പൂമുഖം Travelയാത്ര ലണ്ടനിലെ കാക്കത്തമ്പുരാന്‍

ലണ്ടനിലെ കാക്കത്തമ്പുരാന്‍

മൈക്കെല്‍ ചാന്‍ഡ്‌ലര്‍ ലണ്ടനിലെ കാക്കത്തമ്പുരാനാണിപ്പോള്‍. അങ്ങനെയൊരു വാക്കുണ്ടോ എന്ന സന്ദേഹത്തിനു മുമ്പില്‍ ഞാന്‍ കുറ്റം സമ്മതിച്ചുകൊണ്ടു പറയുകയാണ്‌: ഇല്ല. അതൊരു പുതിയ വാക്കാണ്‌. Ravenmaster എന്ന പദത്തിന്‌ പകരമായി ഞാന്‍ ഇടുന്ന പേരാണത്. കാക്കത്തമ്പുരാട്ടികള്‍ ക്കാണെങ്കില്‍ ഇതുവരെ പുല്ലിം‌ഗവെല്ലുവിളി ഉണ്ടായിട്ടില്ലാത്തതിനാല്‍ കാക്കകള്‍ക്കു വേണ്ടിയുള്ള ഒരു തമ്പുരാനായ മൈക്കെല്‍ ബാര്‍‌ണി ചാന്‍ഡ്‌ലര്‍ക്ക് ഞാന്‍ ആ നമ്മുടെ ഭാഷയില്‍ ആ പദവി നല്‍കുകയാണ്‌.

മൈക്കെലിനു വയസ്സ് 56. മുമ്പ് ബ്രിട്ടനിലെ റോയല്‍ മറീന്‍ (Royal Marine) ആയിരുന്നു. പുതിയ ജോലിയാണിത്. ഇംഗ്ലണ്ടിലെ ഔദ്യോഗിക കാക്കപരിപാലനത്തിന്‍റെ തലവന്‍. Royal Canadian Mounted Police (RCMP) എന്നൊക്കെ കാനഡയില്‍ പറയുന്നതു പോലെ, ബ്രിട്ടനിലെ ഒരു Royal Crow Maintenance Police. ആസ്ഥാനം: ലണ്ടന്‍ ടവര്‍. മദ്ധ്യലണ്ടനിലെ റ്റെംസ് നദീതീരത്താണത് നിലകൊള്ളുന്നത്.

12 ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന, ബ്രിട്ടനിലെ അധികാരകേന്ദ്രങ്ങളിലൊന്നാണ്‌ ലണ്ടന്‍ ടവര്‍ (Tower of London). തലമുറകള്‍ കൈമാറി വരുന്ന കാല്‌പനികകഥകള്‍ പ്രകാരം ഈ കോട്ടയുടെ സം‌രക്ഷകര്‍ കാക്കകളാണ്‌. വെറും കാക്കകളല്ല; കാക്കകള്‍ക്കിടയിലെ ‘അഭിജാതരാ’യ റെയ്‌വന്‍സ് (Ravens). നമ്മുടെ നാട്ടിലെ മുടിവെട്ടിയ, വെളുത്ത കഴുത്തുള്ള കാക്കകളെപ്പോലെയല്ല ഇക്കൂട്ടര്‍. ഒരുപക്ഷേ, നമ്മുടെ ബലിക്കാക്കയുടെ രൂപമുള്ള കാക്കകളാണവര്‍. ഈ കൊട്ടാരസമുച്ചയത്തില്‍ എന്ന് കാക്കകള്‍ ഇല്ലാതാകുന്നോ അന്ന് അത് തകരും എന്നാണൊരു പുരാവൃത്തം. പതിനേഴാം നൂറ്റാണ്ടില്‍ ചാള്‍സ് രണ്ടാമന്‍ രാജാവ് അതിനാല്‍ ഒരു ഉത്തരവിട്ടു: എല്ലാക്കാലത്തും ഇവിടെ കുറഞ്ഞത് ആറു കാക്കകളെങ്കിലും ഉണ്ടാവണം.

‘ആ പതിവുകള്‍ ഞങ്ങളും തുടരുകയാണ്‌. ഇപ്പോള്‍ ആ ഉത്തരവാദിത്വം എന്‍റെ തലയിലാണ്‌. പഴയകഥകളില്‍ വിശ്വസിക്കുന്നവരും അവിശ്വസിക്കുന്നവരുമുണ്ടാകും. എന്തായാലും, എന്‍റെ കാലത്ത് കാക്കകളുടെ എണ്ണം കുറയാതെ ഞാന്‍ നോക്കും’, ചാന്‍ഡ്‌ലര്‍ പറഞ്ഞു.

