പൂമുഖം ART ഡൂൽ – ഒരു പ്രേതനഗരത്തിൻറെ ചിത്രങ്ങൾ

ഡൂൽ – ഒരു പ്രേതനഗരത്തിൻറെ ചിത്രങ്ങൾ

‘ബെൽജിയം’ എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ചിത്രം എന്താണ്? ആൻറ്റ്‌വെർപ്പിലെ അനവധി ആഭരണകടകളിൽ ഒന്നിൽ ഏതോ ജൂത-ആലേഖികയുടെ കരവിരുതിൽ വിരിഞ്ഞ മനോഹരമായ ഒരു രത്നഖചിതമോതിരം; അല്ലെങ്കിൽ റൂബെൻസിൻറെയോ വാൻ ഐക് സഹോദരരുടെയോ, ഇനി അഥവാ നിങ്ങൾ ഒരു ആധുനികവാദിയെങ്കിൽ റെനെ മഹ്രിത്തിൻറെയോ എണ്ണച്ചായത്തിലെ ഏതോ ഒരു ലാവണ്യം കലർന്ന മുഖച്ഛായ; ഇതൊന്നുമല്ലെങ്കിൽ സ്ഫടികവിളക്കുകൾ ചുവടുചുവടായി വിരിഞ്ഞുനിൽക്കുന്ന വാസ്തുഭംഗി സ്ഫുരിക്കുന്ന കെട്ടിടനിർമ്മിതിയൊ; ഫാദർ ഡാമിയനൊ ഹെർകൂൾ പോയ്‌റോയോ ടിൻ-ടിൻ ചിത്രപടപുസ്തകമോ എന്തും തന്നെ ആവട്ടെ.

ഒരു പക്ഷെ ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു കൊച്ചു നഗരത്തിൻറെ ജഡവും, ചിത്രലേഖനകലയുടെ പുത്തൻ സ്വതന്ത്രശൈലിയായ ‘ഗ്രാഫിറ്റി’യുടെ വിളനിലവുമായി പൊരുതി നിൽക്കുന്ന ‘ഡൂൽ’ (Doel) എന്ന പേരധികമാരും കേട്ടിരിക്കാനിടയില്ല. സ്വന്തം ഭവനങ്ങൾ തന്നെ വിട്ടൊഴിയാൻ നിർബന്ധിതരായ ഒരു ചെറിയ ജനതയുടെ നിലക്കാത്ത പ്രതിഷേധത്തിൻറെ സ്വരം ചിത്രമാധ്യമത്തിലൂടെ കേൾപ്പിച്ചുകൊണ്ടിരിക്കുന്ന ഡൂലിൻറെ വേറിട്ട കാഴ്ച്ചകളാണ് ഈ വിവരണത്തിൻറെ വിഷയം. ‘പേടി’ എന്ന വികാരത്തിൽ നിന്നും ‘ചെറുത്തുനിൽപ്പ്’ എന്ന വിചാരത്തിലേക്കുള്ള വഴികളിൽ പലവട്ടം അന്ധാളിച്ചു നിന്നവർ, പിന്നെ എന്തും വരട്ടെ എന്നു വച്ചു മുന്നോട്ടു നടന്നവർ, തേടിയ സ്വസ്തിയിൽ കടമൊഴിപ്പിക്കലിൻറെ ഭാഗമായി കയ്യും കാലും കണ്ണും തലച്ചോറും തന്നെ നഷ്ടപ്പെട്ടവർ: അവർക്കായാണ് ഇത് ഏഴുതുന്നത് തന്നെ. മനസ്സിലാക്കാൻ പ്രയാസമുള്ളതും എന്നാൽ മനസ്സിലായാൽ വിജ്ഞാനത്തിൻറെ പ്രജ്ഞാശകലമാവാൻ കെൽപ്പുള്ള ഒരു സത്യത്തിൻറെ ബഹിർസ്ഫുരണങ്ങളാണ് ഗ്രാഫിറ്റിയും ഡൂലും ഒക്കെ, അത് ബിനാലെക്ക് പിന്നിൽ ‘ഗസ് ഹൂ’ വരച്ചവതരിപ്പിച്ചതായാലും. എന്തിനു വരയ്ക്കുന്നു, ആർക്കായി വരയ്ക്കുന്നു, എവിടെ വരയ്ക്കുന്നു എന്ന മൂന്നടിസ്ഥാന ചോദ്യങ്ങളുടെ ഉത്തരം തേടിയുള്ള യാത്രയാകട്ടെ ഇനി.

