എൺപത്തിരണ്ട്‍
‘നീ ഏതെങ്കിലും ഒരു അവധി ദിവസം തിരുവനന്തപുരത്ത് എൻ്റെ വീട്ടിലേക്ക് വരാമോ?,’ ജോസ് ഫോണിലൂടെ അന്നമ്മയോടു ചോദിച്ചു .
‘എന്താ കാര്യം?’
‘സ്റ്റെല്ല കാണെ നിന്റെ കൂടെ എനിക്ക് ഇടപഴകണം.’
‘അതെന്തിനാ?’
പ്രതികരണം അറിയാൻ. ഇപ്പോഴത്തെ നിലയിൽ നമ്മൾ കതകടച്ചിരുന്നാലും സ്റ്റെല്ല അനങ്ങില്ല എന്നാ എനിക്ക് തോന്നുന്നത്.’
‘സ്റ്റെല്ലയ്ക്ക് മരുന്ന് കൊടുത്തു നോക്കിയിട്ടുണ്ടോ, കഴിക്കുമോ?’
‘എത്ര കൊടുത്താലും ഒരു മടിയും ഇല്ലാതെ കഴിക്കും. ഒരു വിശേഷവും ഇല്ല എന്ന് മാത്രം.’
‘ഡാനിയേൽ സാർ എന്തു പറഞ്ഞു?’
‘സാർ സുല്ല് ഇട്ടിരിക്കുകയാണ്. സ്റ്റെല്ല ഏതെങ്കിലും മിസ്റ്റിക്ക് ആയിരിക്കും എന്നാണ് ഇപ്പോൾ പറയുന്നത്. വൃത്തികേട് എന്താന്ന് വെച്ചാ സ്റ്റെല്ലയെപ്പറ്റി ചെറിയ അത്ഭുത കഥകളും പുള്ളി പറഞ്ഞു തുടങ്ങിയിട്ടുണ്ട്. അറിയപ്പെടുന്ന മനശാസ്ത്രജ്ഞനാ പറയുന്നതെന്ന് ഓർക്കണം!’
‘എന്താ അദ്ദേഹം പറയുന്ന അത്ഭുതം?’
‘ഒന്നും പറയണ്ട. സ്റ്റെല്ലയുടെ അടുത്ത് ചെലവഴിച്ച സമയങ്ങളിൽ അങ്ങേർക്ക് വലിയ ശാന്തി അനുഭവപ്പെട്ടു എന്നും അങ്ങേര് ഉത്തരം തേടിക്കൊണ്ടിരുന്ന ചില ചോദ്യങ്ങൾക്ക് മനസ്സിൽ സ്വയം ഉത്തരം തെളിഞ്ഞു കിട്ടിയെന്നും മറ്റും.’
‘അതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ?’
‘മണ്ണാങ്കട്ട. അയാക്ക് പ്രായാധിക്യത്തിന്റെ പ്രശ്നങ്ങൾ തുടങ്ങിയിട്ടുണ്ട്. അത്രേയൊള്ളൂ. സാമീപ്യം കൊണ്ട് ശാന്തി ഉണ്ടാവുന്നെങ്കിൽ ആദ്യം ഉണ്ടാവേണ്ടത് എനിക്കല്ലേ? പകരം അങ്ങേയറ്റം ആശാന്തിയല്ലേ എനിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്?’
‘സ്റ്റെല്ല കൂട്ടുകാരി ഹേമയെ കാണാൻ പോകാറുണ്ടോ?’
‘വളരെ കുറവാണ്. സ്റ്റെല്ലക്ക് ഓരോ സമയത്ത് ഓരോ മൂഡാണ്. ഇപ്പോ അങ്ങനെ ഒന്നിനോടും താല്പര്യമില്ല. ആരോടും പ്രത്യേകിച്ച് അടുപ്പമോ വിരോധമോ ഇല്ല. കൂട്ടുകാരിയും ഭർത്താവും ഈയിടയ്ക്ക് വന്നിരുന്നു.
സ്റ്റെല്ല വലുതായി അവരോടു സംസാരിച്ചില്ല. വെറുതെ പുഞ്ചിരി പൊഴിച്ചു നിന്നതേയുള്ളൂ.’
‘അവർക്ക് വിഷമമായോ?’
