വായനശാലയും ബഡായിയും
ഒഴിവ് ദിവസങ്ങളിൽ കേളുമാഷിന്‍റെ താല്പര്യം ലൈബ്രറിയിൽ പോകാനാണ്. മാഷിന്‍റെ വീടിനടുത്താണ് സ്വാതന്ത്ര്യ സമരസേനാനി കുഞ്ഞിക്കണാരൻ സ്മാരക ലൈബ്രറി. രാവിലെ പത്ത് മണിക്ക് തന്നെ മൂപ്പർ അവിടെ ഹാജരാവും. കേളുമാഷുടെ ശിഷ്യരും അന്നാട്ടിലെ ചില രാഷ്ടീയക്കാരും വിദ്യാർത്ഥികളും പല മേഖലകളിൽ നിന്നും റിട്ടയർ ചെയ്തവരും അവിടെ നേരത്തെതന്നെ വന്നെത്തും. പത്രവായനയും തുടർ സംവാദവുമാണ് വരുന്നവരുടെ താല്പര്യം.

എല്ലാവരും പത്രത്തിൽ തല കുമ്പിട്ട് ആഴമേറിയ വായനയിൽ മുഴുകുമ്പോൾ വേണ്ടർ കുഞ്ഞമ്പു വായനയുടെ ഹരത്തിൽ ‘ഹോ! എന്തൊരു ഭീകരാവസ്ത്യാ മ്മളെ നാട്ടിൽ’ എന്നൊരഭിപ്രായം തെല്ലുച്ചത്തിൽ പാസ്സാക്കി. പത്രത്തിൽ വന്ന ഏതോ ‘കൊലപാതക ചരിത്രം’ തലയ്ക്ക് പിടിച്ച മട്ടിലാണ് കുഞ്ഞമ്പുവിന്‍റെ പറച്ചിൽ. ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ കുഞ്ഞമ്പു കേളു മാഷെ നോക്കി തുടർന്നു. “മ്മളെ പോലീസിനെ സമ്മെയിക്കണം.. ല്ലേ കേളുമാഷെ? ഓല് എത്ര പെട്ടെന്നാ ഇതൊക്കെ കണ്ട് പിടിക്ക്ന്നെ.”
കുഞ്ഞമ്പുവിനെ നോക്കി കേളു മാഷ് പത്രത്തിൽ നിന്നും തലയുയർത്താതെ ഒന്നമർത്തി മൂളി. ലൈബ്രറിയിലെ നിശബ്ദത ഭേദിച്ച് കുഞ്ഞമ്പു വീണ്ടും തുടർന്നു.
“അല്ല കേളു മാഷെ എന്ത് തെറ്റ് മ്മള് ചെയ്താലും അത് മ്മള് എത്ര സൂച്ചിച്ച് ചെയ്താലും ആട ഒരു തെളിവെങ്കിലും ബാക്കീണ്ടാവൂന്ന് പറയൂലോ അയിലെന്തെങ്കിലും നേര്ണ്ടോ?”
അത്രയും കേട്ടപ്പോൾ കേളുമാഷ് തലയുയർത്തി അഭിപ്രായം ഒന്നൊന്നായി പൊട്ടിക്കുന്ന വേണ്ടർ കുഞ്ഞമ്പുവിനെ നോക്കി പറഞ്ഞു.
”കുഞ്ഞമ്പോ ഇനിക്ക് അയിന്‍റെ ഗുട്ടൻസ് ഇനിയും പിടികിട്ടീല്ലേ? ഞാനൊരു സംഭവം പറയാം. അത് പണ്ട് നടന്നതാ.” കേളു മാഷ് സംസാരിച്ച് തുടങ്ങിയപ്പോൾ അതിലെന്തെങ്കിലും കാര്യമുണ്ടാകാമെന്ന് കരുതി ശേഷിക്കുന്നവരെല്ലാം മാഷ്ടെ നേരെ നോക്കി.
“എടോ കുഞ്ഞമ്പോ പത്തയ്മ്പത് കൊല്ലം മുമ്പ് നടന്ന കാര്യാ. ഇങ്ങക്ക് ആർക്കും അതോർമ്മേണ്ടാവൂല.
