പൂമുഖം LITERATUREകവിത യാജ്ഞസേനി

യാജ്ഞസേനി

യാജ്ഞസേനി ഞാൻ തീയിൽ കുരുത്തവൾ;
വാടുകില്ലേതു വേനൽ തപിക്കിലും.
ഏറ്റുവാങ്ങുവോൾ ഏതുഗ്രതാപവും,
പൂത്തുനിൽക്കുവോൾ
കാലാതിവർത്തിയായ്.
ജാതകം കുറിച്ചെന്നെ ഇതിഹാസതാളിലേക്കു
പകർത്തിയ മാമുനി
കണ്ടതില്ലെൻ്റെ പെൺകാമനകളെ
കാൺമതെങ്ങനെ,
പെൺമനം കാണാതെ
ബീജദാനം നടത്തിയോൻ മാമുനി

യജ്ഞകുണ്ഡത്തിൽ കത്തും
നെരിപ്പോടിൽ
അഗ്നിസംഭവ; യൗവ്വനാരംഭയായ്
വ്യാസഭാവന കോറി വരച്ചിട്ട,
കേവലമൊരബലകഥാപാത്ര,
രൂപഭാവങ്ങൾ
ഒട്ടും തളർത്താതെ,
കാവ്യകല്പനക്കപ്പുറമെപ്പോഴോ
ഏറെ മാനങ്ങൾ താണ്ടി ഞാൻ
എന്തിനെൻ ദീർഘദർശിയാം
സ്രഷ്ടാവറിയാതെ.

എന്തിനായ് മുനേ നിൻ കവിഭാവന
തന്ത്രപൂർവമെനിക്കു നിഷേധിച്ചു,
എൻ്റെ പെൺജന്മമേറെ കൊതിച്ചതാം
മാതൃഗർഭസുരക്ഷതൻ സാന്ത്വനം.
ശൈശവമോഹമാം പിതൃലാളനം,
ബാല്യകൌമാര കൗതുകക്കാഴ്ച്ചകൾ.
പൊന്നിഴനൂലു പാവി മെനഞ്ഞതാം
സൗഹൃദങ്ങൾ, സഹോദരബന്ധങ്ങൾ.

പേരെഴും രാജകന്യക,
പഞ്ചാലരാജ്യ സൌഭാഗ്യ-
മെന്നൊക്കെ വാഴ്ത്തിയ കാവ്യഭാവനേ,
നീ എനിക്കെന്തിനേ സ്വർണവർണം
നിഷേധിച്ചു?
വർണമെല്ലാമൊഴിഞ്ഞ കറുപ്പിനാൽ
കൃഷ്ണയാക്കി ഇതിഹാസതാളിതിൽ
കൃഷ്ണവർണം മുനി തന്നൊരുടലിനെ
ഏഴഴകായ് ജ്വലിപ്പിച്ചു നിന്നു ഞാൻ

കേമമാം സ്വയംവരമെന്നൊക്കെ
മാമുനിയേറെ പാടിപ്പുകഴ്ത്തിയ
ജീവിതത്തിരിവെന്തേയെനിക്കേകി
ഭർതൃസൗഭാഗ്യം?
എന്തോരനീതിയായ്!

പന്തയത്തിൽ ജയിച്ചവൻ കേമനെൻ
സന്തതസഹചാരിയെന്നു നിനച്ചു ഞാൻ
എന്തിനേ മുനേ, നിഷ്കരുണം
പകുത്തഞ്ചുപേർക്കായ് കൊടുത്തെൻ്റെ ജീവിതം?

അഞ്ചുപേർക്കായ് പകുത്തോരുടലിൻ്റെ
സങ്കടങ്ങളെ കാണാതെ, കണ്ണടച്ചുള്ളിലെ
കൂരിരുട്ടിലുഴറവേ,
എൻ്റെ പെൺമനസ്സൊന്നു കൊതിച്ചുപോയ്
പ്രേമസാന്ത്വനമായൊരു പൌരുഷം

രാജസൂയം ജയിച്ച കണവർക്കു –
രാജ്ഞിയായ് വാഴുമെൻ്റെ മാനത്തെയും
ചൂതിൽ പന്തയദ്രവ്യമായ് തീർത്തില്ലേ?
രാജവേദിയിൽ ഉറ്റവർ മുന്നിൽ ഞാൻ
ഏറെ നീറി വിവസ്ത്രയായ് കേണില്ലേ?

ഏതു യുദ്ധം ജയിപ്പിക്കുവാൻ വേണ്ടി,
ഏതിതിഹാസപരിസമാപ്തിക്കായി
എൻ്റെ മക്കളെയൊക്കെയും ചുട്ടെരിച്ചെൻ്റെ
മാതൃത്വം പാഴ് തരിശാക്കി നീ

ഞാനൊരിക്കലിതുപോലെ മറ്റൊരു
കാവ്യമേറെ തപസ്സാൽ രചിക്കവേ
മാമുനേ, നിനക്കേതു കഥാപാത്ര
രൂപകല്പനയേകണം ?
കൻമഷൻ, കാട്ടാളൻ? ഇല്ല, മാമുനേ
നീയെഴുതിയ പോലെനിക്കാവില്ല;
എൻ്റെ പെണ്മനസ്സെന്നും പ്രകൃതിയാണേതു-
സൃഷ്ടിയും സുന്ദരമാക്കുവോൾ

തോൽക്കുകില്ല, ഞാൻ മാമുനേ
കാലജൈത്രയാത്രയിൽ,
ലോകമെപ്പോഴെങ്കിലും നിന്നെ മറന്നാലും
ഏറെ പാടിപ്പുകഴ്ത്തി നടന്നിടും
നീ രചിച്ച ഇതിഹാസപുത്രിയെ.

കവർ: ജ്യോതിസ് പരവൂർ

Comments

You may also like