വിയർത്തുണങ്ങാത്ത ആറ് പ്രവൃത്തി ദിനങ്ങൾക്കും അറുതി വരുന്നത് വ്യാഴാഴ്‌ച രാത്രി മാത്രമാണ്.. വ്യാഴാഴ്ച രാത്രിയിൽ മഹേഷ് കിടക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളെല്ലാം വെള്ളിയാഴ്ച രാവിലെയുള്ള മുടങ്ങാത്ത ഫുട്ബോൾ കളിയെക്കുറിച്ചാണ്.

ഓണത്തിന് ഇത്തവണയും നാട്ടിൽ പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. മടക്കയാത്രയുടെ നൂലാമാലയിൽ നാട്ടിൽ കുടുങ്ങി നിൽക്കുന്നത് ആലോചിയ്ക്കാൻ വയ്യ.ഏതു വേനലിലും ശൈത്യത്തിലും മഴയിലും മുടക്കം വരുത്താതെയുള്ള ഒരു മണിക്കൂർ ഫുട്ബോൾ കളി. ജീവിതത്തിന്റെ സകല യാഥാർത്ഥ്യങ്ങളും മറന്ന് രണ്ട് ഗോൾ പോസ്റ്റുകൾക്കിടയിൽ പന്തിനായി ഓടി തീർക്കുന്ന അനർഘ നിമിഷങ്ങൾ.
രാത്രി തുടങ്ങിയവർദ്ധിച്ച ഈർപ്പത്തിന് രാവിലെ ആയിട്ടും ഒട്ടും കുറവില്ല. വെയിൽ മൂക്കുന്നതിന് മുമ്പ് തന്നെ പതിവ് പോലെ കളി തുടങ്ങി. നീലയും മഞ്ഞയും ജേഴ്സികളിലായി ടീമുകൾ മുഖാമുഖം. പതിവ് പോലെ മഹേഷ് മിഡ് ഫീൽഡിൽ മഞ്ഞ ജേഴ്സിയും ബൂട്ടുമിട്ട് ഇറങ്ങി.കളി തുടങ്ങി അഞ്ച് മിനുട്ട് കഴിഞ്ഞിട്ടും ബോൾ ആരും മഹേഷിന് പാസ് ചെയ്യുന്നില്ല. ഫ്രീ ബോൾ ഒന്നും കിട്ടുന്നുമില്ല. മുന്നോട്ട് പോയപ്പോൾ ഫോർവേഡ് താക്കീത് നൽകുന്നു. മിഡ്ഫീൽഡ് വിടരുതെന്ന്. ഹാഫിലേക്ക് ഇറങ്ങുമ്പോൾ മുന്നോട്ട് പോകാൻ പറയുന്നു. സ്വത്വം അന്വേഷിക്കുന്ന മുകുന്ദന്റെ” പ്രഭാതം മുതൽ പ്രഭാതം വരെയിലെ” നായകനെപ്പോലെ മഹേഷ് കിതച്ചു. ജേഴ്സി വിയർത്ത് നനഞ്ഞു. കളി സജീവമായ മൈതാനത്തിന്റെ മധ്യത്തിൽ മഹേഷ് ഇരുപത് പേരിൽ ഏകനായി. മെല്ലെ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി പിന്നിലേക്ക് നടന്നു. ഗോൾ കീപ്പർ വിശ്വനാഥനോട് മഹേഷ് അപേക്ഷിച്ചു,

“വിശ്വേട്ടാ, ആ ഗ്ലൗവ്സ് എനിയ്ക്ക് തരുമോ ഞാൻ ഗോളി നിന്നോട്ടെ. ഈ ഗോൾ പോസ്റ്റിലെ ഏകാന്തത ഞാൻ സഹിച്ചോളാം.”
ചിത്രരചന : പ്രസാദ് കുമാർ
കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്