എനിക്ക് ഓര്‍മ്മ വന്നത് രണ്ട് കഥകളാണ്‌.

ഒന്ന്: വര്‍ഷങ്ങള്‍ക്കു മുമ്പ്, കേരളമുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിന്‍റെ അടുക്കളയില്‍ നിന്നു ചോര്‍ത്തിക്കിട്ടിയ കഥയാണത്. ഇടക്കിടെ പ്രശ്നങ്ങളുണ്ടാക്കുന്ന മരപ്പട്ടികളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ അക്കാലത്തൊരു പദ്ധതിയിട്ടിരുന്നു. മൃഗസം‌രക്ഷണ നിയമങ്ങളൊന്നും മുളച്ചുതുടങ്ങാത്ത കാലമായിരുന്നു അത്. ആര്‍ക്കും എവിടെയും മൃഗങ്ങളെ കൊല്ലാനും ഭക്ഷിക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. ക്ഷുദ്രജീവികളെ പിടികൂടി കൊണ്ടുപോകുന്ന സംഘാംഗങ്ങള്‍ക്ക് മരപ്പട്ടിയും വെരുകുമൊക്കെ പ്രിയപ്പെട്ട ഭക്ഷണമായിരുന്നു. അവരെത്തിയപ്പോഴാണ്‌ പ്രധാന സ്ഥിരപാചകന്‍ ആ രഹസ്യത്തിന്‍റെ ചുരുള്‍ നിവര്‍ത്തുന്നത്. മരപ്പട്ടി ആ ബംഗ്ലാവിന്‍റെ ഐശ്വര്യമാണെന്നും കൂട്ടനിഹിംസനം അവിടുത്തെ അന്തേവാസികള്‍ക്ക് സ്ഥാനഭ്രംശം ഉണ്ടാക്കുമെന്നും രാജഭരണകാലം മുതല്‍ കേള്‍ക്കാറുള്ളൊരു കഥ. ഇതുകേട്ട അന്നത്തെ മുഖ്യമന്ത്രി, ഇത്തരം അന്ധവിശ്വാസങ്ങളിലൊന്നും വിശ്വാസമില്ലാതിരുന്നിട്ടും, സരസമായി പുഞ്ചിരിച്ചുകൊണ്ട് ഉരുവിട്ടു പോലും: ന്നാ… നമ്മുടെ കുഴി നമ്മള്‍ തന്നെ തോണ്ടണ്ടല്ലേ! കീഴ്‌വഴക്കം നമ്മളായിട്ട് തെറ്റിക്കേണ്ട. അങ്ങനെ, വന്നവര്‍ കൂടും കുടുക്കയുമായി തിരിച്ചു പോയത്രേ.

രണ്ട്: ഇക്കഥയിലെ താരം കുറവിലങ്ങാട്ടുകാരന്‍ ഇട്ടിയപ്പനാണ്‌. നാട്ടില്‍ കമ്യൂണിസം
തളിര്‍ത്തുതുടങ്ങിയ കാലം. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകം വേനല്‍ക്കാലത്ത് നാട്ടില്‍ കളിക്കുമ്പോള്‍ തല മൂടിക്കെട്ടി നാടകം കാണാന്‍ പോയവരില്‍ ഒരാളാണ്‌ ഇട്ടിയപ്പന്‍. രാത്രികാലങ്ങളില്‍ തലയില്‍ മുണ്ടിട്ട് കടുത്തുരുത്തിയിലും കൂത്താട്ടുകുളത്തുമൊക്കെ പാര്‍ട്ടിയുടെ സ്റ്റഡിക്ലാസ്സുകളില്‍ മൂപ്പര്‍ പങ്കെടുക്കുമായിരുന്നു. എന്നാല്‍, ആഴ്ചതോറുമുള്ള പള്ളിയില്‍പ്പോക്ക് മുടക്കാനുള്ള ഒരു ധൈര്യക്കുറവുമുണ്ടായിരുന്നു. ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ള ഒരു കീറാമുട്ടി മനസ്സിലിട്ട് വലിച്ചുകൊണ്ടായിരുന്നു ഇട്ടിയപ്പന്‍റെ അന്നത്തെ നടപ്പ്. അങ്ങനെ വളരെക്കാലത്തെ മസ്തിഷ്ക്കപ്രക്ഷാളനത്തിനുശേഷം ഇട്ടിയപ്പന്‍ പള്ളിയില്‍‌പ്പോക്ക് തുടരാന്‍ തീരുമാനിച്ചപ്പോള്‍ ഒരു സഹയാത്രികന്‍ ചോദിച്ചു.

