“നീ പുലരിയാവണേ
എന്ന് എന്റെയിരുട്ട്
നിലവിളിക്കുന്നുണ്ട്”
“നമ്മൾ
ഏത് തിരിവിലാണ്
ഇതുപോലെ കൂട്ടിമുട്ടുക
ഇടിമിന്നൽ പോലെ
പ്രണയിച്ചു പിരിയാൻ.”
“ചില്ലകളിലും
കണ്ണീർച്ചാലിലും
രണ്ട് ഹൃദയങ്ങളിലും
ഇപ്പോൾ
പ്രകാശത്തിന്റെ നൃത്തം.”
സുരേഷ് എഴുതുന്നത് ഹൈക്കു കവിതകളാണ് എന്ന് നമുക്ക് തോന്നും. എന്നാൽ നിരാലംബവും ആർദ്രവുമായ ഹൈക്കു കവിതകളുടെ സമാഹാരമായി തോന്നാം ഓരോ കവിതയും. അത്രയും ചെറുതാണ് ഒപ്പം സൂക്ഷ്മവുമാണ് ഈ കവിതകൾ.
ലോഗോസ് ബുക്സ് എന്റെ യാത്രാ പുസ്തകമായ “മധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ” എന്ന പുസ്തകം പ്രസിദ്ധീകരിക്കുമ്പോഴാണ് ഞാൻ സുരേഷിനെ പരിചയപ്പെടുന്നത്. സ്കൂൾ അധ്യാപകനും കവിയുമാണ് എൻ ബി സുരേഷ് എന്ന് ഞാൻ അറിഞ്ഞു അക്കാലത്ത് തന്നെ സുരേഷിന്റെ ആദ്യ കവിതാ പുസ്തകം ഞാൻ വാങ്ങുകയും വായിക്കുകയും ചെയ്തു.

ഞങ്ങൾ നിരന്തരം വാട്സാപ്പ് ചാറ്റുകളിലൂടെ സംസാരിച്ചു ..പല വിഷയങ്ങൾ.. കൂടുതലും കവിതയും സാഹിത്യവും. ഞങ്ങൾ ഇതേവരെ നേരിട്ട് കണ്ടിട്ടില്ല ..ഫോണിൽ സംസാരിച്ചിട്ടുതന്നെയില്ല. നേരിട്ട് സംസാരിക്കുന്നതിനേക്കാൾ വാട്സാപ്പ് ചാറ്റുകളാണ് സുരേഷിന് ഇഷ്ടം എന്ന് തോന്നി. അത് നൽകുന്ന സമയത്തിന്റെയും സ്ഥലത്തിന്റെയും സ്വാതന്ത്ര്യം സുരേഷ് കൂടുതൽ ഇഷ്ടപ്പെടുന്നതായും തോന്നി. …എന്നാൽ കവിതകളിലൂടെ സുരേഷ് തുടർച്ചയായി ലോകത്തോട് സംസാരിച്ചുകൊണ്ടിരുന്നു.
സുരേഷിന്റെ ഛായാമുഖി എന്ന പുതിയ കവിതാസമാഹാരം ഇപ്പോഴാണ് പുറത്തിറങ്ങുന്നത്. ലോഗോസ് തന്നെയാണ് പ്രസാധനം.പുസ്തകത്തിന്റെ തുടക്കത്തിൽ കവിതയുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് സുരേഷ് എഴുതുന്നു:
“കവിത നിങ്ങൾക്കെന്ത് നൽകി എന്ന ചോദ്യത്തിന് സ്റ്റീഫൻ സ്‌പെൻഡർ പറഞ്ഞ ഉത്തരം പോലെ, ആത്മഹത്യാമുനമ്പിൽ നിന്ന് വീണ്ടും വീണ്ടും തിരിച്ചുവിളിക്കുന്നതിന്റെ ഒച്ചകളായിരുന്നു ആ എഴുത്തുകളെല്ലാം.”
ഈ വരികളിൽ സൂചിപ്പിക്കപ്പെടുന്ന കവിയുടെ വ്യക്തിപരമായ പ്രേരണകൾ എനിക്ക് അജ്ഞാതമാണ്. അതുകൊണ്ട് തന്നെ കവിതയിലൂടെ കവിയിൽ എത്തുക എന്നതേ മാർഗമുള്ളൂ.
ഛായാമുഖി എന്ന ഈ കവിതാസമാഹാരത്തിന്റെ തുടക്കത്തിൽ ഇ പി രാജഗോപാലൻ സൂചിപ്പിക്കുന്നതുപോലെ ഉച്ചതയാർന്ന ശബ്ദരാശിയല്ല സൂക്ഷ്മതയാർന്ന, ഏകാന്തമായ, ശാന്തമായ ഒരു കവിതാനുഭവമാണ് സുരേഷിന്റേത്.
