പൂമുഖം LITERATUREകവിത പതികാലങ്ങളിൽ സംഭവിക്കുന്നത്

പതികാലങ്ങളിൽ സംഭവിക്കുന്നത്


നിങ്ങൾ അനീതിയെന്ന് പറയുന്നു,
ഞാൻ നീതിപ്പഴുതുകളിൽ ഇരുട്ടു കൊണ്ട് അരക്കിടുന്നു.

നിങ്ങൾ വിഴുപ്പെന്ന് പറയുന്നു,
എൻ്റെ ഭാഷയിലത് എൻ്റെ സ്നേഹകണങ്ങളുടെ ബാക്കിപത്രമാകുന്നു.

നിങ്ങൾ അടിച്ച് കൊല്ലെന്ന് ആക്രോശിക്കുന്നു,
ഞാനവനെ എന്നിലേക്കാവാഹിക്കുന്നു.

നിങ്ങൾ ആത്മഹത്യയെന്ന് പറയുന്നു,
ഞാനെന്നെ സ്വയം രക്ഷപ്പെടുത്തി
ജീവൻ്റെ മിനാരങ്ങൾ കെട്ടിയതിനെ നിറപ്പെടുത്തുന്നു.

നിങ്ങൾ ജയിലറകളെന്ന് പറയുന്നു,
ഞാനവിടെ പനിനീർ പുഷ്പങ്ങളിൽ
തീ പടർത്തുന്നു,
പ്രാപ്പിടിയൻമാരുടെ പാത്രങ്ങളിലേക്ക്
വിഷജലം നിറക്കുന്നു.

നിങ്ങൾ തൂക്കുമരമെന്ന് നിലവിളിക്കുന്നു,
ഞാനവിടെ പ്രാണൻ്റെ പകുതി കൊണ്ട് ഊഞ്ഞാലിലുലാവുന്നു.

നിങ്ങൾ ഭ്രാന്തെന്ന് പറയുന്നു,
ഞാനെൻ്റെ ആത്മാവിനെ സംഗീതത്തിലേക്ക് കെട്ടഴിച്ച് വിടുന്നു.

നിങ്ങൾ കൊലക്കളങ്ങൾ സ്വപ്നം കാണുന്നു,
അവിടെ ഞാൻ നിങ്ങളുടെ പ്രതികാരങ്ങൾക്ക് മേൽ അശനിപാതമായ് പെയ്തിറങ്ങുന്നു,
പ്രണയദേവതയെ തപം ചെയ്തുണർത്തുന്നു.

നിങ്ങൾ കവിതയെന്ന് കലഹിക്കുന്നു.
ഞാൻ കുരിശെന്ന് വിലപിക്കുന്നു.
നിങ്ങളെന്നെ കുരിശേറ്റുന്നു,
ഞാൻ ഉയിർക്കാനാവാതെ
തളർന്ന് വീഴുന്നു.
നിങ്ങളെന്നെ കുരിശിൽ തറച്ച് പ്രതിഷ്ഠിക്കുന്നു.
ഞാൻ മരിച്ച് പോകുന്നു.

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments

You may also like