30 ആണോ
31 ആണോ
ടീച്ചർ ചോദിക്കുമ്പോ
കൈപ്പത്തി കമഴ്ത്തി
ഉയർച്ച താഴ്ചകളെ
തൊട്ടെണ്ണിയിരുന്ന മാർച്ച്.
സ്കൂൾ ആരവങ്ങളിൽ നിന്നും
കൈകാൽ കഴുകി
പമ്പരം കൊത്തുന്നവരെ നോക്കി
കൊഞ്ഞനം കുത്തിയിരുന്നതും മാർച്ച്.
പ്രണയവും
വിരഹവും മാറത്തടുക്കി
വിട്ടുപോകലിന്റെ
വിങ്ങലിൽ വിറയ്ക്കുമ്പോൾ
പരീക്ഷാപ്പനിയെന്ന് അമ്മയോട്
കള്ളം പറയിക്കുന്ന മാർച്ച്.
ജനുവരി
ഫെബ്രുവരി
പിന്നെ
മറിച്ചിടാൻ പേടിയാണിപ്പോൾ
പുതുവർഷം
തുടങ്ങുകയല്ല
ഗതികേടുകൾ ഒടുങ്ങിയില്ലേൽ
കുടിയിറക്കപ്പെടുമെന്ന
അറിയിപ്പിന്റെ ചെണ്ടമേളങ്ങൾ.
നടപ്പു വർഷം
സാമ്പത്തിക വർഷം
പേരുകളിൽ പുതുങ്ങണം
രീതികളിലും.
കണക്കെടുപ്പിൽ
കണ്ണ് തള്ളണം.
നെടുവീർപ്പുകൾ ഇടയുന്ന
പലിശ കൂമ്പാരങ്ങളിൽ
വീർപ്പുമുട്ടി
അസാധുവാകുന്ന
ഇത്തിരി ജീവിതങ്ങളെ
ഒറ്റത്തവണ തീർപ്പിൽ
ഒതുക്കിക്കളയുന്ന മാർച്ച്…
തൃശ്ശൂർ ജില്ലയിലെ വലപ്പാട് സ്വദേശം. മത്സ്യഫെഡിന്റെ തൃശ്ശൂർ ജില്ലാ ഓഫീസിൽ ജോലി ചെയ്യുന്നു.