എവിടെ വരയ്ക്കുന്നു എന്നതിൽ തുടങ്ങാം. ഞാൻ ഒരു പേനയും കടലാസുമായി തുടങ്ങി, വരച്ചുവച്ച്, പിന്നെ മനസ്സിൽ കണക്കുകൾ കൂട്ടിയും കിഴിച്ചും, തറപാകി, പടിപടിയായി കല്ലുപടുത്ത്, വാതിലുകളും ജനലുകളും മച്ചും മച്ചിൻപുറങ്ങളും മച്ചിൻപുറത്തെ സ്വപ്നശയനമുറിയും പണിതെടുത്ത വീട്ടിൽ എനിക്കു വരച്ചലങ്കരിക്കുന്നതിൽ തെററുണ്ടൊ? പുറം മതിലുകളിൽ ചുമരുകളിൽ അയൽക്കാരിലും വഴിപോക്കരിലും വെറുപ്പും ഭീതിയുമുളവാക്കും വിധം ചിത്രങ്ങളും സന്ദേശങ്ങളും വരയ്ക്കരുത് എഴുതരുത് എന്ന് നിയമവശം. സോഡാനാരങ്ങാവെള്ളം വാങ്ങാൻപോലും കാശില്ലാത്തവൻറെ മുന്നിൽ കോളകമ്പനിയുടെ വലിയ പരസ്യചിത്രങ്ങൾ സ്ഥാപിക്കുന്നത് അവനിൽ വിരസതയും വിരക്തിയും വളർത്തുന്നില്ലെ? സ്വന്തം സ്തനങ്ങളുടെ വലിപ്പമൊ വലിപ്പക്കുറവൊ, ഫോട്ടോഷോപ്പ് ചെയ്ത നടികളുടെ പടുകൂററൻ ചുമർചിത്രങ്ങളെ വച്ച് തോതളക്കാൻ നിർബ്ബന്ധിതരാകുന്ന യുവത്വത്തിൻറെ സൌന്ദര്യസങ്കൽപങ്ങളുടെ മേലുള്ള കുത്തകഭീമൻമാരുടെ കടന്നുകയററവും കണ്ടില്ലെന്നു നടിക്കണം. ‘വാൻറാലിസ’ത്തിനെന്നോണം ‘ബ്രാൻറാലിസം’ (Brandalism) എന്ന പേരു തന്നെ വളർത്തിയ ബാൻക്സിയും പറയുന്നതിതു തന്നെ, ”എവിടെ വരയ്ക്കണം എന്നു തീരുമാനിക്കുന്നത് ഞാനാണ്. നിങ്ങൾക്കിഷ്ടമായില്ലെങ്കിൽ നിങ്ങൾ ഞാൻ വരച്ചതിനു മുകളിൽ വേറെ ചായങ്ങളെഴുതിയാലും വിരോധമില്ല: പലർക്കും ഈ ലോകത്തെ ഇപ്പോഴുള്ളതിനേക്കാൾ മികച്ച ലോകമാക്കാനുള്ള തിടുക്കമാണ്. ഞാൻ ശ്രമിക്കുന്നത് ലോകത്തെ ഇപ്പോഴുള്ളതിനേക്കാൾ കാഴ്ചയിലെങ്കിലും അൽപം മികച്ചതായ മറ്റൊരു ലോകത്തെ സൃഷ്ടിക്കാനാണ്.”

