പൂമുഖം Travelയാത്ര അഗ്നിഭൂമിയിലൂടെ ഒരു യാത്ര (ഭാഗം- 1)

അഗ്നിഭൂമിയിലൂടെ ഒരു യാത്ര (ഭാഗം- 1)

സമ്പന്നമായ ചരിത്രവും ഊർജ്ജസ്വലമായ സംസ്കാരവും സ്വന്തം മാറിൽ പകർത്തുന്ന, പ്രകൃതിഭംഗികൊണ്ട് അനുഗ്രഹിക്കപ്പെട്ട, ഒറ്റവാക്കിൽ “അഗ്നിയുടെ ദേശം” എന്ന് വിശേഷിപ്പിക്കാവുന്ന ഒരു രാജ്യമാണ് അസർബൈജാൻ. കാസ്പിയൻ കടലിൻ്റെ തിളക്കമേറിയ ആലിംഗനത്തിലമരുന്ന, കോക്കസസ് പർവതനിരകളുടെ മഹത്തായ കൊടുമുടികൾ കുടചൂടുന്ന, യൂറോപ്പിൻ്റെയും ഏഷ്യയുടെയും ക്രോസ്‌റോഡിൽ നിലകൊള്ളുന്ന ഈ നാട് വൈരുദ്ധ്യങ്ങളുടെയും ഐക്യത്തിൻ്റെയും അതിമനോഹരമായ ഒരു ക്യാൻവാസാണ്. ഇവിടെ, ഓരോതരി മണ്ണും കല്ലും തീജ്വാലയും തിരമാലയും താരതമ്യത്തിനപ്പുറമുള്ള സംസ്കാരത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും കഥ പറയുന്നുണ്ട്.

“നിന്റെ പരവതാനികൾ
ചരിത്രത്തിൻ്റെ നൂൽകൊണ്ട് നെയ്തതാണ്,
ഓരോ രൂപകൽപനയ്ക്കും
കണ്ണീരിൻ്റെയും അപ്പത്തിൻ്റെയും കഥയാണ്.
ഓ, തീയുടെ നാടേ,
നീ എന്നുമൊരു പ്രകാശമായിരിക്കും –
പ്രത്യാശയുടെ, അഭിമാനത്തിന്റെ
സ്വാതന്ത്ര്യത്തിന്റെ..!”
അസർബൈജാനിലെ പ്രശസ്ത കവി സമദ് വുർഗുൻ്റെ, “അസർബൈജാൻ” എന്ന കവിതയിലെ ചില വരികളാണിത്. കവിതയിൽ അഭിമാനത്തോടെ ആഘോഷിക്കുന്ന രാജ്യത്തിന്റെ ഭൂപ്രകൃതി, സംസ്കാരം, നൈസർഗ്ഗികത എന്നിവ പലപ്പോഴും വർണ്ണനാതീതമാണ്.

പുരാതന പൈതൃകത്തിന്റെയും ആധുനിക അത്ഭുതങ്ങളുടെയും അതുല്യമായ സമ്മിശ്രണങ്ങളിലൂടെ ഒരു രാജ്യത്തെ നിർവചിക്കുന്നതായാണ് അസർബൈജാൻ യാത്രയിൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കുക. ഖബാലയിലെ ശാന്തവും സുന്ദരവുമായ പ്രകൃതിദൃശ്യങ്ങൾ, ഗൊപുസ്താനിലെ അതിപുരാതനമായ ശിലാലിഖിതങ്ങൾ, പ്രകൃതിയുടെ അത്ഭുതമായ ചെളിമൺ പർവ്വതങ്ങൾ, യാനാർദാഗിലെ അണയാത്ത അഗ്നിജ്വാല മുതൽ ബാക്കുവിലെ അംബരചുംബികളായ കെട്ടിടങ്ങളുള്ള തിരക്കേറിയ തെരുവുകൾ… ഇതൊക്കെക്കൊണ്ടായിരിക്കാം അസർബൈജാൻ ടൂറിസ്റ്റുകളുടെ ഒരു പ്രധാന ആകർഷണകേന്ദ്രമാകുന്നത്. ഇതെല്ലാംകൊണ്ടുതന്നെ കുടുംബസമേതമുള്ള എന്റെ യാതയുടെ ഓരോ നിമിഷവും അറിവുകളുടെയും അനുഭൂതിയുടെയും അമൂല്യമായ ശേഖരമായി.

