പൂമുഖം LITERATUREകഥ പാർഷവി

“പാർഷവിദേവി സഭാകവാടത്തിൽ കാത്തുനിൽക്കുന്നു”.

ദ്വാരപാലകൻ സനകൻ മൂന്നാംവട്ടം വിളിച്ചുചൊല്ലി തിരിയുമ്പോഴേക്കും, ധൃതതാളത്തിലുള്ള കാൽച്ചിലമ്പിന്റെ മുഴക്കം കുരുസഭയുടെ മധ്യത്തിലെത്തിയിരുന്നു.

മകളെ ഇത് ധരിക്കുക..

കൂനിക്കൂടിയിരുന്ന ഇരയുടെ കാതുകൾ പാർഷവിയുടെ ശബ്ദം തിരിച്ചറിഞ്ഞു.

അഭയമായി അവതരിച്ച സ്ത്രീയുടെ കണ്ണുകളിൽ ദ്രൗപതി തെളിഞ്ഞു വന്നു. വെണ്ണക്കൽ പാകിയ നിലത്ത് ഹതാശയായി കിടക്കുന്ന പാഞ്ചാല രാജകുമാരി.

ആർത്തിപൂണ്ട കാണികളിൽ ചിലർ ഒറ്റവസ്ത്രത്തിനുള്ളിലെ സമൃദ്ധി ആവോളം ആസ്വദിക്കുകയാണ്, ഇടയിൽ കയറിയവൾ രസംകൊല്ലിയാകുമെന്ന് പരിഭ്രമിച്ച് മുന്നോട്ട് കയറുവാൻ തിരക്കുകൂട്ടുന്നവരുമുണ്ട്.

വിഭ്രാന്തിയിൽപ്പെട്ട രജസ്വലയുടെ കാഴ്ചയിൽ പാർഷവി ഭദ്രയായി. നീണ്ടു വന്ന കൈകൾ സമ്മാനിച്ച ഉത്തരീയം മാറോട് ചേർത്ത ദ്രൗപദി നന്ദിയോടെ കരങ്ങൾ കൂപ്പി.

ദാസിക്കെന്താ സഭയിൽ കാര്യം, ഇവരെ പിടിച്ചു പുറത്താക്കുവിൻ.

ലഹരിയാൽ ഹരം പിടിച്ച ദുശ്ശാസനൻ കാവൽക്കാരുടെ നേരെ തിരിഞ്ഞു.

ദുഷ്ടപുത്രാ, നിനക്ക് ഇത്രയും അഹങ്കാരമോ?. സുശാസനായെന്ന് വിളിച്ച നാവുകൊണ്ട് ദുശ്ശാസനായെന്ന് വിളിപ്പിക്കുന്നുവല്ലോ..

പണയമാക്കപ്പെട്ടവളുടെ തോഴിയാകുവാൻ വന്നതാണോ ദാസി?

കുരുസഭയിലെ ഉത്തമപുരുഷന്മാരെ കാണുവാൻ വന്നതാണ് ഞാൻ, സ്ത്രീയുടെ മാനം പണയമാക്കിയ സഭയിൽ പുരുഷന്മാർ ബാക്കിയുണ്ടോയെന്ന് അറിയണമല്ലോ.

കോപാന്ധനായ ദുശ്ശാസനൻ ഉഗ്രശബ്ദത്തിൽ കൈകൾ കൂട്ടിയിടിച്ചു.

വിറളിപിടിച്ചു നിൽക്കുന്ന ദ്വിതീയനെ മറികടന്ന പാർഷവി വേഗത്തിൽ ദ്രൗപതിയുടെ കെട്ടഴിഞ്ഞു പരന്നൊഴുകി കിടക്കുന്ന തലമുടിയും, ചുമലുകളും ഉത്തരീയം കൊണ്ടു മറച്ചു.

രാജകുമാരിയുടെ മേനിയഴകിൽ ഭ്രമിച്ചു നിന്നിരുന്ന ഒരുകൂട്ടം സഭാവാസികൾ പാർഷവിയുടെ പ്രവൃത്തി അനൗചിത്യമാണ് വാദിച്ചു. ഒറ്റപ്പെട്ട ശബ്ദങ്ങൾ ഏകീകൃത രൂപത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുവാൻ തുടങ്ങിയതോടെ സഭയാകെ ഇളകിമറിയുവാൻ തുടങ്ങി.