ആർക്കായി വരയ്ക്കുന്നു, എന്തിനു വരയ്ക്കുന്നു എന്ന ചോദ്യങ്ങൾ പരസ്പരം വളരെയേറെ ബന്ധപ്പെട്ടുകിടക്കുന്നു. കല കലയ്ക്കുവേണ്ടി മാത്രമെന്നുറക്കെ പ്രഖ്യാപിക്കുന്ന ചുമരെഴുത്തുകൾ തെരുവിലാകമാനം കാണാം. അണുമലിനീകരണഭീഷണിമൂലം അടച്ചൊഴിക്കപ്പെട്ട പ്രേതനഗരമാണിത്. പേരു പോലും മറവിയുടെ പുസ്തകത്തിൽ മായാമെങ്കിലും അവരുടെ സ്വപ്നങ്ങളിൽ അവരതിനെ വിളിച്ചത് ‘ഡൂൽ’ എന്നായിരുന്നു.

ചെങ്കല്ലിൽ കെട്ടിപ്പടുത്ത വീടിൻറെ പിൻചുമരിലൊരു വലിയ നീലനിറമുള്ള കോഴി. ആണവനിയന്ത്രണത്തിൻറെ അപായചിഹ്നം പലയിടത്തായി വരച്ചുവച്ചിട്ടുണ്ട്. ചില്ലുകൾ നഷ്ടപ്പെട്ട മുന്നിലെ ജനവാതിലിൽ ‘ഗതികിട്ടാതെയലയുന്ന ആത്മാക്കളുടെ വീട്’ എന്നെഴുതി വച്ചിട്ടുണ്ട്. കിഴക്കുവശത്തെ പുറം ചുമരിൽ, ‘ഡി’ – ‘ഓ’ – ‘ഇ’ – ‘എൽ’ എന്ന് വെളുത്ത അരികുകളുള്ള കറുത്ത ലിപിയിൽ കാണാം. അടുക്കള ഭാഗത്തെ വാതിലിൻറെ സ്ഥാനത്ത് ഒരു കൂററൻ മരപ്പലക കൊണ്ട് ആണിയടിച്ചുവച്ചിട്ടുണ്ട്, അതിൽ ഒരു ഹൃദയം കൊത്തിപറിക്കുന്ന രണ്ടു കാക്കകളുടെ ചിത്രവും ഫ്രഞ്ചുഭാഷയിൽ ഒരു കവിതാരൂപത്തിലുള്ള വിലാപത്തിൻറെ ഈരടികളുമുണ്ട്. പടിഞ്ഞാറെ ചുമരിൽ ശയ്യാമുറികളെന്നു തോന്നുന്നിടത്തായി, ‘കാടിനെ രക്ഷിക്കൂ, അധികാരവർഗ്ഗത്തിൻറെ നാടിനെ കൊന്നുകളഞ്ഞേക്കൂ’ എന്ന മുദ്രാവാക്യവും, ‘അനാർക്കി’യുടെ ചിഹ്നവുമുണ്ട്. മറ്റൊരു മുറിയുടെ പുറംചുമരിൽ ഏതാണ്ടു മുഴുവനായി വ്യാപിച്ചു നിൽക്കുന്നത് ഒരു പൂച്ചയുടെ ചിരിച്ചു കൊണ്ടിരിക്കുന്ന മുഖമാണ്. പിന്നെയും പലയിടത്തായി തലയോട്ടിചിത്രങ്ങളും, ഒട്ടനവധി നിറങ്ങളിലും അവയുടെ നിഴൽപറ്റിയുറങ്ങുന്ന വർണ്ണക്കൂട്ടുകളിലുമെഴുതിയ കണക്കറ്റ പേരുകളും, ചിലയിടത്തായി ‘ഭ്രാന്ത്’ എന്നൊ ‘ഭ്രാന്തൻ’ എന്നൊ അർത്ഥം വരുന്ന പദങ്ങളും ശ്രദ്ധിച്ചു നോക്കിയാൽ കാണാം.