‘അങ്ങനെയൊന്നും വിഷമിക്കുന്ന മൊതലുകൾ അല്ലല്ലോ അതുരണ്ടും. മൂന്നുപേരും നിശബ്ദരായി ഒരുപാട് നേരം ഇരുന്നു. പിന്നെ ഒരു വിഷമവുമില്ലാതെ അവരങ്ങ് പോവുകേം ചെയ്തു.’
‘എല്ലാം ശരിയാകും അച്ചായാ.’ അന്നമ്മ ഭംഗി വാക്ക് പറഞ്ഞു.
‘തിരിച്ചാ എൻ്റെ മനസ്സ് പറയുന്നത്. എന്തോ ഒരു വലിയ ദുരന്തം ഞങ്ങടെ വീട്ടിൽ നടക്കാനിരിക്കുന്നു.’
‘വെറുതെ ഓരോന്ന് പറയാതെ. ഒരു മനശ്ശാസ്ത്രജ്ഞനാ. അത് മറക്കാതെ. സാധാരണക്കാരെ പോലെ ഉള്ളിലെ തോന്നലുകൾക്ക് വലിയ പ്രാധാന്യം കൊടുക്കല്ലേ!’
എൺപത്തിമൂന്ന്
‘ഗിരിക്കും ഹേമക്കും കാടിനുള്ളിലേക്ക് പോകണമെന്നുണ്ട് . അതിനുള്ള തയ്യാറെടുപ്പുമായാണ് അവർ വന്നിരിക്കുന്നത്.’
രാജൻ കുട്ട വരിഞ്ഞുകൊണ്ടിരുന്ന തേനിയോട് പറഞ്ഞു.
തേനി പണി നിർത്തി അയാളെ നോക്കി.
‘തനിച്ചു വിടണ്ട. അപകടമാണ്.’
തേനി പറഞ്ഞു.
‘ഞാനും കൂടെ പോകാം. അവർ എന്നെയും വിളിച്ചിട്ടുണ്ട്.’
‘നിങ്ങള് പോയിട്ട് എന്ത് പ്രയോജനം? നിങ്ങൾക്ക് ഈ കാടിനെ പറ്റി എന്തറിയാം? ഞങ്ങൾക്കൊക്കെ ഇവിടുത്തെ ഓരോ മരവും അറിയാം. എവിടൊക്കെ ഏതൊക്കെ മൃഗം എന്നും അറിയാം.’
‘എത്ര ദൂരം?’
‘രണ്ടു മൂന്നു ദിവസം നടന്നാൽ എത്തുവോളം.’
‘ഗിരിയുടെ കയ്യിൽ വടക്കുനോക്കിയന്ത്രം ഉണ്ട്. അത് വെച്ച് ദിശ തെറ്റാതെ പോകാം.’
‘നിങ്ങൾ നാട്ടുകാർക്ക് അശേഷം ബുദ്ധിയില്ല.’
രാജൻ മൂളി.
‘നീ വരുന്നോ?’
‘നിങ്ങൾ പോകുന്നെങ്കിൽ ഞാനും വരും. ഞാൻ ഇല്ലാതെ നിങ്ങളെ പോവാൻ സമ്മതിക്കില്ല.’
‘നീ വാ. നീയുള്ളത് എനിക്ക് ഒരു ധൈര്യമാ.’
‘ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ ഇടക്കുവന്ന് വിരട്ടും. ഉൾക്കാട്ടിലേക്ക് ആരും പോകരുതെന്നു പറഞ്ഞ്. എന്നാലും ഞങ്ങൾ പോകും.’
തേനി വരിഞ്ഞുകഴിഞ്ഞ കുട്ട വശത്തേക്കു മാറ്റിവച്ച് നിവർന്നു.
‘നിങ്ങളുടെ യഥാർത്ഥ അമ്മ കുടിലിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. ഞാൻ പോയി കണ്ടു. എന്നോടും കൊച്ചിനോടും ഇപ്പോൾ വലിയ സ്നേഹമാണ്. കൊച്ചിനെ ഇതിനുമുമ്പില്ലാത്ത സ്നേഹത്തോടെയാണ് ലാളിക്കുന്നത്. നേരത്തെ തമ്പുരാട്ടിയും പ്രജയും ആയിരുന്നല്ലോ. ഇപ്പോൾ മുത്തശ്ശിയും ചെറുമകനുമല്ലേ.’