കുരുസഭയുടെ ആചാര്യന്മാർ കെട്ടുകാഴ്ചകളായി അവഗണിക്കപ്പെടുന്നതും, സിംഹാസനം അലങ്കരിക്കുന്ന അന്ധനായ മഹാരാജാവ് ബധിരനും മൂകനുമായി പെരുമാറുന്നതും കണ്ടതോടെ ഒരു വിഭാഗം പ്രജകൾ സഭാതലം വിട്ടിറങ്ങിപ്പോയി.

ആഭാസമായി തീർന്ന സഭയിൽ അപമാനിതയായ ദ്രൗപദി കാഴ്ചവസ്തുവായി തുടർന്നു.

മകളെ, അന്തഃപുരത്തിലേക്ക് മടങ്ങൂക. പണയം വെച്ച രാജാവിനോ, നിന്നെ പങ്കിടുന്ന ഭർത്താക്കന്മാർക്കോ ഇനി നിന്നിൽ അവകാശമില്ല, ചൂതാട്ടക്കാരുടെ സഭയിൽ കാഴ്ചവസ്തുവാകേണ്ടവളല്ല പാഞ്ചാലപുത്രി.

വിടന്മാരായ കാഴ്ചക്കാരുടെ ആരവങ്ങൾ അതിരുകടന്നിട്ടും സഭ നയിക്കുന്നവർ നിശബ്ദരായി തുടരുകയാണ്, സഭാതലത്തിൽ നടക്കുന്നതൊന്നും അറിയുന്നില്ലായെന്ന മട്ടിൽ തല കുമ്പിട്ടിരിക്കുന്ന ഹസ്തിനപുരത്തിന്റെ ഉടയോന്മാർക്ക് മുന്നിൽ ദാസിയുടെ ശിരസ്സുയർന്നു.

അല്ലയോ കുരുപുംഗവന്മാരെ, സഭാമധ്യത്തിൽ അപമാനിക്കപ്പെടുന്നത് കുരുവംശത്തിലെ പെണ്ണുങ്ങളുടെ അഭിമാനമാണ്. അപരാധിയായ ദുശ്ശാസനൻ സഭയിൽ ജീവനോടെ നിൽക്കുന്നത് ആരുടെ കരുണയിലാണ്, യുവരാജാവിന്റെയോ?. മഹാരാജാവിന്റെയോ?..

കുരുസഭയെ ചോദ്യം ചെയ്യുന്ന സ്വപത്നിയോട് ഒരക്ഷരം ഉരിയാടാതെ വിദുരർ മൗനം പാലിക്കുകയാണ്. ദാസിയുടെ ചോദ്യങ്ങൾ സഭയെപ്രതിയായിട്ടും പിതാമഹനും അനങ്ങുന്നില്ല.

മറുപടികൾ ഇല്ലാത്ത, അപമാനിതമായ കുരുസഭയെ സഹതാപത്തോടെ നോക്കിയിട്ട് പാർഷവി പുറത്തേക്ക് നടന്നു. അതുവരെ മൗനം ഭജിച്ച ജനങ്ങൾക്കിടയിൽ നിന്നും അഭിപ്രായങ്ങൾ ഉയരുവാൻ തുടങ്ങി.

‘മുഖ്യസചിവന്റെ പത്നി കുരുസഭയിൽ ശബ്ദമുയർത്തിയത് തെറ്റാണ്’.

‘രാജകുടുംബത്തിൽ ദാസിക്കെന്താണ് കാര്യം’?

സഭാകവാടത്തോളമെത്തിയ പാർഷവി വീറോടെ പ്രജകൾക്ക് നേരെ തിരിഞ്ഞു നിന്നു.

