ജാനേടത്തിയും ഓമനേച്ചിയും
അയൽപക്കക്കാരാണ്.
ഉമ്മറത്തിരുന്ന് നോക്കിയാൽ
ഒരേ ഹൃദയം പോലെ വീടുകൾ
രണ്ട് പേരും എന്റെയാരുമല്ല.
എല്ലാരും അങ്ങനെ വിളിക്കയാൽ
നാവിൻ തുമ്പിലാപേരുകൾ തത്തിക്കളിച്ചു.
അയൽപക്കങ്ങൾ ഇങ്ങനെ തന്നെ വേണമെന്ന്
പലരുടേയും നാവുകൾ കൂട്ടിമുട്ടി.
അത്തം പിറന്നാൽ പൂവട്ടിയും,
വിഷു സംക്രാന്തിനാൾ വിഷുക്കട്ടയുമായ്
ഇരുവരും എത്തും.
ആഘോഷങ്ങൾ
അതിർത്തിയില്ലാതെയൊഴുകി.
ഇവരൊന്ന് വക്കാണം കൂടി കണ്ടാൽ
മത്യായിരുന്നുവെന്ന്
പരദൂഷണക്കാർ പല ദേശത്തും
പ്രക്ഷേപണകേന്ദ്രങ്ങൾ തുറന്ന് കാത്തിരുന്നു.
തെറിയും , തല്ലും കണ്ടിട്ടെത്ര നാളായി?
നാട്യക്കാരിയായ കമലയുടെ ജാക്കറ്റിനുള്ളിൽ
കിടന്ന് മുലകൾ വീർപ്പ് മുട്ടി പുറത്തേക്ക്
തുറിച്ചു.
പലചരക്ക് കടയിലെ ബെഞ്ചിലും
ഗോപാലേട്ടന്റെ ചായക്കടയിലും ഇരിക്കുന്ന
കണ്ണുകൾ റോക്കറ്റ് വിട്ട പോലെ!
കള്ള് ചെത്താൻ കേറുന്ന ശങ്കരനും
പറമ്പിൽ കൊത്തി കിളയ്ക്കുന്ന വേലായുധനും
ഇടയ്ക്കിടെ തങ്ങളുടെ തൊഴിലിന് ഇടവേള
പറഞ്ഞ് കാതുകളേ കേൾക്കുന്നുവോ എന്ന്
സ്വയം ചോദിക്കും.
ആരൊക്കെ കാത്തിരുന്നിട്ടും
കാതെത്ര വട്ടം പിടിച്ചിട്ടും
ലോകം മാറിയിട്ടും
അതിർത്തികൾ പൂത്തു.
ജാനേടത്തി, ഓമനേച്ചി
അങ്ങനെ വിളിക്കപ്പെടുമ്പോൾ
എനിക്ക് ചുറ്റുമൊരു സ്നേഹ താഴ് വാരം
നിറഞ്ഞൊഴുകി.
കവർ : ജ്യോതിസ് പരവൂർ