‘മൂപ്പനോ?’
‘അത് പഴയപോലെ തന്നെ. ഗൗരവം. ഒരു മാറ്റവുമില്ല.’
അല്പം ആലോചിച്ച് ഇരുന്ന ശേഷം രാജൻ ചോദിച്ചു: ‘നിനക്ക് എന്താണ് ഇഷ്ടം, ഇവിടെ തന്നെ നിൽക്കുന്നതോ അതോ നാട്ടിൽ പോയി താമസമാക്കുന്നതോ?’
‘ഇവിടെത്തന്നെ. പിന്നെ നിങ്ങൾ നിർബന്ധിച്ചാൽ ഞാനും കൊച്ചും കൂടെ വരാം.’
‘എനിക്കും കാടു തന്നെ ഇഷ്ടം. പക്ഷേ ചെറുക്കന് പഠിക്കാനും ലോകം കാണാനും നാട്ടിൽ വരുന്നതാണ് നല്ലത്.’
‘ഭാവിയെ പറ്റി ഒരുപാട് ചിന്തിക്കുന്നവരെ എനിക്ക് കണ്ടുകൂടാ. ചെറുക്കൻ നാടൊക്കെ വന്നു കണ്ടുകൊള്ളട്ടെ. പക്ഷേ വളരുന്നത് ഇവിടെ മതി.’
എൺപത്തിനാല്
മൂപ്പനും മൂപ്പത്തിക്കും നാണിയെയും പൊടിയനെയും ഗോമതിയെയും കാണാനായതിൽ വളരെ സന്തോഷമായി. മൂപ്പത്തി ഇടതടവില്ലാതെ രാജന്റെ കുട്ടിക്കാലത്തെ കാര്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. ആ വിവരങ്ങൾ പറഞ്ഞുപറഞ്ഞ് ഗോമതിയും നാണിയും ക്ഷീണിച്ചു. തുടർച്ചയായി ബീഡി വലിച്ച് കേൾവിക്കാരനായിരുന്ന പൊടിയൻ ഇടയ്ക്കിടെ ഓർത്തു പറഞ്ഞ കാര്യങ്ങൾ എല്ലാം അബദ്ധമായിരുന്നു. രാജൻ പഠിക്കാൻ ബഹുമിടുക്കൻ ആയിരുന്നെന്നും കുട്ടിയായിരുന്നപ്പോൾ നദിയിൽ അവനെ നഷ്ടപ്പെട്ടു പോയെന്നും പിന്നെ തിരിച്ചു കിട്ടിയ കുട്ടി രാജൻ തന്നെയാണോ എന്ന് ഉറപ്പില്ലെന്നും വരെ അയാൾ പറഞ്ഞു.
‘അടങ്ങിയിരി അവിടെ,’ ഗോമതി അയാളെ ശാസിച്ചു. ‘കണ്ട ചാരായം എല്ലാം മോന്തി ഇപ്പോൾ തലയിൽ എങ്ങും ഒന്നുമില്ല.’
പിന്നെ മൂപ്പത്തിയോടായി പറഞ്ഞു: ‘ഇങ്ങേര് കഞ്ചാവ് വലിക്കും. അന്നേരം തോന്നുന്ന കാര്യങ്ങളൊക്കെ ഓർത്തുവയ്ക്കുകയും ചെയ്യും. പിന്നെ അതൊക്കെ സത്യം എന്ന രീതിയിൽ പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും. അങ്ങനെയാ രാജൻ നദിയിൽ പോയെന്നും മറ്റും പറയുന്നത്. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല.’
രാജന്റെ രക്ഷാകർത്തൃത്വം കൈമാറ്റം ചെയ്യുന്ന ചടങ്ങ് പോലെയായിരുന്നു അവർ തമ്മിലുള്ള സംഭാഷണം. അതിന്റെ പിരിമുറുക്കത്തിൽ നാണിയും ഗോമതിയും കരഞ്ഞു. മൂപ്പത്തിക്കും കണ്ണുനിറഞ്ഞു.