ഗബാല: അസർബൈജാനിലെ മൗണ്ടൻ റിസോർട്ട്
നിറപ്പകിട്ടാർന്ന സൗന്ദര്യം ഒന്നായി കോരിച്ചൊരിയാനുള്ള അസർബൈജാന്റെ ശരത്ക്കാല തയ്യാറെടുപ്പുകളുടെ അവസാനഘട്ടമായ ആഗസ്ത് മാസാന്ത്യത്തിലായിരുന്നു ഞങ്ങളുടെ യാത്ര. മറ്റൊരു ലോകത്തിലേക്കുള്ള കവാടംപോലെ തോന്നിക്കുന്ന മനോഹര പർവത റിസോർട്ടായ ഗബാലയിലായിരുന്നു (Gebele) ടൂർപ്ലാൻ അനുസരിച്ച്, ഞങ്ങളുടെ യാത്രയുടെ ആദ്യദിനങ്ങൾ. തലസ്ഥാനമായ ബാക്കുവിൽ നിന്ന് ഏകദേശം 225 കിലോമീറ്റർ അകലെയാണ് ഗബാല.

ശാന്തമായ അന്തരീക്ഷവും കോക്കസസ് (Caucasus) പർവതനിരകളുടെ വിശാലമായ കാഴ്ചകളും ഉന്മേഷദായകമായിരുന്നു. ഓരോ നിമിഷവും പ്രദേശത്തിൻ്റെ പ്രകൃതിസൗന്ദര്യത്തിലേക്കുള്ള ഒരു പുതിയ വീക്ഷണം പ്രദാനംചെയ്യുന്നപോലെ അനുഭവപ്പെട്ടു. ആവേശകരമായ കേബിൾകാർ യാത്രയായിരുന്നു ഞങ്ങളുടെ ഗബാല വിശേഷങ്ങളുടെ ഹൈലൈറ്റ്. ആകാശത്തെ തൊടുന്നതായി തോന്നുന്ന പരുക്കൻ പർവതശിഖരങ്ങൾക്ക് വഴിമാറുന്ന പച്ചപ്പുനിറഞ്ഞ താഴ്‌വരകൾ.ഒരു ജീവനുള്ള പെയിൻ്റിംഗുപോലെ കാഴ്ചകൾ ഞങ്ങൾക്കുമുന്നിൽ വികസിച്ചുകൊണ്ടിരുന്നു…

കേബിൾകാർ സ്റ്റേഷനുകളിൽ വ്യൂവിംഗ് പ്ലാറ്റ്‌ഫോമുകളുണ്ടായിരുന്നു. പനോരമിക് ഫോട്ടോകൾ എടുക്കുന്നതിനും തരുശ്രേണികളുടെ മികച്ച അനുഭവം സാധ്യമാക്കുന്നതിനും ഇത് അനുയോജ്യമായ ഒന്നായിരുന്നു. മുകളിൽ എത്തിയപ്പോൾ, മലനിരകളിലൂടെ നെയ്ത പാതകളിലൂടെ ഒരു പര്യവേക്ഷണം പോലെ ഞങ്ങൾ യാത്രചെയ്തു. സാധാരണ കാൽനടയാത്രക്കാർക്കും ട്രെക്കിംഗ് താൽപ്പര്യമുള്ളവർക്കും ഭക്ഷ്യവസ്തുക്കൾ ലഭ്യമായതിനാൽ, കയറ്റങ്ങളിൽ വലിയ ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെട്ടില്ല.

വിനോദവും ആഹ്ളാദവും ആഗ്രഹിക്കുന്നവർക്ക് ആധുനികമായ ആകർഷണങ്ങളും ഗബാല വാഗ്ദാനം ചെയ്യുന്നുണ്ട്. ഞങ്ങൾ പട്ടണത്തിലെ അമ്യൂസ്‌മെൻ്റ് പാർക്കിൽ കുറച്ച് സമയം ചെലവഴിക്കുകയുണ്ടായി. അവിടത്തെ പ്രാദേശിക ക്ലബ്ബുകളിൽ അമ്പെയ്ത്തും ഷൂട്ടിംഗും പരീക്ഷിക്കാമായിരുന്നുവെങ്കിലും സമയക്കുറവ് കാരണം ഞങ്ങൾ അതിന് മുതിർന്നില്ല. ഈ കാഴ്ചകളെല്ലാം ചേർന്നപ്പോൾ ഞങ്ങളുടെ ശാന്തമായ യാത്രയെന്നത് ഒരു ആവേശകരമായ അനുഭവമായിത്തീർന്നു.

