പൂമുഖം BOOK REVIEW കേരളത്തില്‍ നിന്നും ലോകത്തിലേക്ക്

കേരളത്തില്‍ നിന്നും ലോകത്തിലേക്ക്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ന്യൂസ് റൂം- ബി ർ പി ഭാസ്കർ-ആത്മകഥ : ഡി സി ബുക്ക്സ് -2021

പ്രൊഫഷണൽ ജീവിതത്തിൻറെ മിക്ക ഭാഗവും ഡൽഹിയിലെ പ്രധാനപ്പെട്ട പത്രങ്ങളിൽ ദേശീയ രാഷ്‌ടീയത്തെയും, വികസനങ്ങളെയും എൺപതു മുതൽ നോക്കിക്കണ്ട എനിക്ക് ബാബു ഭാസ്കർ എന്ന പേര് 1980 മുതലേ സുപരിചിതമായിരുന്നു. പക്ഷെ അദ്ദേഹത്തെ കണ്ടതോ ഒരു പത്തു വർഷം മുൻപ്! കാരണം എൺപതുകളിൽ ഞാൻ മുഖ്യധാരാ പത്രപ്രവർത്തനത്തിൽ എത്തുന്നതിനു മുൻപ് തന്നെ അദ്ദേഹം ഡൽഹി വിട്ടിരുന്നു. 1952 ൽ ഹിന്ദുവിൽ പത്രപ്രവർത്തനം ആരംഭിച്ച അദ്ദേഹം പല പത്രങ്ങളിലും ന്യൂസ് എജൻസിയിലും പ്രവർത്തിച്ച ശേഷം എൺപതുകളോടെ തൻറെ അവസാന താവളമായി ഡെക്കാൻ ഹെറാൾഡിൽ എത്തിയിരുന്നു. പക്ഷെ ഡൽഹി പത്രപ്രവർത്തന രംഗത്ത് അദ്ദേഹം തൻറെ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. അന്ന് എൻറെ സീനിയർ ആയ പലരുടെയും പ്രതേകിച്ച് യു എൻ ഐ എന്ന ന്യൂസ് ഏജൻസിയിലെ ചെറുപ്പക്കാരുടേയും സംഭാഷണങ്ങളിലൂടെ ആണ് അദ്ദേഹത്തേയും വി പി രാമചന്ദ്രനെയും അറിയുവാൻ കഴിഞ്ഞത്. അവർ രണ്ടു പേരും മിർചന്ദാനി എന്ന ഏജൻസിയുടെ ജനറൽ മാനേജരുടെ ഇംഗിതങ്ങളെ എങ്ങനെ പ്രൊഫഷണൽ ആയി എതിരിട്ടിരുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. ഇവർ രണ്ടു പേരും മലയാളികൾ ആയതു കൊണ്ട് രംഗത്തെ പുതുക്കക്കാരൻ ആയ എനിക്കും അവർക്കു കിട്ടുന്ന ബഹുമാനത്തിൻറെ ഒരംശം ലഭിക്കുമായിരുന്നു. മലയാളിയെ സൂക്ഷിക്കുക, അവൻ ഇടഞ്ഞാൽ കുഴപ്പക്കാരനാണ് എന്ന് മറ്റു ഭാഷക്കാരായ സഹപ്രവർത്തകർ പറയുമായിരുന്നു.

ആമുഖമായി ഇത് പറയുന്നത് ബാബു ഭാസ്കർ എന്ന ബി ആർ പി ഭാസ്കറിനു ഡൽഹിയിൽ കിട്ടിക്കൊണ്ടിരുന്ന പ്രൊഫഷണൽ ബഹുമാനത്തിൻറെ കാരണങ്ങൾ അദ്ദേഹത്തിൻറെ തന്നെ അനുഭവ കുറിപ്പുകളിലൂടെ അറിയുവാൻ ഇട വന്നതു കൊണ്ടാണ്. ആദ്യമായി ബാബു ഭാസ്കർ ‘ഹിന്ദു ‘എന്ന, ആ കാലഘട്ടത്തിൽ ആരും പിരിഞ്ഞു പോകാത്ത സംഘടനയിൽ നിന്ന് ഉപരി പഠനാർത്ഥം വിട്ടു എന്നത് തന്നെ അദ്ദേഹത്തിൻറെ ആദ്യകാല സാഹസികതയേയും, ഉല്പതിഷ്ണുത്വത്തേയും ആണ് കാണിക്കുന്നത്. സ്വന്തം ജോലിസുരക്ഷയെ കൈ വെടിഞ്ഞു അങ്ങനെ ഒരു സാഹസികത അന്നും ഇന്നും വളരെ കുറച്ചു പേരേ കാണിക്കൂ. മാത്രവുമല്ല തൻറെ ലാവണത്തിൻറെ ആദ്യ ദശകത്തിൽ മാത്രമേ ഒരു പത്രപ്രവർത്തകന് അങ്ങനെ ഒരു അവസരവും ലഭിക്കൂ.

