hanna –

അന്തരീക്ഷത്തിൽ മറ്റുള്ളവർക്ക് അവകാശപ്പെട്ട ഇടങ്ങളിലേയ്ക്ക് അതിക്രമിച്ചു കയറാതെ കൈയിലെ ബാഗ് മുന്നിൽ, താഴെ വെച്ച് യാത്ര ചെയ്യുന്ന Bag-Down Benni –

പോസ്റ്റര്‍ ഡിസൈന്‍: മനു

Comments
Print Friendly, PDF & Email

You may also like