മ്മളെ ഇസ്ഥലത്ത് നടന്ന സംഭവാ. കഥേലെ നായകന്‍റെ പേര് വരമ്പത്തെ കണാരൻ. ആള് കറുത്തുരുണ്ട ഒരു പോന്താണ്ടൻ തിയ്യൻ. ഭയങ്കര ചീമനാ ഓർക്ക്. ബെല്യ അരിച്ചാക്കെല്ലാം ഒറ്റക്ക് ഓറ് തലേൽ പൊന്തിച്ച് ബെച്ച് കൊണ്ടോവും.”
എല്ലാരും ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ മാഷ് ഒരല്പം ഉച്ചത്തിൽ അക്കഥ പറഞ്ഞു തുടങ്ങി. ഒരിക്കല് ഒരു കള്ളക്കർക്കിടക മാസത്തിലെ നല്ല ഈരാഞ്ചേരിക്കോട. മയ തകർക്വാ. മയാന്ന് പറഞ്ഞാൽ അയിറ്റാലൊരു മയ പിന്നെ ഈട പെയ്ത്ക്കില്ല. അന്നേരം കണാരച്ചനും ഓറെ രണ്ടാം കെട്ടിലെ തിയ്യത്തി പൊക്കീം കൂടി ഓലെ ബീട്ടിലെ കോലായിലെ ഇരിത്തീമ്മൽ കുത്തിരിക്ക്യായിനും. ഓലപ്പൊരേന്‍റെ എറയത്ത്ന്ന് ആന ബീത്തുമ്പോലെ മയ ബെള്ളം മിറ്റത്ത് ബീവ്ന്ന്ണ്ട്. മിറ്റത്ത് നെറച്ച് വെള്ളം. ബെള്ളത്തില് ബെലുതും ചെറിയേതുമായ പൊക്കിള (കുമിള) ഇങ്ങനെ നൊരഞ്ഞ് പൊന്ത്ന്ന്ണ്ട്. പൊക്കിള കൊറെ കണ്ടപ്പോൾ കണാരച്ചൻ ബെറ്തെ ചിരിക്കാൻ തൊടങ്ങി. മൂപ്പർക്ക് ലവലേശം ചിരിയടക്കാനായില്ല.
‘ആന്തിനാ മാശെ കണാരച്ചൻ പൊക്കിള നോക്കി ഇളിച്ചത്” മാഷുടെ കഥകേട്ട് ആവേശം വന്ന ഇരിമ്പൻ പോക്കറ് ഇടയിൽ കയറി ഒരു ചോദ്യം.
‘ഞ്ഞി മിണ്ടാണ്ട്ക്ക് പോക്കറെ ബാക്കി കൂടി മ്മള് പറയട്ടെ. തോക്കിൽ കാരി ബെടി ബെക്കല്ല.” പോക്കറ് ഒന്ന് ചമ്മി വായടക്കി ബാക്കിക്കായി കസേരയിൽ ഒന്ന് ചാഞ്ഞിരുന്നു.
കണാരച്ഛൻ ചിരി നിർത്താണ്ട് നിന്നപ്പോൾ തിയ്യത്തി ചോദിച്ചു. “ഇങ്ങളെന്തിനാക്കളെ ഇങ്ങനെ ബെറുങ്ങനെ ചിരിക്ക്ന്നേ?”
‘അതൊന്നൂല്ല പൊക്ക്യേ. ഓരോന്ന് ആലോചിച്ച് പോയതാ.’
“ന്നാലും ന്തോ ണ്ട്. ഇങ്ങള് പറയപ്പാ “
പൊക്കി പിന്നേം പിന്നേം ചോദിച്ചപ്പോ കണാരച്ചൻ പറഞ്ഞു. ” അതെന്‍റെ പയേ തിയ്യത്തി ജാനു പറഞ്ഞതോർത്തതാ. ബെള്ളത്തിലെ പൊക്കിളേ ഞ്ഞി സാച്ചീന്ന്”
അക്കാരണം അറിയണോന്ന് പൊക്കീം. ഓറ്ണ്ടോ ബിട്ന്ന്. പെണ്ണ്ങ്ങൾക്ക് എന്തെങ്കിലും കിട്ട്യാല് ഓലതിന്‍റെ കൊടലെടുക്കൂലെടോ. അങ്ങനെ കണാരച്ചൻ അക്കഥ പറഞ്ഞു.