“ഭൂഖണ്ഡങ്ങൾ താണ്ടിവന്ന
രണ്ട് ദേശാടന പക്ഷികൾ
കൊക്കുകൾ ചേർക്കുംപോലെ
കാലങ്ങളായി സമാന്തരമായി നീളുന്ന
രണ്ട് വൈദ്യുതിക്കമ്പികൾ
കൂട്ടിത്തൊടും പോലെ
നമ്മുടെ ആദ്യചുംബനം.”
എന്ന വരിയാണ് രാജഗോപാലൻ മാഷ് തുടക്കത്തിൽ ഉദാഹരണമായി ഉദ്ധരിക്കുന്നത്.
സുരേഷിന്റെ ആദ്യ കവിതാസമാഹാരത്തിന്റെ പേര് ‘ആൽമരത്തിന്റെ ബോൺസായ് ബുദ്ധനോട്’ എന്നാണ്. സുരേഷിന്റെ കവിതാപ്രകൃതിയുടെ ധ്യാനാത്മകമായ അടരുകളെല്ലാം ഈ പേരിൽ ഒളിച്ചിരിപ്പുണ്ട് എന്ന് തോന്നുന്നു. കാറ്റിൽ ഇളകുന്ന ആൽമരത്തിന്റെ ഇലയുണ്ട്. അതിന്റെ വേരുകളിലെവിടെയോ ഉരുവം കൊണ്ട ഒരു ബുദ്ധനുണ്ട്. അതിൽ ബോൺസായിയുടെ മൗനമുദ്രിതമായ ഏകാന്തതയുണ്ട്. ഛായാമുഖിയിൽ തന്റെ അപരത്വം കാണുന്ന കണ്ണാടിയുമുണ്ട്.
കവിതയിലെ സ്ഥലരാശിയെക്കുറിച്ച് രാജഗോപാലൻ മാഷ് പറയുന്നുണ്ട്. നിന്റെ സാന്നിധ്യമില്ലെങ്കിൽ പെരുകുന്ന ശൂന്യതയാണ് കവിയുടെ സ്ഥലരാശി. കാലം പലപ്പോഴും അനന്തമായ അസ്ഥിരതയാണ്. ചുമരിൽ കാലത്തെ ആട്ടിത്തെളിക്കുന്ന നാഴികമണിയുണ്ട്.
ദുഃഖം സ്ഥായിയാണ്.
അധികം ആൾക്കാരില്ലാത്ത ഏകാന്തതയാണ്. പലപ്പോഴും നീയും ഞാനും മാത്രം. എങ്കിലും വഴിയരുകിലിരുന്ന് കരയുന്നവന്റെ മുന്നിൽ ബുദ്ധൻ ഒരു നിമിഷം നിൽക്കുന്നുണ്ട്. ഇലകൊഴിഞ്ഞ മരച്ചുവട്ടിലേക്ക് ബുദ്ധൻ നടക്കുമ്പോൾ പിറകെ വിഷാദിയുമുണ്ട്.
ആർ ചന്ദ്രബോസ് പിൻകുറിപ്പിൽ എഴുതുന്നതുപോലെ കാറ്റ് മരത്തിന്റെ ജീവനെ തൊട്ടിലാട്ടുന്നതുപോലെയാണ് സുരേഷിൽ കവിത പിറവിയെടുക്കുന്നത്.
ആത്മഭാഷണങ്ങളാണ് സുരേഷിന്റെ കവിതകൾ. ഏകാന്തതയിൽ, വിഷാദത്തിൽ അവനവനോട് തന്നെയുള്ള സംഭാഷണങ്ങൾ. ഇത് മറ്റാർക്കും വേണ്ടിയിട്ടല്ല. എന്നാൽ ഓരോ വായനക്കാരും ഈ വരികളിൽ തങ്ങൾ കടന്നുപോയ വഴികൾ കാണും. അടഞ്ഞുപോയ ജനാലകൾക്കപ്പുറം ഏതോ ഒരു കിളിയുടെ കൂവൽ കേൾക്കും.
ഈ കവിതകളിൽ കവി അപൂർവമായേ ചിരിക്കുന്നത് കാണുന്നുള്ളൂ.
“പുഴയിൽ കുളിക്കാനിറങ്ങിയവന്റെ
ഉടുവസ്ത്രങ്ങളെന്നപോലെ
നാമൂരിവച്ച വിരസജീവിതം
മറുകരയിൽനിന്ന് കൂക്കുന്നു.” എന്നെഴുതുമ്പോൾ അപൂർവമായ ഒരു ചിരി നമ്മൾ കാണും.
ഈ കവിതകളിൽ കാണുന്ന ഏകാന്തതയും ധ്യാനവും ഉൾവലിയലും വിഷാദവും കവിയുടെ ആത്മബോധം തന്നെയാണ്. അതുള്ള കാലത്തോളം സുരേഷ് എഴുതിക്കൊണ്ടിരിക്കും. വിഷാദ മധുരമായ ഈ കിളിക്കൂവലിനായി നമ്മൾ കാതോർത്തിരിക്കുകയും ചെയ്യും.
കവര്‍: വില്‍സണ്‍ ശാരദ ആനന്ദ്