ഏകദേശം 1990 വരെ ശീതയുദ്ധത്തിൻറെ ഭാഗമായ അമേരിക്കയുടെയും, സോവിയറ്റ് യൂണിയന്റെയും മസ്തികക്ഷാളനം പത്രപ്രവർത്തകർക്കു സ്കോളർഷിപ്പായി പ്രയോജനപ്പെട്ടിരുന്നു. സോവിയറ്റുകൾ മോസ്കോ, പ്രാഗ് ബൂഡപെസ്റ്റ്, ഈസ്റ്റ് ജർമ്മനി വഴി യുവ പ്രൊഫെഷനലുകളെ ആകർഷിച്ചെങ്കിൽ, അമേരിക്ക, മനില, ഹോണ ലുലു, വസ്റ്റ് ബെർളിൻ എന്നീ നഗരങ്ങൾ വഴി ഉപരിപഠന അവസരങ്ങൾ തുറന്നു കൊടുത്തു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ സോവിയറ്റു ബ്ലോക്കിലെ എല്ലാ അവസരങ്ങളും കയ്യടക്കി മക്കൾക്കും, സില്ബന്ധികൾക്കും നൽകിയെങ്കിൽ, അമേരിക്കക്കാർ ബാബു ഭാസ്കറെ പോലുള്ള ഉൽപതിഷ്ണുക്കളെ കണ്ടെത്തി അവരെ തങ്ങളുടെ ലോകം കാണിക്കൽ പ്രക്രിയയിൽ പങ്കാളികൾ ആക്കി.

എൺപതുകളിൽ, ഇതിനു വിധേയമായി മോസ്കോ സ്വപ്നം കണ്ടിരുന്ന ഞാൻ സ്വീകരിക്കാൻ പറ്റാതെ പോയ ഒരു മനില സ്കോളർഷിപ്പിന് ശേഷം വെസ്റ്റ് ബെർളിനിൽ എത്തിച്ചേർന്നു . ഒന്ന് പറയാം; എൺപതുകളിൽ പോലും മധ്യവർഗികൾക്കു സ്വപ്നമായിരുന്ന വിദേശ യാത്ര ഞങ്ങളെ പോലുള്ളവരുടെ മാനസിക ചക്രവാളങ്ങൾ വികസിക്കുവാൻ കാരണമായി. അപ്പോൾ പിന്നെ അൻപതുകളിൽ തന്നെ മനില വഴി ഹോംഗ് കോങ്ങ്, ജപ്പാൻ ഒക്കെ കണ്ടു മടങ്ങിയ ഭാസ്കറിൻറെ കാര്യം പറയേണ്ടതില്ലല്ലോ? ഒരു പത്രപ്രവർത്തകൻ ഇങ്ങനെ വിദേശ യാത്ര നടത്തുമ്പോൾ അദ്ദേഹം വെറും സന്ദർശകൻ അല്ല, കാരണം അതിഥികൾ അയാൾക്ക് കൊണ്ട് പോകുന്ന പ്രദേശങ്ങളുടെ ഉൾക്കാഴ്ചകൾ കൂടി നൽകുന്നു. ബെർലിനിൽ പോയ ഞങ്ങൾ അന്നത്തെ ഒരു ബസ് യാത്രയിൽ പടിഞ്ഞാറൻ ജർമനിയെ കണ്ടപ്പോൾ അവിടങ്ങളിലെ പ്രധാന സ്ഥാപനങ്ങൾ, ആൾക്കാർ എന്നിവയെ കൂടി പരിചയപ്പെട്ടു കൊണ്ടാണ് മടങ്ങിയത്. അതുപോലെ തന്നെയാണ് തൻറെ മനില സ്കോളർ ഷിപ്പിനെയും ശ്രീ ഭാസ്കർ കണ്ടത് എന്ന് ഈ പുസ്തകം കാണിച്ചു തരുന്നു. ഹോങ്കോങ്ങിൻറെ അതിർത്തിയിൽ നിന്ന് “മധുര മനോജ്ഞ” ചൈന കണ്ട കാര്യം അദ്ദേഹം വിവരിക്കുന്നതു ശ്രദ്ധേയമാണ്- അതിലും പ്രധാനമാണ് വർഷങ്ങൾക്കു ശേഷം എൺപതുകളിൽ ചൈനയിലെ സാമ്പത്തിക പരിഷ്‌കാരങ്ങൾ റിപ്പോർട്ട് ചെയ്യുവാൻ പോയ സമയത്തെ വിവരണങ്ങൾ.