മുൻപത്തെ വീടിനോടേതാണ്ടു ചേർന്നുകിടക്കുന്ന സമാനനിർമ്മിതിയിലുള്ള മറ്റൊരു കെട്ടിടത്തിൻറെ പിൻചുമരിൽ മൂന്നു കഥാപാത്രങ്ങൾ. ഒരു കൈയിൽ കൊളുത്തിയ പന്തവും മറുകൈയിൽ യിൻ-യാങ്ങ് മുദ്രയുമായി കൈകൾ പിണച്ചുവച്ച് മാറുമറച്ചു നിൽക്കുന്ന പച്ചക്കുപ്പായമിട്ട ഒരു മൊട്ടത്തലയൻ. അയാളുടെ തൊലിക്കു മഞ്ഞ നിറമാണ്. ചെറിയ കണ്ണുകളും വലിച്ചടച്ചുനിൽക്കുന്ന മുഖത്ത് അതിയായ ദൈന്യഭാവം.അയാളുടെ വയറിൻറെ ഭാഗത്തായി കുപ്പായത്തിലെ പടമെന്നപോലെ തുറിച്ചുനിൽക്കുന്ന ഒരൊറ്റക്കണ്ണ്. അയാൾക്കരികിൽ മൂവരിലും നടുവിലായി കുരിശുവരച്ചുവച്ച കൂർത്ത തൊപ്പിയുമിട്ടൊരു കുരങ്ങൻ. മുഖത്തിൻറെ ഏതാണ്ടു മുക്കാൽ ഭാഗവും നിറയുന്ന പാതിയടഞ്ഞ കണ്ണുകൾ. ചുവന്ന നാക്ക് വായുടെ പുറത്തേയ്ക്കൊരു മലിനജലച്ചാലു പോലെ നീട്ടിയിരിക്കുന്നു. അയാൾക്കിടതു ചേർന്ന് ചുവന്ന കൊമ്പുകളുള്ള ത്രികോണാകൃതിയിൽ തലയുള്ള എന്തോ ഒരു വിചിത്ര ജീവി.

ഗ്രാഫിറ്റി പറയാൻ ശ്രമിക്കുന്നത് ഒരു തേങ്ങലിനേക്കാൾ നേർത്ത വേദനയുടെ ചിത്രമാണ്. അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ ആർത്തനാദം. അവർ ചുമരുകളിലും വീടുകളിലും തീവണ്ടിയാപ്പീസിൻറെ ഇടനാഴികളിലും അവരുടെ കലാചാതുരി പ്രദർശിപ്പിക്കുന്നത് പ്രശസ്തിയൊ പേരോ മോഹിച്ചല്ല. സ്വത്വപ്രകാശനത്തിൻറെ തീർത്തും നിസ്വാർത്ഥമായ ഒരു തലത്തിലാണ് ആ നിറച്ചായങ്ങൾ നിലകൊള്ളുന്നത്. ഡൂലിലത് പ്രതിഷേധത്തിൻറെ നിശ്ശബ്ദഗീതമാകുന്നതും കലയിലൂടെ ആത്മസാക്ഷാത്ക്കാരം നേടുന്ന ഒരു ചെറിയ ജനതയുടെ സ്വപ്നങ്ങളെക്കൊണ്ടാണ്. അവരുടെ പേക്കിനാവുകളിൽ അവർ കാണുന്ന ഇരുണ്ട നിറങ്ങളിൽ ചുറ്റുമുള്ള കഠിനമായ യാഥാർത്ഥ്യത്തെ വരച്ചുവയ്ക്കാൻ അവർ അവരുടെ വീടുകളുടെ ചുമരുകളും നിരത്തുകളിലെ കാഴ്ചപ്പലകകളും തിരഞ്ഞെടുത്തതിനാൽ ഡൂൽ ഇന്നൊരു ഗ്രാഫിറ്റി നഗരമായി. സമാനചിന്തകരായ കലാകാരൻമാർ ഇടയ്ക്കിടെ പോയി വരയ്ക്കുന്ന, വരച്ചതിനു മുകളിൽ തങ്ങളുടെ സന്ദേശങ്ങളെഴുതുന്ന ഒരു വലിയ കാൻവാസ്. ഏതാണ്ടാ നഗരത്തിൻറെ തന്നെ വിസ്തൃതിയിൽ.