എന്ത്!! രാജകുടുംബമെന്നോ!!.
കുരുവംശത്തിലെ അവസാന പുരുഷൻ ഭീഷ്മപിതാമഹനല്ലേ?
പരസ്പരം മത്സരിക്കുന്ന കൗരവരും, പാണ്ഡവരും മത്സ്യരാജന്റെ പരമ്പരയല്ലേ?
ഈ സഭയിൽ നടന്നതും, നടക്കുന്നതുമാണോ കുരുവംശപാരമ്പര്യം?

വിദുരപത്നിയുടെ ചോദ്യങ്ങൾക്ക് മുൻപിൽ പ്രജകളും സഭയും അമ്പരന്നു.സൂചി വീണാൽ കേൾക്കുന്ന നിശ്ശബ്ദത.

ദാസി! കടക്ക് പുറത്ത്, നിനക്കെന്താണ് സഭയിൽ കാര്യം?

ഭീമാകാരനായ ദുശ്ശാസനൻ ആടിയാടി മുന്നോട്ട് വന്നു.

കാവൽക്കാരന്റെ കൈയിലെ ഉടവാൾ ദാസിയുടെ കൈയിലെത്തിയതും, സഭയെ അലങ്കരിച്ചിരുന്ന ലോഹപ്രതിമകളിൽ ഒന്നിൽ നിന്നും തീപ്പൊരി ചിതറിയതും, ഛേദിക്കപ്പെട്ട പ്രതിമയുടെ ശിരസ്സ് നിലത്തു വീണുരുണ്ടുതും കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു.

പുത്രാ, ദാസിയുടെ കൈയിൽ ആയുധം വഴങ്ങുമെന്ന് അറിയുക. തല കൊയ്യുവാൻ കഴിയാഞ്ഞിട്ടല്ല. ചെയ്തുകൂട്ടുന്ന തിന്മകളുടെ ഫലം ഈ സഭയും ഇതിന്റെ ഉടയോന്മാരും അനുഭവിക്കണം. അതുകൊണ്ട് മാത്രം നിന്റെ ജീവൻ ദാനമായി തിരികെ നൽകുന്നു.ദാസിയുടെ കൈയാൽ കാലപുരി പൂകിയെന്ന അപമാനം കുരുവംശത്തിന് ഏൽക്കാതിരിക്കട്ടെ.

ആയുധം കാവൽക്കാരന്റെ കൈയിലേക്ക് വെച്ചു നൽകിയ പാർഷവി മിന്നൽ പോലെ സഭയുടെ കവാടം കടന്നു പോകുമ്പോൾ, ശകുനിയുടെ കണ്ണുകൾ കൃപാചാര്യരുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ പരതുകയായിരുന്നു.

പാർഷവി കടന്നുപോയതും, ദുശ്ശാസനൻ പാഞ്ഞെത്തി ദ്രൗപതിയുടെ വസ്ത്രത്തിൽ കൈവെച്ചു.

നിൽക്കവിടെ! സ്വയം പണയം വെച്ച രാജാവിന് പത്നിയെ പണയം വെയ്ക്കാൻ അവകാശമുണ്ടോ?

സഭയിൽ വികർണ്ണകുമാരന്റെ ശബ്ദമുയർന്നു.

ഇടനാഴിയിലെത്തിയ ദാസിയുടെ ചെവിയിലും വികർണ്ണകുമാരന്റെ ചോദ്യങ്ങൾ മുഴങ്ങി.

സർവ്വനാശത്തിന്റെ പകിടകൾ ഉരുളുന്ന സഭയിൽ വീണ്ടും ചോദ്യങ്ങൾ ഉയർന്നുവല്ലോ ആശ്വാസം.

ഇനി അന്തഃപുരത്തിലേക്ക് പോകുവാൻ വയ്യ. എത്രയും പെട്ടെന്ന്ദാസിപ്പുരയിലെത്തണം.അപമാനിക്കപ്പെട്ടവളുടെ കണ്ണുനീരണിഞ്ഞ വസ്ത്രവും ശരീരവും ശുദ്ധമാക്കണം.

തെരുവിന്റെ വശങ്ങളിൽ നിൽക്കുന്നവരും, വഴിവാണിഭക്കാരും മുന്നിൽ നിന്നും മാറിത്തരുന്നത് കണ്ടപ്പോൾ ഒരു നിമിഷം ശങ്കിച്ചു; സഭയിൽ നടന്നതെല്ലാംപ്രജകൾ അറിഞ്ഞുവോ?

