പൂമുഖം CINEMA ഹരികഥ പ്രസംഗ – 9th BIFFesലെ ഏറ്റവും നല്ല ഇന്ത്യന്‍ ചിത്രം

ഹരികഥ പ്രസംഗ – 9th BIFFesലെ ഏറ്റവും നല്ല ഇന്ത്യന്‍ ചിത്രം

ananya
ാക്റ്ററിയില്‍, ഇടതടവില്ലാതെ, സ്പാനര്‍ ഉപയോഗിച്ച് നട്ട് മുറുക്കുന്ന ജോലി ചെയ്യുന്ന ചാര്‍ലി ചാപ്ലിന്‍ കഥാപാത്രം പുറത്തിറങ്ങിക്കഴിഞ്ഞും കുറെ നേരത്തേയ്ക്ക് കൈകളുടെ ദ്രുതഗതിയിലുള്ള യാന്ത്രിക ചലനം നിയന്ത്രിക്കാനാവാതെ ചുറ്റുമുള്ളവരെ ആശയക്കുഴപ്പ ത്തിലാക്കുന്ന രംഗമുണ്ട്, ‘മോഡേണ്‍ ടൈംസി’ല്‍.
ലൊക്കേഷനുകളില്‍, ക്യാമറയ്ക്ക് മുന്നില്‍ കാണാറുള്ള അതേ അമിതാഭിനയം തന്നെയാണ് വീട്ടില്‍ ഭാര്യയോട് ദൈനംദിന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴും നടികര്‍തിലകത്തിന് എന്ന്, വീരപാണ്‍ഡ്യ കട്ടബൊമ്മന്‍റേയും പരമശിവന്‍റേയും കര്‍ണന്‍റേയും ശിവാജിയുടേയും വേഷങ്ങളിലുള്ള കൂറ്റന്‍ കട്ടൌട്ടുകള്‍ കൊണ്ടലങ്കരിച്ച ശിവാജി ഗണേശന്‍റെ മാളികയില്‍ അതിഥിയായെത്തിയ അവസരം പ്രേംനസീര്‍ ഓര്‍മ്മിക്കുന്നുണ്ട്-
 
അരങ്ങത്തു കയറുന്നതിനെത്രയോ മുമ്പ്‍, വേഷങ്ങളുടെ രൌദ്രഭാവം ഉള്‍ക്കൊണ്ട്, ചുട്ടി കുത്തുന്ന നേരം മുതല്‍ രോഷാകുലനായി കാണപ്പെടാറുള്ള പട്ടിക്കാംതൊടിയെ കുറിച്ച് ശിഷ്യന്മാരുടെ ഓര്‍മ്മക്കുറിപ്പുകളില്‍ വായിച്ചിട്ടുണ്ട്.
 
ടെലിവിഷന്‍ അഭിമുഖത്തില്‍ ഭാവഹാവാദികളിലും അംഗവിക്ഷേപങ്ങളിലും സ്വന്തം കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്ന ശ്രീ കോട്ടയ്ക്കല്‍ ശിവരാമനെ കൌതുകത്തോടെ കണ്ടിരുന്നിട്ടുണ്ട്.
 
വെളിച്ചപ്പെട്ടുകഴിഞ്ഞിട്ടും കലിയിറങ്ങാത്ത വെളിച്ചപ്പാടുകള്‍….
 
ഇത്തരം പകര്‍ന്നാട്ടങ്ങള്‍, യക്ഷഗാനകലാകാരന്മാരില്‍ സ്ത്രീവേഷം കൈയാളുന്നവരെ എങ്ങനെയാണ് തീക്ഷ്ണമായ സ്വത്വപ്രതിസന്ധിയായി ബാധിക്കുന്നത് എന്നന്വേഷിക്കുകയാണ്, അനന്യ കാസറവള്ളി, ഫീച്ചര്‍ സിനിമാരംഗത്തെ തന്‍റെ കന്നി സംരംഭമായ ‘ഹരികഥാപ്രസംഗ’ എന്ന കന്നഡ ചിത്രത്തില്‍.
 