ഒരു ജനാലയടച്ച ചട്ടയിൽ കണ്ട ചിത്രമിതാണ്. നിരത്തിലേയ്ക്ക് നിറതോക്കുമായി തൻറെ വീടിൻറെ ഉമ്മറത്തിറങ്ങി ഉറ്റുനോക്കുന്ന ഒരു യുവതി. ചുമരിലെ ജനവാതിലിനുള്ളിലൂടെ പുറത്തേക്കു വളർന്നു പൂവിട്ടു നിൽക്കുന്ന അലങ്കാരസസ്യം അതിൻറെ വിടർന്നു നിൽക്കുന്ന പിങ്കു പൂവുകൾ തോക്കിൽ നിന്നും ചീറ്റിത്തെറിച്ചതാണോ എന്നു തോന്നും. ‘വാൾ ഏൻറ് പീസ്’ (Wall and Piece) എന്ന ബാൻക്സിയുടെ പുസ്തകത്തിൻറെ പുറംതാളിൽ കാണുന്ന പൂങ്കൊട്ട എറിയാനായടക്കിപ്പിടിച്ച തീവ്രവാദിയുടെ ചിത്രത്തോട് ഇതിനും സാമ്യം തോന്നിയത് തികച്ചും സ്വാഭാവികം. മറ്റൊരു ഗൃഹത്തിൻറെ പിൻചുമരിൽ ബലൂൺ പറത്തുന്ന ഒരു വെള്ള തിമിംഗലം, അതിനടുത്തായി പരസ്പരം കോർത്ത് വലിയൊരു വൃത്തമാകുന്ന ഏഴു വൃത്തങ്ങൾ. നടുക്കു തുറക്കുന്ന ഒരു വാതിലിൻറെ രണ്ടു തകിടുകളിലായി ആർത്തുല്ലസിക്കുന്ന രണ്ടു കുട്ടികൾ, ഒരാണും ഒരു പെണ്ണും. പിങ്കു നിറമുള്ള നൃത്തത്തിനായി തയ്യാറാക്കിയ വേഷമാണ് പെൺകുട്ടിക്ക്. തലയിലൊരു പിങ്കു തൊപ്പിയുമുണ്ട്. ആൺകുട്ടിക്കു നീല ഷർട്ടും കറുത്ത പാൻറ്സുമാണ് തലയിലൊരു മഞ്ഞത്തൂവൽത്തൊപ്പിയും. തുറിച്ചു നോക്കുന്ന കണ്ണുകൾ വരച്ചിട്ട ജനാലകൾ അനവധിയുണ്ട് അവിടെ.

‘റോവാ’ (ROA) എന്നു പേരുള്ള, സമീപത്തുള്ള നഗരമായ ഘെൻറിൽ താമസിക്കുന്ന (?) ഒരു ഗ്രാഫിറ്റി ചിത്രകാരൻറെ ശൈലിയിലുള്ള വളരെ വലിയ ഉറങ്ങുന്ന ഒരു പോത്തുണ്ട്, ഒരു കടയുടെ പിൻചുവരു മുഴുവനായി. കറുപ്പും വെളുപ്പും ചാരനിറവും മാത്രമുപയോഗിച്ചു വരക്കുന്നയാളാണു റോവാ. ഘെൻറിലെ ഒരു ഫ്ലാറ്റിൻറെ പിൻചുമരിലുള്ള ഭീമാകാരൻ കൊക്കും, ഡാംപൂർട്ട് സ്റ്റേഷൻറെ പിന്നിലെ മയക്കം നടിച്ചു കിടക്കുന്ന പന്നിയും പോലെ ദേഹമാസകലം കറുത്ത രോമം നിറഞ്ഞ ശരീരമാണ് ഡൂലിലെ പോത്തിനും.