ഗബാലയുടെ പുരാവസ്തു കേന്ദ്രത്തിലും ഞങ്ങൾ സന്ദർശനം നടത്തുകയുണ്ടായി. ചരിത്രത്തിലേക്കു സംസ്കാരങ്ങളിലേക്കും പുരോഗതിയിലേക്കും ആഴ്ന്നിറങ്ങുന്ന സചിത്രവിവരണങ്ങൾ അസർബൈജാന്റെ പുരാതന നാഗരികതകളുടെ വളർച്ചയെ വെളിപ്പെടുത്തുന്നതായിരുന്നു. സമീപത്തെ “ചുഖൂർ ഖബാല” പുരാവസ്തുകേന്ദ്രം ഈ ചരിത്രവിവരണത്തിലേക്ക് മറ്റൊരു പാളികൂടിചേർത്തു. എ.ഡി.252 മുതൽ 636 വരെ സസാനിയൻ സാമ്രാജ്യത്തിൻ്റെ കീഴിലായിരുന്ന കോക്കസസിലെ ഒരു രാജ്യമായിരുന്ന കൊക്കേഷ്യൻ അൽബേനിയയുടെ തലസ്ഥാനവും ഏറ്റവും പ്രധാനപ്പെട്ട നഗരവുമായിരുന്നു ‘ഗബാല’യെന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം. നൂറ്റാണ്ടുകൾ പഴക്കമുള്ള വാസസ്ഥലങ്ങളുടെ അവശിഷ്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനിടയിലൂടെ നടക്കുമ്പോൾ ഭൂതകാലത്തിൻ്റെ പ്രതിധ്വനികൾ കേൾക്കാമായിരുന്നു.

ഗബാല വെള്ളച്ചാട്ടങ്ങളും തടാകങ്ങളും ആയിരുന്നു ഞങ്ങളുടെ രാണ്ടാം ദിവസത്തെ കാഴ്ചകൾ. തലസ്ഥാനമായ ബാക്കുവിൽ നിന്ന് ഏകദേശം 225 കിലോമീറ്റർ അകലെയാണ് ഗബാല. ഗ്രേറ്റർ കോക്കസസ് പർവതനിരകളുടെ തെക്കൻ ചരിവുകളിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണിത്. പ്രകൃതിഭംഗികൊണ്ട് വടക്കൻ അസർബൈജാനിലെ മനോഹരമായ ഒരു സ്ഥലമാണ് ഖബാല എന്നും ഗബാല എന്നും അറിയപ്പെടുന്ന ഇവിടം. പുരാതന കാലത്ത് ഇത് ‘കൊക്കേഷ്യൻ അൽബേനിയ’യുടെ തലസ്ഥാനമായി അറിയപ്പെട്ടിരുന്നു.

യാത്രാമധ്യേ, പ്രകൃതിസുന്ദരമായ അരുവികൾ, കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങൾ, ആരെയും മയക്കുന്ന കാട്ടുപൂക്കൾ, വിശ്രമത്തിനു അനുയോജ്യമായ ശാന്തമായ ഇടങ്ങൾ ഒക്കെക്കൂടി യാത്രയെ മികവുറ്റതാക്കിക്കൊണ്ടിരുന്നു. ശുദ്ധമായ ഇളങ്കാറ്റുപകരുന്ന പർവതനിരകൾ പ്രകൃതിയുടെ മഹത്വം വിളിച്ചറിയിക്കുന്നപോലെ. ശുദ്ധ പ്രകൃതിയുടെ അനുഭവം അവിസ്മരണീയമാക്കുന്നതായിരുന്നു ഞങ്ങളുടെ യാത്രയുടെ ആദ്യദിനങ്ങൾ.