ഈ മാസം രണ്ടാം തിയ്യതി മുതല്‍ ഒമ്പതാം തിയ്യതി വരെ നഗരത്തില്‍ പല സ്ക്രീനുകളിലായി അരങ്ങേറിയ ബെംഗളൂരു ഇന്‍റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലി (9th BIFFes)ല്‍ പ്രദര്‍ശിപ്പിച്ച ചിത്രം, പ്രകാശത്തിന്‍റേയും ശബ്ദത്തിന്‍റേയും പശ്ചാത്തല സംഗീതത്തിന്‍റേയും പിശുക്കിയുള്ള ഉപയോഗം കൊണ്ടും വാചാലതയിലേയ്ക്കോ അതിഭാവുകത്വ ത്തിലേയ്ക്കോ കടന്നുകയറാതെയുള്ള കഥനശൈലികൊണ്ടും നമ്മുടെ ശ്രദ്ധയും പ്രശംസയും നേടുന്നു.

കഥകളിയിലേതു പോലെ യക്ഷഗാനയിലും സ്ത്രീവേഷം കെട്ടുന്നത് പുരുഷന്മാരാണ്.
 
“രാത്രിനേരങ്ങളില്‍ കെട്ടിയാടുന്നത് പെണ്‍വേഷമാണ്.
ഉറക്കത്തില്‍ കഴിയുന്ന പകല്‍ നേരത്ത് ഞാന്‍ ആണാണ്……………
സ്ത്രീശരീരത്തില്‍ തടവില്‍ കഴിയുന്ന പുരുഷനോ പുരുഷനകത്ത് കുരുങ്ങിയ സ്ത്രീയോ- ഞാനാരാണ്?”
 
‘സ്ത്രീപാത്ര ധാരി’കളായി അരങ്ങത്ത് ജീവിച്ച കലാകാരന്മാരുമായി വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തും യക്ഷഗാനയുടെ ചരിത്ര-പരിണാമങ്ങളെ പറ്റി മാസങ്ങള്‍ നീണ്ട ഗവേഷണം നടത്തിയും ആണ് ഗിരീഷ്‌ കാസറവള്ളിയുടെ പുത്രി, അനന്യ, സിറ്റിയിലെ തിയേറ്റര്‍ രംഗത്ത് ശ്രദ്ധേയനായ ശൃംഗ വാസുദേവനെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ക്ഷണിച്ചത്.
 
‘ഹരികഥാപ്രസംഗ’, ശൃംഗ വാസുദേവന്‍റെ ചിത്രമാണ്.
 
