ഒരു സാമ്പാറിന്റെ മനസ്സു എത്ര സങ്കടകരമായിരിക്കും
എന്തെല്ലാം തരം കഷ്ണങ്ങളെ ആണ് സഹിക്കേണ്ടത്.
വെണ്ടയുടെ വഴുക്കൽ സാമർത്ഥ്യങ്ങൾ, പച്ചമുളകിന്റെ വറ്റൽ മുളകിന്റെ നീറ്റലുകൾ, ഉള്ളിൽ കടിച്ചു പിടിച്ച പല്ലുകളുടെ ദേഷ്യം പുറത്തുകാട്ടാത്ത വെള്ളരിക്കകൾ, അരിയപ്പെട്ടു നീളത്തിൽ
എല്ലാം നഷ്ടപെട്ടവളെ പോലെ
അമരയ്ക്കാകളുടെ നിരാശകൾ,
തവിയുടെ അരികിൽതൂങ്ങി നിന്ന് ആളാവാൻ നോക്കുന്ന കറിവേപ്പിലകൾ,
വാപൊളിച്ച് പാത്രത്തിൽ കുടവയറുകാട്ടി തറ്റുടുത്ത ഉരുളകിഴങ്ങന്മാർ..
അധികാരിയാണെന്ന ഭാവത്തിൽ ചൊറിയന്മാരാകാം
മുതുമുതുക്കൻ ചേമ്പന്മാർ ചേന മുരടന്മാർ., രുചി മുറിച്ചു പോകുന്ന കായത്തിന്റെ കപടതകൾ
നീറി നീറി പോകുന്ന തക്കാളിത്തങ്ങൾ,
മത്തന്റെ മന്ദതകൾ, പടവലങ്ങയുടെ വിങ്ങലുകൾ…
സവാളയുടെ അഹങ്കാരങ്ങൾ
സമ്പാറിന്റെ ആത്മാവോ ചുവന്നു ഒഴുകി ഒഴുകി അങ്ങിനെ…പരിപ്പിന്റെ ചതഞ്ഞ പിറുപിറുക്കലിൽ മനം മടുത്തങ്ങിനെ
ഹോ..!!!!
കവർ ഡിസൈൻ : സി പി ജോൺസൺ