‘ഗ്രാഫിറ്റി സേവ് മൈ ലൈഫ്’ എന്നെഴുതി വച്ച ഒരു കാർപോർച്ചിൻറെ വാതിൽ നിറയെ ചിത്രലേഖനങ്ങളാണ്. സ്പ്രേ-കാനുമായി ചിത്രരചനയിലേർപ്പെട്ടിരിക്കുന്ന വിവിധരൂപങ്ങളെ തന്നെ വരച്ചു വച്ചിട്ടുണ്ട് നഗരത്തിൻറെ പല പല ഭാഗങ്ങളിലായി. ചിലയിടത്തു വരച്ചുവച്ച വരയിലേർപ്പെടുന്ന രൂപങ്ങൾക്ക് കോമിക്ക് ഛായയാണ്, ബൽജിയമല്ലെ, അങ്ങനെയല്ലതെ വരുമൊ. മറ്റൊരു വീടിൻറെ രണ്ടു പുറം ചുമരുകളിൽ ‘ആലീസ് ഇൻ വണ്ടർലാൻറിൻറെ’ പ്രചോദനം ഉൾക്കൊണ്ടു വരച്ച ചിത്രങ്ങളാണ്. ഒരു ചുമരിൽ ഘടികാരം തൻറെ കൂർത്ത നഖങ്ങൾക്കിടയിൽ വച്ചു ഞെരിക്കുന്ന നീലക്കോട്ടിട്ട മുയലാണ്. ആ വാച്ചിൻറെ ചങ്ങല നീളുന്നത് അതിനടുത്തുള്ള മറ്റേ പുറം ചുമരിലേക്കാണ്. അവിടെ ചങ്ങലയുടെ മറ്റെ അറ്റത്ത് വിഷണ്ണയായിരിക്കുന്ന ആലീസ്. കാർപോർച്ചിൻറെ മതിലിൽ കൈകോർത്തു നിൽക്കുന്ന നവദമ്പതികളുടെ ഒരു ചിത്രമുണ്ട്. ഒരു കാർട്ടൂൺ ഹൊറർകോമഡി കഥാപാത്രങ്ങളാണവർ. അവരുടെ മുഖത്തു നമുക്കു വായിച്ചെടുക്കാം ഡൂലിൻറെ നിസ്സഹായത.

ഒരു പഴയ പബ്ളിക് ടെലിഫോൺ ബൂത്തിനു പുറത്ത്, വിശ്രമിക്കുന്ന ഒരു ആൺമാലാഖയുടെ ചിത്രമുണ്ട്. ഗബ്രിയേൽ തന്നെയാവാം. ചിറകുകൾ ഉണക്കാനിട്ട പോലെ പിന്നിൽ വിരിച്ചിട്ടിട്ടുണ്ട്. തലയിലെ ദിവ്യവലയം ഒന്നു വളഞ്ഞിട്ടുണ്ട്. മുഖത്തു നിഴലിച്ചു കാണുന്ന ഭാവം സന്തോഷമോ തൃപ്തിയോ ഒന്നുമല്ല, എന്തെന്നില്ലാത്ത നിരാശ. പലയിടത്തു വരഞ്ഞിട്ട രൂപങ്ങൾ അർദ്ധനഗ്നരാണ്. നിറയെ ഇലകൾ കൊണ്ടു നിറഞ്ഞ ഒരു കണ്ണും അണുവിഗിരണത്തിൻറെ അപായ സൂചനയുടെ ചിഹ്നം പേറുന്ന കൃഷ്ണമണിയും വരച്ചിട്ട ഒരു വീടിൻറെ ചുമരിൻറെ മറ്റൊരു ഭാഗത്തായി ‘റോവാ’ ശൈലിയിലുള്ള ഒരു ഭീമൻ എലിയുണ്ട്. മൊണാലിസയുടെ പല പല വ്യത്യസ്ത രൂപങ്ങളും എന്നും ഗ്രാഫിറ്റി കലാകാരൻമാരുടെ ഇഷ്ടവിഷയമായിരുന്നുവെന്നു കാണിക്കുന്ന ചിത്രങ്ങളും പലയിടത്തായുണ്ട്.