‘ഹിന്ദു’വിലെ വളരെ ഇടുങ്ങിയ ചട്ടക്കൂടിൽ നിന്ന് മനില പഠനത്തിന് ശേഷം അദ്ദേഹം സ്റ്റേറ്റ്സ് മാൻ പത്രത്തിൻറെ വിശാല ലോകത്ത് ആണ് എത്തിച്ചേർന്നത്. എൺപതുവരെ ഹിന്ദുവും, സ്റ്റേറ്റ്സ്മാനും, പത്ര പ്രവർത്തന രംഗത്തെ ആഢ്യ സ്ഥാപനങ്ങൾ ആയിരുന്നു. ഏതു ചെറുപ്പക്കാരും വിരാജിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ., പ്രൊഫഷണൽ ആയി ബഹുമാനം ലഭിക്കുന്ന ഇടങ്ങൾ. മന്ത്രിമാരും, ഉദ്യോഗസ്ഥന്മാരും മറ്റു വ്യവസായ പ്രമുഖരും, പ്രമാണികളും കാണാൻ എപ്പോഴും താല്പര്യപ്പെടുന്നവർ. പക്ഷെ അതെല്ലാം വിട്ടു ഇടതു പക്ഷക്കാർ “ലിങ്ക്”, “പാട്രിയോട്ട്” പത്രങ്ങൾ തുടങ്ങിയപ്പോൾ അദ്ദേഹം ഇടത്തട്ട നാരായണൻ എന്ന സ്വാതന്ത്ര്യ സമര സേനാനിയായ പത്രാധിപരുടെ കൂടെ മുതലാളിമാർ നയിക്കാത്ത ഒരു പത്രപ്രവർത്തനത്തിന് വേണ്ടി ആഢ്യപത്രങ്ങളിൽ നിന്നും ഇറങ്ങി. ഇടതുപക്ഷ പത്ര പ്രവർത്തനം ക്രമേണ പാർട്ടി അവസരവാദ പത്രപ്രവർത്തനമായപ്പോൾ അദ്ദേഹം അവിടവും വിട്ടു. നെഹ്രുവിൻറെ മരണവും അത് റിപ്പോർട്ട് ചെയ്തതിനു ലഭിച്ച നല്ല സാക്ഷ്യ പത്രങ്ങളും “പാട്രിയോട്ട്” കാലത്തിൻറെ നല്ല സ്മരണയും അദ്ദേഹം എഴുതി. ഇടത്തട്ട നാരായണനെ പോലെ ഒരു എഡിറ്ററിൻറെ കൂടെ പണിയെടുക്കുന്ന ഏതൊരാൾക്കും മറ്റു ജോലികൾക്കു വിഷമം ഉണ്ടാകില്ല, പ്രതേകിച്ചു ഹിന്ദു- സ്റ്റേറ്റ്സ്മാൻ ഭൂതകാലമുള്ള ഒരു പത്രപ്രവർത്തകന്.