എൺപത്തിയഞ്ച്
ജോസിന്റെ മാതാവ് റാഹേലമ്മക്ക് മകന്റെ ദാമ്പത്യം സുഖകരമല്ലാതെ നീങ്ങുന്നതിൽ വലിയ ദുഃഖമുണ്ട്. ലവലേശം ഉത്തരവാദിത്തമില്ലാതെയാണ് മരുമകൾ പെരുമാറുന്നതെന്നറിഞ്ഞ് കലശലായ സങ്കടവും ദേഷ്യവും ഉണ്ട്. സ്റ്റെല്ലയുടെ വീട്ടുകാരെ പള്ളിയിൽ വച്ച് കാണുമ്പോഴൊക്കെ റാഹേലമ്മക്ക് പെരുത്തുകയറും. മകന്റെയും മരുമകളുടെയും വിഷയം അവരോട് സംസാരിക്കാൻ മനസ്സ് വെമ്പും. പിന്നെ സ്വയം നിയന്ത്രിക്കും. താൻ മകനുവേണ്ടി പെണ്ണു ചോദിച്ച് അവരുടെ വീട്ടിൽ ചെന്നതിനെ കുറിച്ച് ഓർക്കും. യാചനാ ഭാവത്തിൽ ഏറെനേരം സംസാരിച്ചിരുന്നതോർക്കും. ഒരുതരത്തിലുള്ള കലമ്പലും ഭാവിയിൽ ഉണ്ടാക്കില്ല എന്നു വാക്കു കൊടുത്തതോർക്കും. ഒടുവിൽ വിഷാദം മുറ്റി നിൽക്കുന്ന ഒരു പുഞ്ചിരിയോടെ സ്റ്റെല്ലയുടെ മാതാവിനെ നോക്കി തലയാട്ടുകയോ അത്യാവശ്യം കുശലം പറയുകയോ മാത്രം ചെയ്യും.
അടുത്തിടെയായി ജോസ് ഒരു കാര്യം പറഞ്ഞ് റാഹേലമ്മയെയും മൂത്ത സഹോദരി റെയ്ച്ചലിനെയും സ്ഥിരം വിളിക്കുന്നുണ്ട്. മറ്റൊന്നിനുമല്ല,വന്ന് കുറച്ചു ദിവസം തൻ്റെ വീട്ടിൽ താമസിക്കണം. നീതു മോളുമായി നല്ലവണ്ണം ഇടപഴകണം. ഈ പ്രായത്തിൽ അവൾക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യങ്ങൾ പറഞ്ഞുകൊടുക്കണം. സ്റ്റെല്ലയിൽ നിന്ന് അത് പ്രതീക്ഷിക്കാൻ കഴിയുന്നില്ല.
‘അവൾ ഒരു മനുഷ്യക്കുട്ടിയായിട്ടല്ല, മറിച്ച് ഒരു പൂച്ചക്കുട്ടിയായിട്ടാ വളർന്നു വരുന്നെ.’ ജോസ് റെയ്ച്ചലിനോട് പറഞ്ഞു.
‘സ്റ്റെല്ലയ്ക്ക് ഒരു നായേം ഒരു പൂച്ചക്കുട്ടീമൊണ്ട്. വൈകുന്നേരം വരെ അവയെ ലാളിക്കും. മോൾ സ്കൂളിൽ നിന്ന് വന്നാ അവളും അവരുടെ കൂടെ കൂടും. നായയോടും പൂച്ചക്കുട്ടിയോടും എങ്ങനെ പെരുമാറുന്നുവോ അതുപോലെ തന്നെയാ സ്റ്റെല്ല നീതൂനോടും പെരുമാറുന്നെ. അവറ്റക്കൊപ്പം അവൾക്കും ഭക്ഷണം കൊടുക്കും, കളിപ്പിക്കും, അവറ്റകളോടു സംസാരിക്കുന്നതുപോലെ അവളോടും സംസാരിക്കും. ഫലം, നീതു മാനസികമായി ഒട്ടും വളരുന്നില്ല. വയസ്സ് പത്തായെങ്കിലും അവളിപ്പോഴും കുഞ്ഞാ. കൊഞ്ചുന്ന, ചിണുങ്ങുന്ന കുഞ്ഞ്. പഠനത്തിൽ അശേഷം ശ്രദ്ധയില്ല. ക്ലാസിൽ ഏറ്റവും പിന്നിലാ. അതിന്റെ നാണക്കേട് എനിക്ക് മാത്രോം. സ്റ്റെല്ലയ്ക്കോ നീതൂനോ അതൊരു പ്രശ്നമേയല്ല.’