‘പുരോഗതി’ എന്ന മോഹനവാഗ്ദത്തഭൂമിയെക്കുറിച്ച് ചിലർ പറയുമ്പോൾ നിങ്ങളൊന്നോർക്കുക. അവരുടെ സ്വപ്നങ്ങൾ അവർ വിശദീകരിക്കുമ്പോൾ എവിടെയാണ് നിങ്ങളുടെ കുട്ടികൾ കണ്ടു വളരേണ്ട ചിത്രശലഭങ്ങളുടേയും മുക്കുറ്റിപ്പൂവുകളുടേയും (ട്യുളിപ് പൂവുകൾ എന്ന ഫ്ലമിഷ് ഭാഷയറിയുന്നവർക്കു വായിക്കാം) സ്ഥാനം എന്നൊന്നാലോചിക്കണം. അപ്പോളറിയാം ആ പുരോഗതി പ്രകൃതിയെ സ്നേഹിക്കുന്നവരുടെ അധോഗതിയാവാമെന്ന്. ആണവനിലയങ്ങളും ഭരണവർഗ്ഗം കൈയ്യാളുന്ന അതിവേഗതാരഥ്യകളും ആകാശമാർഗ്ഗം ചരിക്കുന്ന രാജ്യതന്ത്രജ്ഞരുടെ അളന്നു മുറിച്ച ഭക്ഷണക്രമവും ഭൂമിയിലെ പ്രശ്നങ്ങളോടുള്ള അവഗണന നിറഞ്ഞ മനോഭാവത്തെ ദൃശ്യമാധ്യമങ്ങളിലൂടെ പ്രദർശിപ്പിച്ച് അതിലും ഒട്ടും ജാള്യത അനുഭവപ്പെടാത്ത ഭാവനാവിലാസങ്ങൾക്കെങ്ങനെ മനുഷ്യനെ അറിയാനാവും. അതറിയാൻ ഡൂലിലെ പലയിടത്തായി വരഞ്ഞുവച്ച പ്രത്യാശയുടെ ദൌർലഭ്യം പേറിയ ചിത്രസമൂഹത്തെ പോയിക്കാണാം. അവിടെ ഏതോ ഒരു കൊട്ടിയടയ്ക്കപ്പെട്ട ജനവാതിലിൻ തകിടിൽ ജ്ഞാനഖനികൾ വായിച്ചെടുക്കാം. തൊട്ടറിയുന്ന സുഖമനുഭവിക്കാം. എന്നാൽ അധികം നേരം അങ്ങിനെ നിന്നു കാണാനും കഴിയില്ല. അണുവിഗിരണമുള്ള പ്രദേശമാണ്. വാസയോഗ്യമല്ല എന്നു സാരം. ആ അറിവോടെ ആവാസത്തിനായി നിങ്ങൾക്കാരോ നിയോഗിച്ച സ്ഥലപരിമിതിയിൽ നിങ്ങൾക്കൊതുങ്ങാം. എന്നിട്ടാ വീടും സകലപ്രതീക്ഷകളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആബാലവൃദ്ധം ജനതയെക്കുറിച്ചോർത്ത് ചില വരികളെങ്കിലും എഴുതിവയ്ക്കാം. ഇരുളിൻറെ മറവിൽ ഒരു ചിത്രം ആരും കാണാതെ കോറിയിടാം. അപ്പോൾ ചിലപ്പോൾ ഡൂലിലെ സെമിത്തേരിക്കും പിന്നിലെ വൻമതിലിൽ വരച്ചിട്ട ദേഹം മുഴുവൻ രോമം നിറഞ്ഞ പടുകൂറ്റൻ പോത്തിന് ഒരു രാത്രി സമാധാനമായുറങ്ങാം, മറ്റെവിടെയോ ആരൊക്കെയോ പ്രതിഷേധത്തിൻറെ മാധ്യമമായി ‘ഗ്രാഫിറ്റി’ തിരഞ്ഞെടുത്തു എന്ന ചാരിതാർത്ഥ്യത്തോടെ.

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like