അങ്ങനെ അദ്ദേഹം യൂ ൻ ഐ എന്ന വാർത്താ ഏജൻസിയിൽ എത്തിച്ചേർന്നു . ഏജൻസി പ്രവർത്തനം ഒരു പത്രപ്രവർത്തകനെ സംബന്ധിച്ചിടത്തോളം എപ്പോഴും സംഭവ ബഹുലമായിരിക്കും. കാരണം അയാളുടെ ജോലി 24 മണിക്കൂറും ന്യൂസ് പിടിക്കുക എന്നതാണ്. അതിൻറെ ഗതി, ഊർജം ഒന്ന് വേറെ തന്നെ ആണ്. പത്രങ്ങൾ പോലെ ജോലി ആയാസകരമല്ല. വാർത്തകളുടെ ഉറവിടം മിക്കപ്പോഴും എജൻസികൾ ആണ്. അഹമ്മദാബാദിൽ എത്തിച്ചേർന്ന അദ്ദേഹം ക്രമേണ ആ രംഗത്തും ശ്രദ്ധിക്കപ്പെടുവാനും, മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുവാനും തുടങ്ങി. അത്രയും അനുഭവ ജ്ഞാനവും വിശാല ലോകവീക്ഷണവും ഉള്ള പത്രപ്രവർത്തകർ അന്ന് തുലോം കുറവായിരുന്നു എന്ന് നിസ്സംശയം പറയാം. പക്ഷെ ഏതു രംഗത്തെ പോലെയും, എവിടെയും, മുകളിലേക്കുള്ള പടികൾ ഒരു ഫ്യൂഡൽ വിധേയ സംസ്കാരമുള്ള ഇന്ത്യയിൽ സ്വതന്ത്ര മനസുള്ള ഒരുവന് ദുഷ്കരമാണ്. അദ്ദേഹത്തിൻറെ യൂ എൻ ഐ വാസവും അതാണ് കാണിക്കുന്നത്. അഹമ്മദാബാദിൽ നിന്ന് ഡൽഹിയിലേക്കും പിന്നീട്, ബോംബെയിലേക്കും ശ്രീനഗറിലെ തണുപ്പിലേക്കും അദ്ദേഹം സ്ഥലം മാറ്റപ്പെട്ടു. യൂ എൻ ഐ ജനറൽ മാനേജർ ജി ജി മിർചന്ദാനി ഒരു കാർക്കശ്യക്കാരനും നിഷ്ടുരനും ആണെന്ന് കേട്ടിരുന്നു. തനിക്കിഷ്ടമില്ലാത്ത ഭാസ്കറിനെ പോലെ ഒരാളെ ഒറ്റ രാത്രിക്കു ഒരു കാരണവും കൂടാതെ പുറത്താക്കാനും, പിന്നീട് ആ രംഗത്തുള്ളവരുടെ സമ്മർദ്ദം മൂലം തിരിച്ചെടുത്തു ശ്രീനഗറിലേക്കു മാറ്റുവാനുമുള്ള ധാർഷ്ട്യം കാണിക്കുവാനും അദ്ദേഹത്തിന് ഒരു മടിയുമില്ല എന്നത് ആ ക്രൂരതയുടെ സാക്ഷ്യപത്രമാണ്. ബാബു ഭാസ്കറിൻറെ ഭാഷ്യപ്രകാരം അദ്ദേഹത്തെ ശ്രീനഗറിൽ വെച്ച് അപായപ്പെടുത്തുവാൻ പോലും മിർചന്ദാനി ശ്രമിച്ചുവത്രെ പക്ഷെ അവിടെയാണ് അദ്ദേഹം ബംഗ്ളദേശ് വിമോചനയുദ്ധം റിപ്പോർട്ട് ചെയ്തു തൻറെ രംഗത്തെ മറ്റൊരു അഭിമാനമായത്.