‘നിന്റെ കാര്യത്തിൽ എങ്ങനെ?’
റെയ്ച്ചൽ ചോദിച്ചു.
‘നിങ്ങളോടൊക്കെ ഞാൻ അതെങ്ങനെ പറയും? നീതൂനോട് എങ്ങനെയോ അതുപോലെ തന്നെയാ എന്നോടും. ഒരു വലിയ പൂച്ചക്കുട്ടിയോട് പെരുമാറുന്ന പോലെയാ അവൾ എന്നോടും പെരുമാറുന്നെ. എന്റെ ദേഷ്യോം വഴക്കുമെല്ലാം അവക്ക് കളിയാ. വെറുതെ പുഞ്ചിരിച്ചോണ്ട് നിക്കും. ഞാൻ തോറ്റു.’
‘നീ മനശാസ്ത്രം പഠിച്ചതല്ലേ? നെനക്ക് അത് കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കീ മറ്റാർക്ക് കഴിയും?’
‘ഞാൻ പഠിച്ചതും പഠിച്ചതിനപ്പുറവും പ്രയോഗിച്ചു കഴിഞ്ഞു. എന്നേക്കാ കഴിവൊള്ളോരെയും കളത്തിലെറക്കി നോക്കി. ഒരു പ്രയോജനോമില്ല. ഇനി സ്റ്റെല്ലേടെ കാര്യത്തിൽ ഒന്നും ചെയ്യാനില്ല. നീതുവിനെയെങ്കിലും രക്ഷിക്കണം. അതിനാ നിങ്ങളു രണ്ടാളും കുറച്ചുനാൾ വീട്ടീ വന്നു നിക്കണമെന്ന് ഞാൻ പറയുന്നെ.’
‘വരാമെടാ. നീ വെഷമിക്കാതെ. ഇവിടത്തെ കാര്യങ്ങൾ ഒക്കെ ഒന്നൊതുങ്ങീട്ട് ഞാൻ അമ്മയുമായി അങ്ങ് വരാം.’
റെയ്ച്ചൽ അനുജനെ സമാധാനിപ്പിച്ചു.
എൺപത്തിയാറ്
ധീരദേശാഭിമാനി വേലുത്തമ്പിദളവ ജനിച്ചത് കന്യാകുമാരി ജില്ലയിലെ തലക്കുളം എന്ന സ്ഥലത്താണ്. ബ്രിട്ടീഷുകാരാൽ പിടിക്കപ്പെടാതിരിക്കാൻ അദ്ദേഹം മണ്ണടിയിൽ വെച്ച് ജീവനൊടുക്കുകയാണുണ്ടായത്. ആ മഹാന്റെ ജനനസ്ഥലത്തെയും മരണസ്ഥലത്തെയും ബന്ധിപ്പിക്കുന്ന നേശമണി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് സർവീസ് എൺപതുകളിൽ തുടങ്ങി. അതിരാവിലെ തലക്കുളം എന്ന ബോർഡ് വെച്ച് അത് മണ്ണടിയിൽ നിന്ന് യാത്ര തുടങ്ങും. തിരുവനന്തപുരത്ത് പോകാനുള്ളവരാകും കൂടുതലും കയറുക. മുഖ്യമായും മെഡിക്കൽ കോളേജ്, സെക്രട്ടേറിയറ്റ്, യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പോകാനുള്ളവർ. ജോസിന്റെ വീട്ടിലേക്കു പോകാനായി രാവിലത്തെ തലക്കുളം ബസ്സിൽ റാഹേലമ്മയും റെയ്ച്ചലും കയറി.
സാധാരണമല്ലാത്ത പ്രഭാതയാത്രയുടെ തണുപ്പു നിറഞ്ഞ സുഖം ആസ്വദിച്ച് രണ്ടുപേരും ബസ്സിൽ നിശബ്ദരായി കുറേനേരം ഇരുന്നു. കൊട്ടാരക്കര എത്തിയതോടെ ബസിൽ ആളു നിറഞ്ഞു. സൂര്യരശ്മികൾക്ക് ചൂട് കൂടിയപ്പോൾ രണ്ടുപേരും മനോരാജ്യങ്ങളിൽ നിന്ന് ഉണർന്നു. റെയ്ച്ചൽ മാതാവിന്റെ കാതിൽ ഒരു സംശയം ചോദിച്ചു: അമ്മേ, അവർ തമ്മിൽ മുറിക്കുള്ളിൽ എങ്ങനെയാകും?