ജനങ്ങൾ പുറകിലാരെയോ ഭയത്തോടെ നോക്കുകയാണ്. അപകടമാണോ എന്നറിയുവാനായി വശങ്ങളിലേക്ക് ചുവടുകൾ വെച്ചുകൊണ്ട് പുറകിലേക്ക് വെട്ടിത്തിരിഞ്ഞു.

തൊട്ടുപുറകിലായി അവൻ നിൽക്കുന്നു, രണൻ.

കാവൽഭടനെപ്പോലെ അകമ്പടി സേവിക്കുകയാണ്.അവനെ കണ്ട ജനങ്ങൾ പിന്നിലേക്ക് മാറി ദാസിക്ക് വഴിയൊരുക്കുന്നു.

മുഖ്യസചിവന്റെ പത്നിയാണെങ്കിലും, ദാസിയെ ബഹുമാനിക്കുന്ന ശീലം പ്രജകൾക്കില്ലാത്തതാണ് .ഇതിപ്പോൾ രണന്റെ സാമീപ്യം ദാസിയേയും ബഹുമാനിതയാക്കിയിരിക്കുന്നു.

അന്യദേശക്കാരനായ രണനെന്ന കുതിര ഹസ്തിനപുരത്തെ കൊട്ടാരം ദാസിക്ക് അകമ്പടി സേവിക്കുന്നു. ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതാണ് സംഭവിക്കുന്നതെല്ലാം.സഭയിലെ വെളിപാടും മറിച്ചല്ല.

തെരുവുകൾ ഇളക്കി മറിച്ചു നടക്കാറുള്ള രണനെ ഇത്രയും അനുസരണയോടെ കാണുന്നതും ആദ്യമായിട്ടാണ്. ഏതൊരു നിയന്ത്രണങ്ങളുമില്ലാതെ ജനപഥങ്ങൾ ഭരിച്ചിരുന്നവൻ വാലാട്ടിയും, ചെവികൾ വട്ടം പിടിച്ചും കാവലാളാകുന്നു.

ഗാന്ധാരനരേശനായ ശകുനിയോടൊപ്പം പർവ്വതങ്ങളും മരുഭൂമികളും താണ്ടിയെത്തിയ നാൾമുതൽ ഹസ്തിനപുരത്തെ തെരുവോരങ്ങൾ വാഴുകയാണവൻ. ഒരിക്കൽ പോലും കൊട്ടാരത്തിലോ, ലയങ്ങളിലോ അവനെ കണ്ടിട്ടില്ല. ഹസ്തിനപുരത്തെ കരുത്തരായ ലക്ഷണമൊത്ത കുതിരകളൊന്നും രണനോളം തലയെടുപ്പുള്ളവരല്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

കാലുകളിലും കഴുത്തിലും നിറഞ്ഞു കിടക്കുന്ന നീളൻ രോമങ്ങളും, കരിവീട്ടിയുടെ നിറവും, അസാമാന്യവേഗതയുമുള്ള രണനെ മെരുക്കുവാനോ വശത്താക്കുവാനോ ഒരാളും ഇതുവരെയും മുതിർന്നിട്ടില്ല.

രാജസൂയത്തിൽ കെട്ടഴിച്ചു വിട്ട അശ്വത്തെ പോലെ ഹസ്തിനപുരത്തിന്റെ തെരുവുകൾ കീഴടക്കി നടക്കുന്നവനെ തടയുവാനോ ബന്ധിക്കുവാനോ ആരും തയ്യാറാകാത്തതിനാൽ ഇതുവരെയും യുദ്ധങ്ങൾ ഒന്നും നടന്നിട്ടില്ലായെന്ന് മാത്രം.