‘ഇട്ടിയപ്പാ… അവിശ്വാസിയായിട്ടും നിങ്ങളെന്തിനാ പള്ളീപ്പോണെ?’

ഇട്ടിയപ്പന്‍ : ‘അതേയ്… പോകുന്നതാ നല്ലതെന്ന് തോന്നി. ദൈവയില്ലെങ്കി പോണകൊണ്ട് ദോഷമില്ലല്ലോ. ഇനി അഥവാ ഉണ്ടെന്നാണെങ്കി നമ്മള്‌ പള്ളീപ്പോകാത്തേന്‍റെ പേരില്‍ കര്‍ത്താവ് നരകം വിധിക്കില്ലല്ലോ!’

എന്തായാലും, കാക്കകളുടെ എണ്ണം ഇതുവരെ ആറില്‍ താഴെ പോയിട്ടില്ല. താനിവിടെ ഉള്ളിടത്തോളം കാലം അതിന്‍റെ പേരില്‍ ഒരു കുറ്റമോ കുറവോ ഉണ്ടാവില്ലിവിടെ, എന്നു കൂടി
ചാന്‍ഡ്‌ലര്‍ പറഞ്ഞുവച്ചു.

ചാന്‍ഡ്‌ലര്‍ സ്ഥാനമേറ്റെടുത്തിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളു. യോമെന്‍ വാര്‍ഡേര്‍സ് അഥവാ ബീഫ് ഈറ്റേര്‍സ് എന്നറിയപ്പെടുന്ന മുന്‍സൈനികരില്‍ ഒരാളാണ്‌ ചാന്‍ഡ്‌ലര്‍. ലണ്ടന്‍ ഗോപുരത്തിന്‍റെ കാവല്‍ക്കാര്‍ എന്ന ജോലിക്കു പുറമേ അതിഥികളുടേയും മറ്റു സന്ദര്‍ശകരുടേയും ഗൈഡുകളായും ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിന്‍റെ ആഘോഷദിനങ്ങളില്‍, വിശേഷാല്‍ പരേഡുകളിലും ഇവര്‍ പങ്കെടുക്കാറുണ്ട്.

നാലു ബീഫ് ഈറ്റേര്‍‌സ് ഉള്‍പ്പെടുന്ന ഒരു സംഘമാണ്‌ ഇപ്പോഴുള്ള ഏഴു കാക്കകളെ പരിപാലിക്കുന്നത്. ചാള്‍സ് രണ്ടാമന്‍ രാജാവിന്‍റെ ആറു കാക്കകളായ ജൂബിലി, ഹാരിസ്, പോപ്പി, ജോര്‍ജി, എസ്‌ഗര്‍, ബ്രാന്‍‌വെന്‍ എന്നിവരോടൊപ്പം റെക്‌സ് എന്ന ഒരു പുതുക്കാക്കയുമാണ്‌ ഇപ്പോള്‍ അവിടെയുള്ളത്.