‘എൻ്റെ ഊഹം വച്ച് അടുപ്പം ഒന്നും കാണില്ല. ഒരു മുറിക്കുള്ളിൽ തന്നെ ആവണമെന്ന് തന്നെ ഇല്ല രണ്ടുപേരും കെടക്കുന്നത്. അവടെ ഒരുപാട് മുറി ഒണ്ടല്ലോ. ചെലപ്പം സ്റ്റെല്ലേം മോളും ഒരുമിച്ചാരിക്കും.’
റാഹേലമ്മ അടക്കിപ്പിടിച്ച് പറഞ്ഞു.
അല്പം ആലോചിച്ചിട്ട് റെയ്ച്ചൽ പറഞ്ഞു: അതൊന്നും അത്ര നല്ല കാര്യമല്ല. ആണുങ്ങടെ കാര്യമാ. നമ്മടെ ചെറുക്കനാന്ന് പറഞ്ഞാലും ….’
അത് കേട്ടപ്പോൾ റാഹേലമ്മയുടെ ചിന്തകൾ കാൽനൂറ്റാണ്ട് പിന്നോട്ടോടി. പേരുദോഷം ഒന്നും കേൾപ്പിക്കാത്ത ആളായിരുന്നു അവരുടെ ഭർത്താവ്. ഇളയ മകൾ പ്രീഡിഗ്രി പാസായപ്പോൾ ഇനി ഉള്ളിൽ ഉരുണ്ടുകൂടി നിറഞ്ഞുനിന്നിരുന്ന ഭക്തിഭാവങ്ങൾക്ക് കീഴടങ്ങണമെന്ന് റാഹേലമ്മയ്ക്ക് തോന്നി. ഭർത്താവ് പൂർണ്ണ മനസ്സോടെ അതിനു സമ്മതിച്ചു. പരുമലയിലും മലയാറ്റൂരും വേളാങ്കണ്ണിയിലും റാഹേലമ്മ തുടർച്ചയായി യാത്ര പോയി. അവരുടെ അഭാവത്തിൽ വീട്ടുഭരണം ഭർത്താവ് സന്തോഷത്തോടെ ഏറ്റെടുത്തു. ഭാര്യയെക്കാൾ ശുഷ്ക്കാന്തിയോടെയും മികവോടെയും ഗൃഹജോലികൾ ചെയ്തു. അതിന്റെ കൃതജ്ഞതയിലും സന്തോഷത്തിലും റാഹേലമ്മ പുണ്യസ്ഥലങ്ങളിലെല്ലാം ഭർത്താവിന് വേണ്ടി മുട്ടിപ്പായി പ്രാർത്ഥിച്ചു.
ഒരു തവണ തിരിച്ചുവന്നപ്പോൾ അയൽപക്കത്തെ മറിയാമ്മയും ജാനമ്മയും പ്രത്യേകം പ്രത്യേകം പറഞ്ഞു: ഇനി കുറച്ചുനാൾ തീർത്ഥാടനം ഒന്നും വേണ്ട.
കാരണവും അവർ പറഞ്ഞു: സാറിന്റെ പോക്ക് അത്ര ശരിയല്ല.
അവരോട് കൂടുതൽ ഒന്നും ചോദിച്ചില്ല.ഭർത്താവിനോടും ചോദിച്ചില്ല. അയാൾ ഒന്നും പറഞ്ഞതുമില്ല. തീർത്ഥാടനം അതോടെ നിർത്തി. അതിന് ഗുണമുണ്ടായി. മരണം വരെ സദാചാരഭ്രംശം അദ്ദേഹത്തിൽ നിന്ന് പിന്നീടുണ്ടായില്ല.
ബസ് ഒന്നുലഞ്ഞപ്പോൾ റാഹേലമ്മ ഓർമ്മകളിൽ നിന്നും റെയ്ച്ചൽ മയക്കത്തിൽ നിന്നും ഉണർന്നു.
റാഹേലമ്മ മകൾ നേരത്തേ പറഞ്ഞതിന് മറുപടി പറഞ്ഞു: ‘നേരാ.’