അരങ്ങത്ത് ആരാധിക്കപ്പെടുകയും അവിടെ നിന്നിറങ്ങിക്കഴിഞ്ഞാല്‍ അപഹസിക്ക പ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യുന്ന സ്വന്തം വ്യക്തിത്ത്വത്തെ കുറിച്ചുള്ള നിതാന്തമായ സംശയങ്ങളും അതുണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങളും ചിത്രത്തില്‍ ആദ്യന്തം, ആ മുഖത്ത് തെളിയുന്നുണ്ട്. അടക്കമുള്ള സ്ത്രൈണശരീരഭാഷ ജന്മസ്വഭാവമെന്ന പോലെ, ഇരുപ്പിലും നടപ്പിലും അനായാസം കൊണ്ടുനടക്കുന്ന ഈ ചെറുപ്പക്കാരന്‍, ഈ രീതികള്‍ മുഴുവന്‍ പരിശ്രമിച്ചുണ്ടാക്കിയതാണെന്ന് സംവിധായിക സാക്ഷ്യപ്പെടുത്തുന്നു.
മലയാള ചിത്രങ്ങളില്‍ പരീക്ഷിച്ച്, പലവുരു നമ്മള്‍ കണ്ടിട്ടുള്ള, വ്യത്യസ്തരായ ആള്‍ക്കാരുടെ വ്യത്യസ്തങ്ങളായ ഓര്‍മ്മകളിലൂടെ കഥ പറയുന്ന രീതിയാണ് ചിത്രം അവലംബിച്ചിട്ടുള്ളത്.
തുടക്കത്തില്‍ കഥ പറയാന്‍ തുടങ്ങുന്നയാള്‍, അഭിമുഖങ്ങളിലൂടെ ചിത്രത്തെ നയിക്കുന്ന ചെറുപ്പക്കാരായ ഡോക്യുമെന്‍ററി നിര്‍മ്മാതാവ്, ഛായാഗ്രാഹക എന്നിവര്‍ മാത്രം കഥയുടെ കെട്ടുറപ്പിനെ മോശമായി ബാധിച്ചതായനുഭവപ്പെട്ടു. മൂലകഥയില്‍ നിന്ന്‍ മാറി സംവിധായിക കൂട്ടിച്ചേര്‍ത്ത കഥാപാത്രങ്ങ‍ളാണ് മൂന്നുപേരും. കഥയെ ചിത്രമാക്കുമ്പോള്‍, സംവിധായകര്‍ എടുക്കുന്ന ഈ സ്വാതന്ത്ര്യത്തിന്‍റെ മോശപ്പെട്ട ഉദാഹരണങ്ങള്‍ അടുത്തിടെ ഇറങ്ങിയ ദംഗല്‍ എന്ന, ഭേദപ്പെട്ട, ആമീര്‍ഖാന്‍ ചിത്രത്തിലും കണ്ടു. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ കഥാകൃത്ത്, ഗോപാലകൃഷ്ണ പൈ ഒരു യഥാര്‍ത്ഥസംഭവത്തെ മുന്‍നിര്‍ത്തി എഴുതിയ കഥയില്‍, മുഴച്ചുനില്‍ക്കുന്ന ഈ ഏച്ചുകൂട്ടലുകള്‍ ഒഴിവാക്കാമായിരുന്നു.
കലാജീവിതത്തിന്‍റെ വിചിത്രമായ ഇടപെടലുകള്‍ കാരണം വീട്ടില്‍ സഹോദരനുമായുള്ള ബന്ധത്തില്‍ നിലനിന്നു വന്ന ഘര്‍ഷണങ്ങള്‍, അലസിപ്പോയ സ്വന്തം വിവാഹാലോചന, രാധയേയോ ദമയന്തിയേയോ അവതരിപ്പിക്കാന്‍ തയ്യാറല്ലെങ്കില്‍ ട്രൂപ് വിട്ടുപൊയ്ക്കൊള്ളാന്‍ പറഞ്ഞ് ആണ്‍വേഷം നിഷേധിച്ച ആശാന്‍റെ നിലപാട്, ഒടുവില്‍, അംഗവൈകല്യം പോലെ എന്തോ ആയി കണ്ട് മകനെ അവന്‍റെ ‘പെണ്മ’യോടെ സ്വീകരിക്കാന്‍ അമ്മ കാണിച്ച ‘കരുണ’ ഒന്നുമായും പൊരുത്തപ്പെടാനാവാതെ വീടുവിട്ടിറങ്ങുന്ന ഹരി പകലും സ്ത്രീവേഷത്തില്‍ പ്രത്യക്ഷപ്പെടാനും പ്രായം ചെന്ന യക്ഷഗാന കലാകാരനോടൊപ്പം ഒരു വീട്ടില്‍ താമസിക്കാനും തീരുമാനിക്കുന്നതോടെ സമൂഹത്തിന്‍റെ സദാചാര ബോധത്തിനും ഇരിക്കപ്പൊറുതിയില്ലാതാ വുന്നു…
ഹരി ഒരു മൂന്നാം ലിംഗക്കാരനല്ല സ്വഭാവത്തില്‍ സ്വവര്‍ഗാനുരാഗത്തിന്‍റെ അംശങ്ങള്‍ ഉണ്ടോ എന്ന് സംശയിക്കാവുന്ന ചില രംഗങ്ങള്‍ കണ്ടെങ്കിലും കഥയിലും കാണികളുടെ മനസ്സിലും അതും ഒരു സാദ്ധ്യതയായി വികസിക്കുന്നില്ല. ഒടുവില്‍ വെള്ളത്തിലേയ്ക്ക് നടന്നിറങ്ങുന്ന ഹരി ആത്മഹത്യ ചെയ്യുകയായിരുന്നുവോ-അതോ സ്ഥലം വിട്ടുപോകുക യായിരുന്നുവോ- കാണികള്‍ക്ക് തീര്‍ച്ചയില്ല.
ആ തീര്‍ച്ചയില്ലായ്മ ചിത്രത്തിന് നല്ല അവസാനമായി സംവിധായികയ്ക്കും തോന്നി യിരിക്കണം.
 
ചലച്ചിത്രോത്സവത്തില്‍ ഏറ്റവും നല്ല ഇന്ത്യന്‍ ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ഹരികഥാപ്രസംഗ, അവാര്‍ഡ് ചിത്രങ്ങള്‍ക്ക് പറഞ്ഞു കേള്‍ക്കാറുള്ള മുഷിപ്പ് അനുഭവപ്പെടാതെ കണ്ടിരിക്കാവുന്ന നല്ല ചിത്രം –
Comments

You may also like