തടാകങ്ങളിൽ നീന്തിയും, വനാന്തരങ്ങളിൽ ഭക്ഷണം തേടിയും, സ്വതന്ത്രനായി നടക്കുന്നവന്റെ കഴുത്തിൽ കെട്ടിയിരിക്കുന്ന ചുവന്ന ചരടുകളിൽ കോർത്തിരിക്കുന്ന ലോഹത്തകിടിൽ ഗാന്ധാരലിപിയിൽ കൊത്തിയിരിക്കുന്നത് അവന്റെ പേരാകുമെന്ന് പ്രജകൾ വിശ്വസിക്കുന്നു.

പ്രജകൾ കൊടുക്കുന്നതോ, തെരുവിൽ കിടക്കുന്നതോ ആയ ഒരു ഭക്ഷണവും തൊടാത്ത, അതിഗംഭീരമായ ശരീരത്തിൽ തലോടുവാൻ പോലും ഒരാളെയും അനുവദിക്കാത്ത കുതിരയാണ് ദാസിക്ക് അകമ്പടിയായി പിന്നിൽ നടക്കുന്നത്.

രണനെ കുറിച്ചുള്ള ചിന്തകളിൽ പരിസരം മറന്ന് സ്വഗൃഹം പിന്നിട്ട് മുന്നോട്ട് നടക്കുന്നതിനിടയിൽ അവൻ മുന്നിൽക്കയറി മാർഗ്ഗതടസ്സമുണ്ടാക്കിയപ്പോഴാണ് സ്ഥലകാലബോധം വീണ്ടുകിട്ടിയത്. കുരുസഭയിൽ സംഭവിച്ചതെല്ലാം ഓരോന്നായി ഓർമ്മയിൽ തെളിഞ്ഞു, കേവലം ഒരു കുതിരയുടെ സാമീപ്യത്തിൽ എല്ലാം മറന്നുവല്ലോ..

ദ്രൗപതിക്കേറ്റ അപമാനം സഹിക്കുവാൻ കഴിയുന്നില്ല. കുരുസഭയിലെ നിർഗ്ഗുണന്മാർക്ക് മുന്നിൽ ദുശ്ശാസനന്റെ തല കൊയ്യേണ്ടതായിരുന്നു. ശിരസ്സറ്റ പ്രതിമ സഭയ്ക്ക് പാഠമാകട്ടെ, സ്ത്രീയുടെ മാനത്തിന് ജീവനേക്കാൾ വിലയുണ്ടെന്ന് കുരുവംശ കുലപതികൾക്ക് അറിയാഞ്ഞിട്ടല്ല.

ചിന്തകളിൽ മുങ്ങി ഗൃഹത്തിനുള്ളിലേക്ക് കയറുമ്പോൾ രണനെ മറന്നു, മനസ്സും ശരീരവും തണുക്കും വരെ ജലക്രീഡയിൽ മുഴുകി. ചിന്തകൾ വിട്ടൊഴിഞ്ഞ മനസ്സുമായി മട്ടുപ്പാവിന്റെ മുകളിലെത്തി തെരുവിലേക്ക് നോക്കി. അതാ അവൻ അവിടെ തന്നെയുണ്ട്. തന്റെ സാമീപ്യം അറിഞ്ഞപോലെ തലയുയർത്തി മുകളിലേക്ക് നോക്കി.

എന്തോ ചിന്തിക്കും പോലെ ഒരു നിമിഷം നിന്ന രണൻ പതുക്കെ കാടിന്റെ ദിശയിലേക്ക് നടക്കുവാൻ തുടങ്ങി.തലയുയർത്തിപ്പിടിച്ച് നടന്നു നീങ്ങുന്ന കുതിരയുടെ കാലടികൾക്കൊപ്പം എത്ര ദൂരം പോയെന്ന് ഓർമ്മയില്ല. കണ്ണുകളിൽ നിന്നും അവൻ പതിയെ മാഞ്ഞു പോയതോടെ തിരികെ തളത്തിലേക്ക് കടന്നു.

അവൻ തിരികെ വരും, ദാസിയുടെ സുരക്ഷ അവന്റെ ചുമതലയാണെന്ന് മനസ്സിലിരുന്ന് ആരോ മന്ത്രിക്കുന്നുണ്ടായിരുന്നു.

ചിത്രരചന : പ്രസാദ് കുമാർ

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like