വില്യം ഒന്നാമന്‍ രാജാവ് 1066 ല്‍ ഇംഗ്‌ളണ്ട് കീഴടക്കിയതിനുശേഷം പണിത കൊട്ടാരമാണ്‌ ലണ്ടന്‍ ടവര്‍. പല കാലങ്ങളിലായി ഇത് ആയുധപ്പുരയും തടങ്കല്‍‌പ്പാളയവും കാഴ്‌ചബംഗ്‌ളാവുമൊക്കെയായിരുന്നു. ഇന്ന്, അനേകം വിനോദസഞ്ചാരികള്‍ കയറിയിറങ്ങുന്ന ഒരു കോട്ടയാണത്. 1483 ല്‍ എഡ്‌വേര്‍‌ഡ് നാലാമന്‍ രാജാവിന്‍റെ മക്കള്‍ തടവിലാക്കപ്പെട്ടതും പിന്നീട് അവരുടെ അമ്മാവനായ റിച്ചര്‍‌ഡ് മൂന്നാമന്‍ രാജാവിനാല്‍ വധിക്കപ്പെട്ടതും അവിടെ വച്ചായിരുന്നു. ഹെന്‍‌റി എട്ടാമന്‍ രാജാവിന്‍റെ രണ്ടാം ഭാര്യയായ ആന്‍ ബൊലേയ്‌ന്‍ (ഒന്നാം എലിസബെത്ത് രാജ്ഞിയുടെ അമ്മ) 1536 ല്‍ വധശിക്ഷ ഏറ്റുവാങ്ങിയതും അവിടെ വച്ചാണ്‌. ‘വെടിമരുന്നുഗൂഢാലോചന’ (Gunpowder Plot) നടത്തി പാര്‍ലമെന്‍റ് തകര്‍ക്കാന്‍ ശ്രമിച്ച ഗൈ ഫോക്‌സ് (Guy Fawkes) തടവിലാക്കപ്പെട്ടതും പിന്നീട് വധിക്കപ്പെട്ടതും അവിടെ വച്ചായിരുന്നു. ഹിറ്റ്‌ലറിന്‍റെ സഹായിയായിരുന്ന റുഡോള്‍‌ഫ് ഹെസ് (Rudolf Hess) കുറേക്കാലം ലണ്ടനില്‍ തടവുകാരനായിരുന്നപ്പോള്‍ താമസിച്ചിരുന്നതും ഇവിടെയായിരുന്നു.

ഒരു വര്‍ഷം ശരാശരി 30 ലക്ഷം വിനോദസഞ്ചാരികളാണ്‌ ലണ്ടന്‍ ടവര്‍ സന്ദര്‍ശിക്കുന്നത്. ഒരു സഹസ്രാബദത്തെ ചരിത്രം തേടിവരുന്നവരാണ്‌ അവരില്‍ കൂടുതലും. പഴയ ഭരണാധികാരികളുടെ വസ്ത്രങ്ങളും കിരീടങ്ങളും ഇപ്പോഴും അവിടെ സൂക്ഷിച്ചിട്ടുണ്ട്.

‘കാക്കത്തമ്പുരാന്‍’ പദവിക്ക് അരനൂറ്റാണ്ടിന്‍റെ പഴക്കമേയുള്ളു. മൈക്കെല്‍ ചാന്‍ഡ്‌ലര്‍ ആറാമത്തെ കാക്കത്തമ്പുരാനാണ്‌. അതിനും മുമ്പ് അധികാരികളുണ്ടായിരുന്നെങ്കിലും അവര്‍ക്കാര്‍ക്കും ഈ പദവി നല്‍കിയിരുന്നില്ല. പകലെല്ലാം ചുറ്റുവട്ടത്തില്‍ പറന്നു നടക്കുന്ന കാക്കകള്‍ രാത്രി കൂട്ടിലെത്തിച്ചേരും. അവരുടെ തീറ്റക്കാര്യത്തിലും ആരോഗ്യപരിപാലനത്തിലും ശ്രദ്ധിക്കുക എന്നതാണ്‌ കാക്കനോട്ടക്കാരുടെ ചുമതലകള്‍.

പോപ്പിയാണ്‌ ചാന്‍ഡ്‌ലറുടെ പ്രിയപ്പെട്ട കാക്ക. അവനു മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ബുദ്ധിയുണ്ടെന്നാണ്‌ അദ്ദേഹത്തിന്‍റെ പക്ഷം. ഏഴു വയസ്സുള്ള ഒരു കുട്ടിയുടെ ബുദ്ധി അവനുണ്ടെന്നും അദ്ദേഹം പറയുന്നു. 24 വര്‍ഷത്തെ നാവികസേവനത്തിനുശേഷം കുറച്ചു പക്ഷിശാസ്ത്രവും ഇപ്പോള്‍ വശമായിട്ടുണ്ടെന്നു ചാന്‍ഡ്‌ലര്‍ അവകാശപ്പെടുന്നു.

ലോകത്തിന്‍റെ പലഭാഗത്തുമായി 46 തരം കാക്കളുണ്ടെന്നും കോര്‍‌വിഡ് കുടുംബത്തില്‍‌പ്പെടുന്ന ഇവര്‍ കൂടുതലും സ്വന്തം ഭക്ഷണകാര്യത്തില്‍ അതീവശ്രദ്ധയുള്ളവരാണെന്നും പറയുമ്പോള്‍ എനിക്കോര്‍മ്മ വന്നത് കാക്കകളെപ്പറ്റി കുട്ടിക്കാലത്തു കേട്ട കഥകളാണ്‌.

കവർ : ജ്യോതിസ് പരവൂർ

Comments

You may also like