യൂ എൻ ഐ യിലെ ഇന്ത്യ ആകമാനമുള്ള പ്രവർത്തനം അദ്ദേഹത്തെ ബാംഗ്ലൂരിലെ ഡെക്കാൻ ഹെറാൾഡിൽ എത്തിച്ചു. അന്ന് അതിൻറെ ഉടമയും, ജെ എൻ യു (JNU)ക്കാരനുമായ ഹരികുമാർ തൻറെ പത്രത്തെ നവീകരിക്കുകയായിരുന്നു . ഇ പി ഡബ്ല്യൂ( EPW ) പോലെ ‘ഡെക്കാൻ റിവ്യൂ ‘എന്ന ഒരു വീക്കിലി അദ്ദേഹം തൻറെ ജെ എൻ യു കൂട്ടുകാരനായ ഏഷ്യാനെറ്റ് ശശി കുമാറിൻറെ സഹോദരീഭർത്താവ് ചന്ദ്രശേഖറിനെ വെച്ച് തുടങ്ങിയിരുന്നു. ഹരികുമാറും മറ്റു ഉടമകളിൽ നിന്ന് വ്യതാസമില്ലാത്ത ഫ്യുഡൽ സ്വഭാവങ്ങൾ ഉള്ള എഡിറ്റർ ആയിരുന്നു. പക്ഷെ അവിടെയും ഭാസ്കർ തൻറെ സ്വതസിദ്ധമായ ഉല്പതിഷ്ണുത്വം കൊണ്ട് പിടിച്ചു നിന്നു തൊണ്ണൂറുകളിൽ കിഴക്കൻ യൂറോപ്പ് രാജ്യങ്ങൾ, സോവിയറ്റ് യൂണിയൻ എന്നിവ വീണപ്പോൾ അവിടം സന്ദർശിച്ചു അവയുടെ തകർച്ചയെ കുറിച്ച് ലേഖന പരമ്പര എഴുതുവാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചു. കൂടെ ചൈനയിൽ പോയി അവിടെ എങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടി ഈ മാറ്റങ്ങളെ ഉൾക്കൊണ്ടു എന്ന് എഴുതുവാനും. അവസാനമായി ഏഷ്യാനെറ്റ് ന്യൂസ് ഒരു പ്രൊഫഷണൽ സംഘടന ആക്കുവാനും അദ്ദേഹത്തിന് സാധിച്ചു. സ്വന്തം മാതൃഭാഷയുടെ ആദ്യ ന്യൂസ് ചാനലിന് പ്രൊഫഷണലായി അടിത്തറയിട്ടത് അദ്ദേഹവും കൂടെ ആണ് എന്നതിന് പുറകിൽ നാലു ദശാബ്ദക്കാലത്തെ ഇംഗ്ലീഷ് പത്രപ്രവർത്തനത്തിൻറെ പിൻബലമുണ്ട്. അതിൻറെ മികവ് ഏഷ്യാനെറ്റ് ന്യൂസിൽ ഈയിടെ വരെ ഉണ്ടായിരുന്നതായി കാണാം.

സർക്കാരിൻറെ ക്ഷണത്തിലും, പിന്നീട് ‘ഇന്ത്യ എബ്രോഡ് ‘ എന്ന ജേർണലിനു വേണ്ടിയും അമേരിക്ക സന്ദർശിച്ച അനുഭവങ്ങൾ അദ്ദേഹത്തിലെ പത്രപ്രവർത്തകന്റെ കൂർമ്മ ബുദ്ധിയെ കാണിച്ചു തരുന്നു- അതുപോലെ നിലച്ചുപോയ ചേരിചേരാ – മൂന്നാം ലോക വാർത്താ ഏജൻസി ആയിരുന്ന ഇൻറർ പ്രസ് സർവീസിലെ റോം അനുഭവവും അദ്ദേഹത്തെ ഒരു വിശ്വ പൗരൻ ആക്കി എന്ന് പറയാം.

ജനതാ പാർട്ടിക്കാലത്തു വിദേശകാര്യ മന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമായ അടൽ ബിഹാരി വാജ്പേയി “ഇത് ഇന്ത്യൻ പശുവല്ല” എന്ന് പറഞ്ഞു കൊളംബോയിലെ ഒരു വിരുന്നിൽ ബീഫ് കഴിച്ചതും രസകരമായി അദ്ദേഹം വിവരിക്കുന്നു. കൂടെ ജമ്മു കാശ്മീരിൽ എങ്ങനെ ഇന്ത്യ ഷേക്ക് അബ്ദുള്ളയെ നേരാംവണ്ണം കൈകാര്യം ചെയ്തില്ല എന്നും തൻറെ അടുപ്പം നൽകിയ ഉൾകാഴ്ച യിലൂടെ വിവരിക്കുന്നു.