ഒരിക്കല് കണാരച്ചനും ജാനൂം കൂടി ഒന്നും രണ്ടും പറഞ്ഞ് കലമ്പി. അന്ന് ഇത്‌പോലെ നല്ല മയേള്ള ദെവസം. ജാനുവാണെങ്കിൽ നരിക്ക് മുറിഞ്ഞപോലെ അങ്ങൊറഞ്ഞു. കണാരച്ഛനും ബിട്ടില്ല. ദേശ്യം ബന്നാൽ കണാരച്ഛൻ മഹാ ബെടക്കാ. മൂപ്പറ് തിയ്യത്തീന്‍റെ നാഭിക്കിട്ട് ഒരൊറ്റ ചബിട്ട്. തിയ്യത്തി മഞ്ചപ്പിലാവ് പൊരിഞ്ഞ് ബീണപോലെ ചേതീമ്മല് കുമ്പിടാട്ടം ബീണ് പെടഞ്ഞു. ബീണ് പെടക്കുമ്പോൾ ജാനു പറഞ്ഞു.
“ബെള്ളത്തിലെ പൊക്കിളേ ഞ്ഞി സാച്ചീന്ന്”
ഇപ്പം ബെള്ളത്തിലെ പൊക്കിള കാണുമ്പം ന്‍റെ പയേ തിയ്യത്തീന്‍റെ ബിഡ്ഡിത്തം ഓർത്ത് ചിരിച്ചതാളെ. കണാരച്ഛൻ അതും പറഞ്ഞ് ബീണ്ടും ചിരിച്ചു. പൊക്കിക്ക് അക്കഥ കേട്ട് ആകെ നൊമ്പലം കിട്ട്യപോലായി. മൂപ്പത്തി പതുക്കെ ആട്ന്ന് ആത്തേക്ക് പാഞ്ഞു. പിന്നെ ബയ്യേപ്രത്തെ ബാതില് തൊറന്ന് ഇടവലത്തെ ബീട്ടിൽ ചെന്നിട്ട് പറഞ്ഞു.
“നോക്കീം പൊക്കച്ചാ ഞാനിനിയാട നിക്കൂല. ഓറ് പരമ ദുഷ്ടനാ. ജാന്വേടത്തീനെ ഓറ് നാഭിക്ക് ചബിട്ടിക്കൊന്നതാ. എനിക്കും പേട്യാവ്ന്ന്ണ്ട്.”
കൊറച്ച് കയിഞ്ഞപ്പോ കാണാം ബീട്ടിന്‍റെ മിറ്റത്ത് ഒര് പോലീസ് ബണ്ടി ബന്നു നിക്ക്ന്ന്. ഓല് കണാരച്ഛനെ കൈയ്യാമം ബെച്ച് പിടിച്ചോണ്ട് പോയി. അങ്ങനെ കണാരച്ഛൻ ജീവിതകാലം മുയ്മനും ജയിലിൽ കെടന്നു. അതാ കണാരച്ഛന്‍റെ ചരിത്രം. കണ്ടോ കാര്യം പോയ പോക്ക്! ബെള്ളത്തിലെ പൊക്കിള എത്ര നിസ്സാരാ. അതുമതി ഒരു കേസ് തെളീക്കാന്ന് ഇനിക്കിപ്പം തിരിഞ്ഞില്ലേ കുഞ്ഞമ്പോ? അതാ പറേന്നെ മ്മള് എന്ത് ചെയ്താലും ഒരു തെളിവ് ബാക്കീണ്ടാവൂന്ന്.
കേളുമാഷ് കഥ പറഞ്ഞ് നിർത്തിയപ്പോൾ കേൾവിക്കാർ മൊത്തം വലിയ നിശബ്ദതയിൽ അക്കാര്യം അയവിറക്കുകയായി! ”എത്ര ബെല്യ ശരിയാത്” കുഞ്ഞമ്പു തലയിൽ കൈവെച്ച് ആരോടെന്നില്ലാതെ പറഞ്ഞു.
(തുടരും)