ഗബാലയിലെ മനോഹരമായ പ്രകൃതിദൃശ്യങ്ങളിൽ സ്ഥിതി ചെയ്യുന്ന നൊഹർ തടാകം, നമ്മുടെ നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് വളരെ അകലെ ശാന്തമായ ഒരു വിശ്രമസ്ഥലമായി അനുഭവപ്പെടും. ഗംഭീരമായ കോക്കസസ് പർവതനിരകളാൽ ചുറ്റപ്പെട്ട ഈ തടാകം, പ്രകൃതി നമ്മോട് മൃദുവും ശാന്തവുമായ സ്വരങ്ങളിൽ സംസാരിക്കുന്ന ഒരു സങ്കേതം പോലെയാണ് അനുഭവപ്പെടുക

രാവിലെ തുടങ്ങിയ യാത്രയിൽ, കുന്നിൻ ചെരിവിലൂടെയുള്ള ചെറു വെള്ളച്ചാട്ടങ്ങൾ ആസ്വദിച്ചുള്ള നടത്തത്തിനു ശേഷം ഏകദേശം 11 മണിയോടെയാണ് ഞങ്ങൾ തടാകക്കരയിൽ എത്തിയത്. നീലാകാശത്തെയും അതിനെ ചുറ്റിപ്പറ്റിയുള്ള പച്ചപ്പ് നിറഞ്ഞ കുന്നുകളെയും പ്രതിഫലിപ്പിച്ചുകൊണ്ട്, തിളങ്ങുന്ന പകൽ വെളിച്ചത്തിൽ തടാകം അങ്ങനെ തിളങ്ങി നിൽക്കുകയായിരുന്നു. അന്തരീക്ഷം മെല്ലെ ചൂട് പിടിച്ചത് തിരിച്ചറിഞ്ഞു. പൈൻ മരങ്ങളുടെ സൂക്ഷ്മമായ സുഗന്ധം വഹിച്ചുകൊണ്ട്, തെളിഞ്ഞ ഇളംകാറ്റ് പർവതങ്ങളിലൂടെ തടാകത്തിനരികിലേക്ക് വന്നത് ചെറുതല്ലാത്ത ചൂടിൽ ഞങ്ങൾക്ക് വലിയ ആശ്വാസമായി.

ബോട്ടിങ്ങിനു ശേഷം തടാകകരയിലെ ചന്തകൾക്കരികിലൂടെ വെറുതെ നടന്നു. അങ്ങനെ പതുക്കെ നീങ്ങുമ്പോഴാണ് മുകളിൽ ഹെലികോപ്റ്റർ ശബ്ദം മുഴങ്ങിയത്. പർവ്വതത്തിൽ നിന്ന് പുക ഉയരുന്നതും കാണാൻ കഴിഞ്ഞു. തീ പിടിച്ചത് അണയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എത്തിയതായിരുന്നു ഹെലികോപ്റ്റർ. ചൂട് തുടങ്ങുമ്പോൾ ഇതുപോലെ പലപ്പോഴും കാട്ടുതീ അവിടെ പതിവാണെന്നു ഗൈഡ് പറഞ്ഞു..

ബോട്ടിംഗിനു പുറമേ, വൈവിധ്യമാർന്ന ആസ്വാദ്യകരമായ വേറെയും ഇനങ്ങൾ ഉണ്ടെങ്കിലും സമയക്കുറവുകാരണം അധികമൊന്നും ഞങ്ങൾക്ക് തെരഞ്ഞെടുക്കാൻ സാധിച്ചില്ല. സന്ദർശകർക്ക് തടാകക്കരയിലെ പാതകളിലൂടെ കുതിരസവാരി പരീക്ഷിക്കാം, ചുറ്റുമുള്ള പച്ചപ്പിലൂടെ അലസമായി നടക്കാം, അല്ലെങ്കിൽ മനോഹരമായ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് വിശ്രമിക്കാം. മീൻപിടുത്തം, ചെറിയ സവാരികൾ, എന്നിവ ഉൾപ്പെടെയുള്ള വിനോദങ്ങൾക്കും നോഹർ തടാകത്തിൽ അവസരമുണ്ടായിരുന്നു. മകൻ ഇഷാന്റെ ആഗ്രഹപ്രകാരം അവനായി ഇലക്ട്രിക്ക് സ്‌കൂട്ടർ ഓടിക്കുവാനുള്ള ചെറിയൊരു അവസരം വിനിയോഗിച്ചു.

കവർ: ജ്യോതിസ് പരവൂർ

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.