പത്രപ്രവർത്തകൻ ഒരു ഡോക്ടറെ പോലെ, എൻജിനീയറെ പോലെ സാമൂഹിക രംഗത്താണ് പ്രവർത്തിക്കുന്നത് ഏന്നു ഭാസ്കറിൻറെ ഈ അനുഭവക്കുറിപ്പുകൾ കാണിച്ചു തരുന്നു. ഉത്പതിഷ്ണുവും, സ്വതന്ത്ര മനസ്സുള്ളതുമായ ഒരു പത്രപ്രവർത്തകൻ ഒരു ജനാധിപത്യ സമൂഹത്തെ മുന്നോട്ടു നയിക്കുവാൻ , വളർത്തിയെടുക്കുവാൻ ഒരു നാലാം തൂണ് ആയിത്തന്നെ പ്രവർത്തിക്കുന്നു. സമകാലീന ചരിത്രത്തെ അടുത്ത് കണ്ടു അതിനെ നേരാംവണ്ണം പ്രതിപാദിച്ചു വായനക്കാരെ, സംഭവങ്ങളെ നേർവഴിക്കു തിരിച്ചു വിടുവാൻ നിയോഗിക്കപ്പെട്ടവനുമാണ് പത്രപ്രർത്തകൻ എന്ന് ബാബുഭാസ്കറിൻറെ അനുഭവക്കുറിപ്പുകളിലൂടെ നാം അറിയുന്നു.

പക്ഷെ ഇതിന് അദ്ദേഹം കൊടുത്ത ജീവിത ത്യാഗങ്ങളും നമ്മൾ കാണേണ്ടതുണ്ട് . തക്ക സമയത്തു വേണ്ട രീതിയിൽ പുറം ലോകവുമായും അകം ലോകവുമായി സംവദിച്ചു പ്രൊഫെഷണൽ രംഗത്തെ പ്രശ്നങ്ങൾക്കു പരിഹാരം കാണേണ്ടതുണ്ട്. കൂടെ കുടുംബ ജീവിതത്തിലെ താളങ്ങളെ ശദ്ധിക്കേണ്ടതുണ്ട്. ഉപജീവന മാർഗമായതു കൊണ്ട് ജോലിയുടെ വ്യവസ്ഥകൾ പരിപാലിക്കേണ്ടതുണ്ട്; തൻറെ പ്രൊഫഷണൽ ജീവിതത്തിനു പ്രശ്നമുണ്ടാക്കാത്ത തരത്തിൽ. തങ്ങളുടെ ഇടപെടലുകൾ സമൂഹത്തിലെ ഉന്നതരുമായിട്ടായതുകൊണ്ട് തിരിച്ചടികളെക്കുറിച്ചുള്ള ജാഗ്രതയോടെ ജോലി വെടിപ്പായി ചെയ്യേണ്ടതുണ്ട്. ഇതൊക്കെ ചെയ്യുവാനുള്ള അവസരവും, ഭാഗ്യവും മനസും ലഭിച്ച ഒരാളെയാണ് ഈ പുസ്തകത്തിൽ നാം കാണുന്നത്.

സമകാലീന മീഡിയയിൽ കാണുന്ന തരത്തിലുള്ള അപചയങ്ങൾ ഭാസ്കറിൻറെ കാലഘട്ടത്തിൽ കേട്ടു കേൾവി പോലും ഇല്ലായിരുന്നു എന്ന് കാണാം. വാളെടുക്കുന്നവൻ എല്ലാം വെളിച്ചപ്പാട് ആകുന്ന ഈ കാലത്തു ശ്രീ ഭാസ്കറിൻറെ അനുഭവക്കുറിപ്പുകളുടെ പ്രസക്തി എന്താണ് എന്ന് ചോദിക്കാം. അതിൻറെ ഉത്തരവും ഈ പുസ്തകത്തിൽ ഉണ്ട് . ബാബു ഭാസ്കർ എന്ന വ്യക്തിക്ക് മലയാളി സമൂഹത്തിലും ലോകമൊട്ടുക്കും ലഭിക്കുന്ന ആദരവ് കാണിക്കുന്നത് അദ്ദേഹത്തിന്റേത്, ഇന്ത്യയിൽ നിന്ന് ലോകത്തിനു മുഴുവൻ കാണിച്ചു കൊടുക്കാവുന്ന നല്ല പത്രപ്രവർത്തനമാണ് എന്നാണ്. ജീവിതത്തിൻറെ സായാഹ്ന വേളയിലും അദ്ദേഹം വായിക്കപ്പെടുന്നു, തൻറെ അഭിപ്രായങ്ങളാൽ സാമൂഹിക മാധ്യമങ്ങളിൽ ട്രോള് ചെയ്യപ്പെടുന്നു എന്നതിൽ അദ്ദേഹത്തിൻറെ ചെറുത്തു നിൽപ് കാണാം. പത്രപ്രവർത്തന രംഗത്തെ, സാമൂഹിക ഇടങ്ങളിലെ സുവർണ നിലവാരത്തിൻറെ അപ്രമാദിത്യത്തിനായുള്ള ഒരു ഉത്പതിഷ്ണുവിൻറെ നിരന്തര പരിശ്രമവും, ഇടപെടലുകളും ആണ് അദ്ദേത്തിൻറെ എഴുത്തുകൾ.

