ജനിച്ചുവളര്‍ന്ന നാടും വീടും വിട്ട് മറ്റൊരു ദേശത്ത് എത്തുന്നവരൊക്കെ പ്രവാസികളാണ്. കാരണങ്ങള്‍ പലതാവാം. പലപ്പോഴും ഉപജീവനമാര്‍ഗ്ഗം തേടിപ്പോകുന്നവരുമായി ബന്ധപ്പെട്ടാവാം പ്രവാസം സംഭവിക്കുന്നത്. . അത്തരം ഒരു വേരു പറിഞ്ഞ അവസ്ഥയുടെ വ്യഥകള്‍- നഷ്ടപ്പെട്ടുപോയ ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ വര്‍ത്തമാനകാലം ഏല്‍പ്പിക്കുന്ന മുറിവുകള്‍ ഇവയൊക്കെ പലപ്പോഴും രചനകളായി വരാറുണ്ട്. . അവരുടെ രചനകളില്‍ പൊതുവേ അന്യഥാബോധത്തിന്റെ ഒരു തണുപ്പ് നിറഞ്ഞുനില്ക്കും. മറ്റൊരു രാജ്യത്ത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള പരിശ്രമങ്ങളാണ് എന്നും എപ്പോഴും അവര്‍ക്ക് ജീവിതം. അത്തരം ഒരെഴുത്തിന്റെ വഴിയില്‍ ആണിന്റെ ആഖ്യാനവും വീക്ഷണവും പെണ്ണിന്റെ ആഖ്യാനവും വീക്ഷണവും തമ്മില്‍ വ്യത്യാസമുണ്ട്. ഭാര്യ/അമ്മ/സഹോദരി എന്നീ സാമൂഹ്യപദവികള്ക്കുള്ളില് നില്‍ക്കുമ്പോഴും അവര്‍ പ്രതികൂല സാഹചര്യങ്ങളില്‍ അവരെ ഭീതിപ്പെടുത്തുന്ന ചില ഘടകങ്ങളോടുമുള്ള സമരത്തിലാണ്. അതില്‍ ഭാഷയും സംസ്കാരവും പോലും ഘടകങ്ങളാവുന്നുണ്ട്. സ്ത്രീകളുടെ പരിചിത വലയങ്ങള്‍ പരിമിതങ്ങളാവാം. അതുകൊണ്ട് വലിയ രാഷ്ട്രീയ സാമൂഹ്യ ചര്‍ച്ചകളൊന്നും അവിടെ സംഭവിക്കുന്നില്ല. പക്ഷേ കുടുംബം എന്ന ഘടകം കൂട്ടിയോജിപ്പിക്കാനും അതിനെ പുതിയ സാഹചര്യങ്ങള്‍ക്കൊപ്പം രൂപപ്പെടുത്താനും അവര്‍ സഹിക്കുന്ന പങ്കപ്പാടുകള്‍ തന്നെയാണ് പലപ്പോഴും പ്രവാസത്തിലെ പെണ്ണെഴുത്തിന്റെ പ്രമേയങ്ങള്‍ എങ്കിലും വൈവിധ്യമാര്‍ന്ന രചനാലോകങ്ങള്‍ അവര്‍ തുറന്നിടുന്നുണ്ട്. നാട്ടിലുള്ള കുടുംബാംഗങ്ങളുടെയും അവരുടെ പ്രാരബ്ധങ്ങളുടെയും ഇടയില്‍ ഞെരുങ്ങുകയും മറുനാട്ടില്‍ മറ്റൊരു സംസ്കാരത്തില്‍ വളരുന്ന മക്കളെ നേര്‍വഴി നടത്തുകയും അതിനിടയില്‍ സാമൂഹ്യമായ പദവികള്‍ കാത്തുസൂക്ഷിക്കാ നുള്ള പെടാപ്പാടില്‍ എത്തുകയും ചെയ്യുന്ന കഥാപാത്രങ്ങളെ പ്രവാസികളായ എഴുത്തുകാരികളൊക്കെ പരിചയപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കന്‍ ഐക്യനാടുകളില്‍ ജീവിക്കുന്ന മൂന്ന് എഴുത്തുകാരികള്‍ നമുക്കുണ്ട്. നീന പനയ്ക്കല്‍, നിര്‍മ്മല, റിനി മമ്പലം എന്നിവര്‍. അമേരിക്കന്‍ ജീവിതവും കേരളത്തിലെ ജീവിതവും ഒരേ കൃതിയില്‍ ഒരുപോലെ കഥാതന്തുവായി സ്വീകരിക്കുന്ന എഴുത്തുകാരിയാണ് നീന പനയ്ക്കല്‍. ‘സ്വപ്നാടനം’, ‘മല്ലിക’ ‘നീലമിഴികള്‍ നിറമിഴികള്‍’ എന്നീ നോവലുകളിലെല്ലാം പ്രമേയവും അവതരണവും ഇങ്ങനെത്തന്നെയാണ്. ബിന്ദു ,ബീന എന്ന രണ്ട് ഇരട്ടക്കുട്ടികളുടെ കഥയാണ് സ്വപ്നാടനം. ഒരാള്‍ കേരളീയ സംസ്കാരത്തിലും മറ്റെയാള്‍ അമേരിക്കന്‍ സംസ്കാരത്തിലും വളരുന്നു. അമേരിക്കയില്‍ വളരുന്ന ബീനയ്ക്ക് സ്വതന്ത്ര ബുദ്ധിയും പുച്ഛവും അഹങ്കാരവും മുന്നിട്ടു നില്ക്കുന്നു. ബിന്ദുവാകട്ടെ അനുസരണയിലും ദൈവഭക്തിയിലും വളരുന്നു. ബീനയുടെ തന്നിഷ്ടവും അമേരിക്കന്‍ ജീവിത സാഹചര്യങ്ങളും അവളെ കൊണ്ടെത്തിക്കുന്ന ചതിക്കുഴികളാണ് നോവലിന്റെ പ്രമേയം. സാന്‍ഡ് വിച്ച് ജെനറേഷന് എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു തലമുറ എങ്ങനെയാണ് തങ്ങളുടെ പാതി ഇന്ത്യന്‍ സ്വഭാവങ്ങളെ മറികടക്കാന്‍ ശ്രമിച്ചതെന്നും ആ സാഹസം അവരെ എങ്ങനെയാണ് ജിവിത പരാജയത്തില്‍ എത്തിച്ചതെന്നും ഈ നോവല്‍ പറയുന്നു. ‘മല്ലിക’ വളരെ അസാധാരണവും അവിശ്വസനീയവുമായ ഒരു കഥയാണ്. പഠിക്കണം എന്ന ആഗ്രഹത്തിന് മേല്‍ ഒരു പെണ്‍കുട്ടിക്ക് അനുഭവിക്കേണ്ടിവന്ന ഒരുപാട് ദുരന്തങ്ങളുടെ കഥയാണ് മല്ലിക. സങ്കീര്‍ണ്ണതകള്‍ ധാരാളം ഉണ്ടെങ്കിലും അവസാനപുറം വരെ ആകാംക്ഷയോടെ വായിച്ചുപോകാനാകും വിധമാണ് ഈ നോവലിന്റെ രചനാരീതി. ആഖ്യാനരീതിയുടെ ഒരുപാട് പരീക്ഷണങ്ങള്‍ ഇതിലുണ്ട്.