പൂമുഖം LITERATUREകവിത വരുമോ വസന്തം

വരുമോ വസന്തം

മധുമാസമണയുവാൻ
കാത്തുനില്പാണെന്റെ
മലർവാടിയൊരു വട്ടമിനിയും
മൃദുമന്ദഹാസത്തി-
ന്നിതളിറുത്തോരോ
പൂക്കൂട നിറയ്ക്കുവാൻ ഞാനും

അനവദ്യ സുന്ദര മോഹവല്ലരികളെ
അരുമയായ് നെഞ്ചിൽ പടർത്താം
അതിലോലലോലമാ
തണുവണിത്തളിരിനെ
തനുവിൽ തഴുകി തലോടാം.

മനസ്സിലെ മന്ദാര മലരിലും മകരന്ദം
പകരുന്നു
കന്നിവസന്തം
അകതാരിലാശകൾ സൗഗന്ധികങ്ങളായ്
അരിമുല്ലമൊട്ടിടും പോലെ

ചമ്പകച്ചോട്ടിലെ
മുക്കുറ്റിപ്പൂവിനോ
തിരിയിട്ടൊരമ്പിളിച്ചന്തം
താരകപ്പെണ്ണിന്റെ
മുക്കുത്തി വീണത്
മണ്ണിൽ വിരിഞ്ഞ പൂച്ചന്തം

കോണിലെ മാതളച്ചില്ലയി-
ലുണ്ടൊരു
നാരായണക്കിളിക്കൂട്
പൈതങ്ങൾക്കൂട്ടിയുറക്കുമവൾക്കുണ്ടൊ-
രമ്മമനസ്സിന്റെ നോവ്

ഓമനിക്കാനൊരു പിച്ചക തൈ വച്ചു
കനകാംബരത്തിന്നു ചാരെ
ഹൃദയം കവർന്നൊരു പനിനീർച്ചെടിയുണ്ട്
പ്രണയം വിടർത്തുന്ന ചേലിൽ

 

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like