ഇങ്ങനെ ഒരു തലമുറ ഇവിടെ ജീവിച്ചിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുമ്പോൾ, കൂടെ അവസാന നാളുകളിൽ അദ്ദേഹത്തെ ട്രോൾ ചെയ്തു നിശബ്ദനാക്കുവാൻ ശ്രമിച്ച ഒരു കൂട്ടമുണ്ടായിരുന്നു എന്ന് സമനിലയുള്ള മനസുകൾ നോക്കിക്കാണും. കാരണം എല്ലാ ഉല്പതിഷ്ണുക്കളേയും പോലെ ശ്രീ ഭാസ്കറും, തൻറെ ജീവിതം നൽകിയ ഉൾകാഴ്ചകൾ, മാനസിക വികാസങ്ങൾ, അറിവുകൾ, ദർശനങ്ങൾ എന്നിവ സാമൂഹിക ഉന്നതിക്കായി പകർന്നു നൽകുവാനാണ് തൻറെ ഇടപെടലുകളിൽ കൂടെ ശ്രമിച്ചത് എന്ന് കാണാം.

ശ്രീ ഭാസ്കർ കേരളത്തിൽ ജനിച്ചു വിദ്യാഭ്യാസം ലഭിച്ച മലയാളി ആണ്. പക്ഷെ അൻപതുകൾ മുതൽ ഇന്നുവരെയുള്ള അദ്ദേഹത്തിൻറെ ദേശീയ അന്തർ ദേശീയ അനുഭവങ്ങൾ വഴി ആർജിച്ച ലോക വീക്ഷണവും , മനസ്സുറപ്പും മലയാള പത്രപ്രവർത്തകരിൽ തന്നെ അപൂർവമായി കണ്ടു വരുന്ന ഒന്നാണ്. അതും ലോകത്തു വാർത്താവിനിമയ സൗകര്യങ്ങൾ ഇന്നത്തെ പോലെ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരാളിൽ നിന്നും. അദ്ദേഹത്തിൻറെ അനുഭവ കുറിപ്പിൽ മുപ്പതു വർഷങ്ങൾ ഇളയവനായ എനിക്ക് കാണുവാനും അറിയുവാനും കഴിയുന്നതും അതാണ്. ഭൂമി ഒരു ഗ്രാമം പോലെ ആയിരിക്കുന്ന ഈ കാലത്തു ഇടുങ്ങിയ മനസും, പ്രാദേശിക അനുഭവങ്ങളും വെച്ച് ലോകത്തെ കീറിമുറിക്കുവാൻ പോകുന്ന മലയാളി പത്രപ്രവർത്തകനും, മലയാളിക്കു പൊതുവെയും, വിലയേറിയ പാഠങ്ങൾ നൽകുന്ന അനുഭവ കുറിപ്പുകളുടെ സമാഹാരമാണ് “ന്യൂസ് റൂം -ഒരു മാധ്യമ പ്രവർത്തകൻറെ അനുഭവ കുറിപ്പുകൾ”. ഇത് തലമുറകൾക്കായി എഴുതി വെച്ച ബാബു ഭാസ്കർ എന്ന ബി ർ പി ഭാസ്കറിന് ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നേരുന്നു.

പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like